Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി ഉപേക്ഷിച്ചു നേടിയ ഒന്നാം റാങ്ക്

Haritha V Kumar

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? 2012ൽ പി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന്റെ അവസാനത്തെ ചോദ്യം അതായിരുന്നു. ഏറ്റവും നന്നായി പാടാൻ കഴിയുന്ന പാട്ടു പാടാൻ അവസരം കിട്ടിയ കുട്ടിയെപ്പോലെ ഹരിത വി.കുമാർ എന്ന മലയാളിപ്പെൺകുട്ടി ആവേശഭരിതയായി. സന്തോഷം കൊണ്ടു ചിരിച്ച്, ഇരു കൈകളുമുയർത്തി, കേരളത്തിന്റെ നന്മകളെക്കുറിച്ച് ഒരു കുഞ്ഞുപ്രഭാഷണം. ബോർഡിലെ എല്ലാവരും ഗൗരവം മറന്ന് ചിരിക്കാൻ തുടങ്ങി. ചിരിച്ചു കൊണ്ടു തന്നെ ഇന്റർവ്യൂ അവസാനിച്ചു.

അതോടെ, ഹരിതയ്ക്ക് ആത്മവിശ്വാസമായി. ആദ്യത്തെ നൂറിൽ വരും. ഐഎഎസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. ഫലം വന്നപ്പോൾ ഹരിത ആദ്യം വിശ്വസിച്ചില്ല. സിവിൽ സർവീസിലെ ഒന്നാം റാങ്ക് ഹരിത സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. നെയ്യാറ്റിൻകരയിലെ ഇടത്തരം മലയാളി കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയുടെ  ഇച്ഛാശക്തിക്കും കഠിനാധ്വാനത്തിനുമുള്ള കാലത്തിന്റെ പ്രതിഫലമായിരുന്നു അത്. 2007 മുതൽ ആറു വർഷം തുടർച്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലം.

രാജു നാരായണസ്വാമി സിവിൽ സര്‍വീസിൽ ഒന്നാം റാങ്ക് സ്വന്തമാക്കി 22 വർഷം കഴിയുമ്പോഴാണ് ഹരിത ആ നേട്ടം വീണ്ടും കേരളത്തിലെത്തിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ കോൺട്രാക്ടറായ ആര്‍.വിജയകുമാറും അമ്മ ചിത്രയും ഇരട്ട സഹോദരങ്ങളായ സാദർശും സതീർഥും ഹരിതയുടെ പരിശ്രമത്തിന് പിന്തുണയേകി. 

നെയ്യാറ്റിൻകര സെന്റ് തോമസ് സ്കൂളിലാണ് ഹരിത പത്താം ക്ലാസു വരെ പഠിച്ചത്. അന്നേ പഠിത്തത്തിൽ മിടുക്കി. കൂട്ടിന് കർണാടക സംഗീതവും ഭരതനാട്യവും മോഹിനിയാട്ടവും. പത്താംക്ലാസിൽ ഏഴാം റാങ്കോടെ വിജയം. തുടര്‍ന്ന് നെയ്യാറ്റിൻകര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ. എൻട്രൻസ് എഴുതി തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ബിടെക് കോഴ്സിനു ചേർന്നു. മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ് വെയർ എൻജിനീയർ ജോലി ലഭിച്ചു. 

സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനു വേണ്ടി ഹരിത ആ ജോലി വേണ്ടെന്നു വച്ചു. അതുവരെ പഠിച്ച സയൻസിനെ ഉപേക്ഷിച്ച് സാമ്പത്തിക ശാസ്ത്രത്തെയും മലയാളത്തെയും കൂട്ടുപിടിച്ചു. സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രഫ. എസ്. നാരായണന്‍ എന്ന സിവിൽ സർവീസ് പരിശീലകനെ ചെന്നു കണ്ടു. അദ്ദേഹം ഹരിതയെ നിരുൽസാഹപ്പെടുത്തി–സാമ്പത്തികശാസ്ത്രം എളുപ്പമല്ല, രണ്ടു വർഷമെങ്കിലും വേണം പഠിച്ചെടുക്കാൻ തുടങ്ങിയ കാരണങ്ങളും നിരത്തി. പക്ഷേ, ഹരിത തീരുമാനം മാറ്റിയില്ല. സാർ പഠിപ്പിച്ചാൽ മതി, ഞാൻ പരിശ്രമിച്ചോളാം എന്ന ഹരിതയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ പ്രഫസർ വഴങ്ങി. പിന്നീട് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം.

