Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിത്തം തുളുമ്പുന്ന മുഖമാണോ? എങ്കിൽ ഇതൊന്നു വായിക്കൂ

face

മുഖഭാവങ്ങൾ പലപ്പോഴും ക്ഷണികങ്ങളാണ്. നിമിഷത്തിന്റെ ചെറിയൊരംശത്തിന്റെ ഇടവേളകളിൽപ്പോലും അവ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നവയുമാണ്. നമ്മുടെ വാക്കുകളും വികാരങ്ങളുമായി അവ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഭാവങ്ങൾ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പാർട്ടികൾ, മരണാനന്തര ചടങ്ങുകൾ, ഔപചാരിക കൂടിച്ചേരലുകൾ തുടങ്ങിയവയ്ക്കെല്ലാം ഒരേ ഭാവത്തിലല്ലല്ലോ നാം പ്രത്യക്ഷപ്പെടാറുള്ളത്.

വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളുടെ സ്വഭാവമനുസരിച്ച് മുഖത്തെ പേശീചലനങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ദേഷ്യമോ ആകാംക്ഷയോ നിരാശയോ അസ്വസ്ഥതയോ ആശയക്കുഴപ്പമോ അനുഭവപ്പെടുമ്പോൾ നാം നെറ്റി ചുളിക്കുന്നു. അത്ഭുത സൂചകമായും അവിശ്വാസം പ്രകടിപ്പിക്കാനും പുരികങ്ങളുയർ ത്തുന്നു. അതു പോലെ തന്നെ എതിർപ്പോ ശത്രുതാമനോഭാവമോ പ്രകടിപ്പിക്കാൻ താടിയെല്ലുമായി ബന്ധപ്പെട്ട പേശികൾ സങ്കോചിക്കുകയും കണ്ണുകൾ പാതിയിറുക്കുകയും ചെയ്യുന്നു. കൊച്ചു കുട്ടികൾ അനുസരണക്കേടോ വഴക്കോ പിണക്കമോ പ്രകടിപ്പിക്കാൻ മുഖം വീർപ്പിക്കുന്നു.

സന്തോഷം, ദുഃഖം, പേടി, അസ്വസ്ഥത, അദ്ഭുതം, വെറുപ്പ്, പുച്ഛം, താൽപര്യം, അമ്പരപ്പ്, നിരാശ തുടങ്ങിയ വികാരങ്ങൾക്കു പുറമെ വേദന, ക്ഷീണം തുടങ്ങിയവയും മുഖത്തു തെളിഞ്ഞു കാണുന്നു. ഏതെങ്കിലും പ്രത്യേക സാഹചര്യത്തോടുള്ള ആളുകളുടെ പ്രതികരണമോ മനോഭാവമോ എന്തെന്നറിയാൻ ആദ്യമായി നാം ആശ്രയിക്കുക അവരുടെ മുഖഭാവത്തെ ആയിരിക്കുമല്ലോ. സന്തോഷം, വെറുപ്പ്, ദേഷ്യം, ഭയം, ദുഃഖം, ആശ്ചര്യം, സ്വീകാര്യത, പ്രതീക്ഷ തുടങ്ങിയവയാണ് മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെന്നും അവയുടെ വിവിധ ചേരുവകളിൽ നിന്നാണ് മറ്റു വികാരങ്ങളെല്ലാം ഉടലെടുക്കുന്നതെന്നും റോബർട്ട്  പ്ലുട്ചിക് (Robert Plutchick) അഭിപ്രായപ്പെടുന്നു. എന്നാൽ ദേഷ്യം, വെറുപ്പ്, ഭയം, സന്തോഷം, ദുഃഖം, ആശ്ചര്യം എന്നീ വികാരങ്ങൾ പ്രകടമാകുന്ന മുഖഭാവങ്ങളിൽ ലോകമെമ്പാടുമുള്ള മനുഷ്യരിൽ വളരെയേറെ സാമ്യമുണ്ടെന്നതിനാൽ അവയെ മാത്രമേ അടിസ്ഥാന വികാരങ്ങളായി കണക്കിലെടുക്കാനാവൂ എന്ന് മറ്റൊരു വിഭാഗം ഗവേഷകർ കരുതുന്നു. 

