Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കൂകൂട്ടി നേടിയ വിജയം

sajith

‘‘സ്വപ്നം കാണുക, ആ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുക, ആ ചിന്തകളെ പ്രവൃത്തിയിലൂടെ സഫലമാക്കുക’’– അബ്ദുൽ കലാം എന്ന പ്രതിഭയുടെ  ഈ വാക്കുകളും അബ്ദുൽ കലാമിനെ പോലെ നല്ല അധ്യാപകരും ഇല്ലായിരുന്നെങ്കിൽ എസ്. സജിത് എന്ന ചെറുപ്പക്കാരൻ തന്റെ സ്വപ്നത്തെ എത്തിപ്പിടിക്കില്ലായിരുന്നു.  

ആദ്യപത്തിനുള്ളിൽ റാങ്ക് പ്രതീക്ഷിച്ചിരുന്ന എച്ച്എസ്എ  (മാത്തമാറ്റിക്സ് ) പരീക്ഷയിൽ, തിരുവനന്തപുരം ജില്ലയിൽ ഒന്നാം റാങ്ക് തന്നെ സ്വന്തമാക്കി സജിത്തിന്റെ ഗുരുദക്ഷിണ. പരീക്ഷയിൽ 50 മാർക്കാണ് ലഭിച്ചത്. 

തിരുവനന്തപുരം മുട്ടടയിലെ മുണ്ടായിക്കോണം തേരിവിളവീട്ടിൽ സജിത് ചെറുപ്പം മുതലേ ആഗ്രഹിച്ചത് ജീവിതത്തിൽ വഴികാട്ടിയായ അധ്യാപകരെ പോലെ ഒരു അധ്യാപകനാകാനായിരുന്നു. 2012ൽ വിജ്ഞാപനം വന്ന എച്ച്എസ്എ (മാത്തമാറ്റിക്സ്) തസ്തികയിലേക്ക് അപേക്ഷ അയക്കുമ്പോൾ മനസിലുണ്ടായിരുന്നതും ആ സ്വപ്നം തന്നെ. 

റെയിൽവേ, കെഎസ്ആർടിസി കണ്ടക്ടർ, ഫയർഫോഴ്സ് ലിസ്റ്റുകളിൽ കയറിക്കൂടിയെങ്കിലും മനസ്സിലെ അധ്യാപക മോഹം കാരണം ജോലിക്കു കയറിയില്ല. ഇതിനിടയിലാണ് എച്ച്എസ്എ വിജ്ഞാപനം വരുന്നത്. വിജ്ഞാപനം വന്ന് അഞ്ചു വർഷം കഴിഞ്ഞായിരുന്നു പരീക്ഷ. പരിശീലനത്തിനു ലഭിച്ച ഈ സമയം സജിത് പരമാവധി വിനിയോഗിച്ചു. 

അച്ഛൻ സുരേഷ്ബാബു നേരത്തെ മരിച്ചു. അമ്മ പത്മജ വളരെ കഷ്ടപ്പെട്ടാണ്  ഇരട്ടആൺകുട്ടികളും ഒരു മകളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചത്. കുട്ടികൾക്കു ട്യൂഷനെടുത്തായിരുന്നു സജിത്തിന്റെ പഠനം. ഇന്നേവരെ പിഎസ്‌സി പരിശീലനത്തിനായി ഒരു സ്ഥാപനത്തിലും പോയിട്ടില്ല. 

പരീക്ഷാപരിശീലനത്തിന് അധ്യാപകരും ആവുന്നവിധം സഹായിച്ചു. പഠിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് അധ്യാപകർ നൽകി. സംശയങ്ങൾ അപ്പപ്പോൾ തീർത്തു കൊടുത്തു. ഇതിനിടെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകനായും ജോലി ചെയ്തു. ട്യൂഷനും വിവിധ സ്ഥാപനങ്ങളിലെ അധ്യാപന പരിചയവും സജിത്തിലെ വിദ്യാർഥിയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. തൊഴിൽവീഥിയുടെ സ്ഥിരം വായനക്കാരൻ കൂടിയാണ് സജിത്. ഒറ്റയ്ക്കുള്ള പരിശ്രമത്തിൽ തന്റെ മികച്ച വഴിക്കാട്ടിയായിരുന്നു തൊഴിൽവീഥിയെന്നു സജിത് പറയുന്നു. 

ഡിഗ്രി പാസായ മുതൽ സർക്കാർ ജോലിക്കു വേണ്ടിയുള്ള പരിശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ നെറ്റ് പരീക്ഷ എഴുതി. വിജയിക്കാനുള്ള മാർക്കുണ്ടായിരുന്നെങ്കിലും സാങ്കേതിക പിഴവു കാരണം ആ കടമ്പ കടന്നില്ല.  തിരുവനന്തപുരം എംജി കോളജിലാണ് ബിരുദവും ബിരുദാനന്തരബിരുദവും  പൂർത്തിയാക്കിയത്. അധ്യാപക മോഹം അത്രമേൽ മനസ്സിൽ ഉറച്ചതിനാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പോലുള്ള സുപ്രധാന പരീക്ഷകൾക്ക് അപേക്ഷിച്ചതു പോലുമില്ല. മുപ്പതുവയസ്സിനിടെ സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞെങ്കിലും പഠനമെന്ന ആവേശത്തെ വിട്ടുകളയാൻ ഒരുക്കമല്ല സജിത്. ഡോക്ടറേറ്റ് – അതാണ് അടുത്ത ലക്ഷ്യം. ഗൾഫിലാണ് സജിത്തിന്റെ ഇരട്ടസഹോദരൻ ശ്രീജിത്. അനിയത്തി അർച്ചന വിവാഹിതയാണ്. എൽജിഎസ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് അർച്ചന. 

Job Tips >>