Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സുണർത്തിയാൽ ഏതു ലക്ഷ്യവും നേടാം

591823914

വ്യത്യസ്ത മേഖലകളിൽ നിന്ന് നക്ഷത്രങ്ങളായി ഉയർന്നു പോയ ഒരുപാട് പ്രതിഭാശാലികളുണ്ട്. അവരാരൊക്കെ എന്നല്ല, അവരെങ്ങനെ ആ നിലയിലെത്തി എന്നാണ് അറിയേണ്ടത്. അതന്വേഷിച്ചു പോകുമ്പോൾ ഒരു സത്യം മനസ്സിലാകും. അവരെല്ലാം മനസ്സിൽ തങ്ങളുടെ ലക്ഷ്യം ദൃഢമായി ഉറപ്പിച്ചു കൊണ്ടായിരുന്നു ചുവടുകൾ വച്ചത്. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികളുണ്ടാവാതിരിക്കില്ല. പക്ഷേ, അതെല്ലാം പുല്ലു പോലെ വകഞ്ഞുമാറ്റി മുന്നോട്ടുപോകാൻ അവർക്കായി. മനസ്സ് എന്ന മഹാമാന്ത്രികന്റെ കൈകളാണ് ഇവരെ വിജയത്തിലേക്കു നയിച്ചത്. ഈ മാന്ത്രികന്റെ കളികളെക്കുറിച്ച് മന സ്സിലാക്കിക്കഴിഞ്ഞാൽ നിങ്ങൾക്കും ഉയരങ്ങൾ കീഴടക്കാം. ഏതു രംഗത്തും ഒന്നാമനാകാം. പരീക്ഷകളും ഇന്റർവ്യൂകളും അനായാസം മറികടക്കാം. മനസ്സു നേരേ നിൽക്കുന്നില്ല, ഏകാഗ്രത കിട്ടുന്നില്ല, പഠിച്ചതെല്ലാം മറന്നുപോകുന്നു ഇതൊക്കെയാണല്ലോ സാധാരണയായി വിദ്യാർഥികളെ കുഴക്കുന്ന പ്രശ്നങ്ങൾ. മനസ്സ് എന്ന മാന്ത്രികക്കുതിരയ്ക്ക് ഒരു കടിഞ്ഞാണിടുകയേ വേണ്ടൂ. പിന്നെ എല്ലാം ചൊൽപ്പടിയിൽ നിൽക്കും.

‘അതൊക്കെ എന്നെക്കൊണ്ടു പറ്റുമോ?’
മനസ്സിൽ കാണുന്നതൊക്കെ നടക്കുമോ? രത്തൻ ടാറ്റയോ ബാറക് ഒബാമയോ ഒക്കെ ആവാൻ മനസ്സുവച്ചാൽ മതിയെങ്കിൽപ്പിന്നെ ലോകം തന്നെ മാറിപ്പോവില്ലേ? ഈ ചോദ്യങ്ങൾക്ക് മനസ്സിന്റെ അദ്ഭുതശക്തികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ നമുക്ക് ഉത്തരം തരുന്നു. ഉപബോധമനസ്സിനെ ഉണർ ത്തിയാൽ ലോകം കീഴടക്കാനാവുമെന്നാണ‌് സിഗ്മണ്ട് ഫ്രോയിഡിനെപ്പോലുള്ള ഗവേഷകർ അഭിപ്രായപ്പെടുന്നത്. ലോകത്തെ മികച്ച പ്രതിഭാശാലികളാരും മനഃശക്തിയുടെ പത്തു ശതമാനം പോലും പ്രയോജനപ്പെടുത്തിയിട്ടില്ലത്രേ!

