Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടരേ, കലയുടെ പട്ടിണിക്കാലം കഴിഞ്ഞു

KAL-bijibal വിവിധ ജില്ലകളിലെ കലോത്സവങ്ങളിൽ സംഗീത മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ സംഗീത സംവിധായകൻ ബിജിബാലിന്റെ കൊച്ചിയിലെ സ്റ്റുഡിയോയിൽ ഒത്തുകൂടിയപ്പോൾ

‘‘അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും... നിങ്ങടെ ആശ തീരും...’ എവിടെനിന്നോ വന്ന് എന്റെ മനസ്സിൽ തൊട്ട ഒരു റേഡിയോ പാട്ട്. ‘ശരറാന്തൽ തിരിതാണു മുകിലൻ കുടിലിൽ...’ മനസ്സ് തുളുമ്പിപ്പോയ ഈണം... ആരാണ് ഈ പാട്ടെല്ലാം എഴുതിയത്, ഈണമിട്ടത്? പാട്ടൊരുക്കുമ്പോൾ എന്തായിരിക്കും ഈണമിട്ടയാളുടെ മാനസികാവസ്ഥ? ഇതൊക്കെയാണു ഞാൻ ആലോചിച്ചിരുന്നത്. പാട്ടു പാടുന്നതു  ക്രിയേഷനാണ്. എന്നാൽ ഞാനിഷ്ടപ്പെട്ടത് എന്റേതായ ഈണങ്ങളൊരുക്കാനാണ്. ദേവരാജൻ മാഷ് പറഞ്ഞതുപോലെ ഇത് എന്റെ പാട്ടാണ്. നല്ലതായാലും ചീത്തയായാലും എന്റെ പാട്ട്... ’’

കൊച്ചി കാക്കനാട് പാലച്ചുവട്ടിലെ ‘ബോധി’ സ്റ്റുഡിയോയിലെ നൃത്തമണ്ഡപത്തിലിരുന്നു ബിജിബാൽ താഴ്ന്ന സ്വരത്തിൽ താളത്തിൽ പറഞ്ഞു. ഒപ്പം മലയാള മനോരമയുടെ അതിഥികളായെത്തിയ പത്തു കുട്ടികൾ. സ്കൂൾ കലോത്സവത്തിൽ സംഗീതവിഭാഗത്തിൽ വിവിധ ജില്ലകളിൽനിന്നു വിജയികളായെത്തിയവർ.

‘‘പാട്ടിലൂടെ പരിചയപ്പെടാം. ഒന്നുപാടൂ...’’എന്നു ബിജിബാൽ തുടങ്ങി. ‘സ്വർഗസാഗരത്തിൽ നീരാടി വരും സ്വപ്നമരാളങ്ങളെ’– പട്ടുപാവടക്കാരിയുടെ ലളിതഗാനത്തിൽ ടെൻഷന്റെ ആരോഹണം.

‘നാഭീഹൃത്ത് കണ്ഠ രസേന...’ ഒരു പാട്ട് എവിടെനിന്നുൽഭവിച്ച് എങ്ങോട്ടെത്തണം എന്നു ബിജിബാൽ വിശദീകരിച്ചു. ഓരോ പാട്ടും കേൾക്കാൻ മുന്നിലൊരു സഹൃദയനുണ്ട് . ഓരോ ഹമ്മിങ്ങിലും  ആത്മാംശവും ഭാവവും നൽകുക. സംഗീതമുണ്ടെങ്കിൽ അതിൽ മെലഡിയുണ്ട്. റാപ്പിൽ  പ്രണയഗാനം പാടാൻ കഴിയുമോ ? റാപ്പ് വിപ്ലവവും പ്രതിഷേധവുമാണ്.  ലോകത്തോടു പറയാനുള്ള കാര്യങ്ങൾ താളത്തിൽ പറയുകയാണതിൽ. ഗുലാം അലി ‘യേ ദിൽ...’ എന്നു പാടുമ്പോൾ ഹൃദയം തുടിക്കും.  പാടലും പറയലുമാണത്...’’– 

അവസരങ്ങളുണ്ടോ ഞങ്ങൾക്ക് എന്ന് പുതിയ ഗായകരുടെ അന്വേഷണം.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

ബിജിബാൽ: കാലം മാറി. കൈനിറയെ അവസരങ്ങളുണ്ട്.  യേശുദാസിനെപ്പോലെ പാടുക എന്നായിരുന്നു പണ്ട് ട്രെൻഡ്. തെളിഞ്ഞ ശബ്ദമുള്ളവർക്കേ പാട്ടുപാടാൻ കഴിയൂ എന്ന ധാരണ മാറി. കഴിവുള്ളവർ മുഴുവൻ സിനിമയിൽ പാടണമെന്നില്ല. സിനിമയല്ല കലയുടെ അവസാനവാക്ക്. പാടാൻ കഴിവുണ്ടെങ്കിൽ യൂട്യൂബിൽ ചാനൽ തുടങ്ങാമല്ലോ. സംഗീതത്തിന്റെ  പട്ടിണിക്കാലം കഴിഞ്ഞു. അപൂർണതകളാണു മനുഷ്യനെ കലാകാരനാക്കുന്നത്. മോഹൻലാലിന് ഒരു ചരിവില്ലേ? മൊണാലിസയുടെ പെയ്ന്റിങ്ങിൽ ചിരിയോ വിഷാദമോ എന്നു വേർതിരിച്ചറിയാനാകാത്ത കലർപ്പില്ലേ? കലയിൽ എന്നും വിദ്യാർഥിയായിരിക്കുക; കലോത്സവക്കാലം കഴിഞ്ഞാലും...’’

പങ്കെടുത്ത വിദ്യാർഥികൾ: ജെറിൽ ഷാജി, എം. ചൈത്ര, സ്വാതി വിജയൻ, മരിയ മാത്യു, മീര എം. നായർ, എസ്.ടി. അസ്ന, യദുകൃഷ്ണൻ, അർജുൻ ബാബു, ആകാശ് പി. ടെൻസൻ, ആദിത്യദേവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.