Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയുടെ വിളക്കു തെളിഞ്ഞു; നല്ലപാഠത്തിനു തുടക്കം

nallapadam-ino നല്ലപാഠം സംസ്ഥാനതല ഉദ്ഘാടനവും അധ്യാപക സംഗമവും തൃശൂരിൽ ചലച്ചിത്രതാരം മഞ്ജു വാര്യർ നിർവഹിക്കുന്നു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സമീപം.

തൃശൂർ ∙ മനോരമ നല്ലപാഠത്തിന്റെ ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നിറസദസ്സിൽ നിലവിളക്കു കൊളുത്തി മലയാളികളുടെ ഇഷ്ടതാരം മ‍ഞ്ജുവാരിയർ തുടക്കം കുറിച്ചു. കുട്ടികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നവരാവുമ്പോഴാണ് മികച്ച അധ്യാപകരാവുകയെന്ന്,  ഉദ്ഘാടനപ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. നന്മയുള്ള നാളെത്തെ കുട്ടികൾ അധ്യാപകരുടെ കൈകളിലാണെന്നും ആദ്യം നന്മ അധ്യാപകരുടെ മനസ്സിൽ വിരിഞ്ഞാലേ അതു കുട്ടികളിലേക്കു പകരാനാവൂവെന്നും മ‍ഞ്ജു വാരിയർ പറഞ്ഞു. തന്നെ അധ്യാപികയാക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്ന കാര്യവും അവർ പങ്കുവച്ചു.

അറിവിൽ നിന്നല്ല, അറിയലിൽ നിന്നാണ് അധ്യാപനം നടത്തേണ്ടതെന്ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട് അധ്യാപകരെ ഉദ്ബോധിപ്പിച്ചു. ഗൂഗിളിനും പുതിയ സാങ്കേതികവിദ്യയ്ക്കും വിവരം നൽകാനാവും. പക്ഷേ, അവയ്ക്കു വശപ്പെടുത്താനാവാത്തതാണ് ഒരാളെ അറിയൽ. പി. ഭാസ്കരന്റെ ‘ആദ്യവിദ്യാലയം’ എന്ന കവിതയെ ആസ്പദമാക്കി മാന്ത്രികകലയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സഹായത്തോടെ ആവിഷ്കരിച്ച ‘ഗുരുദക്ഷിണ’ എന്ന പരിപാടിയിലൂടെ മുതുകാട് ഇതു വരച്ചുകാട്ടി.

മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ് അധ്യക്ഷനായി. നല്ലപാഠം ജില്ലാ കോ ഓർഡിനേറ്റർ എം.എ. ജോൺസൺ പ്രസംഗിച്ചു. 510 അധ്യാപകർ സംബന്ധിച്ചു. 

കഴിഞ്ഞ അധ്യയന വർഷം ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്കൂളുകളിലെ നല്ലാപാഠം കോ ഓർഡിനേറ്റർമാരായ സിന്ധു ജെ. അക്കര, ടി.എക്സ്. നാൻസി (കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂൾ), എൻ.പി. രജനി, എ.ജി. അനിൽകുമാർ (പൊറത്തിശേരി മഹാത്മ എൽ.പി. ആൻഡ് യു.പി. സ്കൂൾ), പി. മണികണ്ഠൻ, എ.ടി. ജയിംസ് (ചിറമനേങ്ങാട് കോൺകോഡ് ഇഎച്ച്എസ്എസ്) എന്നിവർക്ക് പുരസ്കാരം സമർപ്പിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയതിന് ഫുൾഎപ്ലസ്, എപ്ലസ്, എ എന്നീ ഗ്രേഡുകള്‍ നേടിയ സ്കൂളുകൾക്കും പുരസ്കാരം നൽകി. അപകടത്തിൽപെട്ടയാളെ രക്ഷിച്ച ആർത്താറ്റ് ഹോളിക്രോസ് സിബിഎസ്ഇ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി കണ്ണനെ ചടങ്ങിൽ അനുമോദിച്ചു. 

‘ഗുരുദക്ഷിണ’

കുട്ടികളെ സാമൂഹികപ്രതിബദ്ധതയുടെ തെളിച്ചമുള്ള വഴികളിലേക്കു കൈപിടിച്ചു നടത്തുന്ന നല്ലപാഠം അധ്യാപകർക്ക് ആദരവുമായിട്ടാണ് മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ ‘ഗുരുദക്ഷിണ’ പരിപാടി. പാഠങ്ങൾ പഠിപ്പിക്കുക എന്ന അധ്യാപക ജോലിക്കപ്പുറം കുഞ്ഞുങ്ങൾക്കു നന്മയുടെ വഴികാട്ടികളാകുന്ന ഗുരുക്കന്മാരായി എങ്ങനെ മാറാം എന്നതാണ് മാജിക്കിന്റെ സഹായത്തോടെ ‘ഗുരുദക്ഷിണ’യിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ വഴികാട്ടികളായ ഗുരുക്കന്മാരും സ്ക്രീനിലെത്തുന്നുണ്ട്. നല്ലപാഠം അധ്യാപകസംഗമത്തിന്റെ ഭാഗമായി 14 ജില്ലകളിലും പരിപാടി അവതരിപ്പിക്കുന്നുണ്ട്.