മൈൻ‍ഡ് പവര്‍ ഒരു പഠനശാഖ
മനസ്സിന്റെ ശക്തിയെക്കുറിച്ചുള്ള ശാസ്ത്രം ഇന്ന് ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരു പുതിയ ശാസ്ത്രശാഖയായിത്തന്നെ മാറിയിരിക്കുന്നു. ഈ രംഗത്ത് നടന്നിട്ടുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ജീവിത വിജയത്തിന് മനസ്സിന്റെ ശക്തിയെ എങ്ങനെ പ്രയോജനപ്പെ ടുത്താമെന്ന വിഷയം ഇന്ന് ഗൗരവമായി ചർച്ച ചെയ്തു വരികയാണ്.  

പതിനെട്ടാം നൂറ്റാണ്ടിലാണ് മൈൻഡ് പവർ‌ സയൻസ് പ്രചാരം നേടാൻ തുടങ്ങിയത്. 1904 ൽ ജെയിംസ് അലൻ രചിച്ച As A Man Thinketh, 1964- ൽ അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ജോസഫ് മർഫിയുടെ The Power of Your Subconscious Mind എന്നീ പുസ്തകങ്ങൾ മൈന്‍ഡ് പവർ സയൻസിനെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ്. ടെക്സാസിലെ ജോസ് സിൽവ മൈൻഡ് കണ്‍ട്രോൾ മെത്തേ‍ഡിനെക്കുറിച്ച് ആനുകാലികങ്ങളില്‍ ധാരാളം എഴുതിയിട്ടുണ്ട്. 2000–മാണ്ടായാപ്പോഴേക്കും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടത് രോഗങ്ങൾ വരുന്നത് മനസ്സിന്റെ പ്രതിഭാസം കൊണ്ടാണെന്നാണ്. അമേരിക്കയിലെ പ്രശസ്തയായ ചിന്തകയും എഴുത്തുകാരിയുമായ ലൂയി ഹേ ചിന്തയെ ക്കുറിച്ചു നടത്തിയ പഠനങ്ങൾ വളരെ ശ്രദ്ധേയമാണ്. മനസ്സിന് കാൻസർ വരെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. 2006–ൽ പുറത്തിറങ്ങിയ ദ സീക്രട്ട് എന്ന പുസ്തകം മനസ്സ് അഡ്ജസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇങ്ങനെ ഗൗരവമേറിയ പല പഠനങ്ങളും നടത്തിയിട്ടുള്ള മൈൻഡ് പവർ സയൻസിന് ഇന്ന് ലോകവ്യാപകമായി പ്രചാരമേറുകയാണ്. ഒപ്പം മനസ്സ് കൂടുതൽ കൂടുതൽ പഠനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നു. 

എവിടെയാണ് മനസ്സ്?
ഇത്രയും ശക്തമായ മനസ്സ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയുമോ? ഇതേക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയർന്നു വന്നിട്ടുണ്ട്. മനസ്സിന്റെ സ്ഥാനം ഹൃദയത്തിൽതട്ടി പറയുകയാണ്, എന്റെ മനസ്സറിയാത്ത കാര്യമാണ്, ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ് എന്നൊക്കെ നെഞ്ചത്ത് കൈ അമർത്തിക്കൊണ്ടാണ് എല്ലാവരും പറയാറ്. പക്ഷേ, ഹൃദയത്തെ കീറിമുറിക്കുന്ന ഒരു സർജനും ഇതുവരെ അവിടെ മനസ്സ് ഉള്ളതായി കണ്ടിട്ടില്ല. മനസ്സ് തലച്ചോറിലാണെന്ന് ധരിക്കുന്നവരുമുണ്ട്. മനസ്സിലാവുന്നില്ല എന്നതിന് തലയിൽ കയറുന്നില്ല എന്നു പറയാറില്ലേ? എന്നാൽ ഒരു ഡോക്ടറും ഇന്നേവരെ മസ്തിഷ്കത്തിനുള്ളിൽ മനസ്സിനെ കണ്ടതായി പറഞ്ഞു കേട്ടിട്ടില്ല. അപ്പോള്‍പിന്നെ എവിടെയാണ് മനസ്സിന്റെ സ്ഥാനം? അതൊരു പ്രഹേളിക യാണ്. പിടികിട്ടാത്ത അദ്ഭുതം. ഇതുപോലെതന്നെയാണ് മനഃശക്തിയുടെ കാര്യവും. മനസ്സിന്റെ അപാരശക്തിയെ അളക്കാൻ നമുക്ക് അളവുകോലുകളില്ല. 

