Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.വി.അനുപമ: ദൃഢനിശ്ചയത്തിന്റെ പര്യായം

Anupama_TV

സിവിൽ സർവ്വീസ് എന്ന സ്വപ്നത്തെക്കുറിച്ച് 2010ലെ  നാലാം റാങ്കുകാരിയായ ടി.വി. അനുപമ സംസാരിക്കുന്നു. 

വിജിലൻസിൽ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോ‌ഗസ്ഥർ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോൾ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു– ഞാൻ വലുതായാൽ അച്ഛൻ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, ആലപ്പുഴ ജില്ലാകളക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നൽകിയില്ല. മകൾ സിവിൽ സർവീസ് നേടുന്നതിനു മുൻപ് അദ്ദേഹം മരിച്ചു. 

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ 13–ാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്ക്. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചതെന്നു കേൾക്കുമ്പോൾ വിസ്മയിക്കാതിരിക്കുന്നതെങ്ങനെ?

പൊന്നാനി വിജയമാതാ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം  വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും.

എന്തുകൊണ്ട് സിവിൽ സർവീസ്
എന്റെ കഴിവുകൾ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ സിവിൽ സർവീസിലൂടെ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സർക്കാർ ജോലിയോടുള്ള താൽപ്പര്യവും കൂടെയുണ്ടായിരുന്നു. 

സ്വയം അളക്കുക
സിവിൽ സർവീസ് തിരഞ്ഞെടുക്കണോ എന്നത് ഒരാൾ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. അതിനോടുള്ള അഭിനിവേശവും ദൃഢനിശ്ചയവും പ്രധാനമാണ്. ഒപ്പം കഠിനാധ്വാനം ചെയ്യാൻ സ്വയം തയാറാവുകയും വേണം.

ഒരുക്കം
ബിടെക് പൂർത്തിയായ ശേഷം 2008 ലാണ് ഞാൻ പരീക്ഷയ്ക്കു വേണ്ടിയുള്ള അന്തിമഘട്ട ഒരുക്കം തുടങ്ങിയത്. കോച്ചിങ് സെന്ററിനെക്കുറിച്ചും ഓപ്ഷനുകളെക്കുറിച്ചും അതിനു മുന്‍പു തന്നെ തീരുമാനമെടുത്തിരുന്നു. തയാറെടുപ്പിന്  എത്ര കാലം വേണം എന്നത്  ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. ഒന്നു മുതൽ ഒന്നരവർഷം വരെ മതിയാകും എന്നതാണ് എന്റെ തോന്നൽ.

കാണുക, കേൾക്കുക
ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടാകണം, സ്വന്തമായ കാഴ്ചപ്പാടു വളർത്തണം. ദിവസവും പത്രം വായിക്കണം. മാനസിക വായന ശീലമാക്കണം. കണ്ണും കാതും തുറന്നു സംഭവങ്ങളെ നിരീക്ഷിക്കണം.

സമയം പ്രധാനം
പരീക്ഷയെഴുതാൻ (പ്രിലിമിനറിയും മെയിനും) എത്ര സമയം തയാറെടുക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകണം. ഏറ്റവും കുറഞ്ഞതു പ്രിലിമിനറിക്ക് ഒരു വർഷം മുൻപെങ്കിലും തയാറെടുപ്പ് തുടങ്ങണം. ജോലി ചെയ്യുന്നവരാണെങ്കിൽ  രണ്ടു വർഷം മുൻപ്. 

തിരഞ്ഞെടുപ്പ്
തയാറെടുപ്പിന് ആവശ്യമായതെല്ലാം ഒരുക്കിയ ശേഷമേ പഠനം തുടങ്ങാവൂ. യുപിഎസ്സി സിലബസ് നോക്കി ഓപ്ഷനൽ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പുസ്തകങ്ങളും പഴയ ചോദ്യ ക്കടലാസുകളും കരുതി വയ്ക്കണം. ആവശ്യമായ മാസികകളും ശേഖരിക്കണം. മികച്ച ഒരു  ലൈബ്രറിയിൽ അംഗത്വവു മെടുക്കുക.

പഠനം മുടക്കമില്ലാതെ
സ്കൂൾ കോളജ് പഠനകാലത്തു പഠിക്കുന്നതിനെക്കാൾ ഇരട്ടി സമയം സിവിൽ സർവീസ് പരീക്ഷാ തയാറെടുപ്പിനു ചെലവാക്കണം. വിശ്രമമില്ലാതെ പഠിക്കണം. ഇടയ്ക്കു പാട്ടുകേൾക്കലും പുസ്തകവായനയും ആകാം. മറ്റ് ഉല്ലാസങ്ങൾക്കു സമയം കൊടുക്കേണ്ട.

കുറിച്ചുവയ്ക്കാം
വായിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ എവിടെയെങ്കിലും കുറിച്ചു വയ്ക്കാം. പരീക്ഷയ്ക്കു തൊട്ടുമുൻപ് എല്ലാ പുസ്തകങ്ങളും മറിച്ചു നോക്കുക അസാധ്യമായതിനാൽ കുറിപ്പുകൾ ഗുണം ചെയ്യും. പത്രങ്ങൾ, മാസികകൾ എന്നിവ വായിച്ച ശേഷവും കുറിപ്പെഴുതുക.