2009 ലാണ് ഹരിത ആദ്യത്തെ ശ്രമം നടത്തുന്നത്.  പ്രിലിമിനറി വിജയിച്ചെങ്കിലും മെയിൻ പരീക്ഷ കൈവിട്ടു. നിരാശയാകാതെ ശ്രമം തുടർന്നു. തൊട്ടടുത്ത വർഷം തന്നെ ഫലം കാണുകയും ചെയ്തു–179–ാം റാങ്ക്. ഐപിഎസ് കിട്ടുമായിരുന്നെങ്കിലും അതു ചേരില്ലെന്നു തോന്നിയതിനാൽ ഐആര്‍എസ് എടുത്തു. പരിശീലനത്തിനു ചേർന്ന് അവധിയെടുത്തു വീണ്ടും പരീക്ഷയെഴുതി. മെയിൻ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയെങ്കിലും ഇന്റർവ്യൂവിൽ ശോഭിക്കാനായില്ല. റാങ്ക് 290 ലേക്കു താഴ്ന്നു.

അപ്പോഴേക്കും സിവിൽ സർവീസ് ശ്രമം തുടങ്ങി അഞ്ചുവർഷമായിരുന്നു. ഐആര്‍എസ് കിട്ടുകയും ചെയ്തു. പരിശ്രമം അവസാനിപ്പിക്കാൻ ആരും തീരുമാനിക്കുന്ന സാഹചര്യം. പക്ഷേ, അവിടെയാണ് ഹരിതയുടെ ലക്ഷ്യബോധം വേറിട്ടു നിന്നത്. തിരിച്ചടിയിൽ ഹരിത തളർന്നില്ല. ഹരിതയുടെ ആഗ്രഹം അത്രയ്ക്കു തീവ്രമായിരുന്നു. ഫരീദാബാദിലെ നാഷനൽ കസ്റ്റംസ് അക്കാദമിയിൽ ഐആർഎസ് പരിശീലനത്തിനിടെ വീണ്ടും പരീക്ഷയെഴുതി. പുലർച്ചെ നാലരമുതൽ വൈകിട്ട് ഏഴുവരെയായിരുന്നു പരിശീലനം. അതിനിടെ പരീക്ഷയെഴുതാനുള്ള പരിശീലനം കൂടി മുന്നോട്ടു കൊണ്ടുപോവുക പ്രയാസമായിരുന്നു. 

പക്ഷേ, ഹരിത തളർന്നില്ല. മെയിൻ പരീക്ഷ നന്നായി എഴുതി. ഇന്റർവ്യൂവിൽ രണ്ടു തവണയും മാർക്ക് കുറയാൻ കാരണം ഇംഗ്ലീഷിലുള്ള ആശയവിനിമയത്തിലെ പോരായ്മകളാണെന്ന് ഹരിത സ്വയം കണ്ടെത്തി. അതു പരിഹരിക്കാൻ ഹരിതയെ സഹായിച്ചത് കസ്റ്റംസ് അക്കാദമിയിലെ സഹപ്രവർത്തകർ. അക്കാദമിയിലെ രാത്രികൾ തുടർച്ചയായി ഇന്റർവ്യൂ പരിശീലന വേദികളായി. ആ ശ്രമം ഒടുവിൽ ഫലം കണ്ടു ഹരിത കേരളത്തിന്റെ അഭിമാനമായി.

സിവിൽ സർവീസിന് തയാറെടുക്കുമ്പോൾ
എത്രത്തോളം തീവ്രമായി ആഗ്രഹിക്കുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. ആ തീവ്രതയാണ് ലക്ഷ്യത്തിലേക്ക് നിങ്ങളെ നയിക്കുക. പരാജയങ്ങളും വീഴ്ചകളെയും അതിജീവിക്കാൻ ആ തീവ്രതയ്ക്കു കഴിയും.

