Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 7 കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഇന്റർവ്യൂ ജയിക്കാം

thumbs up

ഉദ്യോഗാർഥികൾ തൊഴിൽരംഗത്തു പ്രകടിപ്പിക്കേണ്ട ചില കഴിവുകളും ശീലങ്ങളുമുണ്ട്. അവയെ ഒന്നാകെ സോഫ്റ്റ് സ്കിൽസ് എന്നു വിളിക്കാം. അതല്ലെങ്കിൽ ഒരു വ്യക്തിയെ മറ്റുള്ളവർക്കു മുൻപിൽ ആകർഷണീയതയോടെ അവതരിപ്പിക്കുവാനായി അയാൾ ആർജിക്കേണ്ട നൈപുണ്യങ്ങളെയാണ് പൊതുവായി സോഫ്റ്റ് സ്കിൽസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ക്യാംപസ് റിക്രൂട്മെന്റുകൾക്കും ഇന്റർവ്യൂകൾക്കുമുള്ള പൊടിക്കൈകളായാണ് ഇവ അവതരിപ്പിക്കപ്പെടാറുള്ളതെങ്കിലും മികച്ച ഒരു ജീവിതം നയിക്കാൻ ഒരു വ്യക്തിയെ സജ്ജനാക്കുന്ന ശീലങ്ങളെ ഒട്ടാകെ സോഫ്റ്റ് സ്കിൽസ് എന്നു വിളിക്കാം. അതുകൊണ്ടു തന്നെ ഇന്റർവ്യൂകൾക്കു മുൻപ് പെട്ടെന്നു നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നല്ല സോഫ്റ്റ് സ്കിൽസ് അവനവനെത്തന്നെയും മറ്റുള്ളവരെയും കാര്യക്ഷമമായി നിയന്ത്രിക്കാനും വിലയിരുത്താനുമുള്ള കഴിവാണിതെന്നു പറഞ്ഞുവരാറുണ്ട്. ദൈനംദിനം ചുറ്റുപാടും നാം  കണ്ടുമുട്ടുന്ന വ്യക്തികളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനു നമ്മുടെ സോഫ്റ്റ് സ്കില്ലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വ്യക്തിബന്ധങ്ങളെപോലും ഭരിക്കുന്ന ഇത്തരം കഴിവുകൾ വളർത്തുന്നതിലൂടെ ഒരു നല്ല പ്രഫഷനൽ എന്നതിലുപരി എല്ലാവരിലും ഇഷ്ടപ്പെടുന്ന ഒരു നല്ല വ്യക്തി എന്ന നിലയിലേക്കു കൂടി നമുക്കുയരാൻ സാധിക്കും.

ക്യാംപസ് പ്ലേസ്മെന്റിനായി ശ്രമിക്കുന്ന ഒരു ഉദ്യോഗാർഥി ഏറ്റവുമധികം ശ്രമിക്കേണ്ടതും ക്യാംപസ് സെലക്ഷൻ പ്രോസസിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന സോഫ്റ്റ് സ്കിൽസ് നമുക്കിവിടെ പരിചയപ്പെടാം.

