Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടറായി 17 വർഷം, ഇന്ന് അധ്യാപിക

anuradha

പതിനേഴു വര്‍ഷം സ്റ്റെതസ്‌കോപ്പു പിടിച്ച കൈകള്‍ ഒരു സുപ്രഭാതത്തില്‍ ചോക്കു കയ്യിലെടുക്കുന്നു. മരുന്നു കുറിച്ച വിരലുകള്‍ കൊണ്ടു ബ്ലാക്ക്‌ബോര്‍ഡില്‍ അക്ഷരങ്ങള്‍ എഴുതുന്നു. മെഡിക്കല്‍ പദങ്ങള്‍ ഉരുവിട്ട നാവു കൊണ്ടു കുട്ടികഥകള്‍ പറയുന്നു. കേള്‍ക്കുമ്പോള്‍ തന്നെ വിചിത്രമെന്നു തോന്നുന്ന ഈ കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ ചെയ്തു കാണിച്ചു കൊടുത്ത വ്യക്തിയാണ് ഡോ. അനുരാധ കിഷോര്‍. 

പീഡിയാട്രീഷന്റെ കുപ്പായം അഴിച്ചു വച്ചു അധ്യാപികയുടെ വേഷമണിഞ്ഞ ഡോക്ടര്‍. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡോ. അനുരാധ ഗുഡ്ഗാവിലെ സ്‌കൂളില്‍ അധ്യാപികയായി പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തെ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന് ശേഷമായിരുന്നു ഈ പരകായപ്രവേശം. പഠനവൈകല്യത്തിന്റെ വക്കിലെത്തി നില്‍ക്കുന്നവരും പ്രത്യേക ആവശ്യങ്ങളുള്ളതുമായ നിരവധി കുട്ടികളെ കണ്ടുമുട്ടാന്‍ തന്റെ ഡോക്ടര്‍ ജീവിതത്തിനിടെ അനുരാധയ്ക്ക് സാധിച്ചു. ഈ കുട്ടികള്‍ സ്‌കൂളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് അധ്യാപകവൃത്തിയിലേക്കു തിരിയാന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്. മുഖ്യധാര വിദ്യാഭ്യാസ സമ്പ്രദായം ഇത്തരം കുട്ടികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മർദ്ദവും മറ്റും നേരിട്ട് കണ്ടറിഞ്ഞ അനുരാധ ഇവയ്‌ക്കെല്ലാം തന്റെ അധ്യാപക ജീവിതത്തിലൂടെ ഉത്തരം കണ്ടെത്താനാണ് ശ്രമിച്ചത്.  

anuradha2

17 വര്‍ഷം കുട്ടികളുടെ ഡോക്ടറായിരുന്ന പരിചയം മാത്രം മതിയായിരുന്നു അനുരാധയ്ക്ക് ഒരു ക്ലാസ്മുറിയില്‍ കയറിച്ചെന്നു പഠിപ്പിക്കാന്‍. പക്ഷേ, കുട്ടികള്‍ക്കു താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ പ്രഫഷണല്‍ പരിശീലനം ആവശ്യമാണെന്ന് അനുരാധ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഒരു രോഗിയുടെ അമ്മ നിര്‍ദ്ദേശിച്ച പ്രകാരം ടീച്ചേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് ചേര്‍ന്നത്. 

മുന്‍പ് എന്തെങ്കിലും അസുഖം വരുമ്പോള്‍ മാത്രമായിരുന്നു കുട്ടികള്‍ അനുരാധയ്ക്കരികില്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അവര്‍ പഠിക്കാനായി കൗതുകത്തോടെയും ശ്രദ്ധയോടും വരുന്നു. കുട്ടികളുടെ വളര്‍ച്ചയിലെ ആദ്യ വര്‍ഷങ്ങള്‍ പഠനത്തില്‍ നിര്‍ണ്ണായകമാണെന്ന് അനുരാധ പറയുന്നു. ഈ വര്‍ഷങ്ങളില്‍ പഠിക്കാനുള്ള താത്പര്യവും നല്ല അടിത്തറയും അവരുടെ മനസ്സില്‍ പാകിയാല്‍ പിന്നീടവര്‍ പഠനത്തില്‍ ഉയര്‍ന്നു വരും. 

കിന്‍ഡര്‍ഗാര്‍ഡന്‍ ക്ലാസില്‍ അനുരാധ പഠിപ്പിക്കുന്ന 32 കുട്ടികളില്‍ അഞ്ചു പേര്‍ പ്രത്യേക ആവശ്യങ്ങളുള്ളവരാണ്. യുകെയില്‍ എട്ടു വര്‍ഷത്തോളം ഡോക്ടറായി ജോലി ചെയ്ത അനുരാധ 2002ലാണ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. ഒരു കുട്ടിയുടെ സ്വഭാവത്തില്‍ തന്നെ മാസങ്ങള്‍ക്കുള്ളില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന അധ്യാപകജോലി തന്റെ മുന്‍ ജോലിയേക്കാൾ സംതൃപ്തി നല്‍കുന്നതായി അനുരാധ അഭിപ്രായപ്പെടുന്നു. 

Job Tips >>