Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ടീച്ചര്‍

will

ക്ലാസ്‌റൂമുകളൊക്കെ ഡിജിറ്റലാകാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വരെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ നിര്‍മിക്കുന്ന കാലം. എന്നാല്‍ അധ്യാപകരുടെ സ്ഥാനത്ത് അപ്പോഴും നമ്മുടെ ജേക്കബ് സാറും മഞ്ജു ടീച്ചറും സുബൈര്‍ മാഷും ഒക്കെ തന്നെയായിരുന്നു. അതായത്, മജ്ജയും മാംസവുമുള്ള പച്ച മനുഷ്യര്‍. 

എന്നാല്‍ അക്കാലവും എണ്ണപ്പെട്ടു കഴിഞ്ഞതായാണു ന്യൂസീലന്‍ഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അവിടുത്തെ ഓക്‌ലാന്‍ഡ് നഗരത്തിലെ ചില പ്രൈമറി സ്‌കൂളുകളില്‍ അടുത്തിടെ പുതിയൊരു അധ്യാപകനെത്തി. പേര് വില്‍. പഠിപ്പിക്കുന്ന വിഷയം പുനര്‍നിര്‍മാണ യോഗ്യമായ ഊര്‍ജം അഥവാ റിന്യൂവബിള്‍ എനര്‍ജി. പഠിപ്പിക്കുന്നതൊക്കെ സാധാരണ അധ്യാപകരെപ്പോലെ തന്നെ. ഒരു വ്യത്യാസം മാത്രം- ആളൊരു ഡിജിറ്റല്‍ ടീച്ചറാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ ഉൽപന്നം. ലോകത്തിലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ ടീച്ചര്‍ എന്ന വിശേഷണമാണ് വില്ലിനു ലഭിച്ചിരിക്കുന്നത്.

ഡെസ്‌ക്ടോപ്പ്, ടാബ്‌ലറ്റ്, മൊബൈല്‍ എന്നിവയില്‍ നിന്നെല്ലാം വില്‍ കുട്ടികളുമായി സംവദിക്കും, വിവിധ ഊര്‍ജ സ്രോതസ്സുകളെപ്പറ്റി ക്ലാസെടുക്കും. കുട്ടികളോടു ചോദ്യങ്ങള്‍ ചോദിക്കും, സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും. നമ്മടെ ചില ഗൗരവക്കാരായ അധ്യാപകരില്‍നിന്നു വ്യത്യസ്തമായി, ചിരിച്ചാല്‍ തിരിച്ചു നമ്മെ നോക്കി ചിരിക്കുക വരെ ചെയ്യും. കുട്ടികളുടെ ശരീരഭാഷയ്ക്ക് അനുസരിച്ചു പ്രതികരിക്കുകയും ചെയ്യും ഈ ഡിജിറ്റല്‍ ടീച്ചര്‍. 

വെക്ടര്‍ എന്ന ഊര്‍ജ കമ്പനിയും സോള്‍ മെഷീന്‍സ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയും സംയുക്തമായാണു വില്‍ എന്ന ഡിജിറ്റല്‍ ടീച്ചര്‍ക്കു രൂപം നല്‍കിയത്. ഓക്‌ലാന്‍ഡ് നഗരത്തിലെ ജീവിതം ചെലവേറിയതിനാല്‍ ഇവിടെ അധ്യാപകരുടെ അഭാവം നേരിടുന്നുണ്ട്. കൂടുതല്‍ വിഷയങ്ങളിലെ ഡിജിറ്റല്‍ ടീച്ചര്‍മാര്‍ ഇതിനു പരിഹാരമാകുമെന്നു സോള്‍ മെഷീന്‍സ് കമ്പനി അധികൃതര്‍ കരുതുന്നു. 

ഡാവിഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ടിലെ തോമസ് ഫ്രേയെയും ബ്രിട്ടിഷ് വിദ്യാഭ്യാസ വിദഗ്ധന്‍ ആന്റണി സെല്‍ഡനെയും പോലുള്ളവര്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അധ്യാപന മേഖല റോബോട്ടുകളും ഹ്യൂമനോയിഡുകളും കയ്യടക്കുമെന്നു പ്രവചിച്ചിട്ടുണ്ട്. ഈ പ്രവചനങ്ങൾ ശരി വയ്ക്കുന്നതാണ് ന്യൂസീലന്‍ഡിലെ ഈ ഡിജിറ്റല്‍ ടീച്ചര്‍ നേടുന്ന പ്രചാരം. 

Job Tips >>