Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

47 ലക്ഷം രൂപ ശമ്പളത്തില്‍ 26കാരന്‍ ജോലി നേടിയതെങ്ങനെ?

viney

26-ാം വയസ്സില്‍ പ്രതിവര്‍ഷം 47 ലക്ഷം രൂപ ശമ്പളത്തിലൊരു ജോലി. ഐഐഎമ്മിലെയോ ഐഐടിയിലെയോ പ്ലെയ്‌സ്‌മെന്റ് വാര്‍ത്തയാണെന്ന് കരുതിയാല്‍ തെറ്റി. ഹരിയാനയിലെ റോത്തക്ക് സ്വദേശി വിനയ് ദുവ ഇത്ര വലിയൊരു ശമ്പള പാക്കേജ് നേടിയത് റൂറല്‍ മാനേജ്‌മെന്റ് പഠിച്ചിറങ്ങിയിട്ടാണ്. വിനയ് പഠിച്ചതാകട്ടെ ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്, ആനന്ദ്(ഐആര്‍എംഎ) എന്ന സ്ഥാപനത്തിലും. ഇര്‍മ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍സ്റ്റിറ്റ്യൂട്ട്  ധവള വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ ഡോ. വര്‍ഗ്ഗീസ് കുര്യനാണ് സ്ഥാപിച്ചത്. 

എംബിഎയ്ക്ക് തുല്യമായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റൂറല്‍ മാനേജ്‌മെന്റ് കോഴ്‌സാണ് ഇര്‍മയില്‍ വിനയ് പഠിച്ചത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടോളാരം ഗ്രൂപ്പിലാണ് വിനയ്ക്ക് ക്യാംപസ് പ്ലെയ്‌സ്‌മെന്റ് ലഭിച്ചത്. റിട്ട. ഗവണ്‍മെന്റ് ജീവനക്കാരനായ ആര്‍. പി. ദുവയുടെയും വീട്ടമ്മയായ ശകുന്തള ദേവിയുടെയും മകനായ വിനയ് ഫരീദാബാദ് വൈഎംസിഎയില്‍ നിന്ന് ആദ്യം ബിടെക് പഠിച്ചു. ബ്ലൂസ്റ്റാര്‍ കമ്പനിയില്‍ സീനിയര്‍ എന്‍ജിനീയര്‍ സെയില്‍സായി 17 മാസം ജോലി ചെയ്തു. അതിനു ശേഷം ജോലി രാജി വച്ച് സുഹൃത്തുമായി ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങി. ഒരു വര്‍ഷത്തോളം  സ്റ്റാര്‍ട്ട് അപ്പ് നടത്തിയ ശേഷമാണ് ഇര്‍മയില്‍ ചേരുന്നത്. 

കോര്‍പ്പറേറ്റ് മേഖലയിലേക്കും എന്‍ജിഒ മേഖലയിലേക്കും ഒരേ സമയം പോകാനുള്ള അവസരം ഇര്‍മ നല്‍കുന്നതായി വിനയ് പറയുന്നു. അഞ്ച് റൗണ്ടുകളുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പിന്നിട്ടാണ് വിയന് ടോളാരം ഗ്രൂപ്പില്‍ ജോലി നേടിയെടുക്കുന്നത്. ടോളാരത്തിനു പുറമേ ആഫ്രിവെന്‍ച്വേഴ്‌സ്, കാന്‍കോര്‍, എഡിഎം, ഗോദ്‌റേജ് അഗ്രോ, ഐടിസി, സുവാരി, മാര്‍സ് ഇന്റര്‍നാഷണല്‍ തുടങ്ങിയ കോര്‍പ്പറേറ്റുകളും കുടുംബശ്രീ, ജീവിക, ലിവോലിങ്ക് ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകളും ഇത്തവണ പ്ലെയ്‌സ്‌മെന്റിനെത്തി. ആകെ 114 സ്ഥാപനങ്ങള്‍ പ്ലെയ്‌മെന്റിനായി എത്തുകയും 315 ജോലി ഓഫറുകള്‍ ലഭിക്കുകയും ചെയ്തു.

180 വിദ്യാര്‍ത്ഥികളുള്ള ഇപ്പോഴത്തെ ബാച്ചിലെ എല്ലാവരും മൂന്ന് ദിവസം കൊണ്ട് വിവിധ കമ്പനികളിലായി പ്ലേയ്‌മെന്റ് നേടിയെന്ന് ഇര്‍മ അധികൃതര്‍ പറയുന്നു. 1979 ല്‍ ആരംഭിച്ചത് മുതല്‍ എല്ലാ വര്‍ഷവും 100 ശതമാനം പ്ലെയ്‌സ്‌മെന്റ് എന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയ സ്ഥാപനമാണ് ഇര്‍മ. ക്യാറ്റ് പരീക്ഷ,  സാമൂഹിക അവബോധം പരിശോധിക്കാന്‍ ഇര്‍മ നടത്തുന്ന ഇര്‍മസാറ്റ്, ഗ്രൂപ്പ് ആക്ടിവിറ്റി, വ്യക്തിഗത അഭിമുഖം തുടങ്ങിയ വിവിധ കടമ്പകള്‍ പിന്നിട്ടാല്‍ മാത്രമേ ഇര്‍മയില്‍ അഡ്മിഷന്‍ ലഭിക്കൂ. 

Job Tips >>