മനസ്സെന്ന സോഫ്റ്റ് വെയർ
പ്രകാശത്തേക്കാൾ വേഗം, പസഫിക്കിനേക്കാൾ അഗാധം, ഹിമാലയത്തേക്കാൾ ഉറപ്പ്! മനസ്സിന് ഇങ്ങനെ പല പ്രത്യേക തകളുമുണ്ട്. ശരീരം എന്ന കംപ്യൂട്ടറിലെ സോഫ്റ്റ് വെയറാണ് മനസ്സ്. നമ്മുടെ ആവശ്യം അല്ലെങ്കിൽ ലക്ഷ്യം ഏതാണോ അതിനനുസരിച്ച് വികസിപ്പിച്ചെടുക്കുന്നതാണല്ലോ സോഫ്റ്റ് വെയർ. മനസ്സും അതുപോലെയാണ്. നമ്മുടെ ജീവിതലക്ഷ്യ മേതാണെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ മനസ്സെന്ന സോഫ്റ്റ് വെയറിനെ അതിലേക്ക് ട്യൂൺ ചെയ്യണം. പിന്നെ എല്ലാം എളുപ്പമായി. തീരുന്നില്ല; മനസ്സിന്റെ ഘടനയിൽ ഇനിയും ചിലതു കൂടിയുണ്ട്. മനുഷ്യമനസ്സിന് രണ്ടു തലങ്ങളാണുള്ളത്. ബോധമനസ്സ് (conscious mind), ഉപബോധമനസ്സ് (Subconscious mind) എന്നിവയാ ണത്. ചിന്ത, എഴുത്ത്, മറ്റു ദൈനം ദിന പ്രവൃത്തികൾ ഇവയെല്ലാം നിയന്ത്രിക്കുന്നത് ബോധമനസ്സാണ്. 

ബോധമനസ്സ് ഒരു സെൻസർ
ഫ്രോയിഡിന്റെ സിദ്ധാന്തമനുസരിച്ച് ഉപബോധമനസ്സ് ഓർമകൾ സൂക്ഷിച്ചുവയ്ക്കുന്ന നിശ്ചലമായ ഒരു അറയല്ല. അത് ചലനാത്മകവും നിർണായകവുമാണ്. ബോധമനസ്സ് പ്രവർത്തിക്കാതിരിക്കുമ്പോൾ (ഉറങ്ങുമ്പോൾ) ഉപബോധമനസ്സ് ഉണർന്നിരുന്ന് പ്രവർത്തിക്കും. ഉപബോധമനസ്സിന്റെ ശക്തിക്ക് അതിരുകളില്ല. സ്ഥലകാല പരിമിതികളില്ല. നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം, നാഡീഞരമ്പുകളുടെ പ്രവർത്തനം, ദഹനപ്രക്രിയ, രോഗപ്രതിരോധം, രോഗവിമുക്തി തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് ഉപബോധമനസ്സാണ്. ഉപബോധമനസ്സിലേക്ക് കാര്യങ്ങളോരോന്നുമെടുത്ത് ഏത് കടത്തിവിടണം, എങ്ങനെ കടത്തിവിടണം എന്നൊക്കെ തീരുമാനിക്കുന്ന ‘സെൻസർ’ ആയാണ് ബോധമനസ്സ് പ്രവർത്തിക്കുന്നത്. അതായത് കൂടുതൽ ശക്തിയുള്ളത് ഉപബോധമനസ്സാണെന്നർഥം. 

അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഉപബോധമനസ്സ്
ഉപബോധമനസ്സിനെ ഉണർത്തിയെടുത്താൽ നമുക്ക് അദ്ഭുതങ്ങൾ പലതും ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യോഗീശ്വരന്മാരും മറ്റും മനുഷ്യസാധ്യമല്ലാത്ത പല അദ്ഭുതങ്ങളും കാണിക്കാറില്ലേ? ആഹാരം കഴിക്കാതെ വർഷങ്ങളോളം ജീവിക്കുക, ജലാശയത്തിന്റെ ഉപരിതലത്തിൽ കിടക്കുക എന്നിങ്ങനെ. ഇതിന്റെ പിന്നിലെന്താണെന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളും ഒപ്പം നടക്കുകയുണ്ടായി. ആഹാരമില്ലാതെ ജീവിക്കാമെങ്കിൽ ബഹിരാകാശപേടകത്തിൽ മനുഷ്യനെ അയയ്ക്കാനുള്ള സാധ്യതയാണ് ‘നാസ’ മുന്നിൽ കണ്ടത്. സൂര്യനിൽ നിന്ന് ഊർജം സ്വീകരിച്ചുകൊണ്ടാണ് യോഗി ആഹാരമില്ലാതെ ജീവിച്ചതത്രേ. മനസ്സിനെ ശാക്തീകരിച്ചതിലൂടെയാണ് അത് സാധ്യമായത്. ബോധമനസ്സിനെയും ഉപബോധമനസ്സിനെയും ഒരു നേർരേഖയിൽ കൊണ്ടുവന്ന ശേഷം ഉപബോധമനസ്സിനെ കാര്യങ്ങൾ ധരിപ്പിക്കുന്നു. പിന്നെ ഉപബോധമനസ്സ് അതുപോലെ പ്രവർത്തിച്ചുകൊള്ളും. 

മനസ്സിനെ ശക്തിപ്പെടുത്താം
മനസ്സിനെ ഈ രീതിയിൽ മെരുക്കിയെടുക്കണമെങ്കിൽ ചില പരിശീലനങ്ങൾ ആവശ്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിലെ ബ്ലൂപ്രിന്റ് മാറ്റുകയാണ്. ആവശ്യമില്ലാത്ത ആശങ്കകളും ഭയവും സംശയങ്ങളും അപകർഷതാ ബോധവുമൊക്കെ നിറഞ്ഞ ഒരു ബ്ലൂപ്രിന്റാണ് നമ്മുടെയൊക്കെ മനസ്സിലുള്ളത്. ശരീരത്തിലുള്ള അഴുക്ക്  കളയാൻ നാം എല്ലാ ദിവസവും കുളിക്കാറില്ലേ? അതുപോലെ മനസ്സും ശുദ്ധീകരിക്കണം. പ്രാർത്ഥന, ധ്യാനം, ആരാധന, കർമങ്ങൾ ഇവയിലൊക്കെ മനസ്സർപ്പിക്കുമ്പോൾ ബോധമനസ്സിൽ നിന്ന് ഉപബോധമനസ്സിലേക്കുള്ള ഊർജപ്രവാഹമാണ് നടക്കുന്നത്. ഭക്തരുടെ കവിളിലൂടെ ശൂലംകുത്തിക്കയറ്റുമ്പോൾ വേദനിക്കാത്തതെന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടില്ലേ? ഇവിടെ ഉപബോധമനസ്സാണ് ഉണർന്നിരിക്കുന്നത്. കൊട്ടും കുരവയും സുഗന്ധവും മന്ത്രജപങ്ങളുമൊക്കെ ഉയരുന്ന ആ പ്രത്യേക അന്തരീക്ഷത്തിൽ ബോധമനസ്സ് മയങ്ങുകയായിരിക്കും. 

