Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐഎമ്മില്‍ പ്രവേശനം കിട്ടാതിരുന്നത് ഭാഗ്യം: നന്ദന്‍ നിലേക്കനി

Nandan Nilekani

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലെ(ഐഐഎം) പ്രവേശനത്തിനുള്ള പരീക്ഷയില്‍ തോറ്റത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിപോയെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി. എങ്ങാനും അന്ന് ഐഐഎമ്മില്‍ കിട്ടിയിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ വല്ല സോപ്പ് കമ്പനിയുടെയും മാനേജറായി ഇരിക്കേണ്ടി വന്നേനെ എന്നും നിലേകനി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്(സിഐഐ) ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു. 

'' പ്രവേശന പരീക്ഷയില്‍ തോറ്റ് ഒരു ജോലിയും അന്വേഷിച്ച് നടക്കുമ്പോഴാണ് നാരായണ മൂര്‍ത്തിയെ കണ്ടുമുട്ടുന്നത്. അങ്ങനെ ഇന്‍ഫോസിസ് എന്ന ചെറിയ കമ്പനിയിലെ ജോലിക്കാരനായി. പിന്നീടുള്ളതെല്ലാം ചരിത്രം.'' - നിലേകനി പറഞ്ഞു. ഇന്‍ഫോസിസിലും പ്രവേശന പരീക്ഷയൊക്കെ അവതരിപ്പിക്കുന്നതിന് മുന്‍പ് എത്താനായതിലാണ് തനിക്ക് ജോലി കിട്ടിയതെന്നും സദസ്സില്‍ ചിരിപടര്‍ത്തി കൊണ്ട് നിലേകനി പറഞ്ഞു. 

എന്നാല്‍ ഐഐടിയില്‍ താന്‍ ചിലവഴിച്ച നാളുകളാണ് തന്നെ ഒരു നേതാവാക്കി തീര്‍ത്തതെന്ന് നിലേകനി അനുസ്മരിച്ചു. ''ഞാന്‍ ഒരു സാധാരണ കുട്ടിയായിരുന്നു. ഐഐടിയില്‍ എത്തിയതോടെയാണ് വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്. വലിയ നഗരത്തിലെ പരിസ്ഥിതിയില്‍ അവിടുത്തെ സഹപാഠികളുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയതോടെയാണ് എനിക്ക് ആത്മവിശ്വാസം വളര്‍ന്നത്.''- നിലേകനി കൂട്ടിച്ചേര്‍ത്തു.