Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ മടിയാണോ?

vacation

ഒരു ജോലി കിട്ടിയിട്ടു വേണം ഒന്നു ലീവെടുക്കാന്‍ എന്നത് നമ്മുടെ നാട്ടില്‍ പലകുറി പലരും ഉപയോഗിച്ചു പോന്നിട്ടുള്ള നേരംപോക്കാണ്. എന്നാല്‍ ഇതു വെറും നേരംപോക്ക് മാത്രമാണെന്നും സത്യത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും ജോലിയില്‍ നിന്ന് അവധിയെടുക്കുന്ന കാര്യത്തില്‍ വലിയ സങ്കോചമാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് നടത്തിയ പഠനം തെളിയിക്കുന്നു. 

പല സ്ഥാപനങ്ങളും കൃത്യമായ അവധി ദിവസങ്ങള്‍ അനുവദിച്ചിട്ടും അവധിയുമായി ബന്ധപ്പെട്ട ചില വാര്‍പ്പ് സങ്കല്‍പങ്ങള്‍ മൂലം പലരും ഇത് ഉപയോഗപ്പെടുത്താറില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സര്‍വേ പ്രകാരം മുതിര്‍ന്നവരായ ജോലിക്കാര്‍ക്ക് ഇന്ത്യയില്‍ ശരാശരി പ്രതിവര്‍ഷം 17 അവധിയാണ് ലഭിക്കുന്നത്. എന്നാല്‍ ഇതു ശരിക്കും പ്രയോജനപ്പെടുത്തുന്നവര്‍ അധികമില്ല. കാരണങ്ങള്‍ പലതാണ്. 

സര്‍വേയില്‍ പ്രതികരിച്ച 42 ശതമാനവും അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മേശപ്പുറത്തു കുമിഞ്ഞു കൂടിയിട്ടുള്ള ജോലിയെ കുറിച്ചോര്‍ത്താണു ബേജാറാകുന്നത്. 26 ശതമാനം പേരാകട്ടെ തങ്ങളുടെ ദൈനംദിന ഉത്തരവാദിത്തങ്ങള്‍ക്ക് എപ്പോഴാണ് ഒരു ഇടവേള നല്‍കേണ്ടതെന്ന് അറിയാന്‍ വയ്യാത്തവരാണ്. എന്നാല്‍ ഏറ്റവും രസകരമായ സംഗതി, 30 ശതമാനം പേര്‍ക്കും മാനേജറുടെ അടുത്തു ചെന്ന് അവധി ചോദിക്കാന്‍ തന്നെ ധൈര്യമില്ല എന്നതാണ്. രണ്ടാഴ്ചയൊക്കെ അവധിയെടുക്കുന്നതു ജോലി സ്ഥലത്തു തങ്ങളെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാക്കില്ലെന്ന് ഇവരില്‍ പലരും കരുതുന്നു. 

2006 പേര്‍ പങ്കെടുത്ത സര്‍വേയില്‍, 65 ശതമാനവും വര്‍ഷാവസാനം ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അവധിയോ അവധിക്കാല അലവന്‍സോ ഉള്ളവരാണ്. ഇനി അവധിയെടുത്താല്‍ തന്നെ ജോലി സ്ഥലത്തു നിന്നു പൂര്‍ണ്ണമായും മനസ്സിനെ വേര്‍പ്പെടുത്തി നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല. ഫോണിലൂടെയും മറ്റും ജോലി സംബന്ധമായ എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കും ഇക്കൂട്ടര്‍. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനവും ഇതില്‍ അസംതൃപ്തരാണെന്നു തെളിഞ്ഞു. 

Job Tips >>