കുട്ടി കമാന്‍ഡോകളുമായി പുരസ്‌കാരത്തിലേക്ക്

വെളിയിട വിസര്‍ജ്ജനം അവസാനിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. വിവിധ ഗവണ്‍മെന്റ് വകുപ്പുകളും സംഘടനകളുമൊക്കെ ഇതിനായി ശൗചാലയ നിര്‍മാണവും ബോധവത്ക്കരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഈ ദൗത്യത്തിൽ സ്‌കൂള്‍ കുട്ടികള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നതിന്റെ ഉത്തരമാണ് കുട്ടി കമാന്‍ഡോസ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള മലുമിച്ചാംപെട്ടി പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളാണ് ഇത്തരമൊരു ആശയം നടപ്പാക്കിയത്. 

അഞ്ചാം ക്ലാസിലെ കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. കുട്ടി കമാന്‍ഡോസ് എന്നറിയപ്പെട്ടുന്ന വിദ്യാർഥിസംഘം മാതാപിതാക്കളുടെ സഹായത്തോടെ രാവിലെ അവരുടെ പ്രദേശത്തു റോന്തു ചുറ്റും. ആരെങ്കിലും വെളിയിടങ്ങളില്‍ വിസര്‍ജ്ജനം നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരു കുറിച്ചെടുത്തു പ്രധാന അധ്യാപികയെ ഏല്‍പ്പിക്കും. അധ്യാപിക ആ പേരുകള്‍ പഞ്ചായത്തു പ്രസിഡന്റിനു കൈമാറും. 

ശൗചലയങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ പഞ്ചായത്ത് അധികൃതര്‍ ഇവര്‍ക്കു ശൗചാലയം നിര്‍മിച്ചു നല്‍കും. അല്ലെങ്കില്‍ ശൗചാലങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച ബോധവൽക്കരണം നല്‍കും. പൊതു ശൗചലയങ്ങളുടെ വൃത്തി, ജലലഭ്യത തുടങ്ങിയ സൗകര്യങ്ങളും കുട്ടി കമാന്‍ഡോസ് ഉറപ്പു വരുത്തും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പൗരബോധം ഉണര്‍ത്താന്‍ സഹായിക്കുന്ന ഈ കുട്ടികമാന്‍ഡോ പദ്ധതിക്ക് രാജ്യവ്യാപക ശ്രദ്ധ ലഭിക്കുകയുണ്ടായി. 

കുട്ടി കമാന്‍ഡോ ഉള്‍പ്പെടെയുള്ള പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് ദേശീയ അധ്യാപക പുരസ്‌കാരത്തിന് പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. സതിയെ അര്‍ഹയാക്കിയത്. വിവിധ ഗവണ്‍മെന്റ് സ്‌കൂളുകളിലായി 23 വര്‍ഷത്തെ അധ്യാപന പരിചയം സതിക്കുണ്ട്. 

ചരിത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ ഈ അധ്യാപിക സ്‌കൂളില്‍ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാറുണ്ട്. 2012-13ലാണ് മലുമിച്ചാംപെട്ടി പ്രൈമറി സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെടുന്നത്. കുട്ടിക്കാലത്തു മെഡിസിന്‍ പഠിക്കണമെന്നായിരുന്നു ആഗ്രഹം. വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരനായിരുന്ന പിതാവിന്റെ ഉപദേശപ്രകാരമാണ് അധ്യാപക പരിശീലന പരിപാടിക്കു ചേരുന്നത്. പിന്നീട് അധ്യാപനത്തിലാണു തന്റെ അഭിനിവേശമെന്നു തിരിച്ചറിഞ്ഞു. 

പ്ലാസ്റ്റിക് രഹിത സമൂഹത്തിനായി അവബോധമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് സതി ടീച്ചറും കുട്ടികളും ഇപ്പോള്‍. ആദ്യ ഘട്ടമായി കുട്ടികള്‍ക്കു സ്റ്റീല്‍ ചോറ്റുപാത്രങ്ങളും വെള്ളക്കുപ്പികളും നിര്‍ബന്ധമാക്കും. പിന്നീടു കുട്ടികമാന്‍ഡോ സംഘത്തെ ഉപയോഗിച്ചു പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തെപ്പറ്റി പ്രദേശത്തു ബോധവൽക്കരണം നടത്തും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരവാദിത്തമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണു ടീച്ചറുടെ പ്രതീക്ഷ. 

Job Tips >>