Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് നേടാൻ ശിഹാബിന്റെ വിജയമന്ത്രം

mohammed-ali-shihab-002 മുഹമ്മദ് അലി ശിഹാബ്

ഇരുപത്തിരണ്ടാം വയസ്സിൽ മാത്രം സിവിൽ സർവീസിനെ ക്കുറിച്ച് കേട്ട റഗുലർ കോളജിൽ പഠിച്ചിട്ടില്ലാത്ത എനിക്കു വിജയിക്കാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കു കഴിയില്ല? കഠിനാധ്വാനം, സമർപ്പണം തുടങ്ങിയ വാക്കുകൾ ചതുർഥിയായവർ ദയവായി ഈ സ്വപ്നം ഉപേക്ഷിക്കുക. ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള തീവ്രാഭിലാഷം, ആത്മവിശ്വാസം എന്നിവയെ പിരിയാത്ത കൂട്ടുകാരാക്കുക. ഒരു കുട്ടിക്ക് ഏറ്റവും നന്നായി തിളങ്ങാൻ കഴിയുന്ന, ചെയ്യാൻ കഴിയുന്ന മേഖല തിരിച്ചറിയണം. ഇത് സ്വയമോ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായത്തോടെയോ ആകാം. ഇത് ഏതു സന്ദർഭത്തിലുമാകാം. ഇതിനനുസരിച്ചായിരിക്കണം കുട്ടിയുടെ കരിയര്‍ ആസൂത്രണം ചെയ്യേണ്ടത്. സിവിൽ സർവീസ് ആദ്യലക്ഷ്യമാക്കേണ്ടതില്ല. എൻജിനീയറോ ഡോക്ടറോ അധ്യാപകനോ ആവുകയെന്ന കുട്ടിയുടെ ആദ്യലക്ഷ്യത്തിനു ശേഷമുള്ള ലക്ഷ്യമായിരിക്കട്ടെ സിവിൽ സർവീസ്.

ഹൈസ്കൂൾ ക്ലാസുകൾ മുതൽ സിവിൽ സർവീസിനെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമം തുടങ്ങാം. 21 വയസ്സാണ് പരീക്ഷയെഴുതാനുള്ള പ്രായം. അതിന് എട്ടു വർഷം മുൻപു വരെ പ്ലാനിങ് തുടങ്ങാം. ഹൈസ്കൂൾ തലം മുതൽ തന്നെ സ്വാഭാവിക പരിശീലനം നൽകുന്ന വിവരമാണ് സിവിൽ സർവീസ് പഠനത്തിന്റെ അടിസ്ഥാനം. ആഴത്തിൽ വിവരങ്ങൾ ശേഖരിക്കേണ്ടത് ഭാവിയിലേക്കു മുതൽക്കൂട്ടാകും. ഷോർട്ട് നോട്ടുകൾ എടുത്തു വയ്ക്കാം. പഠിക്കുന്ന കാര്യങ്ങൾ ഭംഗിയായി പഠിക്കുക. പ്രബന്ധ രചനയിൽ പരിശീലനവും നേടണം. പ്രിലിമിനറിയുടെ ആദ്യ ചോദ്യം മഴയുടെയും ഊഷ്മാവിന്റെയും അടിസ്ഥാനത്തിൽ വനങ്ങളെ തരംതിരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഹൈസ്കൂൾ ക്ലാസിൽ പഠിച്ച കാര്യങ്ങളാണ് ഈ ഉത്തരം എഴുതാന്‍ എനിക്കു സഹായകമായത്. ഇതേ പ്രായത്തിൽ തന്നെ സോഫ്റ്റ് സ്കിൽ പരിശീലനവും തുടങ്ങണം. ഇംഗ്ലീഷ് ഭാഷ വളരെ പ്രധാനമാണ്. എഴുതാനും ആശയവിനിമയത്തിനും ഇംഗ്ലീഷ് സുപ്രധാനമാണ്. നേതൃഗുണം, സാമൂഹികസേവന മനോഭാവം എന്നിവ വളർത്തിയെടുക്കണം. ഒപ്പം മൂല്യബോധവും. സിവിൽ സർവീസ് തിരഞ്ഞെടുപ്പിൽ ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ മാനദണ്ഡമാകുന്നുണ്ട്.

ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിയാനും വിലയിരുത്താനുമുള്ള താൽപ്പര്യം സ്വയം വളർത്തിയെടുക്കണം. ന്യൂമെറിക്കൽ, റീസണിങ് എബിലിറ്റി വളർത്തേണ്ടതും ഈ പ്രായത്തിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്തരം കണ്ടെത്താനുള്ള ലോജിക്കൽ തിങ്കിങ് രീതി വളർത്തിയെടുക്കണം. ബിരുദതലത്തിലെത്തുന്നതോടെ ലക്ഷ്യം ഗൗരവമാകണം. സിവിൽ സർവീസ് ഒരുക്കങ്ങൾക്ക് പ്രത്യേക സമയം മാറ്റി വയ്ക്കണം. ഓരോ സബ്ജക്ടിലും ഏറ്റവും മികച്ച പുസ്തകം തിരഞ്ഞെടുത്ത് വായിക്കണം.‌ സിവിൽ സർവീസ് സിലബസ് കേന്ദ്രീകരിച്ചു മാത്രം നടത്തുന്ന പരീക്ഷയാണ്. സിലബസിനെക്കുറിച്ചു കൃത്യമായും ആഴത്തിലുമുള്ള ധാരണ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. 

ഹൈസ്കൂൾ തലം മുതൽ തന്നെ സ്വാഭാവിക പരിശീലനം തുടങ്ങുക. ഏതു വിഷയത്തിലും അടിസ്ഥാനപരമായ അറിവുണ്ടായാൽ മാത്രമേ സിവിൽ സർവീസ് എത്തിപ്പിടിക്കാൻ കഴിയൂ. ഇതിന് താഴ്ന്ന ക്ലാസുകളിൽ നിന്നു തന്നെ പരിശ്രമം തുടങ്ങണം. കാണാപ്പാഠം പഠിക്കുന്നവർക്ക് പറ്റിയ വേദിയല്ല സിവിൽ സർവീസ്. വായനയ്ക്ക് സിലബസ് പാടില്ല. കയ്യിൽ കിട്ടുന്നതെന്തും വായിക്കുക. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുധാരണയുണ്ടാകാനും തെറ്റും ശരിയും തിരിച്ചറിയാനും പരന്ന വായന സഹായിക്കും. പത്രങ്ങളും ആനുകാലികളും നിർബന്ധശീലമാക്കുക. വാർത്തകൾ അറിയുകയും വിലയിരുത്തുകയും ചെയ്യാതെ സിവിൽ സർവീസ് കടമ്പയിൽ നിങ്ങൾക്ക് മുന്നോട്ടു പോകാനാവില്ല. ഒരു സംഭവത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചറിയാൻ പത്രങ്ങളും ആനുകാലികങ്ങളും ടെലിവിഷനും സഹായിക്കും.

പത്താം ക്ലാസിനു ശേഷം താൽപ്പര്യമുള്ള വിഷയങ്ങളിൽ മാത്രമായി പഠനം ചുരുങ്ങും. ആ ഘട്ടത്തിലും എല്ലാ വിഷയങ്ങളിലും പൊതുധാരണ നേടാൻ ശ്രമം വേണം. ധാരണ മാത്രം പോര. എല്ലാ കാര്യങ്ങളിലും സ്വന്തം അഭിപ്രായം രൂപപ്പെടുത്തിയെടുക്കുകയും വേണം. വായിക്കുന്നതിനൊപ്പം കുറിപ്പ് തയാറാക്കി ശീലിക്കുക. ഇടയ്ക്ക് ചില വിഷയങ്ങളിൽ വലിയ കുറിപ്പുകൾ എഴുതിനോക്കുക. അറിവ് മാത്രം പോരാ. എഴുതി ഫലിപ്പിക്കാനുള്ള കഴിവും വേണം. ജനറൽ സ്റ്റഡീസ് റഫറൻസിന് എൻസിഇആർടിയുടെ പഴയ പാഠപുസ്തകങ്ങൾ ഉപയോഗിക്കുക. ഏറ്റവും വിശ്വസിക്കാവുന്ന സ്റ്റഡി മെറ്റീരിയലുകളാണിവ. ഓപ്ഷനൽ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് അതിപ്രധാനം. താല്‍പ്പര്യമാണു പ്രധാന മാനദണ്ഡം. പുസ്തകങ്ങളുടെ ലഭ്യത, മാർക്ക് നേടുന്നതിനുള്ള സാധ്യത എന്നിവയും പരിഗണിക്കാം. ജ്യോഗ്രഫിയിൽ നിന്ന് ഞാൻ മലയാളത്തിലേക്കു മാറിയത് നന്നായി ചെയ്യാനാകും എന്ന ആത്മവിശ്വാസമുള്ളതുകൊണ്ടുകൂടിയാണ്. 

