ADVERTISEMENT

രാജ്യത്തിന്റെ വികസനത്തിൽ രണ്ടു കൂട്ടർക്കാണ്‌ പ്രധാന പങ്കു വഹിക്കാൻ സാധിക്കുക. ഒന്ന് രാഷ്ട്രീയക്കാർക്ക്. രണ്ട് ഉദ്യോഗസ്ഥർക്ക്. ഈ രണ്ടു മേഖലകളിലും കഴിവും ആദർശവും ഉള്ള ചെറുപ്പക്കാർ എത്തിപ്പെടേണ്ടത് നാടിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. കഴിവുള്ളവർ ഉന്നത സ്ഥാനങ്ങളിൽ എത്തിയില്ലെങ്കിൽ  ശേഷി കുറഞ്ഞവർ അവിടെയെത്തും. നിലവാരം കുറഞ്ഞ ഭരണമായിരിക്കും ഫലം. രാജ്യത്തിന്റെ വളർച്ചയെത്തന്നെ ഇത് പ്രതികൂലമായി ബാധിക്കാം.

 

രാജ്യ പുരോഗതിക്കായി നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?

 

എന്തിനും ഏതിനും മറ്റുള്ളവരെ കുറ്റം പറയുന്നവരാണ് നമ്മളിൽ പലരും. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പഴി പറഞ്ഞ് സമയം കളയുന്നതിനു പകരം ഈ രാജ്യത്ത് മാറ്റം വരുത്തുവാൻ കെൽപ്പുള്ള ഭരണ തസ്തികകളുടെ ചുക്കാൻ പിടിക്കാനായി മുന്നോട്ടുവരാൻ തയാറാണോ നിങ്ങൾ? ആണെങ്കിൽ, ഇന്ത്യൻ സിവിൽ സർവീസ്  മികച്ച ഒരു പ്രവർത്തനമേഖലയാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി 24 സിവിൽ സർവീസുകൾ ആണുള്ളത്. ബ്യൂറോക്രസിയിൽ ഏറ്റവുമധികം അധികാരവും ആദരവും ലഭിക്കുന്ന പദവികൾ ആണിത്. ഓരോ വർഷവും എണ്ണൂറോളം ഒഴിവുകൾ വരും. പൊതു ഭരണത്തിലും നയ നിർമാണത്തിലും താൽപര്യമുള്ള ഇന്ത്യയിലെ പ്രഗത്ഭരായ ചെറുപ്പക്കാർ മാറ്റുരയ്ക്കുന്ന സിവിൽ സർവീസ് പരീക്ഷയിൽനിന്ന് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) ആണ്.

 

സിവിൽ സർവീസിൽ എത്തുന്ന മലയാളികളുടെ എണ്ണം വർധിക്കേണ്ടതില്ലേ?

 

സാക്ഷരത, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് കേരളം. ബുദ്ധിശക്തിയിലും മലയാളികൾ മുൻപിലാണെന്നു പരക്കെ അംഗീകാരവും ഉണ്ട്. എന്നാൽ ഈ മേൽക്കോയ്മ കേരളീയർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും കൊണ്ടുവരാൻ സാധിക്കുന്നില്ല. എന്നാൽ പല പിന്നാക്ക സംസ്ഥാനങ്ങൾക്കും ഇത് സാധിക്കുന്നുമുണ്ട്. സിവിൽ സർവീസ് രംഗം ഈ വിരോധാഭാസത്തിന്റെ ഒരു ഉദാഹരണമാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഉന്നത കേന്ദ്ര തസ്തികകളിൽ എത്തുന്ന മലയാളികളുടെ എണ്ണം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും– അടുത്തകാലത്തായി സിവിൽ സർവീസിൽ എത്തുന്ന കേരളീയരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ മിടുക്കിനൊത്ത പ്രാതിനിധ്യം ഇനിയും ഈ മേഖലകളിൽ ഉണ്ടായിട്ടില്ല.

 

എന്തുകൊണ്ട് യുപി, ബിഹാർ?

 

യുപി, ബിഹാർ, രാജസ്ഥാൻ എന്നിങ്ങനെ, പിന്നാക്കമെന്നു നമ്മൾ മുദ്രകുത്തുന്ന പല സംസ്ഥാനങ്ങളിൽനിന്നും, കേരളത്തിൽനിന്നുള്ളതിനെക്കാൾ ഏറെയാണ് സിവിൽ സർവീസിൽ എത്തുന്നവരുടെ എണ്ണം. സിവിൽ സർവീസ് പരീക്ഷാ ഫലം വരുമ്പോൾ ഉത്തരേന്ത്യക്കാർ എന്തുകൊണ്ട് കൂടുതൽ സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു? കഴിവുള്ള മലയാളികൾ സിവിൽ സർവീസിനായി ശ്രമിക്കുന്നില്ല എന്നതുതന്നെ പ്രധാന കാര്യം!

