Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24-ാം വയസ്സില്‍ ജീവിതകഥ പുസ്തകമാക്കി; പ്രഫസറായി ജോലിയും കിട്ടി

Ruthuparna

കുട്ടിക്കാലം മുതലേ സാഹസികനായിരുന്നു ഋതുപര്‍ണ ശര്‍മ. ടേബിള്‍ ടെന്നിസ്, നാടകം, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, ഇവന്റ് മാനേജ്‌മെന്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, വിതരണ ബിസിനസ് എന്നിങ്ങനെ താത്പര്യം തോന്നിയ മേഖലകളിലേക്കെല്ലാം ഋതുപര്‍ണ എടുത്തു ചാടി. ഒപ്പം കൂടിയ സുഹൃത്തുക്കള്‍ പലരും പല മേഖലകളിലും വിജയം കണ്ടപ്പോഴും ഋതുപര്‍ണയ്ക്ക് ഒന്നിലും വിജയം കാണാനായില്ല. 

അങ്ങനെ, ചന്തുവിനെപ്പോലെ കൈവച്ചിടത്തെല്ലാം പരാജിതനായി എംകോം പഠനത്തിനു ബെംഗളുരു ക്രൈസ്റ്റ് കോളജിലെത്തി. അവിടെ വച്ചാണ് ഋതുപര്‍ണയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. പിന്നെക്കാണുന്നത്  സമപ്രായക്കാരായ വിദ്യാർഥികള്‍ക്കു ക്ലാസെടുക്കുന്ന കോളജ് ലക്ചററായ ഋതുപര്‍ണയെയാണ്. 

എന്താണാ വഴിത്തിരിവെന്ന് അന്വേഷിച്ചെത്തുന്നവര്‍ക്കു മുന്നില്‍ തെളിയുക ഒരു ചെറിയ പുസ്തകമാണ്. ''ഇന്‍ ദ് റിഥം ഓഫ് സൈലന്‍സ് '' എന്ന പേരില്‍ തന്റെ 24-ാം വയസ്സില്‍ എഴുതിയ പുസ്‌കമാണ് എഴുത്തുകാരന്‍, അധ്യാപകന്‍ എന്ന ഇരട്ടപ്പദവി ഋതുപര്‍ണയ്ക്കു നേടിക്കൊടുത്തത്. 

തന്റെ ജീവിതാനുഭവങ്ങളും ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒരു ബ്ലോഗിലേക്കു പകര്‍ന്നിട്ടതായിരുന്നു തുടക്കം. ബ്ലോഗ് മൂന്നര വര്‍ഷം പിന്നിട്ടപ്പോള്‍ സുഹൃത്തുക്കളിലൊരാളാണ് ഇവയെല്ലാം ചേര്‍ത്തൊരു പുസ്തകമിറക്കാന്‍ നിര്‍ദേശിച്ചത്. വയനാട്ടിലേക്കു മൂന്നു ദിവസത്തെ യാത്ര പോയ ഋതുപര്‍ണ ദിവസം ആറു മുതൽ എട്ടു വരെ മണിക്കൂര്‍ ചെലവഴിച്ച് പുസ്തകമെഴുത്ത് പൂര്‍ത്തിയാക്കി. 

ദൈനംദിന കാര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ് 30 ചെറുകഥകളിലായി പുസ്തകത്തിലുള്ളത്. കഥകളുടെയും ഭാഷയുടെയും ലാളിത്യം മൂലം പുസ്തകം വിപണിയില്‍ ഹിറ്റായി. പുസ്തകം വായിക്കാനിടയായ ബെംഗളുരു ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ഋതുപര്‍ണയെ യൂണിവേഴ്‌സിറ്റിയിലേക്ക് ക്ഷണിച്ചത്. 

അക്കാദമിക വിജ്ഞാനത്തിനൊപ്പം മാനുഷിക മൂല്യങ്ങള്‍ കൂടി വിദ്യാർഥികളിലേക്കു പകരുന്ന ഹ്യൂമന്‍ നെറ്റ് വര്‍ക്കിങ് അക്കാദമി വകുപ്പില്‍ 2017 ഡിസംബര്‍ മുതല്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുകയാണ് ഋതുപര്‍ണ. മൈന്‍ഡ് മാനേജ്‌മെന്റ് ആണ് വിഷയം. അവനവനെ കണ്ടെത്തല്‍, പോസിറ്റീവായ മനഃസ്ഥിതി,  നേതൃത്വ ഗുണം തുടങ്ങിയ വിഷയങ്ങളാണ് ഋതുപര്‍ണ ഇവിടെ പഠിപ്പിക്കുന്നത്. വിദ്യാർഥികളുടെ ദൈനംദിന അനുഭവങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടുള്ള ശൈലിയാണ് ക്ലാസ് മുറിയില്‍ സ്വീകരിക്കുന്നത്. നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നമ്മുടെ ചുറ്റും തന്നെയുണ്ടെന്നാണ് ഋതുപര്‍ണയുടെ പക്ഷം. 

Job Tips >>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.