Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകല്‍ ആശുപത്രിയിൽ, രാത്രി ഹോട്ടലിൽ; ഈ ഡോക്ടർ നിസ്സാരക്കാരനല്ല

jayakrishnan Photo Courtesy: The Hindu

പകല്‍ നേരത്ത് മനുഷ്യശരീരത്തെ കീറിമുറിക്കുന്ന വിരലുകള്‍ രാത്രിയായാല്‍ മെനഞ്ഞെടുക്കുന്നതു തായ്‌ലന്‍ഡ് സ്ട്രീറ്റ് ഫുഡായ ഐസ്‌ക്രീം റോളുകള്‍. തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ പോലെ തന്നെ കാണാപാഠമാണു പനീര്‍ ബാര്‍ബിക്യൂവിന്റെ രസക്കൂട്ടും. വൈദ്യശാസ്ത്രവും പാചകകലയും ഒരേ പോലെ വഴങ്ങുന്ന ഈ വിരലുകളുടെ ഉടമ ജയ്കിരണ്‍ പിഎ. 

പകല്‍ ചെന്നൈ ശ്രീ രാമചന്ദ്ര കോളേജിലെ എംബിബിഎസ് വിദ്യാർഥി. നേരം സന്ധ്യയായാല്‍ അടുത്തുള്ള ജാക്ക്‌സ് റെസ്റ്റോ കഫേയുടെ നടത്തിപ്പുകാരന്‍. എംബിബിഎസ് പോലൊരു വിഷയം പഠിച്ചെടുക്കാന്‍ പലരും തലകുത്തി നിന്നു പരിശ്രമിക്കുമ്പോള്‍ അതോടൊപ്പം ബിസിനസ്സും നടത്തി വിജയിപ്പിച്ച ഒന്നാന്തരമൊരു സംരംഭകനാണ് ജയ്കിരണ്‍. 

രാവിലെ എട്ടു മുതല്‍ നാലു വരെ ക്ലാസിലിരിക്കുന്ന കുട്ടി ഡോക്ടര്‍ ക്ലാസു കഴിഞ്ഞാല്‍ നേരെ തന്റെ റസ്റ്ററന്റിലേക്ക് ഓടും. റസ്റ്ററന്റിലേക്ക് ആവശ്യമായ സാധനങ്ങളെടുക്കല്‍, അടുക്കള മാനേജ്‌മെന്റ്, സേവനവിഭാഗം എന്നിങ്ങനെ എല്ലാത്തിനും ജയ്കിരണ്‍ നേരിട്ടു മേല്‍നോട്ടം വഹിക്കുന്നു. വേണ്ടി വന്നാല്‍ മെനുവിലെ ചില സാധനങ്ങള്‍ നേരിട്ടു തന്നെ ഉണ്ടാക്കി കൊടുക്കും. പുതിയ രുചികള്‍ പലയിടത്തു നിന്നു പഠിച്ച് അത് തന്റെ ജീവനക്കാര്‍ക്ക് പഠിപ്പിച്ചു നല്‍കും. ക്ലാസില്‍ പോകുന്ന സമയത്തു കാര്യങ്ങള്‍ നോക്കാന്‍ മാനേജറും അസിസ്റ്റന്റ് മാനേജറുമുണ്ട്. റസ്റ്ററന്റിലെ സെക്യൂരിറ്റി ക്യാമറുകളുടെ ഫീഡ് തന്റെ ഫോണിലെ ആപ്പിലൂടെ ആവശ്യമെങ്കില്‍ വീക്ഷിക്കും.  

കുടുംബപരമായി തന്നെ ബിസിനസ് രംഗത്തുള്ള ജയ്കിരണിനു സംരംഭകത്വം പുത്തരിയില്ല. കോളജിലെ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സുഹൃത്തുമായി ചേര്‍ന്നു നഗരത്തില്‍ ഒരു ഐസ്‌ക്രീം കട തുടങ്ങി. പക്ഷേ, അതു വിജയമായില്ല. ആദ്യ സംരംഭത്തിന്റെ പരാജയത്തില്‍ നിന്നു ലഭിച്ച പാഠങ്ങള്‍ അടുത്ത സംരംഭം തുടങ്ങിയപ്പോള്‍ മുതല്‍ക്കൂട്ടായി. 

കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ മൂന്നര മാസം കൊണ്ടാണു റസ്റ്ററന്റ് ആരംഭിച്ചത്. റസ്റ്ററന്റ് എന്ന ആശയത്തിന് രൂപം നല്‍കിയപ്പോള്‍ മുതലുള്ള എല്ലാ ഘട്ടത്തിലും-ജീവനക്കാരുടെ ഇന്റര്‍വ്യൂ, നിയമനം, മെനു രൂപകല്‍പന, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ എല്ലാത്തിലും ജയ്കിരണിന് പങ്കുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഒഴിവു സമയം ബാക്കി വന്നപ്പോഴാണ് എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന തോന്നലുണ്ടായത്. ഭക്ഷണം ഇഷ്ടപ്പെടുന്ന ആളായതു കൊണ്ട് ഹോട്ടല്‍ ബിസിനസ് തന്നെ തിരഞ്ഞെടുത്തു. 

എംബിബിഎസ് പഠന ശേഷവും മെഡിസിനും ബിസിനസും ഒരുമിച്ചു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ജനറല്‍ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യാനാണ് ജയ്കിരണ്‍ ഉദ്ദേശിക്കുന്നത്. 

Success Stories>>