Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് ഇന്ത്യയ്ക്ക് മലയാളി മേധാവി

ajit-mohan

ഇന്ത്യയിൽ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമാണ് ഫെയ്സ്ബുക്ക്. സ്‌കൂളില്‍ പഠിക്കുന്ന പയ്യന്മാര്‍ മുതല്‍ 90 കഴിഞ്ഞ വല്യമ്മച്ചിമാര്‍ക്കു വരെ ഇന്ത്യയില്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ട്. ഇത്രയും പ്രസിദ്ധി നേടിയ കമ്പനിക്കു പക്ഷേ, ഏകദേശം ഒരു വര്‍ഷത്തോളമായി ഇന്ത്യയിലൊരു നാഥനില്ലാതിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉമംഗ് ബേദി സ്ഥാനമൊഴിഞ്ഞതു മുതല്‍ ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഫെയ്സ്ബുക്ക് ഇന്ത്യയില്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ മൂലം ഈ സ്ഥാനം ഒരു മുള്‍ക്കിരീടമായിട്ടാണ് കോര്‍പ്പറേറ്റ് ലോകം കരുതിയത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സ്ഥാനത്തേക്ക് ഒടുവില്‍ കടന്നെത്തിയതാകട്ടെ ഒരു മലയാളിയും. ഹോട്ട്‌സ്റ്റാര്‍ സിഇഒ ആയിരുന്ന അജിത് മോഹന്‍ ഫെയ്സ്ബുക്ക് എംഡിയായി ചുമതലയേല്‍ക്കുമ്പോള്‍ മലയാളിക്കും ഇത് അഭിമാനനിമിഷം. 

കൊച്ചിയിലെ ഉദ്യോഗമണ്ഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അജിത്തിന്റെ പഠനമെല്ലാം വിദേശത്തായിരുന്നു. ആദ്യം സിംഗപ്പൂരിലെ നംയാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദപഠനം. പിന്നീട് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും ബിരുദാനന്തരബിരുദം. തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ഫിനാന്‍സില്‍ എംബിഎ പഠനം. 

ആര്‍തര്‍ ഡി. ലിറ്റില്‍, മക്കന്‍സി എന്നിവിടങ്ങളില്‍ കണ്‍സല്‍ട്ടന്‍സി സ്ഥാനങ്ങള്‍ വഹിച്ച ശേഷം 2012ലാണ് അജിത് സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്കിലെത്തുന്നത്. സ്റ്റാര്‍ ടിവിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. ശേഷം 2015 നവംബറില്‍ സ്റ്റാര്‍ ഇന്ത്യയുടെ തന്നെ ഹോട്ട്‌സ്റ്റാര്‍ ഡിജിറ്റല്‍ ആന്‍ഡ് മൊബൈല്‍ എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിന്റെ പ്രസിഡന്റായി. 2016 ഏപ്രില്‍ മുതല്‍ ഹോട്ട്‌സ്റ്റാറിന്റെ സിഇഒ സ്ഥാനം വഹിച്ചു വരുന്നു.  

സ്റ്റാര്‍ ഇന്ത്യ എംഡി സഞ്ജയ് ഗുപ്ത, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ് സിഇഒയും മലയാളിയുമായ സമീര്‍ നായര്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ട്രാറ്റെജി പ്രസിഡന്റ് ഡി ശിവകുമാര്‍, ടാറ്റ സ്‌കൈ എംഡി ഹരിത് നാഗ്പാല്‍, വിയകോം18 ഗ്രൂപ്പ് സിഇഒ സുധാന്‍ഷു വാട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ റിഫ്രഷ്‌മെന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധീര്‍ സീതാപതി തുടങ്ങി നിരവധി പേരെ ഫെയ്സ്ബുക്ക് ഇന്ത്യ എംഡി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഒടുവില്‍ അജിത് മോഹന് നറുക്ക് വീണത്. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വരെ കാരണമാകുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫെയ്സ്ബുക്കിനും വാട്‌സ്ആപ്പിനും സാധിക്കാത്തതില്‍  കേന്ദ്ര ഗവണ്‍മെന്റിന് അതൃപ്തിയുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ കമ്പനിക്കു ഗവണ്‍മെന്റില്‍ നിന്നു ലഭിച്ചിരുന്നു. 2015ല്‍ ഫ്രീ ബേസിക്‌സ് പ്രോഗ്രാം അവതരിപ്പിക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമം ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച വിവാദ കൊടുങ്കാറ്റുയര്‍ത്തിയിരുന്നു. ട്രായ് ഇടപെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ ഫ്രീ ബേസിക്‌സ് പ്രോഗ്രാം ഫെയ്സ്ബുക്കിന് പിന്‍വലിക്കേണ്ടിയും വന്നു. 2018ല്‍ കാംബ്രിജ് അനലറ്റിക്ക വിവരം ചോര്‍ത്തല്‍ വിവാദവും ഫെയ്സ്ബുക്കിന് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കി. ഈ ചുറ്റുപാടുകളിലേക്കാണു കമ്പനിയുടെ പുതിയ അമരക്കാരനായി അജിത് മോഹന്‍ എത്തുന്നത്.


Job Tips >>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.