Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത ബിസിനസ് ട്രിപ്പ് എങ്ങോട്ടാ?

jobs-abroad

ജോലി സ്ഥിരത, സ്ഥാനക്കയറ്റത്തിനുള്ള സാധ്യത, വീടിന്റെ അടുത്തുള്ള ഓഫീസിലേക്കു പറ്റിയാല്‍ ഒരു സ്ഥലംമാറ്റം. ഇതൊക്കെയായിരുന്നു ജോലിക്കു കയറി കഴിഞ്ഞാല്‍ പഴയ തലമുറയുടെ ചിന്തകള്‍. എന്നാല്‍ മില്ലേനിയല്‍സ് എന്നറിയപ്പെടുന്ന 19നും 34നും ഇടയില്‍ പ്രായമുള്ള തലമുറയുടെ ജോലിയെ പറ്റിയുള്ള ചിന്ത ഇതൊന്നുമല്ല. അടുത്ത ബിസിനസ് ട്രിപ്പ് എങ്ങോട്ടാണെന്നാണ് ഇക്കൂട്ടരില്‍ 92 ശതമാനത്തിന്റെയും ചിന്തയെന്ന് അടുത്തിടെ പുറത്തിറങ്ങിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് ഹോട്ടല്‍ ഫ്രാഞ്ചൈസി ബ്രാന്‍ഡായ ഫാബ് ഹോട്ടല്‍സ് നടത്തിയ ഓണ്‍റൂട്ട് സര്‍വേയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ നിരത്തുന്നത്. 

മില്ലേനിയല്‍സ് തലമുറയില്‍ 60 ശതമാനവും ജോലിക്കു വേണ്ടിയുള്ള ബിസിനസ് ട്രിപ്പുകളെ സ്റ്റാറ്റസ് ചിഹ്നമായി കാണുന്നതായി സര്‍വേ വെളിപ്പെടുത്തി. ബിസിനസ് ട്രിപ്പിനു പോകുന്ന യാത്രക്കാരില്‍ 46 ശതമാനവും തങ്ങളുടെ ഒഴിവു സമയം സ്ഥലം കാണാന്‍ വിനിയോഗിക്കുന്നതായും സര്‍വേ പറയുന്നു. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 10ല്‍ നാലു പേരും അഞ്ചു തവണയിലധികം ബിസിനസ് ട്രിപ്പിനായി യാത്ര ചെയ്തിട്ടുള്ളവരാണ്. 

45 ശതമാനം പേര്‍ അവരുടെ ടീമിനെ കണ്ടുമുട്ടാനാണു യാത്ര ചെയ്തതെങ്കില്‍ 42 ശതമാനം പുതിയ ബിസിനസ് ബന്ധങ്ങള്‍ ആരംഭിക്കുന്നതിനാണു യാത്രയ്ക്കു പുറപ്പെട്ടത്. ഡല്‍ഹി, എന്‍സിആര്‍, െബംഗലൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നും സ്ഥിരം ബിസിനസ് യാത്ര നടത്തുന്ന 5000ല്‍ അധികം പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. 

ബിസിനസ് യാത്രകള്‍ അവനവനു വേണ്ടി നീക്കി വയ്ക്കുന്ന സമയമാണ് ഈ തലമുറയ്ക്ക്. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ കൂടെ വായിക്കാന്‍ കൊണ്ടു പോകുന്നവരാണ്. 22 ശതമാനമാകട്ടെ വര്‍ക്ക്ഔട്ട് സാമഗ്രികള്‍ കൂടെ കൊണ്ടു പോകുന്നു. ഏറ്റവും രസകരമായ കാര്യം ബിസിനസ് ട്രിപ്പിനിടയില്‍ എവിടെയെങ്കിലും വച്ച് പ്രണയിക്കാന്‍ ആരെയെങ്കിലും കണ്ടു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് 33 ശതമാനം പേരാണ് എന്നതാണ്. ജോലിയെന്നാല്‍ ഓഫീസിലെ നാലു ചുവരിനുള്ളില്‍ ഇരുന്ന് ചെയ്തു തീര്‍ക്കേണ്ടതല്ല മറിച്ച് ലോകം ചുറ്റി, പല സ്ഥലങ്ങള്‍ കണ്ട്, വിവിധ മനുഷ്യരെ പരിചയപ്പെട്ട് ചെയ്യേണ്ടതാണെന്ന ചിന്തയാണ് പുതു തലമുറയെ നയിക്കുന്നതെന്ന് ചുരുക്കം. 


Job Tips >>