Interpersonal Skills (Team skills)
നമുക്കു ചുറ്റുപാടുമുള്ള വ്യക്തികളെയും അവരുടെ പെരുമാറ്റ രീതികളെയും സ്വഭാവസവിശേഷതകളെയും സംസാര രീതിയെയും മറ്റും ഒന്നു ശ്രദ്ധിച്ചു നോക്കൂ. പ്രധാനമായും രണ്ടു തരത്തിലുള്ള വ്യക്തികളെ കണ്ടെത്താൻ നമുക്കു സാധിക്കും. ഒരു വിഭാഗക്കാർ എല്ലാവരുമായി നല്ല വ്യക്തിബന്ധം പുലർത്തുന്നവരായിരിക്കും. അനാവശ്യമായി ആരുമായും അവർ വിരോധത്തിലേർപ്പെടാറില്ല. ഇഷ്ടക്കേടുകൾ തോന്നുന്ന അവസരങ്ങളിലും അവർ വിദഗ്ധമായി അതിനെ നയപരമായി കൈകാര്യം ചെയ്യും. ഇത്തരം വ്യക്തികൾ എല്ലാവർക്കും സ്വീകാര്യനായി മാറുന്നു. പൊതുവേ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരം കഴിവുകൾ വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇത്തരക്കാരെ മികച്ച ടീം സ്കിൽസിൽസിന് ഉടമകൾ എന്നു വിശേഷിപ്പിക്കാം. ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനുള്ള കഴിവാണ് ടീം സ്കിൽസിൽ പരിഗണിക്കപ്പെടുക. Team എന്നാൽ Together Everyone Achieves More എന്നു പറയാറുണ്ട്. ടീം ആയി പ്രവർത്തിക്കുമ്പോൾ ഒരാളുടെ മാത്രം മിടുക്കുകൊണ്ടു മെച്ചമില്ല. ടീമിലെ ഏറ്റവും ദുർബലനും നിർണായക ഘടകമായേക്കാം. ഒരു ചങ്ങലയുടെ ബലമെന്നാൽ അതിലെ ഏറ്റവും ദുർബലമായ കണ്ണിയുടെ ബലം മാത്രമാണ്. ഭൗതികശാസ്ത്രത്തിലുള്ള ഒരു ആശയമാണ് Synergy എന്നത്. അടിസ്ഥാനഗണിതത്തിൽ 1+1=2 എന്നാണെങ്കിൽ Synergy എന്ന ആശയമനുസരിച്ച് ഒന്നിനോടൊപ്പം  ഒന്നുകൂടി ചേരുമ്പോൾ ഉത്തരം രണ്ടിനേക്കാൾ വലിയ ഒരു സംഖ്യയാണ്. ഒരു ടീമിലും ഇതുതന്നെ സംഭവിക്കുന്നു. ഒത്തൊരുമയോടെ പ്രവർത്തിക്കുമ്പോൾ‌ ഫലം പതിന്മടങ്ങു വർധിക്കുന്നു. ഞാൻ (1) എന്നതോ ഞങ്ങൾ (We) എന്നതോ അല്ല ടീം. നാം (Us) എന്നതാണ് ടീമിന്റെ ശൈലി.

മറ്റൊരു വിഭാഗം ഇതിനു വിപരീതമായ സ്വഭാവ സവിശേഷതയുള്ളവരാണ്. കാര്യവിവേകത്തോടെ ചിന്തിക്കാത്തതിനാൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഇവർക്കു കഴിയാറില്ല. റിക്രൂട്മെന്റിന്റെ വിവിധ ഘട്ടത്തിൽ വ്യക്തിബന്ധങ്ങളെ എങ്ങനെ നിങ്ങൾ കാത്തുസൂക്ഷിക്കുന്നു എന്നു വിശകലനം ചെയ്യപ്പെടാറുണ്ട് എന്നോർക്കുക.

ഉദാഹരണത്തിന് ഐടി മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒരു ടീം എന്ന നിലയ്ക്ക് പ്രോജക്ടുകളിൽ പങ്കെടുക്കേണ്ടതുണ്ട്. പരസ്പര സഹകരണവും നല്ല ആശയവിനിമയശേഷിയും ഇവർക്ക് പ്രധാനമായി ആവശ്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഉള്ളവരുമായി ഇടപെടേണ്ടി വരുമ്പോൾ ടീം സ്കിൽസിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ നാടിന്റെയോ മതത്തിന്റെയോ കോളജിന്റെയോ പേരിലുള്ള സംഘംചേരൽ (groups) നന്നല്ല.

