Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് ജേതാക്കളുടെ വിജയരഹസ്യം

civil-service-rank-holders ശിഖ സുരേന്ദ്രൻ, എസ്. അഞ്ജലി, എസ്. സമീര

സിവിൽ സർവീസിൽ കേരളത്തിൽ നിന്നുള്ള ആദ്യ മൂന്നു റാങ്കു നേടിയവരെ ഒരുമിച്ചു കിട്ടിയപ്പോൾ കുട്ടികൾക്ക് അറിയേണ്ടത് ഒന്നു മാത്രം – സിവിൽ സർവീസ് ബാലികേറാമലയാണോ? ശിഖ സുരേന്ദ്രൻ, എസ്. അഞ്ജലി, എസ്. സമീര എന്നീ സിവിൽ സർവീസ് ജേതാക്കളാണ് മലയാള മനോരമ കോട്ടയം ഒാഫിസിൽ നടന്ന മുഖാമുഖത്തിൽ കോട്ടയം ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ മുപ്പതു വിദ്യാർഥികളുമായി തങ്ങളുടെ വിജയവഴികൾ പങ്കിട്ടത്.

മലയാളം മീഡിയത്തിൽ പഠിച്ചാൽ റാങ്ക് കുറയുമോ?

സിവിൽ സർവീസ് നേടാൻ ഇംഗ്ലിഷിൽ പ്രാവീണ്യം വേണോ എന്നായിരുന്നു പലരുടെയും സംശയം. മലയാളം മീഡിയത്തിൽ പഠിക്കുന്നത് റാങ്ക് സാധ്യത നഷ്ടമാക്കുമോയെന്ന ചോദ്യത്തിന്റെ മുനയോടിച്ചത് പതിനാറാം റാങ്ക് നേടിയ ശിഖ സുരേന്ദ്രനായിരുന്നു. ‘മലയാള സാഹിത്യത്തോട‍ു ചെറ‍ുപ്പം മ‍ുതൽ താൽപര്യമ‍ുണ്ട്. പ്ലസ‍്‍ട‍ുവിൽ മലയാളത്തിന‍ു മുഴുവൻ മാർക്ക് നേടിയത‍ും പ്രചോദനമായി. പാലാ സിവിൽ സർവീസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മലയാളം അധ്യാപകരാണ് എനിക്ക് പരീശിലനം നൽകിയത്’. ‘പത്തു വരെ മലയാളം മീഡിയത്തിൽ പഠിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. സിലബസിലെ കുറേ പുസ്തകങ്ങൾ മുൻപു വായിച്ചിരുന്നതുമാണ്’ എന്ന് ഇരുപത്തിയെട്ടാം റാങ്ക് നേടിയ എസ്. സമീരയും പറഞ്ഞതോടെ കുട്ടികളുടെ ആത്മവിശ്വാസമേറി. 

പരീക്ഷയിലെ ഐച്ഛിക വിഷയം എങ്ങനെ തിരഞ്ഞെടുക്കാം?

ആസ്വദിച്ചു പഠിക്കാൻ കഴിയുന്ന വിഷയം ഐച്ഛികമായി എടുക്കണമെന്നായിരുന്നു ഇരുപത്തിയാറാം റാങ്ക് നേടിയ എസ്. അഞ്ജലിയുടെ ഉപദേശം.  എൻജിനീയറിങ് പഠിച്ച ഞാൻ ഇംഗ്ലിഷ് ഐച്ഛിക വിഷയമായെടുത്തപ്പോൾ പലർക്കും സംശയമായി. ഫോളോ യുവർ ഹാർട്ട് എന്നാണ് എന്റെ നയം. ഐച്ഛിക വിഷയത്തിൽ നമുക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണ് – അഞ്ജലി പറയുന്നു.  മുൻ റാങ്ക് ജേതാക്കളെ അന്ധമായി അനുകരിക്കുന്നത് അബദ്ധമാണെന്നാണ് ശിഖ സുരേന്ദ്രന്റെ അഭിപ്രായം. ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ഏറ്റവും ഏളുപ്പമേത് എന്നാവും പലരും അന്വേഷിക്കുക. മുൻ റാങ്ക് ജേതാക്കളുടെ ഐച്ഛിക വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പലരും ശ്രമിക്കും. ഒരാൾ വിജയിച്ച വിജയം മറ്റൊരാൾക്ക് എളുപ്പമാകണമെന്നില്ല. വിഷയം തിരിഞ്ഞെടുത്താൽ പഠനം വിരസമാക്കില്ലെന്ന് സ്വയം വിലയിരുത്തൽ ആവശ്യമാണ് – ശിഖ പറയുന്നു. സിവിൽ സർവീസാണ് വഴിയെന്നു തീരുമാനിക്കുമ്പോൾത്തന്നെ മനസ്സിൽ ഐച്ഛിക വിഷയം ഉറപ്പിക്കണം. ഹൃദയത്തോടു ചേർന്നു നിൽക്കുന്ന വിഷയം, ആ വിഷയത്തെപ്പറ്റി എന്തു ചോദിച്ചാലും ഉത്തരം പറയാൻ കഴിയുമെന്ന്ബോ ധ്യമുണ്ടെങ്കിൽ പരീക്ഷയിൽ ഉയർന്ന മാർക്ക് അനായാസം നേടാം – എസ്. സമീര പറയുന്നു. 

