Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം റാങ്കോടെ സൈന്യത്തിൽ

Author Details
reshma

പഠിച്ചാൽ കേന്ദ്ര സർവീസിൽ ജോലി കിട്ടുമെന്നു നൂറു ശതമാനം ഉറപ്പുള്ള കോഴ്സിനാണു കൊച്ചി ഇടപ്പള്ളി സ്വദേശി രേഷ്മ ചേർന്നത്– മിലിട്ടറി നഴ്സിങ്. ഡോക്ടറാകുന്നതു ചെറുപ്പം മുതൽ സ്വപ്നം കണ്ടിരുന്ന രേഷ്മയ്ക്കു ബിഎഎംഎസിനു പ്രവേശനം ലഭിച്ചിരുന്നു. എന്നിട്ടും ഹരിയാനയിലുള്ള പാഞ്ച്കുള ചണ്ഡിമന്ദിർ സ്കൂൾ ഓഫ് നഴ്സിങ് കമാൻഡ് ഹോസ്പിറ്റലിൽ (ഡബ്ല്യുസി) ചേർന്നു. ജിഎൻഎം കോഴ്സ് പഠിച്ചിറങ്ങിയതു മിലിട്ടറിയുടെ സ്കൂൾ ഓഫ് നഴ്സിങ്ങിൽ ദേശീയ ഒന്നാം റാങ്കോടെ. പുണെ മിലിട്ടറി ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി ചേരുകയാണു ലഫ്റ്റനന്റ് കെ. രേഷ്മ അജിത്.

ജോലി ഉറപ്പിച്ചു പഠിക്കാം
മിലിട്ടറി നഴ്സിങ് കോഴ്സിന് അഡ്മിഷൻ കിട്ടിയാൽ ജോലി കിട്ടിയതുപോലെയാണെന്നു രേഷ്മ പറയുന്നു. പാസായാൽ ഉടൻ ലഫ്റ്റനന്റ് പദവിയോടെ നഴ്സിങ് ഓഫിസറായി ആർമി, നേവി, എയർ ഫോഴ്സ് ആശുപത്രികളിൽ നിയമനം. മിലിട്ടറി ഡയറക്ടറേറ്റ് ജനറൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിന്റെ കീഴിലുള്ള ആറു നഴ്സിങ് പഠന സ്ഥാപനങ്ങളിൽ ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ജിഎൻഎം) കോഴ്സുകളിലേക്കാണ് അവസരം.

സയൻസ് പ്ലസ് ടു പാസായ അവിവാഹിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. റഗുലർ സ്ട്രീമിൽ 50% മാർക്കോടെ ആദ്യ ചാൻസിൽ വിജയിച്ചവരായിരിക്കണം. വിവാഹമോചിതർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും പ്രായപരിധിയിൽ ഇളവുണ്ട്. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കോഴ്സിനു മുൻപു സർട്ടിഫിക്കറ്റ് ഹാജരാക്കണം.

മലയാളികളുടെ കളരി
മിലിട്ടറി നഴ്സിങ് കോഴ്സുകളിൽ നാൽപതു ശതമാനത്തോളമെങ്കിലും വിദ്യാർഥികൾ മലയാളികളാണെന്നു രേഷ്മ പറയുന്നു. രേഷ്മയുടെ ക്ലാസിൽ 20 പേരിൽ ഒൻപതും മലയാളികളായിരുന്നു. ബിഎസ്‌സി പഠനത്തിനു പുണെ, കൊൽക്കത്ത, മുംബൈ, ഡൽഹി, ലക്നൗ എന്നിവിടങ്ങളിൽ നഴ്സിങ് കോളജുകളിലും ജിഎൻഎം പഠനത്തിനു ബെംഗളൂരു, പാഞ്ച്‌കുള എന്നിവിടങ്ങളിൽ നഴ്സിങ് സ്കൂളുകളുമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചു വർഷത്തെ ബോണ്ട് ഉണ്ട്.

എഴുത്തുപരീക്ഷ, ഇന്റർവ്യൂ, ശാരീരികക്ഷമതാ പരിശോധന എന്നിവ വഴിയാണു തിരഞ്ഞെടുപ്പ്. സാധാരണഗതിയിൽ ഫെബ്രുവരിയിലാണു പ്രവേശനപരീക്ഷ; ഏപ്രിലിൽ ഇന്റർവ്യൂ ഉൾപ്പെടെയുള്ള തുടർനടപടികളും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ഏഴിമല എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ടാകാറുണ്ട്. ഒബ്‌ജക്ടീവ് മാതൃകയിൽ ഒന്നര മണിക്കൂർ പ്രവേശനപരീക്ഷയിൽ ഇംഗ്ലിഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ് എന്നിവയിൽനിന്നാകും ചോദ്യങ്ങൾ. അഡ്മിഷൻ ആഗ്രഹിക്കുന്നവർ joinindianarmy.nic.in എന്ന വെബ്സൈറ്റ് കൃത്യമായി നോക്കിയിരിക്കണമെന്നു രേഷ്മ പറയുന്നു.

 പഠിക്കും, ഇനിയും
ഇടപ്പള്ളി പോണേക്കര കണ്ണോക്കട പറമ്പിൽ മോട്ടോർ തൊഴിലാളിയായ ടി.വി. അജിത്കുമാറിന്റെയും പുതിയകാവ് ആയുർവേദ ആശുപത്രി ജീവനക്കാരി കെ.എം. റാണിയുടെയും മകളാണു രേഷ്മ. ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കുമെങ്കിലും തുടർപഠനവും സ്വപ്നങ്ങളിലുണ്ട്. ഓപ്പൺ കോഴ്സുകൾ ചെയ്യുന്നതിനു തടസ്സമില്ല.

മിലിട്ടറി നഴ്സിങ് പഠിച്ചില്ലെങ്കിലും...
നഴ്സിങ് ഓഫിസറാകാൻ മിലിട്ടറി നഴ്സിങ് കോഴ്സ് പഠിക്കണമെന്നു നിർബന്ധമില്ല. ബിഎസ്‌സി നഴ്സിങ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വെബ്സൈറ്റിൽ ഒഴിവുകൾ വരുന്ന സമയത്ത് അപേക്ഷിക്കണം. പ്രവേശനപരീക്ഷയുടെയും മെറിറ്റിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Job Tips >>