Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 ാം ക്ലാസില്‍ സ്‌കൂളിനു പുറത്ത്; ഇന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍

nandakumar

മണ്ടനെന്നു വിധിയെഴുതി ആറാം ക്ലാസില്‍ വച്ചു സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട കുട്ടി. ലോട്ടറി വിറ്റും വര്‍ക്ക്‌ഷോപ്പിലും ചായക്കടയിലും ടിവി റിപ്പയറിങ് കേന്ദ്രത്തിലും ജോലിയെടുത്തും പിന്നിട്ട ഇല്ലായ്മകളുടെ ബാല്യം. ഡിസ്‌ലെക്‌സിയ എന്ന പഠന വൈകല്യമാണ് ആ കുട്ടിക്കെന്നു തിരിച്ചറിയാത്ത അധ്യാപകര്‍ അവനെ അധിക്ഷേപിച്ചു, സഹപാഠികള്‍ കണ്ട ഭാവം നടിക്കാതെ തിരിഞ്ഞു നടന്നു. 

പക്ഷേ തോറ്റു കൊടുക്കാന്‍ അവനും തയാറായിരുന്നില്ല. ഒറ്റപ്പെടുത്തലും കളിയാക്കലുകളും ജീവിതമെന്ന പരീക്ഷ ജയിക്കാനുള്ള അവന്റെ ആഗ്രഹത്തിനു കരുത്തു പകര്‍ന്നു. പഠന വൈകല്യത്തിനു മേല്‍ കഠിനാധ്വാനം വിജയം നേടിയപ്പോള്‍ അവന്‍ നടന്നു കയറിയത് ഇന്ത്യന്‍ ഭരണചക്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സിവില്‍ സര്‍വീസിലേക്ക്. വി. നന്ദകുമാര്‍ എന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്റെ കഥ ഏതൊരു വിദ്യാർഥിയെയും പ്രചോദിപ്പിക്കുന്നതാണ്. 

ഹോംവര്‍ക്കും പരീക്ഷയുമൊന്നുമില്ലാത്ത, സ്‌കൂളിനു പുറത്തുള്ള ജീവിതം ആദ്യ ദിനങ്ങളില്‍ നന്ദകുമാര്‍ ആസ്വദിച്ചു. എന്നാല്‍ പഴയ കൂട്ടുകാര്‍ യൂണിഫോമിട്ടു സ്‌കൂളിലേക്കു വരുന്നതും പോകുന്നതുമൊക്കെ ദിവസവും കണ്ടു തുടങ്ങിയപ്പോള്‍ പതിയെ സങ്കടമായി. മറ്റു സ്‌കൂളുകളില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും ഒരിടത്തു നിന്നു പുറത്താക്കിയ ഉഴപ്പന്‍ കുട്ടിക്കു സീറ്റ് നല്‍കാന്‍ ആരും തയാറായില്ല. അതുകൊണ്ട് ഒരു കൂട്ടുകാരന്റെ ഉപദേശം അനുസരിച്ചു തനിയെ പഠിച്ചു പ്രൈവറ്റായി പരീക്ഷയെഴുതി. 52 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തീകരിക്കുകയും ചെയ്തു. 

കോളജായിരുന്നു അടുത്ത കടമ്പ. മാര്‍ക്ക് കുറവായ പ്രൈവറ്റ് വിദ്യാർഥിക്കു സീറ്റു നല്‍കാന്‍ പല കോളജുകളും മടിച്ചു. ഒടുവില്‍ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിഎ ഇംഗ്ലിഷ് സാഹിത്യത്തിനു സീറ്റു ലഭിച്ചു. കോളജില്‍ ചേരുമ്പോള്‍ ഇംഗ്ലിഷില്‍ തെറ്റില്ലാതെ ഒരു വാചകം എഴുതാന്‍ കൂടി അറിയില്ലായിരുന്നു. പക്ഷേ, നന്ദകുമാറിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവും ഫലം കണ്ടപ്പോള്‍ ഡിഗ്രിക്ക് ആ ബാച്ചില്‍നിന്നു തന്നെ ഡിസ്റ്റിങ്ഷന്‍ ലഭിച്ച ഏക വിദ്യാർഥിയായി. തുടര്‍ന്ന് പ്രസിഡന്‍സി കോളജില്‍നിന്നു ബിരുദാനന്തരബിരുദം. അവിടെ പഠിക്കുമ്പോഴാണ് ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നത്. 

പഠിക്കുന്ന കാര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി ആലോചിക്കാന്‍ സിവില്‍ സര്‍വീസ് പരിശീലനം സഹായകമായി. ഒടുവില്‍ 2004ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 334-ാം റാങ്കുമായി നന്ദകുമാര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തി. നിലവില്‍ ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മിഷണറായ നന്ദകുമാര്‍ വിദ്യാർഥികള്‍ക്കു കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും എടുക്കാറുണ്ട്. 

Job Tips >>