Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ഇന്റര്‍വ്യൂവിൽ എന്തിന്?

confused

ക്യാംപസ് പ്ലേസ്മെന്റ് ഡ്രൈവ് ഉൾപ്പെടെ എല്ലാവിധ തൊഴിൽ പ്രവേശന പ്രക്രിയയുടെയും ഏറ്റവും പ്രാധാന്യമുള്ള കടമ്പയാണ് ഇന്റർവ്യൂ അഥവാ അഭിമുഖപ്പരീക്ഷ, ഭൂരിപക്ഷം ഉദ്യോഗാർഥികളും നെഞ്ചിടിപ്പോടെ നേരിടുന്ന റിക്രൂട്മെന്റ് പ്രക്രിയയും ഇതുതന്നെ. ഇന്റർവ്യൂവിലൂടെ കടന്നു പോകാതെ ആരും ഒരു അംഗീകൃത തൊഴില്‍മേഖലയിലേക്കു പ്രവേശിക്കുന്നില്ല എന്നു പറയാം.

സാധാരണയായി പ്രവേശന പരീക്ഷ അഥവാ അഭിരുചിപ്പരീക്ഷയിൽ കഴിവു തെളിയിച്ചവരെയാണ് ഇന്റർവ്യൂവിനായി ക്ഷണിക്കുക. ഒട്ടുമിക്ക തൊഴിൽ ഇന്റർവ്യൂകളെയും രണ്ടായി വിഭജിച്ചിട്ടുണ്ട്. ടെക്നിക്കൽ ഇന്റർവ്യൂ. എച്ച് ആർ ഇന്റർവ്യൂ എന്നീ രണ്ടു വിഭാഗങ്ങളാണ് പ്രധാനമായുള്ളത്. ചില സ്ഥാപനങ്ങളിൽ ഈ രണ്ടുതരം ഇന്റർവ്യൂകളും ഒരു പാനൽ തന്നെ കൈകാര്യം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

ടെക്നിക്കൽ ഇന്റർവ്യൂ.
∙ തൊഴിൽമേഖലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന സാങ്കേതികമായ ചോദ്യങ്ങളാണ് ടെക്നിക്കൽ ഇന്റർവ്യൂവിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവുക. കോളജിൽ നിന്നു പഠിച്ചതും സിലബസിലുള്ളതുമായ വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇത്തരം വിഷയങ്ങളുടെ അനുബന്ധമേഖലകളിൽ നിന്നു ചോദ്യങ്ങൾ ഉണ്ടാകാം.

∙ സാങ്കേതിക മേഖലയിലുള്ള അറിവുകളുടെ പ്രായോഗിക ഉപയോഗത്തെക്കുറിച്ചും (ആപ്ലിക്കേഷൻ ലെവൽ) ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

∙ തൊഴിൽ മേഖലയിലെ നൂതനമായ പുരോഗമനങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ, കണ്ടുപിടിത്തങ്ങൾ എന്നിവയെക്കുറിച്ചും പ്രത്യേകം എടുത്തു ചോദിച്ചേക്കാം.

∙ നിത്യജീവിതവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളിലൂടെ ആശയങ്ങളെ അവതരിപ്പിക്കാൻ സജ്ജരാകണം. ആശയങ്ങളുടെ യഥാർഥ അർഥവും ഉപയോഗവും നിങ്ങൾക്കു നല്ലവണ്ണം അറിയാം എന്നു ധ്വനിപ്പിക്കാൻ ഇതു സഹായകമാകും. ഉദാഹരണത്തിന് ഐടി കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിയോട് ‘Explain OOPS Concept with the help of a real-life example’ എന്നു ചോദിച്ചേക്കാം.

∙ ആദ്യം ചോദിച്ച ചോദ്യങ്ങളെ ചുറ്റിപ്പറ്റി ഉപചോദ്യങ്ങൾ പ്രതീക്ഷിക്കാം. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാങ്കേതിക മേഖല പഠനമേഖല (തൊഴിലുമായി ബന്ധപ്പെട്ടത്) ഏതെന്നു ചോദിച്ച ശേഷം പ്രസ്തുത മേഖലയിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്ന രീതിയുണ്ട്. ഏതെങ്കിലുമൊരു ടോപിക് ഇത്തരത്തിൽ നന്നായി മനസ്സിലാക്കി വയ്ക്കുക.

ഉദ്യാഗാർഥിയെ ഉത്തരം മുട്ടിക്കുന്ന തലങ്ങളിലേക്ക് ഇന്റര്‍വ്യൂ ചെയ്യുന്ന വ്യക്തി സഞ്ചരിക്കുവാനിടയുണ്ട്. പല ഉദ്യാഗാർഥികളും ഇത്തരം സാഹചര്യത്തിൽ പതറിപ്പോകുന്നു. മനസ്സിലാക്കേണ്ട കാര്യം മറ്റൊന്നാണ്. നിങ്ങളുടെ അറിവിന്റെ ആഴമാണ് പരിശോധിക്കപ്പെടുന്നത്. പത്തോ അതിലധികമോ വർഷം അനുഭവപരിചയമുള്ള ഇന്റർവ്യൂവറോടൊപ്പം അറിവ് നിങ്ങൾക്കുണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല എന്നോർക്കുക. ഏതു വിഷയത്തെക്കുറിച്ചു പറയുമ്പോഴും അതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങൾ (Basics) നന്നായി മനസ്സിലാക്കിയിരിക്കുക എന്നതാണു പ്രധാനം.