മനഃശക്തി എന്ന അപാരശക്തി
അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മനഃശക്തി (mind power)യെക്കുറിച്ചുള്ള ഗവേഷണങ്ങൾ. തളർവാതരോഗിയായ ഒരു സ്ത്രീ സ്വന്തം കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ വീണപ്പോൾ ചാടിയെഴുന്നേറ്റ് കുട്ടിയെ എടുത്തതും അതു കഴിഞ്ഞ് പഴയ അവസ്ഥയിലായതും ഗവേഷണത്തിനു വിധേയമായ ഒരു സംഭവമാണ്. സംഗീതം  കൊണ്ട് രോഗത്തെ കീഴടക്കുന്നതിനു പിന്നിലും മനസ്സിന്റെ അദ്ഭുത പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

മനസ്സിനെ ട്യൂൺ ചെയ്ത് നേട്ടങ്ങളുണ്ടാക്കാം 
ഇതു പോലെ പോസിറ്റീവ് എനര്‍ജി നൽകിക്കൊണ്ട് മനസ്സിനെ ശക്തിപ്പെടുത്തിയാൽ അനായാസം ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. ഇതു വഴി മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കാനാവും. വിദ്യാർഥികൾക്ക് മനസ്സിനെ ട്യൂൺ ചെയ്തുകൊണ്ട് മികച്ച നേട്ടങ്ങൾ കൊയ്യാം. അതിനായി ഒരു ലക്ഷ്യം അല്ലെങ്കിൽ സ്വപ്നം മനസ്സിൽ നട്ടുപിടിപ്പിക്കണമെന്നു മാത്രം. ‘നിങ്ങൾ സ്വപ്നങ്ങൾ കാണാൻ പഠിക്കണം’ എന്ന് നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം കുട്ടികളോടു പറഞ്ഞത് അതുകൊണ്ടാണ്. എങ്കിലേ മനസ്സ് എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുക്കാനാവൂ. കുറച്ചു കൂടി വിശദമായി പറഞ്ഞാൽ ഒരു വസ്തു രണ്ടു തവണ നിർമിക്കപ്പെടുന്നു എന്നർഥം. ആദ്യം അതു രൂപകല്പന ചെയ്യുന്നയാളിന്റെ മനസ്സിൽ, രണ്ടാമത് മനസ്സിലെ നിർമിതിയുടെ സങ്കല്പനം അതിശക്തമാകുമ്പോൾ യഥാർഥമായി നിര്‍മിക്കപ്പെടുകയാണ്. ഒരു ചിന്ത ആവർത്തിച്ചാവർത്തിച്ചും തീവ്രമായും മനസ്സിൽ രൂപം കൊള്ളുമ്പോൾ അത് യാഥാർഥമായിത്തീരുകയാണ് ചെയ്യുക. ഇങ്ങനെ നിരന്തരം നിങ്ങൾ കാണുന്ന സ്വപ്നം പൂവണിയുന്ന ഒരു ദിവസം വരും. അതാണ് മഹാത്മാക്കളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അലക്സാണ്ടർ മഹാനായതിനു പിന്നിൽ അരിസ്റ്റോട്ടിൽ എന്ന ഗുരുവുണ്ട്, ഒപ്പം ലക്ഷ്യത്തിലേക്ക് കണ്ണു നട്ട് ജീവിതത്തിലെ ഓരോ ചുവടും വയ്ക്കാനുള്ള മനോ ബലവും ആത്മവിശ്വാസവും അലക്സാണ്ടർ കാണിച്ചിരുന്നു. 

