Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാഥാലയത്തിൽ നിന്ന് അധികാരത്തിലേക്ക്

mohammed-ali-shihab-001

അനാഥാലയത്തിൽ പഠിച്ചു വളർന്ന, റഗുലർ കോളജിന്റെ പടി ചവിട്ടാത്ത, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസ് പരീക്ഷ യെക്കുറിച്ചു കേട്ട ഒരു ചെറുപ്പക്കാരൻ ആദ്യ ശ്രമത്തിൽതന്നെ 226–ാം റാങ്കിന് ഉടമയാവുക അവിശ്വസനീയമായ ഈ കഥയിലെ നായകൻ മലപ്പുറം എടവണ്ണപ്പാറ ചെറുവായൂർ കോറോത്ത് മുഹമ്മദ് അലി ശിഹാബ്.സിവിൽ സർവീസ് ലഭിക്കുന്നതിനു മുൻപ് ശിഹാബ് എഴുതിയ പിഎസ്​സി പരീക്ഷകൾ 21. ലഭിച്ച നിയമനങ്ങളും 21. ഈ നേട്ടങ്ങൾക്കു പുറകിൽ കണ്ണീരിൽ കുതിർന്ന ഒരു ജീവിതമുണ്ട്. അഞ്ചാം ക്ലാസ് മുതൽ അനാഥാലയത്തിലാണ് ശിഹാബ് പഠിച്ചതും, വളർന്നതും. സ്കൂൾ പഠനം പൂർണമായും സർ ക്കാർ വിദ്യാലയങ്ങളിൽ. പ്രൈവറ്റായി റജിസ്റ്റർ ചെയ്താണു ബിരുദം നേടിയത്.

യതീംഖാന പഠനകാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ ശിഹാബ് കൂട്ടു പിടിച്ചത് പുസ്തകങ്ങളെയായിരുന്നു. ആ കൂട്ടാണ് ജീവിതം മാറ്റിമറിച്ചതെന്ന് ശിഹാബ് കരുതുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിച്ച കാലം. അങ്ങനെ ആർജിച്ച അറിവ് ക്വിസ് മൽസരങ്ങളിലെ വിജയത്തിലേക്കു വഴി തുറന്നു. ജീവിതത്തെ മൽസരമായി കാണാനും ആത്മവിശ്വാസത്തോടെ പൊരുതാനും പഠിച്ചു. പ്രീഡിഗ്രിയും ടിടിസിയും പൂർത്തിയാക്കിയാണ് ശിഹാബ് യതീംഖാനയുടെ പടിയിറങ്ങിത്. ഇനിയെന്ത് എന്ന ചോദ്യം അപ്പോഴും മുന്നിലുണ്ടായിരുന്നു. തുടർന്നു പഠിക്കാൻ ആഗ്രഹം മാത്രമ പോര, പണവും വേണമെന്ന തിരിച്ചറിവിൽ വളവന്നൂർ ബാഫഖി തങ്ങൾ യതീംഖാനയിൽ അധ്യാപകനായി.

പിടിച്ചു നിൽക്കാമെന്നായതോടെ സർക്കാർ ജോലി എന്ന സ്വപ്നം മനസ്സിൽ നിറഞ്ഞു. പിഎസ്​സിയുടെ കൂട്ടാകുന്നത് അക്കാലത്താണ്. സ്കൂളിൽ എല്ലാ അധ്യാപകരും താൽക്കാലികക്കാരായിരുന്നു. പിഎസ്​സിയുടെ സ്ഥിരം അപേക്ഷകർ. ശിഹാബും അവരിലൊരാളായി. ഇതിനിടെയാണ് സിവിൽ സർവീസ് മോഹമുദിക്കുന്നത്. ബിരുദമാണ് കുറഞ്ഞ യോഗ്യതയെന്നതറിഞ്ഞതോടെ നിരാശയായി. ജോലി കള‍ഞ്ഞ് ബിരു ദത്തിനു പോകാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ ബിഎ ഹിസ്റ്ററിക്ക് പ്രൈവറ്റായി റജിസ്റ്റർ ചെയ്തു. പഠനത്തിനിടെ പിഎസ്​സി പരീക്ഷകൾ എഴുതിക്കൊണ്ടേയിരുന്നു. 2004 ൽ ജലവിഭവ വകുപ്പിൽ  ലാസ്റ്റ് ഗ്രേഡായി ആദ്യ ജോലി. പിന്നീട് 20 പരീക്ഷകൾ കൂടി. എഴുതിയ എല്ലാ പരീക്ഷകളിലും നിയമനം. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, യുപിഎസ്എ, എൽപിഎസ്എ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു. 