റഫറൻസിനായി ഇന്റർനെറ്റ് ഉപയോഗിക്കാം. പക്ഷേ, ലഭിക്കുന്ന വിവരങ്ങൾ മുഴുവൻ ശരിയായിക്കൊള്ളണമെന്നില്ല. വിശ്വസിക്കാനാവുന്ന സൈറ്റുകൾ ഏതൊക്കെയെന്ന് തിരഞ്ഞു കണ്ടെത്തണം. അമിതമായാൽ ഇന്റർനെറ്റും വിഷം. മുന്‍കാലങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലനത്തിനു ഉപയോഗിക്കുക. ഇത് ചോദ്യപേപ്പർ കാണുമ്പോഴുള്ള ആശങ്ക അകറ്റും. ഒപ്പം സമയം ചിട്ടപ്പെടുത്താനും ഈ രീതി ഉപകരിക്കും. സ്വയം പഠനം തുടങ്ങുക; ഫിനിഷിങ്ങിനു മാത്രം കോച്ചിങ് സെന്ററുകളെ ആശ്രയിക്കുക. ഇത് എല്ലാവർക്കും സാധ്യമാണോ എന്ന സംശയമുണ്ടെങ്കിലും എന്റെ അനുഭവത്തിൽ ഫലപ്രദമായി. ജീവിതത്തിലും പഠനത്തിലും അടുക്കും ചിട്ടയും ശീലിക്കുക. കഠിനാധ്വാനം, സമർപ്പണം തുടങ്ങിയ വാക്കുകൾ ചതുർഥിയായവർ ദയവായി ഈ സ്വപ്നം ഉപേക്ഷിക്കുക. ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള തീവ്രാഭിലാഷം, ആത്മവിശ്വാസം എന്നിവയെ പിരിയാത്ത കൂട്ടുകാരാക്കുക.

തോൽവികളിൽ തളരാതിരിക്കുക. അടുത്ത തവണ നേടാം എന്നു മനസ്സിലുറപ്പിക്കുക. ഓരോ പരാജയവും പുതിയ കണ്ടു പിടിത്തമാണെന്ന എഡിസന്റെ വാക്കുകൾ പ്രചോദനമാക്കുക. മെയിൻ പരീക്ഷയിൽ എനിക്ക് ഏറ്റവും നന്നായി ഉത്തരമെഴു താൻ കഴിഞ്ഞ ഒരു ചോദ്യം ആ വർഷത്തെ ആദ്യപാദത്തിലെ ഇന്ത്യയിലെ സാമ്പത്തിക വളർച്ചെയെക്കുറിച്ചുള്ളതായിരുന്നു. സാധാരണ ഗതിയിൽ ആദ്യപാദത്തിലെ  വിവരങ്ങളൊന്നും കാര്യമായി ആരും ശ്രദ്ധിക്കാറില്ല. പക്ഷേ, ആ ഉത്തരമെഴുതാൻ എന്നെ സഹായിച്ചത് ഫാറൂഖ് കോളജിൽ പഠിക്കുമ്പോൾ ആഷിഖ് സർ തന്ന ഒരു പേപ്പർ കട്ടിങ് ആയിരുന്നു. അതു വായിച്ചതുകൊണ്ട് കൃത്യം കണക്കുകളൊക്കെ വച്ച് ഉത്തരമെഴുതാൻ കഴിഞ്ഞു. ഞാൻ പറഞ്ഞുവന്നത് നിസ്സാരമായി നമ്മൾ തള്ളിക്കളയുന്ന വിവരങ്ങൾ പോലും നമുക്ക് വലിയ നേട്ടങ്ങളുണ്ടാക്കിത്തരും.

മുഹമ്മദ് അലി ശിഹാബ്

കലക്ടർ, കിഫിർ, നാഗാലാൻഡ്

സിവിൽ സർവീസ് 226–ാം റാങ്ക്, 2010

കടപ്പാട് 

സിവിൽ സർവീസ് വിജയഗാഥകൾ 

മഹേഷ് ഗുപ്തൻ 

മനോരമ ബുക്സ്