ഒരേ ചോദ്യത്തിന്റെ തുടർച്ചയായി കൂടുതൽ ആഴത്തിലുള്ള ഉപചോദ്യങ്ങൾ വരുമ്പോൾ ഉത്തരമില്ല എന്നുള്ളതു പരാജയമായി കാണേണ്ട കാര്യമില്ല എന്നര്‍ഥം.. കൂടുതൽ ആഴത്തിലുള്ള ചോദ്യങ്ങളിലൂടെ പ്രസ്തുത മേഖലയിൽ നിങ്ങൾക്കു മികവില്ല എന്ന ബോധ്യമുണ്ടാക്കി നിങ്ങളിൽ അപകർഷത വളർത്തി കുറഞ്ഞ ശമ്പളത്തിൽ ജോലി ഓഫർ നിങ്ങളെക്കൊണ്ടു സ്വീകരിപ്പിക്കുവാനും ഇത്തരം ചോദ്യങ്ങളുപയോഗിക്കാറുണ്ട്.. പാഠ്യ വിഷയങ്ങളിൽ നല്ല അറിവുണ്ടായതു കൊണ്ടു മാത്രം ടെക്നിക്കൽ ഇന്റർവ്യൂകളിൽ ശോഭിക്കാൻ പറ്റണമെന്നില്ല. ഇതിനായി നിങ്ങളുടെ പഠനമേഖലയ്ക്കു പ്രത്യേകമായുള്ള ഇന്റർവ്യൂ ചോദ്യങ്ങൾ മനസ്സിലാക്കി അവയ്ക്കായി പ്രത്യേകം തയാറെടുക്കുക. ഉദാഹരണത്തിന് നിങ്ങളുടെ മേഖല ഐടി ആണെങ്കിൽ C, C++, OOPS Concepts, Data Structures, Software Engineering, Operating System എന്നീ മേഖലയിൽ നിന്നുള്ള ഇന്റര്‍വ്യൂ ചോദ്യങ്ങൾ പ്രതീക്ഷിക്കാം, ഇവിടെ ഉദ്യാഗാർഥിയുടെ കംപ്യൂട്ടർ ലാംഗേജ് സ്കിൽ, (Programming skill) എന്നിവയും പരിശോധിക്കപ്പെടാം. ഇന്റർനെറ്റുകളിൽ വിവിധ സൈറ്റുകളിലായി ലഭ്യമായ ഇന്റർവ്യൂ ചോദ്യങ്ങൾ ഇതിനായി ഉപയോഗിക്കാം. കഴിവതും ഉദാഹരണങ്ങളിലൂടെയും ലളിതമായ ജീവിതഗന്ധിയായ (real life) വിവരണങ്ങളിലൂടെയും ടെക്നിക്കൽ ഇന്റർവ്യൂകള്‍ക്ക് ഉത്തരം നൽകാൻ ശ്രമിക്കാം.. സാങ്കേതികമായി നിങ്ങളുടെ   തൊഴിൽ മേഖലയെക്കുറിച്ചുള്ള അറിവു ധ്വനിപ്പിക്കുന്ന രീതിയിൽ വേണം ചോദ്യങ്ങളെ സമീപിക്കുവാൻ. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം അറിയില്ലെന്നുണ്ടെങ്കില്‍ അറിയാത്ത കാര്യങ്ങളവതരിപ്പിക്കാനോ, ചോദ്യത്തെ വഴിതിരിച്ചു വിടാനോ ഒരിക്കലും ശ്രമിക്കരുത്. ‘Sorry Sir, I am afraid I don’t know the answer for your question’ എന്നു വിനയത്തോടെ പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ എല്ലാ ചോദ്യത്തിനും ‘സോറി സർ’ എന്നു പറഞ്ഞാൽ പുറത്തേക്കുള്ള വഴി എളുപ്പമാകും.

ഏതൊരു തൊഴിൽമേഖലയിലേക്കെത്തിച്ചേരുന്ന ഉദ്യോഗാർഥിയും അതതു മേഖലയിലെ നൂതന പുരോഗതികളെക്കുറിച്ച് ആഴത്തില്‍ അറിഞ്ഞിരിക്കണം. പാഠ്യപദ്ധതിയിൽ നിന്നു പഠിച്ചതിൽ കൂടുതലായി നിങ്ങൾക്കെന്തറിയാം എന്ന് ടെക്നിക്കൽ ഇന്റർവ്യൂവിൽ വിലയിരുത്തപ്പെടാം.