Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയുള്ളതു കൊണ്ട് പഠിക്കാന്‍ പറ്റുന്നില്ലേ?

x-default

കല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയതിനു ശേഷം പഠനം. ഇതിലെന്താണ് ഇത്ര പുതുമ എന്നല്ലേ. നന്നായി ജീവിക്കാനും സാമ്പത്തിക ഭദ്രതയ്ക്കും ജോലി അത്യാവശ്യമാണെന്നു വരുമ്പോള്‍ ആരും ബാങ്ക് കോച്ചിങ്ങിനും പിഎസ്‌സി കോച്ചിങ്ങിനുമൊക്കെ പോയെന്നു വരും. പലര്‍ക്കും ജോലി കിട്ടുകയും ചെയ്യും. നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇന്നു സര്‍വസാധാരണമാണു താനും. 

എന്നാല്‍ ഡല്‍ഹി രോഹിണി സ്വദേശി അനു കുമാരിയുടെ കഥ അല്‍പം വ്യത്യസ്തമാണ്. വയസ്സ് 31. എംബിഎ ബിരുദധാരി. കയ്യിലൊരു ഒന്നാന്തരം കോര്‍പറേറ്റ് ജോലി. വീട്ടില്‍ രണ്ടര വയസ്സുകാരന്‍ മകന്‍. ജോലി രാജി വച്ച് മകനെ അമ്മയെ ഏല്‍പ്പിച്ച് അനു സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആദ്യം നെറ്റി ചുളിച്ചു. അധ്യാപനം പോലെ എന്തെങ്കിലും ജോലി നോക്കി കൂടേ എന്നു ചോദ്യം. നല്ലൊരു ജോലി ഉപേക്ഷിക്കുന്നതിനെ സംബന്ധിച്ച് ഭര്‍ത്താവും മുന്നറിയിപ്പു നല്‍കി. 

എന്നാല്‍ ആദ്യമുയര്‍ന്ന എതിര്‍പ്പും ബുദ്ധിമുട്ടുമെല്ലാം നേരിട്ട് ആത്മവിശ്വാസത്തോടെ അനു മുന്നോട്ട് പോയി. ഈ നിശ്ചയദാര്‍ഢ്യത്തിന് ഫലവുമുണ്ടായി. രണ്ടു വര്‍ഷത്തിനു ശേഷം തന്റെ രണ്ടാം ശ്രമത്തില്‍ അനുവിന്റെ കൈപ്പിടിയിലൊതുങ്ങിയത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഇന്ത്യയിലെ രണ്ടാം റാങ്ക്. പിള്ളേരും പ്രാരബ്ധവുമൊക്കെ ആകുമ്പോള്‍ തന്റെ സ്വപ്‌നങ്ങള്‍ വേണ്ടെന്നു വയ്ക്കുന്ന ഇന്ത്യയിലെ ഓരോ പെണ്‍കുട്ടിക്കും പാഠമാണ് അനു കുമാരിയുടെ തിളക്കമാര്‍ന്ന ജീവിതം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഈ റാങ്കുകാരി ഇന്ന്. 

31-ാം വയസ്സിലെ സിവില്‍ സര്‍വീസ് പഠന മോഹത്തിന് പൂര്‍ണ പിന്തുണയാണ് അനുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും നൽകിയത്. മകന്‍ വിയാന്റെ സംരക്ഷണം അമ്മ ഏറ്റെടുത്തു. ആദ്യമൊക്കെ എതിര്‍ത്ത ഭര്‍ത്താവിന്റെ വീട്ടുകാരും പിന്നീട് അനുവിന്റെ ആത്മവിശ്വാസത്തിനു മുന്നില്‍ മുട്ടുമടക്കി. പിന്നെ സിവില്‍ സര്‍വീസ് റാങ്ക് അവരുടെ കൂടി സ്വപ്‌നമായി. 

സ്‌കൂള്‍, കോളജ് പഠനകാലത്ത് മികച്ച വിദ്യാര്‍ഥിനിയായ അനുവിനോട് അധ്യാപകര്‍ പലപ്പോഴും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ഉപദേശിച്ചിരുന്നു. പക്ഷേ, തനിക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരത നല്‍കുന്നൊരു ജോലിയാണെന്ന് മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നുള്ള ഈ പെണ്‍കുട്ടി തീരുമാനിച്ചു. അങ്ങനെയാണ് ഫിനാന്‍സില്‍ എംബിഎ പഠിക്കുന്നതും കോര്‍പറേറ്റ് മേഖലയിലെത്തുന്നതും. 

എട്ടു വര്‍ഷത്തോളം കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ ഈ ജോലിയില്‍ നിന്ന് പൂര്‍ണ സംതൃപ്തി തനിക്കു ലഭിക്കുന്നില്ലെന്ന് അനു മനസ്സിലാക്കി. ഏതെങ്കിലും എന്‍ജിഒയില്‍ ചേരാനായിരുന്നു സഹപ്രവര്‍ത്തകരുടെ ഉപദേശം. എന്നാല്‍ ജനങ്ങള്‍ക്കു സഹായം നല്‍കാനും ഭരണനിര്‍വഹണത്തിലൂടെ രാഷ്ട്രസേവനം നടത്താനും സിവില്‍ സര്‍വീസാണ് മികച്ച വഴിയെന്ന് അനു കുമാരി തീരുമാനിച്ചു. 

ആദ്യ വട്ടം പരീക്ഷ എഴുതിയത് വെറും ഒന്നര മാസത്തെ തയാറെടുപ്പിനു ശേഷമായിരുന്നു. ഫലം വന്നപ്പോള്‍ ഒരു മാര്‍ക്കിന് കട്ട് ഓഫ് നഷ്ടമായി. മകന്‍ ഒപ്പമുള്ളപ്പോള്‍ പഠനം ശരിക്കു നടക്കില്ലെന്ന് മനസ്സിലായതോടെ, ഒരുവിധം അമ്മമാര്‍ക്കൊന്നും സാധിക്കാത്ത കടുത്ത തീരുമാനം അനു എടുക്കുകയായിരുന്നു. അങ്ങനെയാണ് അമ്മയുടെ സഹോദരിക്കൊപ്പം താമസിച്ചു പഠിക്കാന്‍ തീരുമാനിച്ചത്. 

2016 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ പോയ അമ്മയെ പിന്നെ മകന്‍ ശരിക്കൊന്നു കാണുന്നത് 2018 മാര്‍ച്ചില്‍ സിവില്‍ സര്‍വീസിന്റെ അവസാന ഘട്ട അഭിമുഖ പരീക്ഷയ്ക്ക് വന്നപ്പോള്‍. കണ്ണീരണിഞ്ഞു കൊണ്ട് അമ്മ മകനെ അന്നു കെട്ടിപ്പിടിച്ചു. റാങ്ക് നേടുമെന്ന് എല്ലാവര്‍ക്കും വിശ്വാസമുണ്ടായെങ്കിലും ആദ്യ പത്തില്‍ എത്തുമെന്ന് ഉറച്ച് വിശ്വസിച്ചത് തന്റെ പിതാവും സഹോദരനും മാത്രമാണെന്ന് അനു പറയുന്നു. ഏതു സാഹചര്യത്തിലും പൊരുതി ജയിക്കാന്‍ സാധിക്കുമെന്ന മനോഭാവവുമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ട്രെയിനിങ്ങിന് ഒരുങ്ങുകയാണ് ഈ അമ്മ.