Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാൻ ഡിജിറ്റൽ ഹബ്ബ് : 'മാര്‍ച്ചില്‍' പ്രഫഷണലുകളുടെ എണ്ണം 500 കടക്കും

nissan-suja-chandy-career-interview

തിരുവനന്തപുരം∙ ജനിച്ചതു ജർമനിയിൽ, കുട്ടിക്കാലം നൈജീരിയയിൽ, കരിയറിന്റെ ആദ്യ പാദം കാനഡയിൽ, പിന്നീട് ഡൽഹിയിൽ സർക്കാർ ഉദ്യോഗം! ഡ്രൈവർരഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാനായി നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ മേധാവിയായി നിയമിതയായ സുജ ചാണ്ടിയെ ഇന്ത്യൻ ബിസിനസ് ലോകം 'ഗ്ലോബൽ സിറ്റിസൺ' ആയിട്ടാണ് കാണുന്നതെങ്കിലും തലസ്ഥാനത്തെ അടുത്ത സുഹൃത്തുക്കൾക്ക് ഇപ്പോഴും 'തിരുവനന്തപുരംകാരി' തന്നെ. ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലായി തുടങ്ങാനിരിക്കുന്ന അഞ്ച് രാജ്യാന്തര ഡിജിറ്റൽ ഹബ്ബുകളിൽ ആദ്യത്തേതിന്റെ പൂർണ ചുമതലയാണു സുജ വഹിക്കുക.

രാജ്യത്തെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസി‍ഡന്റായി സ്ഥാനവും, പ്രൈസ്‍വാട്ടർഹൗസ് കൂപ്പേഴ്സ്, കെപിഎംജി പോലെയുള്ള പ്രമുഖ കൺസൽറ്റൻസി സ്ഥാപനങ്ങളിലെ ഉന്നതപദവികൾക്കും ശേഷം തലസ്ഥാനത്തേക്കുള്ള 'നൊസ്റ്റാൾജിക് തിരിച്ചുവരവ്' കൂടിയാണ് സുജയ്ക്കു പുതിയ നിയമനം.

വിവിധ രാജ്യങ്ങളിൽ മാറിമാറി കഴിഞ്ഞെങ്കിലും ഹൈസ്കൂളും കോളജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത് ഇവിടെത്തന്നെ. ഹോളി ഏഞ്ചൽസ് കോൺവന്റ് സ്കൂളിലെ ഹൈസ്കൂൾ പഠനത്തിനു ശേഷം മാർ ഇവാനിയോസ് കോളജിലും കൊച്ചി രാജഗിരി കോളജിലുമായി കോളജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയാണ് യുഎസിലേക്കു യാത്ര തിരിച്ചത്. ആദ്യമെത്തിയതു കാനഡയിലെ പ്രമുഖ ഐടി സേവനദാതാവായ സിജിഐയിൽ (ഗ്ലോബൽ ഇന്റലിജൻസ് സെന്റർ). സിജിഐയുടെ ഗ്ലോബൽ റിസർച്ച് ആൻഡ് അനലിറ്റിക്സ് യൂണിറ്റ് ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചതും സുജയുടെ നേതൃത്വത്തിലായിരുന്നു. 

അടുത്ത മാർച്ച് ആദ്യത്തോടെ ടെക്നോപാർക്ക് കേന്ദ്രമായ നിസാൻ ഡിജിറ്റൽ ഹബ്ബിലെ പ്രഫഷനലുകളുടെ എണ്ണം 500 കടക്കുമെന്നു സുജ ചാണ്ടി 'മനോരമ'യോടു പറഞ്ഞു. 

∙ സർക്കാരിന്റെ കീഴിലുള്ള ഇൻ‍വെസ്റ്റ് ഇന്ത്യയുടെ നേതൃസ്ഥാനത്തു നിന്നു ഡിജിറ്റിൽ വാഹനരംഗത്തേക്കുള്ള യാത്ര?

