Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിടിസിക്ക് വീണ്ടും പേരുമാറ്റം!, പാഠ്യപദ്ധതിയും മാറുന്നു...

ഷാജി പൊന്നോല

തിരുവനന്തപുരം∙ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് (ടിടിസി) വീണ്ടും പേരുമാറ്റം. ഇത്തവണ ഡിഎൽഇഡി (D.El.Ed.) എന്നാണ് മാറ്റിയിരിക്കുന്നത്. 2013ൽ ടിടിസിയെ ഡി.എഡ് (ഡിപ്ലോമ ഇൻ എജ്യുക്കേഷൻ) എന്നു മാറ്റിയതിനു പിന്നാലെയാണ് വീണ്ടും പേരുമാറ്റം വരുത്തി സർക്കാർ ഉത്തരവായത്. പൊതുവിദ്യാഭ്യാസ വകുപ്പ് മേയ് അഞ്ചിനു പുറത്തിയ ഉത്തരവിലാണ് (സ.ഉ (സാധാ) നമ്പർ. 1700/18/പൊ.വി.വ) ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

2014ലെ എൻസിടിഇ ചട്ടങ്ങൾ പ്രകാരം ഡി.എഡ് കോഴ്സ് D.El.Ed (Diploma in Elementary Education) എന്ന് പുനർനാമകരണം ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ ഇത് നടപ്പായില്ല. കഴിഞ്ഞ മാർച്ചിൽ കൂടിയ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി മീറ്റിങിലാണ് പേരു മാറ്റുന്നതും പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതും സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌സിഇആർടി ഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് കത്തും നൽകി. തുടർന്നാണ് ഡി.എഡ് കോഴ്സിന്റെ പേര് ഡിഎൽഇഡി എന്നു മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ജൂൺ മുതൽ പുതിയ പേരിലായിരിക്കും കോഴ്സ് അറിയപ്പെടുക. ഇതോടൊപ്പം പുതിയ പാഠ്യപദ്ധതിയും നടപ്പിലാകും.