ഇതിനിടെ വിവാഹിതനായി, വീടു വിട്ടു നിൽക്കാനുള്ള മടി കാരണം പല ജോലികളും ഉപേക്ഷിച്ചു. ഒടുവിൽ പഞ്ചായത്തിൽ എൽഡിസി ആയി ജോലിയിൽ കയറി. ബിരുദം ഒന്നാം ക്ലാസിൽ പാസായതോടെ സിവിൽ സർവീസ് എന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വച്ചു.

പഠിക്കാൻ സമയം കിട്ടുന്ന ജോലി അധ്യാപനമാണെന്നു തിരി ച്ചറിഞ്ഞതോടെ പിഎസ്​സി പരീക്ഷയെഴുതി മലപ്പുറം വെറ്റില പ്പാറയിൽ സ്കൂൾ അധ്യാപകനായി. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം സ്വയം പഠിക്കുകയും ചെയ്തു. ആയിടെ ശിഹാബിന്റെ റെക്കോർഡ് പിഎസ്​സി വിജയത്തെക്കുറിച്ച് മനോരമയിൽ ഫീച്ചർ വന്നു. സിവിൽ സർവീസ് ആണ് അടുത്ത ലക്ഷ്യമെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. ഇതറിഞ്ഞ മുക്കം യതീംഖാനാ അധികൃതർ പരിശീലനത്തിനു പിന്തുണയുമായെത്തി. ആയിടെയാണ് ഡോ. സഫർ മഹമൂദ് നേതൃത്വം നൽകുന്ന ഡൽഹിയിലെ സകാത്ത് ഫൗണ്ടേഷനിൽ സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പത്രവാർത്ത. കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാൾ ശിഹാബ് ആയിരുന്നു. ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കി ഡൽഹിയിൽ കഠിന പരിശീലനം തുടങ്ങി.

പനിബാധിതനായി പരിശീലനം പാതി വഴിയിൽ അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. പ്രിലിമിനറി പരീക്ഷയ്ക്കു ബാക്കിയുള്ള രണ്ടു മാസം വീട്ടിലിരുന്ന് സ്വയം പഠിച്ചു. പ്രിലിമിനറി എഴുതിക്കഴിഞ്ഞപ്പോൾ ആത്മവിശ്വാസമായി തുടർന്ന് മെയിൻ പരീക്ഷയ്ക്കുള്ള ശ്രമം തുടങ്ങി. ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഒന്നു മുതൽ ബിരുദതലം വരെ രണ്ടാം ഭാഷയായി പഠിച്ചത് അറബിക് ആയിരുന്നു. പാലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ ഒരു മാസത്തോളം മലയാളത്തിൽ പരിശീലനം നേടി. പിന്നീടു ഫാറൂഖ് കോളജി ലെ പിഎംഇൻസ്റ്റിറ്റ്യൂട്ടിൽ കഠിന പരിശീലനം. മലയാളത്തിലാണു സിവിൽ സർവീസിന്റെ മെയിൻ പരീക്ഷ എഴുതിയത്. പിന്നീട് ഇന്റർവ്യൂ. ശിഹാബ് നേരിട്ട ഒരു ചോദ്യം ഇതായിരുന്നു. അധ്യാപകനായിരുന്ന താങ്കൾ പഠിപ്പിക്കുന്ന ക്ലാസിനെ മുഴുവൻ കുട്ടികളുടെയും പേരറിയുമോ? പേര് മാത്രമല്ല ഓരോ കുട്ടിയുടെയും വീട്ടു കാര്യങ്ങൾ വരെ അറിയാമെന്നായിരുന്നു മറുപടി.

കടപ്പാട് 

സിവിൽ സർവീസ് വിജയഗാഥകൾ 

മഹേഷ് ഗുപ്തൻ 

മനോരമ ബുക്സ്