Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖത്തു നോക്കി സംസാരിക്കാൻ മടിയാണോ?

526284668

കണ്ണുകൾ ആത്മാവിന്റെ കവാടങ്ങളാണ്. ഹൃദയത്തിന്റെ കണ്ണാടികളാണ്, വികാരമാപിനികളും! വൈറ്റ് സൈഡ് (whitheside R.L) പറയുന്നു. ലോകമെമ്പാടുമുള്ള ശരീരഭാഷാ ശാസ്ത്രജ്ഞർ ഏകകണ്ഠമായി ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നു. വാക്കുകളോളം തന്നെ നാം കണ്ണുകൾ കൊണ്ടു കൂടി സംസാരിക്കുന്നു. എന്നാൽ കണ്ണുകളുടെ ഭാഷയ്ക്ക് നിഘണ്ടുവിന്റെ ആവശ്യമില്ല. അതു ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആളുകൾക്ക് ഒരു പോലെ മനസ്സിലാകുന്നു. വാക്കുകളിലൂടെയുള്ള ആശയ വിനിമയത്തെ കണ്ണുകളിലൂടെയുള്ള ആശയവിനിമയം കൂടുതൽ സ്പഷ്ടവും അർഥപൂർണവുമാക്കുന്നു. 

കണ്ണിൽ െതളിയുന്നത്
നേത്രബന്ധം നമ്മുടെ ആത്മവിശ്വാസത്തെയും അതുപോലുള്ള മറ്റു വ്യക്തിത്വ സവിശേഷതകളെയും (personality traits) എടുത്തു കാണിക്കുന്നു. ഇതിനെല്ലാം പുറമെ വ്യക്തിത്വത്തിന്റെ  വൈകാരിക ഭാവങ്ങളായ അദ്ഭുതം, സന്തോഷം, ദുഃഖം, സംതൃപ്തി, പ്രതീക്ഷ, നിരാശ, ദേഷ്യം, ബഹുമാനം, സ്നേഹം, അഭിമാനം തുടങ്ങിയ സകലമാന അവസ്ഥകളും നേത്രങ്ങളിലൂടെ പ്രകടമാകുന്നു. 

നമ്മോടു മുഖത്തു നോക്കി സംസാരിക്കാൻ മടിക്കുന്ന വ്യക്തി നമ്മിൽ നിന്ന് എന്തോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നു തോന്നുക സ്വാഭാവികമാണല്ലോ. സംസാരസമയത്തിൽ മൂന്നിൽ രണ്ടിൽക്കൂടുതൽ സമയം മുഖത്തു നോക്കാതെ മറ്റെവിടെയെങ്കിലും നോക്കിയിരിക്കുന്നവർ വക്രസ്വഭാവക്കാരാകാൻ സാധ്യതയുണ്ട്. ക്രിമിനലുകളെ ചോദ്യം ചെയ്യുന്നതിൽ വിദഗ്ധരായ പൊലിസ് ഉദ്യോഗസ്ഥരും മറ്റും ഈ ധാരണ ശരിയാണെന്ന് അംഗീകരിക്കും. 

