Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങളും മറികടന്ന നേട്ടം

AR_Rahul_Nath

2011ലെ സിവിൽ സർവീസ് പരീക്ഷയിൽ 27–ാം റാങ്കു കരസ്ഥമാക്കിയ എ.ആർ. രാഹുൽനാഥ് കോട്ടയം കടുത്തുരുത്തി മുളക്കുളം ആനിക്കാട് എ.കെ. രഘു നാഥൻ–സരള ദമ്പതികളുടെ മകനാണ്.

പെരുവ ബാപ്പുജി പബ്ലിക് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. തുടർന്നു പെരുവ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും. തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര എൻജിനീയറിങ് കോളജിൽ നിന്നു ബി.ടെക്. 

പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ ബിടെക് വിദ്യാർഥിയായിരിക്കുമ്പോൾ സിവിൽ സർവീ സ് എന്റെ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. മറ്റ് എൻജിനീയറിങ് വിദ്യാർഥികളെപ്പോലെ എന്റെ സ്വപ്നം ഏതെങ്കിലും ഒരു ഐടി കമ്പനിയിൽ (ടിസിഎസ് അല്ലെങ്കിൽ ഇൻഫോ സിസ് ആയാൽ ഉത്തമം) കയറിപ്പറ്റുന്നതിൽ തുടങ്ങുകയും അവിടെത്തന്നെ അവസാനിക്കുന്നതുമായിരുന്നു. ബി.ടെക്. എനിക്ക് താൽപ്പര്യമുള്ള കാര്യമായിരുന്നില്ല. പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലവട്ടം ഞാൻ ചിന്തിച്ചു. 

ക്ലാസിൽ ഇലക്ട്രോണിക്സ് പഠിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ ചെലവിട്ടത് തിരുവനന്തപുരം നഗരത്തിലായിരുന്നു. ലൈബ്രറികളും സാംസ്കാരിക പരിപാടികളും എന്റെ പതിവു സന്ദർശനകേന്ദ്രങ്ങളായി. അത് നഗരത്തെക്കുറിച്ചും എന്നെക്കുറിച്ചുമുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നതായിരുന്നു. 

കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതാണ് പാപ്പനം കോട് എൻജിനീയറിങ് കോളജ്. അതിന്റെ മാനേജിങ് ഡയറക്ടർ ഐപിഎസ് ഓഫിസറായിരുന്ന ടി.പി. സെൻകുമാര്‍ ആയിരുന്നു. കോളജ് സന്ദർശിക്കാനെത്തുമ്പോൾ അദ്ദേഹം നടത്തിയ ഒന്നു രണ്ടു പ്രഭാഷണങ്ങൾ എനിക്ക് പ്രചോദനമായി. എൻജിനീയറിങ്ങിൽ താൽപ്പര്യമില്ലാത്തതുകൊണ്ടു തന്നെ സിവിൽ സർവീസ് ഒരു രക്ഷാമാർഗമായി ഞാൻ കണ്ടു. ഒട്ടേറെ സിവിൽ സർവന്റുമാരെ സൃഷ്ടിച്ചതാണ് തിരുവനന്തപുരം നഗരമെന്നതും എന്നിലെ ആത്മവിശ്വാസമുയർത്തി. പരീക്ഷയിൽ എൻജിനീയറിങ് അല്ലാത്ത വിഷയങ്ങൾ തിരഞ്ഞെടുക്കാമെന്നതും എനിക്കു പ്രതീക്ഷയേകി.

ബിടെക് അവസാന സെമസ്റ്ററിനിടെയാണ് സിവിൽ സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ബിടെക് പരീക്ഷ കഴിഞ്ഞതോടെ ഞാൻ മാനസികമായി തയാറെടുപ്പ് തുടങ്ങി. അതിനകം എന്റെ മുഴുവൻ സുഹൃത്തുക്കളും സ്വപ്നം കണ്ട ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു എന്നത് എന്നെ നിരാശനാക്കിയതേയില്ല. 

ഈ സമയത്ത് എന്റെ രക്ഷിതാക്കളുടെ പിന്തുണയെക്കുറിച്ച് പറഞ്ഞേ മതിയാകൂ. ഒരു മധ്യവർഗകുടുംബത്തിലെ മൂത്ത മകനെ കിട്ടുമെന്നുറപ്പുള്ള നല്ല ജോലിക്കു വിടാതെ സ്വപ്നത്തിനു പുറകെ വിടാൻ അസാമാന്യമായ ധൈര്യം വേണം.  പക്ഷേ, അവർ എന്റെ കൂടെ നിന്നു. എനിക്കു മാനസികമായും സാമ്പത്തികമായും പിന്തുണ നൽകി. 