Etiquettes & Manners (പെരുമാറ്റരീതികളും പൊതുമര്യാദകളും)
കോട്ടയത്തുള്ള ഒരു പ്രമുഖ നക്ഷത്ര ഹോട്ടലിൽവച്ച് ഒരു വിദേശ കമ്പനി മാനേജ്മെന്റ് പ്രഫഷനലുകൾക്കായുള്ള റിക്രൂട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. പന്ത്രണ്ടുമണിയോടുകൂടി അൻപതോളം ഉദ്യോഗാർഥികൾ എത്തിച്ചേർന്നപ്പോൾ കമ്പനിയുടെ ഒരറിയിപ്പു വന്നു. ഉച്ചസമയമായതിനാൽ ഒരു Buffet lunch നു ശേഷം ഇന്റർവ്യൂവിലേക്കു കടക്കാം. വിദ്യാർഥികൾക്കെല്ലാം സന്തോഷമായി.

ആവേശത്തോടുകൂടി അവരെല്ലാം ബുഫേ ഹാളിലേക്കു പ്രവേശിച്ചു. ഹനുമാൻ ലങ്കയിൽ നിന്നു വരുന്ന രംഗത്തെ ഓർമിപ്പിക്കുന്ന രീതിയിൽ പ്ലേറ്റു നിറയെ ഭക്ഷണവുമായി മേശകളിലെത്തി ആസ്വദിച്ചുള്ള ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും വിശ്രമിച്ചിരിക്കുന്ന അവസരത്തിൽ കമ്പനിയുടെ അടുത്ത അറിയിപ്പു വന്നു. പേരു വിളിക്കപ്പെട്ട ഒൻപത് ഉദ്യോഗാർഥികൾക്ക് അടുത്ത ലെവൽ ഇന്റർവ്യൂവിനായി കാത്തിരിക്കാം. ബാക്കിയുള്ളവർക്കു തിരികെ പോകാം. ഉദ്യോഗാർഥികൾ രോഷാകുലരായി. ഒരു ടെസ്റ്റോ ഇന്റർവ്യൂവോ നടത്താതെ എന്തടിസ്ഥാനത്തിൽ ഈ തീരുമാനമെടുത്തു എന്നായി അവർ. ഇതിനുള്ള കമ്പനിയുടെ മറുപടി ഇതായിരുന്നു. ‘We were watching you on the table’ ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്ന് അവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കി തയാറാക്കിയതായിരുന്നു ആ ചുരുക്കപ്പട്ടിക.

ഇത്രയും നാടകീയമായ റിക്രൂട്മെന്റ് അനുഭവം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും Etiquettes/Manners എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഒരു വ്യക്തിയുടെ പെരുമാറ്റരീതിയും അതിലെ മാന്യതയുമാണ് Etiquettes/Manners എന്നീ പദങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഔപചാരികതയുടെ വിവിധ തലങ്ങളാണ് Etiquettes എന്നു വിശേഷിപ്പിക്കപ്പെടുന്നത്. അതിനാൽ വിവിധ തലങ്ങളാണ് Etiquettes എന്നു വിശേഷിപ്പിക്കപ്പെടുന്നത്. അതിനാൽ വിവിധ സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട Etiquettes വ്യത്യസ്തമായിരിക്കും. വേഷവിധാനത്തിലൂടെയും ശരീരഭാഷയിലൂടെയും സംഭാഷണത്തിലെ ഔപചാരികതയിലൂടെയും ഉദ്ദേശിക്കുന്ന നിലവാരമുള്ള Etiquettes ഉറപ്പാക്കാം. മാന്യതയുടെ ചില അടിസ്ഥാനതത്വങ്ങൾ പാലിക്കുക എന്നതാണ് Manners എന്നതിനടിസ്ഥാനം. മുറിയിലേക്കു കയറുമ്പോൾ കതകിൽ മുട്ടി അനുവാദം വാങ്ങുക, വസ്ത്രധാരണത്തിൽ കുലീനതയും ഔപചാരികതയും പുലർത്തുക, മുതിർന്നവരോ, അധ്യാപകരോ കയറിവരുമ്പോൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കുക, രണ്ടുപേർ സംസാരിക്കുന്നതിനിടയിലേക്ക് അനുവാദം ലഭിച്ചശേഷം മാത്രം പ്രവേശിക്കുക. എന്നിവയെല്ലാം Etiquettes ന്റെ ഭാഗമാണ്.