സിവിൽ സർവീസ് പരീക്ഷ ഒരോ വർഷവും പുതുക്കിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ നന്നായി മനസ്സിലാക്കി വേണം തയാറെടുപ്പുകൾ നടത്തേണ്ടത്. ജനറൽ സ്റ്റഡീസിന് കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്. മാർക്ക് 600 ൽ നിന്ന് 1000 ആയി. എത്തിക്സ് പരീക്ഷാ വിഷയമാകുന്നു. 

കുട്ടിക്കാലം മുതൽക്കേ വായന ശീലമാക്കുക. ഹൈസ്കൂൾ ക്ലാസുകളിൽ നിന്നുതന്നെ പത്രം വായന നിർബന്ധമാക്കണം. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയണം. ഒപ്പം സാഹിത്യ കൃതികളും വായിക്കണം.

സിവിൽ സർവീസ് തയാറെ‌ടുപ്പിൽ ഇന്റർനെറ്റ് ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നു.  പ്രത്യേകിച്ച് സയൻസ് ആൻഡ് ടെക്നോളജി, ഇന്റർനാഷനൽ റിലേഷൻസ് തുടങ്ങിയ മേഖലകളിൽ. അതുപോലെ തന്നെ സിവിൽ സർവീസിൽ ഉയർന്ന റാങ്കു നേടിയവരുടെ ബ്ലോഗുകൾ വായിക്കുന്നത് പരീക്ഷയെഴുതുന്നവർക്ക് വളരെയേറെ പ്രയോജനപ്പെടും. 

പഠനം കഴിഞ്ഞ് ഒരു ജോലി സ്വന്തമാക്കിയതിനുശേഷം സിവിൽ സർവീസ് ശ്രമം തുടങ്ങിയാൽ മതിയോ എന്നു തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. നമ്മൾ യൂണിവേഴ്സിറ്റി സ്കീമിൽ പിന്തുടരുന്ന ഒരു പഠനച്ചിട്ടയുണ്ട്. അതു വിടുന്നതിനു മുൻപു തന്നെ സിവിൽ സർവീസ് ശ്രമം തുടങ്ങാമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. 

ഇംഗ്ലീഷിലുള്ള ആശയവിനിമയശേഷി പ്രധാനമാണ്. അത് ചെറുപ്പം തൊട്ടു തന്നെ വളർത്തിയെടുക്കണം. 

സിവിൽ സർവീസ് തയാറെടുപ്പിനെപ്പറ്റി ഏത് ഉപദേശം സ്വീകരിക്കണം, ഏതു തള്ളിക്കളയണമെന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. പോസിറ്റീവ് ആയ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. നാലു വർഷം ശ്രമിച്ചിട്ടും പരാജയപ്പെ വരുടെ കഥകൾ പറയുന്നവരുണ്ടാകും. ആ കഥകൾ കേട്ടു മറക്കുക. തയാറെടുപ്പ് നടത്തുന്ന സമയത്ത് അത്തരം കാര്യങ്ങൾ ചിന്തിക്കാതിരിക്കുക. പഠിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

സ്വന്തം ശക്തിയും ദൗർബല്യവും സൗകര്യവും മനസ്സിലാക്കി വേണം പഠനരീതി കണ്ടെത്താൻ. നോട്ട് തയാറാക്കി പഠിക്കുന്നവരുണ്ട്. ഒരു വരിപോലും കുറിച്ചുവയ്ക്കാതെ തലച്ചോറിൽ മാപ്പ് ചെയ്ത് പഠിക്കുന്നവരുണ്ട്. എത്ര മണിക്കൂർ പഠിക്കുന്നു എന്നതല്ല, എത്ര സമയം ശ്രദ്ധയോടെ പഠിക്കാൻ കഴിയുന്നു എന്നതാണു പ്രധാനം. 