മുഖത്ത് ചിലപ്പോൾ സമ്മിശ്രവികാരങ്ങൾ പ്രകടമായേക്കാം. അപ്രതീക്ഷിതമായി പരീക്ഷയിൽ ഫസ്റ്റ് റാങ്ക് നേടിയ പെൺകുട്ടിയുടെ വിവരം അറിഞ്ഞ ഉടനെയുള്ള മുഖഭാവം സങ്കല്‍പിച്ചു നോക്കൂ. അദ്ഭുതവും സന്തോഷവും നിറഞ്ഞ അമ്പരപ്പ് എന്നു വേണമെങ്കിൽ ആ ഭാവത്തെ വിശേഷിപ്പിക്കാം. തുറന്ന പുഞ്ചിരി, ഉയർന്ന പുരികങ്ങൾ, വിടർന്ന കണ്ണുകള്‍ തുടങ്ങിയ വയായിരിക്കാം പ്രകടനഭാവങ്ങൾ. ഒരപകടവാർത്ത കേൾക്കുമ്പോഴോ? സങ്കടവും ഭയവും ഉത്കണ്ഠയും നിറഞ്ഞ ഭാവമായിരിക്കില്ലേ മുഖത്ത് പ്രകടമാകുക?

വ്യത്യസ്ത മുഖഭാവങ്ങൾ നിരീക്ഷിക്കാൻ ഏറ്റവും പറ്റിയ വേദികളാണ് ബിസിനസ് ചർച്ചകളോ ഒത്തുതീർപ്പു ചർച്ചകളോ നടക്കുന്ന കൂടിയാലോചനാ യോഗങ്ങൾ. ചില ആളുകൾ ഇത്തരം ചർച്ചാവേദികളെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടുകൂടിയാണ് സമീപിക്കാറുള്ളതെന്നതിനാൽ അത്തരക്കാരെ കൈകാര്യം ചെയ്യാൻ പ്രത്യേകം നൈപുണ്യമാവശ്യമാണെന്നു കാണാം. അവരുടെ മനോഭാവങ്ങളിൽ ഒരു തരം ശത്രുതാമനോഭാവം എപ്പോഴും  പ്രകടമായിരിക്കും. വിടർന്ന കണ്ണുകൾ, തുറിച്ചു നോട്ടം, പരസ്പരം അമർത്തിവച്ച ചുണ്ടുകൾ, താഴേക്കു വളഞ്ഞ പുരികക്കോണുകൾ, ചുണ്ടുകളുടെ ചലനം പരമാവധി കുറച്ചു കൊണ്ടു പല്ലുകൾ കടിച്ചു പിടിച്ചാലെന്നപോലുള്ള സംസാരരീതി തുടങ്ങിയവയെല്ലാം അവരുടെ ആക്രമണസ്വഭാവത്തെ എടുത്തു കാണിക്കുന്നു. വളരെ സൗഹാര്‍ദപൂര്‍ണമായ ഭാവത്തോടുകൂടിയ മറ്റൊരു വിഭാഗം ആളുകളെയും ഇതേ വേദികളിൽ കണ്ടേക്കാം. കൺപോളകൾ അധികം വിടർത്താതെയുള്ള സൗമ്യമായ നോട്ടം, നേരിയ പുഞ്ചിരി, നെറ്റിയിൽ ചുളിവുകൾ വരാത്തവിധം വളഞ്ഞ പുരികങ്ങൾ, മുഖത്താകമാനം ഓളം വെട്ടുന്ന ശാന്തത എന്നിവയായിരിക്കാം അവരുടെ മുഖലക്ഷണങ്ങൾ, അൽപം  തണുപ്പൻ മട്ടുകാരായിരിക്കാമെങ്കിലും ഇവർ കാര്യശേഷിയിൽ മികച്ചു നിൽക്കുന്നവരും പരസ്പരം സഹകരണത്തിന്റെ സാധ്യതകളിൽ വിശ്വാസമർപ്പിക്കുന്നവരുമായിരിക്കും.