തീൻമേശ മര്യാദകൾ (Table Manners)
LPG (Liberalization, Privatization, Globalization) വന്നതിനു ശേഷം പല സാങ്കേതിക മേഖലകളിലും വിദേശികളുമായി നേരിട്ടും ഫോണിലും ഇടപെടേണ്ട സാഹചര്യമുണ്ടാകാറുണ്ട്. അവരോടൊപ്പം ലഞ്ച് മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യേണ്ടി വന്നേക്കാം. Knife, Frok എന്നിവയുപയോഗിച്ചു ശീലിക്കുന്നതും മാന്യമായി തീൻമേശയിൽ പെരുമാറേണ്ടതും ശീലമാക്കി മാറ്റേണ്ടതാണ്.

ടെലിഫോൺ മര്യാദകൾ (Telephone Etiquettes)
ഫോൺ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. മറ്റേ തലയ്ക്കുള്ളയാൾ ഫോണെടുത്ത് കഴിയുമ്പോൾത്തന്നെ നിങ്ങളെ ഒന്നു പരിചയപ്പെടുത്തുക. വിളിക്കുന്ന സമയം സ്വീകാര്യമാണെന്ന് ഉറപ്പാക്കുക. വിഷയമെന്താണെന്നു പരിചയപ്പെടുത്തിയ ശേഷം വിളിക്കുന്ന ആളുടെ തിരക്കിനെക്കുറിച്ചു ചോദിച്ചറിയുക. കാര്യമാത്രപ്രസക്തമായി മാത്രം സംസാരിക്കുക. രാത്രി വളരെ വൈകിയും പുലർച്ചയ്ക്കും ഔദ്യോഗികാവശ്യങ്ങൾക്കുള്ള ഫോൺവിളികൾ ഒഴിവാക്കുക തുടങ്ങിയവയാണ് അവ.

ജോലിസ്ഥലത്തെ മര്യാദകൾ (Workplace Etiquettes)
തൊഴിൽ സ്ഥലത്തു പാലിക്കേണ്ട ചില മര്യാദകളും മനസ്സിലാക്കേണ്ടതുണ്ട്. അനാവശ്യമായി മറ്റുള്ളവർക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ ഉറക്കെയുള്ള സംസാരം നിയന്ത്രിക്കുക. സഹപ്രവർത്തകരുമായി ഔപചാരികതയോടെ ഇടപെടുക. ചില സ്ഥാപനങ്ങളിൽ സർ, മാഡം എന്നതിനു പകരം മേലുദ്യോഗസ്ഥരെ പേരുചൊല്ലി വിളിക്കുന്ന രീതിയുണ്ട്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക. Neck tie, കോട്ട് എന്നിവ സാഹചര്യങ്ങൾക്കനുസരിച്ചുപയോഗിക്കുക. സമയക്രമം പാലിക്കുവാൻ ശീലിക്കുക.

നേതൃപാടവം (Leadership Skills)
ഒട്ടുമിക്ക വിദ്യാർഥികളുടെയും ധാരണ നേതൃപാടവം എന്നതു ജന്മസിദ്ധമായി ലഭിക്കുന്ന ഒരു കഴിവാണെന്നാണ്. എന്നാൽ ഏതൊരാൾക്കും ഒരൽപം ശ്രമിച്ചാൽ വളർത്തിയെടുക്കാവുന്ന കഴിവാണ് നേതൃപാടവം എന്നത്. സ്വന്തമായി നല്ല ആത്മവിശ്വാസവും ഇച്ഛാശക്തിയും ഇടപെടുന്ന വിഷയങ്ങളിലുള്ള അറിവുമുള്ള ഒരാൾക്ക് നല്ല നേതൃപാടവം നേടാൻ സാധിക്കും. മുൻകൈ എടുക്കുക (Initiativeness) എന്നതും പ്രധാനമാണ്.