ചില ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് ഒട്ടും മുഷിപ്പനുഭവപ്പെടുകയില്ലെന്നു മാത്രമല്ല വല്ലാത്തൊരു സുഖവും സംതൃപ്തിയും അനുഭവപ്പെടുകയും ചെയ്യുന്നു. മറ്റു ചിലരുമായിട്ടാകുമ്പോൾ നേരെ തിരിച്ചും. ഇത്തരം അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകൾ വലിയൊരളവുവരെ മുഖത്തു പതിക്കുന്ന നോട്ടത്തിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കും. മിഖായേൽ ആർഗൈലിന്റെ (Michael Argyle) അഭിപ്രായത്തിൽ മൊത്തം സംസാരസമയത്തിന്റെ 30 മുതൽ 60 ശതമാനം വരെ മുഖാമുഖം നോക്കി നിന്നുകൊണ്ടാണത്രേ ആളുകൾ സംസാരിക്കുക. ഇനി ആരെങ്കിലും 60 ശതമാനത്തിൽ കൂടുതൽ സമയം അപരന്റെ മുഖത്തു നോക്കി നിൽക്കുന്ന പക്ഷം അതു സംസാരവിഷയത്തേക്കാളുപരി ആ വ്യക്തിയോടുതന്നെയുള്ള താൽപര്യം കാരണമായിരിക്കുമെന്ന് ആർഗൈല്‍ പറയുന്നു. അതു കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്വയം മറന്നുള്ള നോട്ടമോ രണ്ടുപേർ തമ്മിലുള്ള ശത്രുതാപരമായ നോട്ടമോ ഇതു രണ്ടുമല്ലാത്ത മറ്റെന്തെങ്കിലും വിധത്തിലുള്ള താൽപര്യ പ്രകടനമോ ആകാം. ശത്രുതാപരമായ നോട്ടമാണെങ്കിൽ കൃഷ്ണമണികള്‍ ചുരുങ്ങിയിരിക്കും. 

സംസാരിക്കുന്നവരേക്കാൾ കേൾക്കുന്നവരാണ് കൂടുതൽ സമയം നേത്രബന്ധം നിലനിർത്തുക. അനിഷ്ടമുളവാക്കുന്നതോ അസ്വസ്ഥതയുളവാക്കുന്നതോ ആയ കാര്യങ്ങൾ ചോദിക്കുകയോ പറയുകയോ ചെയ്യുമ്പോൾ നേത്രബന്ധം പിൻവലിക്കാനുള്ള ഒരു പ്രവണത സാധാരണമാണ്. എന്നാൽ ഒരു പടി കൂടി മുന്നോട്ടു കടന്ന് ശത്രുതാപരമായതോ കുറ്റപ്പെടുത്തുന്ന വിധത്തിലുള്ളതോ ആയ ചോദ്യങ്ങളോടുള്ള പ്രതി കരണം താരതമ്യേന ദീർഘിച്ച തുറിച്ചു നോട്ടമായേക്കാം. സ്വതേ ലജ്ജാശീലരായ ചില ആളുകൾ നേത്രബന്ധം പരിമിതപ്പെടുത്താനോ ഒഴിവാക്കാൻ തന്നെയുമോ ശ്രമിക്കുന്നതായി കണ്ടേക്കാം. അതിനർഥം അവർ സത്യസന്ധതയില്ലാത്തവരാണെന്നോ തുറന്ന മനസ്ഥിതിയില്ലാത്തവരെന്നോ ആത്മാർഥതയില്ലാത്തവരാണെന്നോ ഒരിക്കലും തെറ്റിദ്ധരിക്കരുത്.

സ്ത്രീയും പുരുഷനും നോക്കുമ്പോൾ
നേത്രബന്ധത്തിലെ സ്ത്രീ പുരുഷ വ്യത്യാസത്തെക്കുറിച്ചുള്ള പഠനങ്ങളിലെ രസകരമായ ചില കണ്ടെത്തലുകൾ ശ്രദ്ധിക്കൂ.

1. സ്ത്രീകളും സ്ത്രീകളുമായുള്ള സംഭാഷണവേളകളിൽ ശ്രോതാക്കളുമായി 80% സ്ത്രീകളും പരമാവധി സമയം നേത്ര ബന്ധം നിലനിർത്തുന്നു. അവര്‍ അപൂർവമായി മാത്രമേ സംഭാഷണപങ്കാളികളുടെ മുഖത്തു നിന്നും കണ്ണുകൾ പിൻവലിക്കുകയോ ചുറ്റുപാടുമുള്ള മറ്റുകാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയോ ചെയ്യൂ. എന്നാൽ കേൾവിക്കാരായ അവസ്ഥയിൽ 100% സ്ത്രീകളും സംസാരിക്കുന്നയാളുടെ മുഖത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