എന്തെങ്കിലും കാരണവശാൽ ഞെട്ടിത്തരിച്ചു പോകുമ്പോഴോ അദ്ഭുതസ്തബ്ധരാകുമ്പോഴോ നാം അറിയാതെ വായ് തുറന്നു പോകാറില്ലേ? ഇങ്ങനെയുള്ള സന്ദർഭങ്ങളില്‍ താടിയെല്ലുമായി ബന്ധപ്പെട്ട പേശികളും തന്തുക്കളും പെട്ടെന്ന് അയയുകയും അതിന്റെ ഫലമായി താടി കീഴ്പോട്ട് തൂങ്ങുകയും ചെയ്യുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. വളരെ ഏകാഗ്രമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോഴും ചിലരിൽ മേൽ സൂചിപ്പിച്ചവിധമുള്ള ഭാവങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ചെയ്യുന്ന പ്രവൃത്തിയിലേക്കു ശ്രദ്ധ കൂടുന്ന മുറയ്ക്കു കണ്ണിനു താഴെയുള്ള ഭൂരിഭാഗം മുഖ പേശികളും അയഞ്ഞു വരുന്നതു കൊണ്ടാണ് ഈ പ്രത്യേക ഭാവം തെളിഞ്ഞു വരുന്നത്. മുഖപേശികളിൽ ഈ വിധമുള്ള സങ്കോച വികാസങ്ങൾ ഞൊടിയിടയ്ക്കുള്ളിലാണ് നടക്കുന്നത്.

കസ്റ്റമറെ അറിയാൻ
ഒരു സെയിൽസ്മാനെ സംബന്ധിച്ചിടത്തോളം തന്റെ ഇടപാടുകാരുടെ മുഖഭാവങ്ങൾ വായിക്കാൻ കഴിഞ്ഞാൽ അത് ഏറെ ഗുണകരമായിരിക്കും. താഴേയ്ക്കു ദൃഷ്ടി പതിപ്പിക്കുകയോ  മുഖത്തു നോക്കി സംസാരിക്കാൻ മടിക്കുകയോ ചെയ്യുന്ന ഇടപാടുകാരൻ തന്റെ താൽപര്യരാഹിത്യമാണ് പ്രകടിപ്പിക്കുന്നതെന്ന് ഊഹിക്കാം. എന്നാല്‍ വായയ്ക്കു ചുറ്റുമുള്ള പേശികൾ അയച്ചിട്ട് അകൃത്രിമമായ പുഞ്ചിരിയോടെ കീഴ്ത്താടി അൽപം മുന്നോട്ടു തള്ളി സൗഹൃദഭാവത്തിൽ ഇരിക്കുന്നയാള്‍ തന്റെ പരിഗണനയിലുള്ള ഉൽപന്നത്തെ  സെയിൽസ്മാന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിക്കൊ രിക്കയാണെന്ന് അനുമാനിക്കാം. സെയിൽസ്മാന്റെ തലയുടെ ചെരിവിന്റെ (താൽപര്യമോ ശ്രദ്ധയോ പ്രകടിപ്പിക്കാൻ നാം തലയൽപം ചെരിച്ച് പിടിക്കാറുണ്ടല്ലോ) അതേ ദിശയിൽ തന്റെ തലയും അൽപം ചെരിച്ച് ഒരു ലഘു പുഞ്ചിരിയോടെയോ അല്ലാതെയോ അയാളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കുകയും ഉൽപന്നത്തിന്റെ  സവിശേഷതകളെ താൻ മനനം ചെയ്തുകൊണ്ടിരിക്കയാണെന്ന് ഇത്തരം സിഗ്നലുകളാല്‍ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു ഉപഭോക്താ വ് ഉൽപന്നം വാങ്ങുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. 