നല്ല ഒരു നേതാവിനുണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചു നമ്മുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം ഒരു ഇന്റർവ്യൂവിൽ പരാമർശിച്ച ഉദാഹരണം ഏറെ പ്രസക്തമാണ്. 1979 ൽ സ്വന്തമായുള്ള ബഹിരാകാശ വിക്ഷേപണ വാഹനത്തിനായുള്ള ഗവേഷണത്തിനൊടുവിൽ പി എസ് എൽ വി മിഷൻ പരീക്ഷണം നടത്തുകയുണ്ടായി. കൗണ്ട് ഡൗണിന്റെ അവസാനഘട്ടത്തിൽ കംപ്യൂട്ടറുകൾ ചില അപകടസൂചനകൾ നൽകി. ലിക്വിഡ് ക്രയോജനിക് എൻജിനുകളിൽ ലീക്കുകളുണ്ട് എന്നതായിരുന്നു അത്. താൽക്കാലികമായ മിഷൻ ഉപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളാണ് കംപ്യൂട്ടറുകളിൽ നിന്നു ലഭിച്ചത്. എന്നാൽ നിർണായകമായ ഈ മിഷന്റെ മേധാവിയായ ഡോ. എ.പി.ജെ. അബ്ദുൾ കലാം കംപ്യൂട്ടർ നൽകിയ നിർദ്ദേശങ്ങളെ അവഗണിച്ച് വിക്ഷേപണം തുടരാൻ തീരുമാനിച്ചു. 

അനുഭവസമ്പത്തിൽ നിന്നു ലഭിച്ച ആത്മവിശ്വാസവും കംപ്യൂട്ടറിനു തെറ്റു പറ്റിയിരിക്കാം എന്ന തോന്നലുമായിരുന്നു. ഇതിനു കാരണം. പറന്നുയർന്ന വിക്ഷേപണവാഹനം സെക്കൻഡുകൾക്കുള്ളിൽ കടലിൽ പതിച്ചു. വൈകിട്ട് ഒരു പത്രസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ക്ഷുഭിതരായ മാധ്യമങ്ങളെ നേരിടുന്നതിനെക്കുറിച്ച് ആശങ്കയിലായ ഡോ. കലാമിനടുത്തേക്ക് ആശ്വാസവാക്കുമായി ഒരാളെത്തി. ഐഎസ്ആർഒയുടെ ചെയർമാനായിരുന്ന ഡോ. സതീഷ് ധവാൻ ‘താങ്കൾ ഇവിടെയിരിക്കൂ. വിശ്രമിക്കൂ., ഞാൻ പോയി മാധ്യമങ്ങളെ അഭിമുഖീകരിക്കാം.’ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പഴികളും അദ്ദേഹം സ്വയം ഏറ്റുവാങ്ങി. 

1980 ൽ വീണ്ടും പരിഷ്കരിച്ച പിഎസ്എൽവി മിഷൻ പരീക്ഷണ വിക്ഷേപണം നടത്തി. ഇത്തവണയും ഡോ. കലാം തന്നെയായിരുന്നു അമരത്ത്. ഇന്ത്യയുടെ യശ്ശസിനെ വാനോളമുയർത്തി അത്യുഗ്രൻ വിജയവുമായി പിഎസ്എൽവി കൃത്യതയോടെ ലക്ഷ്യം കണ്ടു. വീണ്ടും വലിയൊരു പത്രസമ്മേളനം നടത്തേണ്ടതുണ്ട്. വിജയം അറിയിക്കുന്ന പത്രസമ്മേളനം ഡോ. സതീഷ് ധവാൻ ഇത്തവണ ഡോ. കലാമിനരികെയെത്തി ഇങ്ങനെ പറഞ്ഞു: Dr. Kalam, this time you go and meet the press, because this is your success.’ നല്ല നേതൃപാടവത്തെ ഇതിലും മികവുറ്റ രീതിയിൽ ഉദാഹരിക്കുവാൻ സാധിക്കില്ലെന്ന് ഡോ. കലാം തന്നെ പറയുന്നു. 