മനസ്സുവച്ചാൽ എല്ലാം ശരിയാകും
മനസ്സിൽ കാണുന്നതൊക്കെ നടക്കുമോ? രത്തൻ ടാറ്റയേയോ ബാറക് ഒബാമയേയോ ഒക്കെ സ്വപ്നം കണ്ടുകൊണ്ടു നട ന്നാൽ അവരെപ്പോലെയാകാൻ കഴിയുമോ? ഈ ചോദ്യം സ്വാഭാവികമാണ്. ഇവിടെയാണ് മനസ്സ് എന്ന മഹാമാന്ത്രി കനെക്കുറിച്ച് പഠിക്കേണ്ടത്. ഉപബോധമനസ്സിനെ ഉണർത്തി യാൽ ലോകം കീഴടക്കാനാവുമെന്നാണ് ആധുനിക ഗവേഷ കർ അഭിപ്രായപ്പെടുന്നത്. ലോകത്തെ മികച്ച പ്രതിഭാശാലി കൾ പോലും മനഃശക്തിയുടെ പത്തു ശതമാനം പോലും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നും ഇവർ കണ്ടെത്തുന്നു. അത്രയ്ക്ക് അപാരമാണ് മനസ്സിന്റെ ശക്തി.

ഉപബോധമനസ്സിനെ ഉണർത്തിയാൽ
ഉപബോധമനസ്സിനെ ഉണർത്തിയെടുത്താൽ നമുക്ക് അത്ഭുതങ്ങൾ പലതും ചെയ്യാൻ സാധിക്കുമെന്നാണ് മൈന്‍ഡ് പവർ തിയറി വ്യക്തമാക്കുന്നത്. യോഗീശ്വരന്മാരും മറ്റും ചെയ്യുന്ന അത്ഭുതങ്ങൾക്കു പിന്നിൽ ഈ തത്ത്വമാണ് പ്രവര്‍ത്തിക്കുന്നത്. ബോധമനസ്സിനെയും ഉപബോധമനസ്സിനെയും ഒരു േനർരേഖയിൽ കൊണ്ടുവന്നശേഷം ഉപബോധമനസ്സിനെ കാര്യങ്ങൾ ധരിപ്പിക്കണം. നമ്മൾ ആരായിത്തീരണമെന്ന് ഉപബോധമനസ്സിനെ ബോധ്യപ്പെടുത്തണം. പിന്നെ ആ ലക്ഷ്യ ത്തിലേക്ക് നമ്മെ കൈപിടിച്ചു നടത്തിക്കോളും. 

മനസ്സിൽ ഒരു ശുദ്ധികലശം
മനസ്സിനെ ഈ രീതിയിൽ മെരുക്കിയെടുക്കണമെങ്കിൽ ചില പരിശീലനങ്ങൾ ആവശ്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിലെ മാലിന്യക്കൂമ്പാരം നീക്കി ഒരു ശുദ്ധികലശം നടത്തണം. ആവശ്യമില്ലാത്ത ആശങ്കകളും ഭയവും സംശയങ്ങളും അപകർഷതാബോധവുമൊക്കെ നിറ‍ഞ്ഞ ഒരു ബ്ലൂപ്രിന്റ് നമ്മുടെ മനസ്സിലുണ്ട്. അതു നീക്കം ചെയ്യലാണ് പ്രധാനം. ശരീരത്തിലുള്ള അഴുക്ക് കളയാൻ നാം എല്ലാ ദിവസവും കുളിക്കാറില്ലേ? അതു പോലെ മനസ്സും ശുദ്ധീകരിക്കണം.

മനസ്സിലെ മാലിന്യങ്ങൾ‌
ഭയം 

ആശങ്ക

പ്രതികാരം

കോപം

അഹങ്കാരം

അപകർഷതാബോധം

നിരാശ

അസൂയ

അസഹിഷ്ണുത

ഗർവ്

മനസ്സിനെ ശക്തമാക്കാൻ ആധുനിക മനശ്ശാസ്ത്രശാഖ വിഭാവനം ചെയ്യുന്ന ശാസ്ത്രീയമായ പരിശീലന പരിപാടികളുണ്ട്. സമാനമായ അനേകം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഒരു സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്ത് കംപ്യൂട്ടറിനെ പരമാവധി പ്രയോജനപ്പെടുത്തുന്നതുപോലെയാണിത്. ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിനായി മനസ്സിനെ പ്രോഗ്രാം ചെയ്യാം.

കടപ്പാട്: മനോരമ ബുക്സ്