2. പുരുഷന്മാർ പുരുഷന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കെ 90% ആളുകളും തുടർച്ചയായ നേത്രബന്ധം നിലനിർത്തുന്നതിനു പകരം ഇടയ്ക്കിടെ മറ്റെവി‍ടേക്കെങ്കിലും നോക്കിക്കൊണ്ടിരിക്കും. എന്നാൽ കേൾവിക്കാരായിരുന്ന അവസ്ഥയിൽ 50% പുരുഷന്മാരും സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ മുഖത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബാക്കി വരുന്ന 50% അലക്ഷ്യമായി മറ്റെവിടെയെങ്കിലും നോക്കിക്കൊണ്ടിരിക്കെത്തന്നെ സുഹൃത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന മട്ടിൽ തലയാട്ടുകയും മൂളുകയും ചെയ്തുകൊണ്ടിരിക്കും.  

3. സ്ത്രീ പുരുഷ സംഭാഷണവേളയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളിൽ 50 ശതമാനവും കേൾവിക്കാരായ പുരുഷന്മാരിൽ 50 ശതമാനവും പരസ്പര നേത്രബന്ധം നിലനിർത്തുന്നു. പുരുഷൻ നേത്രബന്ധം വല്ലപ്പോഴും വിച്ഛേദിക്കുന്ന സമയങ്ങളിലാണ് സ്ത്രീകൾ അധികപക്ഷവും പുരുഷന്റെ  മുഖത്തു ശ്രദ്ധയൂന്നുന്നത്. എന്നാൽ പുരുഷൻ സംസാരിക്കുകയും സ്ത്രീ കേൾവിക്കാരിയുടെ റോളിലായിരിക്കുകയും ചെയ്യുമ്പോൾ പുരുഷന്മാരിൽ 30% മാത്രവും സ്ത്രീകളിൽ 90 ശതമാനവുമാണ് തുടർച്ചയായി നേത്രബന്ധം നിലനിർത്തുന്നതായി കണ്ടത്. 

മുകളിൽ പരാമർശിച്ച നിരീക്ഷണങ്ങൾ നമ്മെ താഴെപ്പറയുന്ന നിഗമനങ്ങളിലേക്കു നയിക്കുന്നു. 

∙സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായാലും കേട്ടുകൊണ്ടിരിക്കുമ്പോഴായാലും പുരുഷന്മാരേക്കാൾ കൂടുതൽ നേത്രബന്ധം പുലർത്തുന്നതും അതിനായി ആഗ്രഹിക്കുന്നതും സ്ത്രീകളാണ്. അതുകൊണ്ടു സ്ത്രീകളുമായി ഇടപഴകുമ്പോൾ നേത്രബന്ധത്തിൽ പരമാവധി നിഷ്കർഷ പാലിക്കണം. 

∙സ്ത്രീകളാണ് പുരുഷന്മാരെക്കാൾ മികച്ച കേൾവിക്കാർ.

∙നേത്രബന്ധത്തേക്കാളേറെ തലയാട്ടലിലൂടെയും തലകുലുക്കലിലൂടെയുമാണ് അധിക പുരുഷന്മാരും മറ്റുള്ളവരുടെ  സംസാരത്തിലുള്ള ശ്രദ്ധ പ്രകടമാക്കുന്നത്. എന്നിരുന്നാലും സ്ത്രീകളോടു സംസാരിക്കുമ്പോൾ ഇതര പുരുഷന്മാരോടെന്നതിനേക്കാൾ കൂടുതൽ സമയം നേത്രബന്ധം നിലനിർത്തുന്നു.

∙സ്ത്രീകൾ ഇതര സ്ത്രീകളോടെന്നതിനേക്കാൾ കൂടുതൽ സമയം പുരുഷന്മാരുമായി നേത്രബന്ധം നിലനിർത്തുന്നു.

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>