ഒരു തിരിച്ചടിയുണ്ടാകുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുവാനും ഒരു വിജയം ഉണ്ടാകുമ്പോൾ അത് കൂടെ പ്രവർത്തിച്ചവരുമായി പങ്കുവയ്ക്കാനും സാധിക്കണം. എങ്ങനെ ഒരു നല്ല നേതാവ് ഉടലെടുക്കുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടേറെ തിയറികള്‍ നിലവിലുണ്ട്. അതിലൊന്നാണ് ‘Situational Theory.’ സാഹചര്യങ്ങളാണത്രേ ഒരുവനെ നേതാവാക്കി മാറ്റുന്നത്. ഉദാഹരണമായി ഒരു വിമാനം ആകാശത്തു പറന്നുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും അതിന്റെ പൈലറ്റാണ് അതിന്റെ നേതൃനിരയിലുള്ള പ്രമുഖൻ. പൊടുന്നനെ നിയന്ത്രണം വിട്ട നമ്മുടെ വിമാനം താഴേക്കു നിലംപതിക്കുന്നു. രക്ഷപ്പെട്ടവരുടെ കൂടെ ഒരു ഡോക്ടർ ഉണ്ടെന്നു കരുതുക. പെട്ടെന്നു തന്നെ അയാൾ ആ സാഹചര്യത്തിലെ നേതാവാകുകയും അയാളുടെ നിർദേശങ്ങൾ എല്ലാവരും അനുസരിക്കുകയും ചെയ്യുന്നു. ഓർക്കുക, ചില കഴിവുകളുള്ളവർ മാത്രമല്ല നേതാക്കന്മാരാകുന്നത്. അവസരങ്ങൾ ഉപയോഗിക്കുക. എന്നതും പ്രധാനപ്പെട്ടതാണ്.

ലീഡർഷിപ്പ് ക്വാളിറ്റി എന്നത് ഒരു നേട്ടമായി റെസ്യൂമെയിൽ എഴുതി വച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതു പ്രകടിപ്പിച്ച സാഹചര്യങ്ങളും അതിന്റെ വിശദീകരണങ്ങളും ഇന്റർവ്യൂവിൽ ചോദിക്കുന്ന പക്ഷം നൽകുവാൻ കഴിയണം.

സർഗാത്മകത (Creativity)
മറ്റുള്ളവർ കാണുന്ന അതേ കാഴ്ച കാണുകയും ആരും മനസ്സിലാക്കാത്ത അർഥതലങ്ങൾ അവയിൽ കണ്ടെത്തുകയും ചെയ്യുന്നതിനെ സർഗാത്മക, ക്രിയാത്മകത എന്നെല്ലാം പറയാം. ലോകത്തെ ഏറ്റവും ധനികനായി മാറിയ ബിൽ ഗേറ്റ്സിന്റെ വിജയരഹസ്യം. ഒരു ക്രിയാത്മകമായ ചിന്തയായിരുന്നു. ഡോസ് (DOS) എന്ന വിരസമായ കമാന്റ് ബേസ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നു വിൻഡോസ് എന്ന ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (GUI) അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കണ്ടുപിടിത്തം ഐടി മേഖലയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കി. Think out of the Box എന്ന ആശയമാണ് ഇതിനടിസ്ഥാനം. സർഗാത്മകമായി പുതിയ ആശയങ്ങളുമായി മുന്നോട്ടു വരുന്നവർക്കു ജോലിയിൽ കയറിപ്പറ്റുന്നതിനും പിന്നീടു കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചേരുന്നതിനും സഹായകമാകും. ‘To get into a career is easy but to stay there is very difficult’ എന്ന ആപ്തവാക്യം ഓർക്കുക. കോഴ്സിനോടൊപ്പം തന്നെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇന്റർവ്യൂവിൽ കൂടുതൽ തിളങ്ങാൻ സാധിക്കും. ഉദാഹരണമായി നിങ്ങൾ ഒരു ഓട്ടമൊബീൽ എൻജിനീയറാണെന്നു കരുതുക. കൂട്ടുകാരുമൊത്തു ചേർന്ന് ഒരു സോളാർ കാർ വികസിപ്പിച്ചു എന്നത് ഇന്റർവ്യൂവിൽ നിങ്ങളെ വ്യത്യസ്തനാക്കി കൂടുതൽ മികവുറ്റ ഉദ്യോഗാർഥിയാക്കുമെന്നതിൽ സംശയമില്ല.