ജ്യോഗ്രഫിയും മലയാളവുമാണ് ഓപ്ഷനൽ വിഷയങ്ങളായി ഞാൻ തിരഞ്ഞെടുത്തത്. ആർട്സ് സബ്ജക്ട് ആയും സയൻസ് സബ്ജക്ട് ആയും ഒരേ സമയം കാണാമെന്നതാണ് ജ്യോഗ്രഫിയുടെ ആകർഷണം. മാത്രമല്ല, കുറഞ്ഞ സമയം കൊണ്ട് പഠിക്കാനും നല്ല മാർക്ക് നേടാനും കഴിയും.  മലയാളം എന്റെ മനസ്സിനോടു ചേർന്ന വിഷയമായിരുന്നു. എൻജിനീയറിങ് പഠനകാലത്തും തിരുവനന്തപുരത്തെ പബ്ലിക്, യൂണിവേഴ്സിറ്റി ലൈബ്രറികളിലെ സാഹിത്യവിഭാഗങ്ങളിൽ കഴിയാവുന്നത്ര സന്ദർശനങ്ങൾ ഞാൻ നടത്തിയിരുന്നു. 

ഓപ്ഷനുകൾ തിരഞ്ഞെടുത്തതിനു പിന്നാലെ  എവിടെ പരിശീലനം നേടണമെന്ന ആശങ്ക എന്നെയും അലട്ടി. ജ്യോഗ്രഫി എന്നെ സംബന്ധിച്ച് പുതിയ വിഷയമായതിനാൽ അതിൽ ഏറ്റവും മികച്ച പരിശീലനം ലഭിക്കുന്നത് എവിടെയെന്ന് നേരത്തേ പരീക്ഷ എഴുതിയ കുറച്ചു പേരോട് അന്വേഷിച്ചു. ഡൽഹി എന്നതായിരുന്നു അവർ നൽകിയ ഉത്തരം. ചെലവ് കൂടുതലാണെങ്കിലും ആ ഉപദേശം സ്വീകരിക്കാൻ ഞാൻ തീരുമാ നിച്ചു. 

മൂന്നുമാസം നീണ്ടു നിന്ന ജ്യോഗ്രഫി പഠനത്തിനു ശേഷം ഡൽഹിയിൽ തന്നെ തുടരണോ, കേരളത്തിലേക്കു മടങ്ങണോ എന്ന ആശങ്കയിലായി ഞാൻ. ഏറ്റവും മികച്ച പഠനസൗകര്യങ്ങൾ ഡൽഹിയിലായിരുന്നു. പക്ഷേ, രണ്ടാമത്തെ ഓപ്ഷനൽ ആയ മലയാളത്തിൽ പരിശീലനം നേടാൻ കേരളത്തിലേക്കു മടങ്ങുമെന്നതായിരുന്നു നല്ലത്. മാത്രമല്ല, ചെലവ് കുറയുകയും ചെയ്യും. 

തിരുവനന്തപുരത്ത് തിരിച്ചെത്തി മലയാളത്തിനും ജനറൽ സ്റ്റഡീസിനും പരിശീലനം തുടങ്ങി. ജനറൽ സ്റ്റഡീസ് പരിശീലനം ഡൽഹിയെ അപേക്ഷിച്ച് അത്ര നിലവാരമുള്ളതായിരുന്നില്ലെങ്കിലും മലയാളത്തിൽ ഏറ്റവും മികച്ച ക്ലാസുകൾ  ലഭിച്ചു. മലയാളത്തോടുള്ള താൽപര്യം കൂടിയതോടെ മിക്ക സമയവും അതിലായി എന്റെ ശ്രദ്ധ. എന്റെ അനുഭവത്തിൽ നിന്നുകൊണ്ടു പറയുകയാണ്– ഒരു ഓപ്ഷനൽ വിഷയത്തിന് മാത്രമായി അമിത ശ്രദ്ധ കൊടുക്കരുത്.

അതിനിടെ എന്റെ ഭാഗ്യത്തിന് സിവിൽ സർവീസ് പരീക്ഷയുടെ  പ്രിലിമിനറി പാറ്റേൺ മാറി. സിവിൽ സർവീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിസാറ്റ്) നിലവിൽ വന്നു. ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ന്യൂമറിക്കൽ എബിലിറ്റി, ഡിസിഷൻ മേക്കിങ് എന്നിവയായിരുന്നു ആപ്റ്റിറ്റ്യൂഡ് പേപ്പറിലെ ഊന്നൽ. ഒരു എൻജിനീയർ എന്ന നിലയിൽ എനിക്ക് ഈ മാറ്റം വലിയ ആത്മവിശ്വാസമേകി. ജനറൽ സ്റ്റഡീസ് പേപ്പർ അടിസ്ഥാനതത്വങ്ങൾക്കും ആനുകാലിക വിഷയങ്ങള്‍ക്കും ഊന്നൽ നൽകിക്കൊണ്ടു മാറ്റി. എൻസിഇആർടി ടെക്സ്റ്റ് ബുക്കുകളെയാണ് ഞാൻ പ്രധാനമായും ആശ്രയിച്ചത്. സർക്കാർ പ്രസിദ്ധീകരണങ്ങളായ യോജന, കുരുക്ഷേത്ര മാഗസിനുകൾ, ഇന്ത്യ ഇയർ ബുക്ക്, ദ് ഇക്കണോമിക് സർവേ ഓഫ് ഇന്ത്യ, പ്രസ് ഇൻഫർ മേഷൻ ബ്യൂറോ വെബ്സൈറ്റ് എന്നിവയും പ്രിലിമിനറിയിൽ എനിക്ക് വലിയ സഹായമായി. 