ഓപ്ഷൻ പ്രധാനം
ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് സിവിൽ സർവീസിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ്. ഒരാളുടെ ശക്തിയും ദൗർബല്യവുമെല്ലാം തെളിയുന്ന മേഖലയാണത്.  സ്വന്തം താൽപര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുസ്തകങ്ങളുടെ ലഭ്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം. ഓപ്ഷൻ തിരഞ്ഞെടുപ്പ്.

പേടി വേണ്ട
പെൺകുട്ടിയാണെന്നു കരുതി പേടിക്കാനില്ല. പരീക്ഷയ്ക്ക് ആൺപെൺ വ്യത്യാസമില്ല; ധൈര്യമുണ്ടായാൽ മാത്രം മതി. താൽപ്പര്യം തോന്നിയാൽ ചാടിയിറങ്ങുക. വീട്ടുകാരുടെ  പൂർണ പിന്തുണ ഉറപ്പുവരുത്തുക.

മുൻപേ നടന്നവർ
വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന സമയം മുതൽ അതതു വിഷയങ്ങളിൽ ഉന്നത യോഗ്യതയുള്ളവരുമായി സംസാരിക്കുന്നതു നല്ലതാണ്. സംശയങ്ങൾ വന്നാൽ ചോദിക്കുവാനും പുസ്തകങ്ങളുടെ പേരു പറഞ്ഞു തരാനും ഇവർ ഉപകരിക്കും. സിവിൽ സർവീസ് വഴിയിൽ നടന്നവരോട് ആശയവിനിമയം നടത്തുന്നതും പ്രയോജനപ്പെടും. 

വേണ്ടതേ എടുക്കാവൂ
50 ശതമാനം ചോദ്യങ്ങൾ ശരിയാക്കിയാൽ പ്രിലിമിനറി കടക്കാവുന്നതേ ഉള്ളൂ. സിലബസ് മുഴുവൻ പഠിക്കുക എന്നത് അസാധ്യമായതിനാൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോന്നിനും പ്രയോറിറ്റി നിശ്ചയിച്ചു പഠിക്കുക. 

കാണുന്നതിലപ്പുറം
ഓരോ വിഷയത്തെപ്പറ്റിയും നമ്മുടേതായ കാഴ്ചപ്പാടുണ്ടാവണം. വിവിധപത്രങ്ങളുടെ എഡിറ്റോറിയലുകൾ വായിക്കുക. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നമ്മുടേതായ കാഴ്ചപ്പാടു വളർത്തിയെടുക്കണം. പഠിച്ചത് ഉത്തരക്കടലാസില്‍ പകർത്തുക എന്നതിലപ്പുറം നമുക്കു പിടികിട്ടിയെതെന്ത് എന്നെഴുതുകയാണ് ഉത്തമം.

പരിശീലനകേന്ദ്രം
പരീക്ഷാ പരിശ‌ീലനകേന്ദ്രങ്ങൾ  തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചു പരിശീലനം കേരളത്തിനു വെളിയിലാകുമ്പോൾ. ഓരോ വിഷയത്തിനും നൂറു കണക്കിനു കേന്ദ്രങ്ങൾ അവിടെയുണ്ടാവും. മുൻപു പഠിച്ചവരുമായി സംസാരിക്കുക, പിന്നീടു തീരുമാനമെടുക്കുക.

പ്രിലിമിനറി
കാടുകയറിപ്പോകാതെ പഠിക്കുകയാണ് വേണ്ടത്. സ്വന്തം മേഖല തിരിച്ചറിഞ്ഞ് ആഴത്തിൽ പഠിക്കുക. അടുത്ത സമയത്ത് സാമ്പത്തിക നയങ്ങളെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇവയെക്കുറിച്ച് ആഴത്തിൽ പഠിക്കണം. പഴയ ചോദ്യപേപ്പറുകൾ വച്ച് സ്വയം ഉത്തരമെഴുതി പരിശീലിക്കണം. 

മെയിൻ
പഠിച്ച കാര്യങ്ങളെക്കുറിച്ച് കുറിപ്പുകളെഴുതിയും പഴയ ചോദ്യ പേപ്പറുകള്‍ക്ക് ഉത്തരമെഴുതിയും ശീലിക്കണം. പ്രിലിമിനറിയെപ്പോലെ ചില ഭാഗങ്ങൾ വിട്ടുകളയാനാവില്ല. കഴിഞ്ഞ പത്തു വർഷത്തെ ചോദ്യപേപ്പറുകള്‍ പ്രയോജനപ്പെടും. ഉത്തരങ്ങൾ എങ്ങനെ ഭംഗിയായി അവതരിപ്പിക്കുന്നു എന്നതും പ്രാധാന്യമർഹിക്കുന്നു.

ഇന്റർവ്യൂ
മൗലികസംഭവങ്ങളെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങള്‍ വേണം. പത്രങ്ങളുടെ എഡിറ്റോറിയലും ലേഖനങ്ങളും ഇക്കാര്യത്തിൽ തുണയാകും. നിങ്ങളുടെ ബയോഡാറ്റയിൽ എഴുതിയ കാര്യങ്ങള്‍ സത്യസന്ധവും തികഞ്ഞ ബോധ്യമുള്ളതുമായിരിക്കണം. ബയോഡാറ്റ ഇന്റർവ്യൂവിന്റെ പല ഘട്ടങ്ങളിലും അടിസ്ഥാനമാക്കപ്പെടും. 

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>