സർഗാത്മകമായ ചിന്ത ഉപയോഗിച്ച് വിജയം കണ്ടവരിൽ മുൻപന്തിയിലാണ് വിർജിൻ ഗ്രൂപ്പ് ഉടമയായ റിച്ചാർഡ് ബ്രാൻസൺ. ഇന്ത്യയിൽ മൊബൈൽ സേവനദാതാവായി രംഗത്തെത്തിയപ്പോൾ വിർജിൻ മൊബൈൽ നൽകിയ ഒരു സേവനമായിരുന്നു ഇൻകമിങ് കോളിന് പണം കിട്ടും എന്നത്. വ്യത്യസ്തമായ ഈ ആശയവുമായി ഇന്ത്യയിലെത്തിയ വിർജിൻ മൊബൈലിന്റെ ഇന്ത്യയുടെ ഉദ്ഘാടനപരിപാടിതന്നെ വ്യത്യസ്തമായിരുന്നു. പത്രസമ്മേളനം നടത്തിയ ഹോട്ടലിന്റെ മുകളിലത്തെ നിലയിൽനിന്നും താഴേക്കു ചാടിയത് മറ്റാരുമല്ല റിച്ചാർഡ് ബ്രാൻസൺ തന്നെയായിരുന്നു. താഴെ ക്രമീകരിച്ച വലയിൽ വീണ അദ്ദേഹം അവിടെത്തന്നെ നിന്നുകൊണ്ട് ഇന്ത്യയിൽ വിർജിൻ മൊബൈൽ ലോഞ്ച് ചെയ്യുന്നതിനായി പ്രഖ്യാപിച്ചു. ഇതിലൂടെ അദ്ദേഹത്തിന് ഇന്ത്യൻ മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം ലഭിച്ചു. തന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ പരസ്യത്തിനായി വലിയ തുക ചെലവാക്കേണ്ടി വന്നില്ല. വിമാനയാത്രകൾക്ക് വെല്ലുവിളിയായി അദ്ദേഹം ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്ന സ്പേസ് യാത്ര (Space Tourism) മറ്റൊരു Out of the box ചിന്തയാണ്. യാത്രാസമയം ക്രമാതീതമായി കുറയ്ക്കുവാൻ ഒരുപക്ഷേ ഈ പരീക്ഷണം നിമിത്തമായേക്കാം.

കോഴ്സിനോടൊപ്പം തന്നെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ  ഇന്റർവ്യൂവിൽ കൂടുതൽ തിളങ്ങാൻ സാധിക്കും. ഉദാഹരണമായി നിങ്ങൾ ഒരു ഓട്ടമൊബീൽ എൻജിനീയറാണെന്നു കരുതുക. കൂട്ടുകാരുമൊത്തു ചേർന്ന് ഒരു സോളാർ കാർ വികസിപ്പിച്ചു എന്നത്. ഇന്റർവ്യൂവിൽ നിങ്ങളെ വ്യത്യസ്തനാക്കി കൂടുതൽ മികവുറ്റ ഉദ്യോഗാർഥിയാക്കുമെന്നതിൽ സംശയമില്ല.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>