മെയിൻസ് പരീക്ഷയ്ക്ക് കൃത്യം നാലുമാസം ബാക്കിയുണ്ടായിരുന്നു. എഴുത്തിന്റെ വേഗം വലിയ ഘടകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഓപ്ഷനൽ വിഷയങ്ങളിൽ കഴിയാവുന്നത്ര മാതൃകാപരീക്ഷകൾ ഞാൻ എഴുതി. ജനറൽ സ്റ്റഡീസ് പേപ്പറിന് സർക്കാർ പ്രസിദ്ധീകരണങ്ങളെത്തന്നെയാണ് ഞാൻ അടിസ്ഥാനമാക്കിയത്. 

വലിയ പ്രശ്നങ്ങളില്ലാതെ മെയിൻ പരീക്ഷ പൂർത്തിയായതോടെ ആശ്വാസം തോന്നി. നാലിൽ മൂന്നു ഭാഗവും പൂർത്തിയായി. ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം ഇന്റർവ്യൂവിനുള്ള പരിശീലനം തുടങ്ങി. കേരളത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമാണ് പഠിക്കാൻ തുടങ്ങിയത്. മെയിൻസ് ഫലം വന്നതോടെ സർക്കാർ ഉടമസ്ഥതയിലുള്ള പട്ടം സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. സൗജന്യമായി ഇന്റർവ്യൂ പരിശീലനം നൽകുന്ന സ്ഥാപനം. മുതിർന്ന സിവിൽ സർവന്റ്സും അക്കാദമിക് വിദഗ്ധരുമാണ് ക്ലാസ് നയിക്കാനെത്തിയിരുന്നത്. യുപിഎസ്‌സി മാതൃകയിലുള്ള ഇന്റർവ്യൂകളും അവിടെ നടത്തപ്പെട്ടിരുന്നു. 

ഏപ്രിലിൽ ആയിരുന്നു എന്റെ ഇന്റർവ്യൂ. ഡൽഹിയിലേക്കുള്ള യാത്രയും അവിടെയുള്ള താമസവും സംസ്ഥാന സർക്കാരിന്റെ ചെലവിലായിരുന്നു. 

ഡൽഹിയിൽ പി.കെ. മിശ്രയുടെ നേതൃത്വത്തിലായിരുന്നു ഇന്റർവ്യൂ. എന്റെ ബിടെക്കിനെക്കുറിച്ച് തുടങ്ങിയ ചോദ്യങ്ങൾ കേരളത്തിന്റെ വിദ്യഭ്യാസ രംഗത്തിലേക്കു കടന്നു. എന്റെ ഹോബിയായിരുന്ന മൃദംഗത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. മൃദംഗവും തബലയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചു മുണ്ടായി ചോദ്യങ്ങൾ.

തുടർന്നുണ്ടായ ചോദ്യങ്ങൾ പലതും ബിടെക് വിഷയത്തെക്കുറിച്ചും ഓപ്ഷനൽ വിഷയങ്ങളെക്കുറിച്ചുള്ളതുമായിരുന്നു. ബോർഡിലെ അംഗമായിരുന്ന ഒരു വനിതയുടെ ചോദ്യം എന്നെ വിസ്മയിപ്പിച്ചു. എന്റെ കോളജിനു സമീപമുള്ള തടാകം ഏതാണെന്നതായിരുന്നു ആ ചോദ്യം. അവർ മലയാളിയായിരുന്നില്ല. വെള്ളായണി തടാകം എന്ന് ഞാൻ ഉത്തരം നൽകുകയും ചെയ്തു. 

അവസാനത്തെ ചോദ്യം ചെയർമാന്റെ വകയായിരുന്നു. രാഹുൽ എന്നു തുടങ്ങുന്ന പേരുകാരെക്കുറിച്ച് പറയൂ– രാഹുൽ ദ്രാവിഡ് തൊട്ട് രാഹുൽ സംകൃത്യായൻ വരെയുള്ളവരുടെ പേരു പറഞ്ഞെങ്കിലും ഒരു പ്രധാനപ്പെട്ട പേരു വിട്ടു– രാഹുൽ ഗാന്ധി. ചെയർമാൻ തന്നെ ഒരു പുഞ്ചിരിയോടെ ആ പേര് കൂടി പട്ടികയിൽ ചേർത്തു. അതോടെ ഇന്റർവ്യൂ പൂർത്തിയായി.

ഒരു കാര്യം മാത്രമേ കൂടുതൽ പറയാനുള്ളൂ– സിവിൽ‌ സർവീസ് പരീക്ഷ ആത്മവിശ്വാസവും കഠിനപ്രയത്നം ചെയ്യാൻ ശേഷിയുമുള്ളവര്‍ക്കുള്ളതാണ്. ഇതിൽ ഏതെങ്കിലുമൊന്ന് നഷ്ടമായാൽ നിങ്ങൾ കുഴപ്പത്തിലാകും. 

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>