വായന എന്ന വിജയമന്ത്രം

വായനയുടെ കാര്യത്തിൽ റാങ്ക് ജേതാക്കൾക്ക് ഇരുപക്ഷമില്ല. സിവിൽ സർവീസ് എന്ന സ്വപ്നം നേടാൻ വായനയ്ക്ക് മുഖ്യ പങ്കുണ്ടെന്ന് മൂവരും സമ്മതിക്കുന്നു. ചെറ‍ു പ്രായം മുതൽ വടയമ്പാടി പബ്ലിക് ലൈബ്രറിയുമായി കൂട്ടാണ്. വാങ്ങേണ്ട പ‍ുസ്‍തകം വരെ വായനശാല ഭാരവാഹികൾ ചോദിക്കുമായിരു‍ന്ന‍‍ു – ശിഖ പറയുന്നു. കോട്ടയത്തു ജനിച്ചു വളർന്നതു കൊണ്ട് അക്ഷരങ്ങളുമായിട്ടാണ് കൂട്ട്. നഗരത്തിൽ നടക്കുന്ന എല്ലാ പുസ്തകമേളകളിലും മാതാപിതാക്കൾ ഞങ്ങളെ കൊണ്ടു പോയി പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. പത്താം ക്ലാസ് കഴിയുമ്പോഴേക്കും വീട്ടിൽ നല്ലൊരു ലൈബ്രറിയുണ്ടായി. ഏഴാം ക്ലാസിൽ വച്ചു സംസ്ഥാനതല പുസ്തക ആസ്വാദനക്കുറിപ്പു മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയതാണു വായനയുമായി ബന്ധപ്പെട്ട ഓർമ – സമീര പറയുന്നു. ഹാരി പോട്ടർ മുതൽ എല്ലാം വായിക്കും. അതേസമയം, സിവിൽ സർവീസ് കിട്ടാന്‍ പരന്ന വായന വേണമെന്നില്ല. പരീക്ഷയ്ക്ക് ഒരുങ്ങാൻ വേണ്ടി മാത്രമുള്ള പുസ്തകങ്ങളുണ്ട്. അവ പഠിച്ചാലും മതി – എസ്. അഞ്ജലി പറയുന്നു.

