ADVERTISEMENT

‘‘അൽപമൊന്ന് അധ്വാനിക്കാൻ മനസ്സുള്ള ആർക്കും സിവിൽ സർവീസ് എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചേരാം. ഒരു വർഷത്തെ കൃത്യമായ പരിശീലനം തന്നെ ധാരാളം. പരീക്ഷയ്ക്കു പരിശീലനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ വിജയിച്ചവർ നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ടുതന്നെ കയ്യിലൊതുങ്ങാത്ത ഒന്നാണ് സിവില്‍ സർവീസ് പഠനം എന്ന തെറ്റിദ്ധാരണ മാറ്റി വയ്ക്കലാണ് ആദ്യ പടി’’.–  2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 21–ാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ദിലീപ് കെ. കൈനിക്കര പറഞ്ഞു. മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ദിലീപ്.

 

സിവിൽ സർവീസ് പരിശീലനകാലത്തെ അനുഭവങ്ങൾ വിശദീകരിച്ച ദിലീപ് സദസ്സിന്റെ സംശയങ്ങൾക്കു മറുപടിയും പറഞ്ഞു. സിവിൽ സർവീസ് എന്നത് പലരുടെയും വിഷ്‌ലിസ്റ്റിലുണ്ടെങ്കിലും ആ ആഗ്രഹത്തിലേക്കുള്ള പ്രാഥമിക ചുവടുവയ്പ്പ് എങ്ങനെയാണെന്ന  കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടാകും. ഏതു വിഷയം പഠിച്ചാലാണ്  യുപിഎസ്‌സി പരീക്ഷ എഴുതാനാവുക എന്നൊക്കെയുള്ള സംശയങ്ങൾ അതിൽപ്പെടും. അത്തരം സംശയങ്ങൾക്കുള്ള ഉത്തരം ദിലീപ് നൽകിയതിങ്ങനെ :-

 

dileep
മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ ദിലീപ് സംസാരിക്കുന്നു.

‘‘പ്ലസ്ടുവിന് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഇവയിലേതെങ്കിലും പഠിച്ചവർക്കോ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കോ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കാം. ആരുടെയും സമ്മർദ്ദത്തിനു വഴങ്ങാതെ പഠിക്കാൻ താൽപര്യമുള്ള വിഷയം തിരഞ്ഞെടുക്കുന്നതിലും പരീക്ഷയ്ക്കു നന്നായി തയാറെടുക്കുന്നതിലുമാണ് കാര്യം. എൻജിനീയറിങ് പഠിച്ച് അതേ മേഖലയിൽ ജോലി ചെയ്തിരുന്ന ഒരാളാണ് ഞാൻ. സിവിൽ സർവീസ് പഠനത്തിന് എൻജിനീയറിങ് പശ്ചാത്തലം ഒരിക്കലും തടസ്സമായില്ല.’’

 

ബിരുദത്തിനു ശേഷമോ ജോലി ചെയ്യുന്നതിനോടൊപ്പമോ സിവിൽ സർവീസ് പരിശീലനം തുടങ്ങുന്നവരാണ് പലരും. പരിശീലനത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്ക് ദിലീപ് നൽകിയ മറുപടിയിങ്ങനെ :- 

 

‘‘ലക്ഷ്യത്തിലെത്താൻ നിങ്ങളെ സഹായിക്കാൻ ഒരു പരിധി വരെ പരിശീലനത്തിനാകും. ഒരു വിഷയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനമല്ല യുപിഎസ്‌സി പരീക്ഷയ്ക്കു വേണ്ടത്. അതിനു വേണ്ടിയുള്ള അടിത്തറ കെട്ടിപ്പടുക്കാൻ പരിശീലനം നിങ്ങളെ സഹായിക്കും. ശരിയായ രീതിയിൽ ടൈം ടേബിൾ തയാറാക്കാനും മോക് ടെസ്റ്റുകൾ ചെയ്യാനും പരിശീലനം നല്ലൊരു ഉപാധിയാണ്. അതിനു ശേഷം ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ പരീക്ഷയ്ക്കു തയാറെടുക്കാം. സമാന ലക്ഷ്യങ്ങളുള്ള സുഹൃത്തുക്കളുടെ ഒരു സംഘമുണ്ടായിരിക്കുക എന്നത് പഠനത്തിൽ  വളരെ സഹായിക്കുമെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. പരിശീലനത്തിനു പോകുന്നെങ്കിൽ ഡൽഹിയിലോ ചെന്നൈയിലോ തന്നെ  പോകണം എങ്കിൽ മാത്രമേ യുപിഎസ്‌സി പരീക്ഷ പാസാവുകയുള്ളു എന്ന തെറ്റിദ്ധാരണ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ മികച്ച പരിശീലനം ഉറപ്പാക്കുന്ന പരിശീലന കേന്ദ്രങ്ങൾ കേരളത്തിൽത്തന്നെയുണ്ട്.’’

 

കൃത്യമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ സിവിൽ സർവീസ് മോഹം സഫലമാകുമെന്നു പറഞ്ഞ് വിദ്യാർഥികളിൽ ശുഭാപ്തി വിശ്വാസം പകർന്നുകൊണ്ടാണ് ദിലീപ് മടങ്ങിയത്

 

Content Summary : Civil Service Rank holder Dileep. K. Kanikkara share his experience at Manorama Horizon Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com