വ്യക്തികൾ തമ്മിൽ സംഘർഷമോ  മുഖാമുഖ ഏറ്റുമുട്ടലോ ഉണ്ടാകുമ്പോൾ വ്യക്തതയും വൈവിധ്യവുമേറിയ ഒട്ടേറെ ഭാവങ്ങൾ മുഖത്തു പ്രകടമാക്കുന്നു. നെറ്റിത്തടം വലിഞ്ഞു മുറുകി ചുളിയുന്നു– പ്രത്യേകിച്ചും  രണ്ടറ്റങ്ങളിൽ. ചുണ്ടുകളിലെ പേശികൾ ശക്തമായി സങ്കോചിക്കുകയും അൽപം മുന്നോട്ടു തള്ളിനിൽക്കുകയും ചെയ്യുന്നു. കീഴ്ത്താടി അൽപം മുന്നോട്ടു തള്ളി പല്ലുകൾ കടിച്ചു പിടിച്ച് എതിരാളിയുടെ കണ്ണുകളിലേക്കു തുറിച്ചു നോക്കുന്നു. ഇത്തരം സാഹചര്യ ങ്ങളിൽ കണ്ണോടുകണ്ണുമായുള്ള തുറിച്ചു നോട്ടം പിൻവലിക്കാതിരിക്കാൻ ഇരു കൂട്ടരും ശ്രദ്ധിക്കും.  കാരണം നേത്രബന്ധം ഏകപക്ഷീയമായി പിൻവലിക്കുകയെന്നത് പരാജയത്തിന്റെയോ ദൗർബല്യത്തിന്റെയോ ലക്ഷണമായി എതിരാളി കരുതിയേക്കുമെന്ന് ഇരു കൂട്ടരും ഭയക്കുന്നു. 

മുഖമൊന്നു തുടുത്താൽ
മുഖം ചുവന്നു തുടുക്കലാണ് മറ്റൊരു പ്രമുഖ ഭാവം. മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നുവെന്നു തോന്നിയാൽ ലജ്ജാശീലരും ആത്മവിശ്വാസം കുറഞ്ഞവരുമായ ആളുകളുടെ മുഖം തുടുക്കുന്നു. അമ്പരപ്പ്, ദേഷ്യം, സങ്കടം മുതലായ വികാരങ്ങളാലും മുഖം ചുവക്കാറുണ്ട്. 

മുഖത്തിന്റെ പ്രത്യേകതകളെ ഒരു പരിധി വരെയെങ്കിലും വ്യക്തിത്വത്തിന്റെ പ്രത്യക്ഷഘടകങ്ങളായി കണക്കാക്കാം. മുഖഭാവങ്ങളിൽ സാദൃശ്യമുള്ള ആളുകളുടെ വ്യക്തിത്വങ്ങളിൽപ്പോലും സമാനതകളാരോപിക്കാനുള്ള പ്രവണത സ്വാഭാവികമാണല്ലോ. ശാസ്ത്രീയമായ അടിത്തറയില്ലെന്നിരിക്കിലും മുഖപ്രകൃതിയുടെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്ന ഒരു പ്രവണത പൊതുവെ കണ്ടുവരാറുണ്ട്. ഉയർന്ന നെറ്റിത്തടമുള്ളവർക്ക് ബുദ്ധി കൂടുതലായിരിക്കുമെന്നും എണ്ണമയമില്ലാതെ വരണ്ട മുഖചർമവും അലക്ഷ്യമായി പാറിപ്പറക്കുന്ന തലമുടിയുള്ളവർ അവരുടെ പെരുമാറ്റത്തിലും പരുക്കനായിരിക്കാമെന്ന ചിലരുടെ ധാരണ ഉദാഹരണം. 

മുഖപ്രതിസമത (Facial symmetry) സൗന്ദര്യത്തിന്റെ പ്രമുഖ മാനദണ്ഡങ്ങളിലൊന്നായിക്കരുതാമെന്നു 1999 ൽ ഗീവൻസ് (Givens), കോളജ് വിദ്യാർഥികളിൽ നടത്തിയ ഒരു പഠനത്തിലൂടെ സമർഥിക്കുന്നു.  കുട്ടിത്തം നിറ‍ഞ്ഞ മുഖഭാവമുള്ളവർക്കു പക്വത കുറയുമത്രേ. ചെറിയ ഉരുണ്ട താടി, വിടർന്ന വട്ടക്കണ്ണുകൾ, ഉയർന്ന പുരികങ്ങൾ, നനുത്ത ചർമം എന്നീ ലക്ഷണങ്ങളോടുകൂടിയവർ സൗഹാർദ മനഃസ്ഥിതിയുള്ള വരും വിട്ടുവീഴ്ചാ മനോഭാവമുള്ളവരും പരാശ്രയത്വം പ്രകടിപ്പിക്കുന്നതിൽ വിമുഖതയില്ലാത്തവരും അതോടൊപ്പം തന്നെ പക്വത കുറഞ്ഞവരുമായേക്കാം. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>