Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയില്ലെന്ന പ്ലക്കാര്‍ഡുമായി നിന്നു; ഇപ്പോൾ അവസരങ്ങളുടെ പെരുമഴ

resume-on-road

''വീടില്ല, വിജയത്തിനായി വിശപ്പുണ്ട്. ഒരു റെസ്യൂമേ സ്വീകരിക്കൂ''. ഈ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുമായി ഒരു യുവാവ് വഴിയരികില്‍ നിന്നാല്‍ എന്തു സംഭവിക്കും. നമ്മുടെ നാട്ടിലാണെങ്കില്‍ വഴിയേ പോകുന്നവര്‍ക്കുള്ള രസക്കാഴ്ചയായി ഒരുപക്ഷേ അത് അവസാനിച്ചേക്കാം. എന്നാല്‍ അങ്ങ് കാലിഫോര്‍ണിയയില്‍ പ്ലക്കാര്‍ഡുമായി നിന്ന 26കാരനെ തേടി എത്തിയതു ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും ലിങ്ക്ഡ് ഇന്നും അടക്കമുള്ള ഇരുന്നൂറോളം കമ്പനികള്‍. ഇതിനു വഴിയൊരുക്കിയതാകട്ടെ സമൂഹ മാധ്യമമായ ട്വിറ്ററും. 

ഡേവിഡ് കാസറസ് എന്ന വെബ് െഡവലപ്പറാണു സമൂഹ മാധ്യമത്തിന്റെ ശക്തി കണ്ട് അമ്പരന്നു നില്‍ക്കുന്നത്. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റ് ബിരുദധാരിയായ ഡേവിഡ് വിവിധ പാര്‍ക്കുകളിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. ജനറല്‍ മോട്ടേഴ്‌സിലെ ജോലി ഉപേക്ഷിച്ച് സിലിക്കണ്‍ വാലിയിലെത്തിയതു സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന സ്വപ്‌നവുമായാണ്. സ്റ്റാര്‍ട്ട് അപ്പ് സ്വപ്‌നമായി അവശേഷിക്കുകയും പഴയ ജോലിയില്‍ നിന്നു നേടിയ സമ്പാദ്യമെല്ലാം തീരുകയും ചെയ്തതോടെയാണു പെരുവഴിയിലായത്. ഒരു വര്‍ഷത്തോളം കാറിലായിരുന്നു താമസം. ഒരു മാസം മുന്‍പു കാറും കടക്കാര്‍ പിടിച്ചെടുത്തതോടെ ഉറക്കം പാര്‍ക്കിലായി. 

വെബ് ഡിസൈന്‍, ലോഗോ ഡിസൈന്‍ ഫ്രീലാന്‍സിങ്ങില്‍ നിന്നു ലഭിക്കുന്ന തുക കൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നത്. ഗത്യന്തരമില്ലാതെയാണു കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ഒരു ദിവസം രാവിലെ ഡേവിഡ് പ്ലക്കാര്‍ഡുമായി ഇറങ്ങിയത്. നല്ല ഷര്‍ട്ടും പാന്റും ടൈയുമൊക്കെ ഇട്ട് എക്‌സിക്യൂട്ടീവ് സ്റ്റൈലില്‍ തന്നെയായിരുന്നു നില്‍പ്. 

അപ്പോഴാണ് ആ വഴി വണ്ടിയുമോടിച്ച് വന്ന ജാസ്മിന്‍ സ്‌കോഫീല്‍ഡെന്ന ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടത്. പണം യാചിക്കാതെ തൊഴില്‍ അഭ്യർഥിക്കുന്ന യുവാവിനെ അവഗണിച്ചു പോകാന്‍ ജാസ്മിനു കഴിഞ്ഞില്ല. ജാസ്മീന്‍ ഡേവിഡിന്റെ അനുവാദത്തോടെ ചിത്രമെടുത്തു സഹായ അഭ്യർഥനയുമായി ട്വിറ്ററിലിട്ടു. 

പിന്നീടു നടന്ന കാര്യങ്ങള്‍ ജാസ്മിനെയും ഡേവിഡിനെയും ഒരു പോലെ ഞെട്ടിച്ചു. മണിക്കൂറുകള്‍ക്കം ഈ ട്വീറ്റിനു ലഭിച്ചതു 2.1 ലക്ഷം ലൈക്കുകളും 1.3 ലക്ഷം റീട്വീറ്റുകളും. പിന്നാലെ എത്തി ഗൂഗിള്‍ അടക്കമുള്ള കമ്പനികളില്‍ നിന്നു ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിളികള്‍. സമൂഹ മാധ്യമങ്ങള്‍ വഴി ട്രോളും ചീത്തവിളിയും മാത്രമല്ല ഇങ്ങനെ ചില നല്ല കാര്യങ്ങളും നടക്കുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാവുകയാണ് ഈ സംഭവം. 

Job Tips >>