വാഹനരംഗത്തേക്കുള്ള മാറ്റം ഒരു തുടർച്ചയായിട്ടാണു കാണുന്നത്. വാഹനനിർമാണരംഗം ഉൾപ്പെടെയുള്ള മേഖലകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുവരികയായിരുന്നു ഇൻവസ്റ്റ് ഇന്ത്യയിൽ എന്റെ ദൗത്യം. നിസാൻ ഇന്ത്യയിലെ ഡിജിറ്റൽ രംഗത്തു നടത്തുന്ന ആദ്യ നിക്ഷേപമായിട്ടാണ് ഡിജിറ്റൽ ഹബ്ബിനെ കാണുന്നത്. വാഹനനിർമാണരംഗം കടന്നുപോകുന്ന ഡിജിറ്റൽ രൂപാന്തരത്തിൽ നിസാനെ നയിക്കുക എന്നതാണു വെല്ലുവിളി.

∙ നിസാന്‍ ഡിജിറ്റലിലേക്ക് എത്തിയത് എങ്ങനെ?

നിസാൻ സിഐഒയും തിരുവനന്തപുരം സ്വദേശിയുമായി ടോണി തോമസുമായും ചീഫ് ഡിജിറ്റൽ ഓഫിസർ ടി.വി.സ്വാമിയായും ഈ വർഷം ആദ്യമുണ്ടായ സംഭാഷണത്തിൽ നിന്നാണ് തുടക്കം. വാഹനനിർമാണ രംഗം ഞൊടിനേരത്തിനിടെ കടന്നുപോകുന്ന മാറ്റങ്ങൾ നേരിട്ടു കണ്ടറിഞ്ഞിട്ടുണ്ട്. ഇത്തരമൊരു യാത്രയിൽ ഒപ്പം കൂടുക ആവേശകരമായിരുന്നു.

∙ എന്തൊക്കെയാണ് ദൗത്യങ്ങൾ?

ഡിജിറ്റൽ കാലത്ത് ഒരു വാഹനനിർമാണ കമ്പനിയെ അതിനൊപ്പം പ്രാപ്തമാക്കുകയാണു പ്രധാന ലക്ഷ്യം. ബിഗ് ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ പുതുതലമുറ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിസാൻ നിർമിക്കുന്ന സോഫ്റ്റ്‍വെയറുകളുടെ കേന്ദ്രമായിരിക്കും തിരുവനന്തപുരത്തേത്. ഇതുവരെ ഇത്തരം പല സേവനങ്ങൾക്കും മറ്റു കമ്പനികളെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇത് അതിനുള്ള ബദലാണ്. അടുത്ത മാർച്ചിൽ 500 പേരുള്ള ടീം എന്നതാണു ഞങ്ങളുടെ സ്വപ്നം.

∙ തിരുവനന്തപുരത്തെ ഐടി വളർച്ചയെക്കുറിച്ച്?

സാങ്കേതികവിദ്യയിൽ ലോകോത്തര കേന്ദ്രമായി മാറാൻ തിരുവനന്തപുരത്തിനു കഴിയും. ടെക്നോപാർക്കിൽ ലഭ്യമായ മികച്ച മാനവവിഭവശേഷിയും ഐടി നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതിൽ സർക്കാരിന്റെ മനോഭാവവും മികച്ച സാധ്യതകൾ തുറന്നുതരും. ഇതിനു പുറമേ വിപണി ആവശ്യപ്പെടുന്ന തരത്തിൽ പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളും പ്രതീക്ഷ നൽകുന്നതാണ്. 

∙ പുതിയ തലമുറയ്ക്ക് നൽകാനുള്ള സന്ദേശം?

പരിധിയിലാത്ത ജിജ്ഞാസ എക്കാലവും നിലനിർത്തുക. ചെറിയ കാര്യങ്ങളിൽ തൃപ്തരാകാതെ മുന്നോട്ടു കുതിക്കുക.