Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടുപഠിക്കൂ, ഇതാണ് ആറ്റിറ്റ്യൂഡ്

Author Details
anusree

ഒരു വാതിൽ അടഞ്ഞാൽ വേറെ ആയിരം വാതിലുകളിൽ മുട്ടണം. ആയിരത്തിയൊന്നാമത്തെ വാതിൽ തുറക്കും. ഇതാ, ടെക്നോപാർക്കിലെ ഒരു പെൺകുട്ടിയുടെ അനുഭവകഥ.

ടെക്നോപാർക്കിലെ കമ്പനിയിൽ ജോലിക്കു ശ്രമിച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലേ പൊട്ടിയാൽ നമ്മൾ എന്തു ചെയ്യും? അടുത്ത വണ്ടി പിടിച്ചു വീട്ടിലേക്കു മടങ്ങാനുള്ള പുറപ്പാടാണെങ്കിൽ ഒരു നിമിഷം, ഒരാളെ പരിചയപ്പെട്ടിട്ടു പോകാം. പേര് അനുശ്രീ. കോഴിക്കോട് അത്തോളി കരിപ്പാറമ്പത്ത് ശ്രീധരന്റെയും ശ്രീജയുടെയും മകൾ. ആപ്റ്റിറ്റ്യൂഡ് പോലെ തന്നെ പ്രധാനമാണ് ആറ്റിറ്റ്യൂഡും എന്നു പറഞ്ഞുതരാൻ പറ്റുന്നൊരാൾ. അനുശ്രീ എംസിഎ കഴിഞ്ഞപ്പോഴാണു ടെക്നോപാർക്കിലെ jobsearch സൈറ്റ് തിരഞ്ഞത്. ഒരു സ്ഥാപനം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനു ക്ഷണിച്ചു. ജോലി തന്നെ ഉറപ്പിച്ചാണു കോഴിക്കോട്ടുനിന്നു പോയത്. ആപ്റ്റിറ്റ്യൂഡ് പരീക്ഷയിൽ ചീട്ടുകീറി. ഇന്റർവ്യൂവിനു പോലും തിരഞ്ഞെടുക്കപ്പെട്ടില്ലല്ലോ എന്നോർത്തായിരുന്നു സങ്കടം. ടെക്നോപാർക്കിലെ ‘േതജസ്വിനി’ വിട്ടുപോകാൻ മനസ്സു വന്നില്ല. സഹോദരൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഷമം മാറുന്നില്ല. കുറച്ചു കരഞ്ഞപ്പോൾ തോന്നി, എന്തിനാണ് കരയുന്നത് ? 

ഇത്ര വലിയ കെട്ടിടത്തിൽ എത്രയോ കമ്പനികൾ. ആർക്കെങ്കിലും നമ്മെ ആവശ്യമുണ്ടെങ്കിലോ ? 
മടക്കയാത്ര വൈകിട്ട് ആറിനുള്ള ട്രെയിനിലാക്കി. സമയം ഇഷ്ടം പോലെ. ‘തേജസ്വിനി’യുടെ ഏഴാം നിലയിൽ നിന്നു തുടങ്ങി ഒന്നാം നിലവരെ ഓരോ കമ്പനിയിലും പോയി. വാതിലിൽ മുട്ടി ജോലിയുണ്ടോ എന്നു ചോദിക്കുന്ന പെൺകുട്ടിയെ പലരും കൗതുകത്തോടെ നോക്കി. ഫ്രഷർ ആണെന്നു കേട്ടപ്പോഴേ പലരും ഒഴിവാക്കി. ചിലർ നിരാശപ്പെടുത്തേണ്ടെന്നു കരുതി ഇമെയിൽ ഐഡി വാങ്ങിവച്ചു. ഓരോ നില ഇറങ്ങുമ്പോഴും അടുത്ത നിലയിൽ ജോലി കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയായിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ എത്തിയപ്പോൾ അതു പൊലിഞ്ഞു. സമയം നാലാകുന്നു. സഹോദരൻ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ‘‘പോകാം, വീണ്ടും ശ്രമിക്കാം.’’

അങ്ങനെയങ്ങു പോകാൻ മനസ്സു വരുന്നില്ല
അപ്പോഴാണ് അറിയുന്നത്; ‘തേജസ്വിനി’ക്കു ഗ്രൗണ്ട് ഫ്ലോറിനു താഴേക്കും നാലു നിലകളുണ്ട്. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. ശരി, താഴേക്ക്. മുകളിൽ കേട്ട അതേ മറുപടി. മൈനസ് ടു ഫ്ലോറിലെ സെക്യൂരിറ്റിയോടും ചോദിച്ചു. തൊഴിൽപരിചയമില്ലാത്ത തുടക്കക്കാരിയെന്നു കേട്ടപ്പോൾ അദ്ദേഹം ഒരു ഓഫിസ് ചൂണ്ടിക്കാട്ടി. അവിടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ‘‘എന്തു ജോലിയാണു വേണ്ടത്?’’ അതു കേട്ടു ഞെട്ടി. ഫ്രഷർ ആണെന്നു പറഞ്ഞപ്പോൾ ചെയ്യാൻ താൽപര്യമെന്ത് എന്നായി അടുത്ത ചോദ്യം.

ടെസ്റ്റിങ് അറിയാമെന്നു മറുപടി നൽകി. ഉടൻ വന്നു, ടെസ്റ്റിങ് സംബന്ധിച്ചു ചില ചോദ്യങ്ങൾ. ഉത്തരങ്ങൾ പെർഫെക്ട്. ‘‘അനുശ്രീ, നിങ്ങൾ തിങ്കളാഴ്ച മുതൽ ഇവിടെ ടെസ്റ്ററായി ജോലിക്കു ചേർന്നുകൊള്ളൂ.’’ അങ്ങനെ സബ്ഡൈൻ സൊലൂഷൻസ് എന്ന സ്റ്റാർട്ടപ്പിൽ ജോലി. ആഗ്രഹിച്ചയിടത്ത് ആഗ്രഹിച്ച ജോലി. ആരും വച്ചുനീട്ടിയതല്ല, സ്വയം തിരഞ്ഞുപിടിച്ചത്.

ഇനി തീരുമാനിക്കൂ, മുട്ടുന്ന ഒരു വാതിൽ തുറന്നില്ലെങ്കിൽ എന്തു ചെയ്യണം?


Job Tips >>