 

സ്വന്തം കഴിവ് തിരിച്ചറിയാതെ പോകുന്ന മലയാളി

 

മലയാളി സ്വന്തം കഴിവു തിരിച്ചറിയുന്നില്ല. ഉയർന്ന ലക്ഷ്യങ്ങളെപ്പറ്റി അറിവില്ലായ്മയും ഭയവും ഉണ്ട്. ഉത്തരേന്ത്യക്കാരെ പോലെ, സിവിൽ സർവീസിൽ എത്താനായി വർഷങ്ങൾ കഷ്ടപ്പെടാൻ കേരളത്തിലെ യുവജനങ്ങൾ പൊതുവേ തയാറല്ല. മലയാളികളുടെ മുൻഗണനകൾ വ്യത്യസ്തമാണ്. പ്രവാസിയായി എങ്ങനെയെങ്കിലും ‘രക്ഷപ്പെടണം’ എന്ന മനോഭാവമാണ് കേരള സമൂഹം ഭൂരിപക്ഷം ചെറുപ്പക്കാരിലും കുത്തിനിറച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ജീവിതം സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലാണ് മിക്കവരും. സമൂഹത്തെ മുൻനിർത്തിയുള്ള വലിയ ലക്ഷ്യങ്ങൾ പലർക്കുമില്ല. എന്നാൽ മുന്തിയ വീടും കാറും ഒക്കെ പലരുടെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്.

 

പിഎസ്‌സിക്ക് അഞ്ചുലക്ഷത്തിലധികം അപേക്ഷകർ; യുപിഎസ്‌സിക്ക് മുപ്പതിനായിരം!

 

സർക്കാർ ജോലി ആഗ്രഹിക്കുന്ന മലയാളികളിൽ പലരും കേരള പിഎസ്‌സി നടത്തുന്ന ചെറിയ സർക്കാർ പരീക്ഷകളിൽ തൃപ്തിപ്പെടുന്നു. ഒരു ജോലിയും മോശമല്ല. എന്നിരുന്നാലും കൂടുതൽ ഉയരങ്ങളിലെത്താൻ പരിശ്രമിക്കുന്നവർ കുറവാണ്. കേരള പിഎസ്‌സി അടുത്തിടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ നടത്തിയപ്പോൾ അഞ്ചുലക്ഷത്തിലധികം ഉദ്യോഗാർഥികൾ ആണ് അപേക്ഷിച്ചത്. ഏതെങ്കിലും വിഷയത്തിലെ ബിരുദം ആയിരുന്നു അടിസ്ഥാനയോഗ്യത. എന്നാൽ ഇതേ യോഗ്യത തന്നെ ആവശ്യമുള്ള യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് കേരളത്തിൽനിന്ന് അപേക്ഷിച്ചവർ ഈ സംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രം ആയിരുന്നു. കൂടുതൽ ഒഴിവുകളും മെച്ചപ്പെട്ട പദവിയും ഉണ്ടായിട്ടുപോലും യുപിഎസ്‌സി പരീക്ഷയ്ക്ക് കേരളത്തിൽനിന്ന് അപേക്ഷകർ കുറഞ്ഞിരിക്കുന്നത് ഉയർന്ന ലക്ഷ്യങ്ങളെ പറ്റിയുള്ള അറിവില്ലായ്മ മൂലമായിരിക്കാം.

 

വലിയ കുതിച്ചുചാട്ടത്തിന് സാധ്യത

 

സിവിൽ സർവീസുകളെ ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ ഉരുക്കു ചട്ടക്കൂടായിട്ടാണ്‌ സർദാർ വല്ലഭായി പട്ടേൽ  വിഭാവനം ചെയ്തത്. കേരള സർക്കാരിന്റെയും സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കേരളത്തിലെ രക്ഷിതാക്കളുടെയും അധ്യാപകരുടേയും കുട്ടികളുടെയും ഇടയിൽ സിവിൽ സർവീസിനെപ്പറ്റിയുള്ള മനോഭാവത്തിലും അവബോധത്തിലും വലിയ മാറ്റങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സർവീസ് ലഭിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധന സാധ്യമായി. എന്നാൽ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിലുള്ള കേരളത്തെ സംബന്ധിച്ച് സിവിൽ സർവീസിൽ ഉള്ള സാധ്യതകൾ ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാണ്. കേരളത്തിലെ മിടുക്കരായ ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നതോടുകൂടി രാജ്യത്തിന്റെ പുരോഗതിയിൽത്തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാവും. 

 

സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കൂ  

     

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 22 വരെ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. 21 വയസ്സാണ് പരീക്ഷയെഴുതാനുള്ള കുറഞ്ഞ പ്രായപരിധി. മികച്ച തയാറെടുപ്പിനു ശേഷം പരീക്ഷയെ സമീപിക്കുന്നവർക്കാണ് കൂടുതൽ വിജയസാധ്യത. 

ജൂൺ 5 ആണ് പ്രിലിമിനറി പരീക്ഷാ തീയതി. സെപ്റ്റംബറിൽ മെയിൻ പരീക്ഷ നടക്കും. ഇന്റർവ്യൂ അടുത്ത വർഷം തുടക്കത്തിൽത്തന്നെ പ്രതീക്ഷിക്കാം. ഏവർക്കും വിജയാശംസകൾ!

 

(ലേഖകൻ ക്ലിയർ ഐഎഎസ് ഡോട്ട് കോം ഡയറക്ടറാണ്. അഭിപ്രായം വ്യക്തിപരം)

 

Content Summary :  Why Malayalis have not been faring well in the IAS exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com