meet-the-civil-service-rank-holders

പഠനം പോലെ ഉറക്കവും പ്രധാനം

സിവിൽ സർവീസ് പരീക്ഷയുടെ ഓരോ ഘട്ടത്തിലും എത്ര നേരം തുടർച്ചയായി പഠിക്കണമെന്നായിരുന്നു വിദ്യാർഥികളുടെ സംശയം. ഒറ്റയിരിപ്പിനു പഠിച്ചാൽ തലയിൽ കയറുമോ? ഉറക്കം എത്ര മണിക്കൂർ വേണം? രാത്രിയാണോ പകലാണോ പഠിക്കാൻ അനുയോജ്യം? ചോദ്യങ്ങൾ ഉറക്കത്തെ ചുറ്റി കറങ്ങിയപ്പോൾ ഉടൻ റാങ്ക് ജേതാക്കളുടെ കൂട്ടയുത്തരം വന്നു – നന്നായി ഉറങ്ങിക്കോളൂ, ആരോഗ്യമുണ്ടെങ്കിലേ പരീക്ഷ നന്നായി എഴുതാൻ കഴിയൂ ! ‘രാത്രി ഒൻപത‌ിന‍ു ശേഷം ക‍ിടക്ക‍ും. ഉച്ചയ്ക്ക് ഉറക്കം. എങ്കിലും പഠനത്തിനുള്ള ടാർഗറ്റ് പ‍ൂർത്തിയാക്കും’ – ശിഖ പറയുന്നു. ‘രാവിലെ ആറു കഴി‍ഞ്ഞാണ് എഴുന്നേൽക്കുന്നത്. ഉച്ചവിശ്രമം കഴിഞ്ഞ് അഞ്ചു മുതൽ ഒൻപതു വരെ പഠനം’ – സമീര പറയുന്നു. ‘രാത്രി 12 മുതൽ നാലുവരെ പഠനം. പകൽ 11 വരെ ഉറക്കം.  തുടർന്ന് രാത്രി 9.30 വരെ ഓഫിസിൽ. പത്തിനു വീട്ടിലെത്തിയാൽ രണ്ടു മണിക്കൂർ ഉറക്കം. 12ന് എഴുന്നേൽക്കും’. – അഞ്ജലി പറയുന്നു

കോച്ചിങ് സെന്ററുകൾ വിജയഘടകമോ?

എവിടെ പഠിച്ചാൽ കൂടുതൽ മാർക്ക് നേടാമെന്നായിരുന്നു പലരുടെയും സംശയം. കോച്ചിങ് സെന്ററുകൾ വിജയത്തിന്റെ മാറ്റ് കൂട്ടുമോയെന്ന ചോദ്യത്തിനു റാങ്ക് ജേതാക്കൾ അവരുടെ നിലപാടു വ്യക്തമാക്കി. ‘എന്ത്, എങ്ങനെ, എത്രത്തോളം പഠിക്കണമെന്നു മാർഗനിർദേശം നൽകാൻ കോച്ചിങ് സെന്ററുകൾക്ക് സാധിക്കും. മോക്ക് ടെസ്റ്റുകൾ എഴുതി പരീക്ഷയ്ക്കായി മനസ്സിനെയും ശരീരത്തെയും രൂപപ്പെടുത്താൻ സഹായിക്കും. പരീക്ഷയിൽ വേഗവും മുഖ്യ ഘടകമാണ്’ – ശിഖ പറയുന്നു. ‘പരീക്ഷയ്ക്കു മുൻപ് സ്വയം വിലയിരുത്താൻ കോച്ചിങ് സെന്ററുകളിലെ പരിശീലനങ്ങൾക്കു സാധിക്കും. മികച്ച അധ്യാപകരുടെ മാർഗ നിർദേശങ്ങൾ മികച്ച റാങ്ക് നേടാൻ സഹായിക്കും’ – സമീര പറയുന്നു.‘ കോച്ചിങ് സെന്ററുകളോടൊപ്പം മുൻ റാങ്ക് ജേതാക്കളുടെ സഹായം തേടുന്നതും പരീക്ഷയിൽ വിജയം നേടാൻ സഹായിക്കും. ജോലിയോടൊപ്പം പഠനം കൊണ്ടു പോകുന്നവർക്ക് മുൻ റാങ്ക് ജേതാക്കളുടെ മാർഗനിർദേശങ്ങൾ വിലപ്പെട്ടതാണ്’ – അഞ്ജലി പറയുന്നു.

മുണ്ടക്കയം എംഇഎസ് പബ്ലിക് സ്കൂൾ, മൂലവട്ടം അമൃത ഹൈസ്കൂൾ, കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പാലാ ചാവറ സിഎംെഎ പബ്ലിക് സ്കൂൾ, കോട്ടയം ചിന്മയ വിദ്യാലയ, ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്. മലയാള മനോരമ ചീഫ് റിപ്പോർട്ടർ ആർ. കൃഷ്ണരാജ് മോഡറേറ്റായിരുന്നു.  സിവിൽ സർവീസ് റാങ്ക് ജേതാക്കൾക്ക് മലയാള മനോരമ സിനീയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം ഉപഹാരം നൽകി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ പ്രസംഗിച്ചു.