പരീക്ഷയെഴുതുമ്പോൾ സമയം കൃത്യമായി പാലിക്കാൻ അതിയായി ശ്രദ്ധിക്കണം. ആകെ എത്ര മണിക്കൂറും മാർക്കും ഉണ്ടെന്നു വിലയിരുത്തി അതിനനുസരിച്ച് സമയത്തെ വിഭജിക്കണം. മാതൃകാപരീക്ഷകൾ എഴുതി  ഈ സമയവിഭജനം പാലിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം അഭിരുചിയാണ് പ്രധാനം. വിഷയം ആഴത്തിൽ പഠിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം വേണം. സയന്‍സ് വിഷയങ്ങളിൽ മികവു കാട്ടാൻ കഴിയുമെന്ന് ഉറപ്പില്ലാതിരുന്നതുകൊണ്ടാണ് ഞാൻ സാമ്പത്തിക ശാസ്ത്രത്തിലേക്കു തിരിഞ്ഞത്.

പ്രില‌ിമിനറി എഴുതാൻ തീരുമാനിച്ചാൽ മെയിൻസിന് പരിശീലനം തുടങ്ങണം. മെയിൻസിന്റെ തയാറെടുപ്പുകൾ സ്വാഭാവികമായി പ്രിലിമിനറിക്കുള്ള ഒരുക്കമായി മാറും. പരമാവധി മാതൃകാപരീക്ഷകൾ എഴുതുക എന്നതാണ് പിഴവുകൾ തിരുത്താനുള്ള ഒരേയൊരു മാര്‍ഗം.

നിങ്ങളുടെ കഷ്ടപ്പാടുകൾക്ക് മെയിൻസിൽ കൃത്യമായ ഫലം കിട്ടും.  ഇന്റർവ്യൂവിൽ മറ്റു പല ഘടകങ്ങളും പരിഗണിക്കും. മെയിൻ പരീക്ഷയുടെ മാർക്കാണ് നിങ്ങൾ ആയിരം പേരുടെ പട്ടികയിലുണ്ടോ എന്നു തീരുമാനിക്കുന്നത്. ഇന്റർവ്യൂവിന്റെ മാർക്ക് നിങ്ങളുടെ സ്ഥാനം ഏതാണെന്നു മാത്രം നിർണയിക്കാനാണ്. 

ഇന്റർവ്യൂവിൽ നിങ്ങളുടെ അറിവിനേക്കാൾ നിങ്ങളുടെ വ്യക്തിത്വവും നിലപാടുകളുമാണ് അളക്കുക. ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയശേഷി വളർത്തിയെടുക്കണം. മെയിൻസ് കഴിഞ്ഞാൽ ഇന്റർവ്യൂ വരെയുള്ള സമയത്ത് ഇംഗ്ലീഷിൽ തന്നെ ചർച്ച ചെയ്തു പരിശീലിക്കണം. ഇംഗ്ലീഷ് അല്ല മെച്ചപ്പെടുത്തേണ്ടിവരിക, പകരം നമ്മുടെ ആത്മവിശ്വാസ മാണ്. ഇടതടവില്ലാതെ ഒഴുകുന്ന ഭാഷയൊന്നും ഇന്റര്‍വ്യൂ ബോർഡ് പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ആശയങ്ങൾ അവർക്കു മനസ്സിലാകണമെന്നു മാത്രം. നിങ്ങളുടെ വിശ്വാസ്യതയും നിലപാടും അളക്കാൻ ബോർഡ് പലവിധ പ്രകോപനങ്ങൾക്കും ശ്രമിച്ചേക്കാം. ശരിയാണെന്നു ബോധ്യമുള്ള കാര്യങ്ങളിൽ ഉറച്ചു നിൽക്കണം. 

പരിശീലനത്തിനു പോകണോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കണം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഐഎഎസ് നേടിയ മലയാളികളായ ഗോകുലും വിഷ്ണുവും പരിശീലനത്തിനു പോയിട്ടില്ല. ഞാൻ പരിശീലനത്തിനു പോയിട്ടുണ്ട്. അതിനു കാരണം ഞാൻ ഓപ്ഷനൽ ആയി എടുത്ത സാമ്പത്തിക ശാസ്ത്രം എനിക്ക് ഒറ്റയ്ക്ക് പഠിക്കാനാവില്ല എന്നതാണ്. സിവിൽ സർവിസിലേക്കുള്ള വഴി മാത്രമാണ് പരിശീലന കേന്ദ്രത്തിൽ നിന്നു പറഞ്ഞു തരിക. അതിലൂടെ എങ്ങനെ യാത്ര ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>