Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേലധികാരിയുടെ ശമ്പളം അറിഞ്ഞാലുള്ള ഗുണങ്ങൾ

astro-18

ജീവനക്കാർ  അവരുടെ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നത് പല കമ്പനികളും അത്ര പ്രോത്സാഹിപ്പിക്കാറില്ല. ഈ വിവരം സഹപ്രവർത്തകരുമായി പങ്കുവയ്ക്കരുതെന്ന് കർശനമായി വിലക്കുന്ന കമ്പനികളും നിരവധി. എന്നാൽ മേലധികാരിയുടെ ശമ്പളത്തിന്റെ വിവരങ്ങൾ പരസ്യമാക്കുന്നത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ കീഴ്ജീവനക്കാരെ പ്രേരിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

തങ്ങൾ പ്രതീക്ഷിച്ചതിലും ഉയർന്ന ശമ്പളം ബോസിനുണ്ടെന്നുള്ള അറിവ് കീഴ്ജീവനക്കാരുടെ ജോലി സ്ഥലത്തെ ഉത്പാദനക്ഷമത 10% എങ്കിലും വർദ്ധിപ്പിക്കുമെന്ന് ഹാർവാർഡ് ബിസിനസ് സ്കൂൾ അസിസ്റ്റന്റ് പ്രഫസർ സോ കുള്ളനും കാലിഫോർണിയ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ റിക്കാർഡോ പെരസും ചേർന്ന് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഏഷ്യയിലെ ഒരു വൻകിട ബാങ്കിലെ 2060 ജീവനക്കാരെ വച്ചാണ് ഇവർ പഠനം നടത്തിയത്.

പ്രമോഷനായി മേലധികാരിയുടെ സ്ഥാനത്തേക്ക് എന്നെങ്കിലും എത്തി, അത്രയും പണം സമ്പാദിക്കാമെന്ന അറിവ് കീഴ്ജീവനക്കാരെ കാര്യമായി പ്രചോദിപ്പിക്കുമെന്ന് പഠനം പറയുന്നു. ഇവർ കൂടുതൽ ജോലി ചെയ്യാനും കൂടുതൽ നേരം ഓഫീസിലിരിക്കാനും കൂടുതൽ മെയിലുകൾ അയക്കാനും കൂടുതൽ വിൽപന നേട്ടം കൈവരിക്കാനും തുടങ്ങും.

എന്നാൽ ഈ ഉയർന്ന ശമ്പളം ഒരേ തട്ടിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകനാണെങ്കിലോ ? എന്നാൽ കാര്യം ആകെ കുഴപ്പത്തിലാകുമെന്ന് സോയും റിക്കാർഡോയും പറയുന്നു. കൂടെ ഇരിക്കുന്നവന് താൻ പ്രതീക്ഷിച്ചതിലും കൂടുതൽ ശമ്പളമുണ്ടെന്ന അറിവ് ജീവനക്കാരനിൽ നെഗറ്റീവായി പ്രതിഫലിക്കും. തന്റെ ജോലി വിലമതിക്കപ്പെടുന്നില്ലെന്നും ഈ കമ്പനിക്ക് വേണ്ടി അധികം കഷ്ടപ്പെടുന്നതിൽ അർത്ഥമില്ലെന്നും ജീവനക്കാരന് തോന്നി തുടങ്ങും.

പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഒരേ റോളുകളിലുള്ളവർക്ക് പല ശമ്പളം നൽകുന്നതിന് പകരം പ്രമോഷനോട് കൂടിയുള്ള ശമ്പള വർദ്ധന എന്ന ഓഫർ ജീവനക്കാരന് മുന്നിൽ വയ്ക്കുന്നതാകും കൂടുതൽ പ്രചോദനാത്മകമെന്ന് ഈ പഠനം അടിവരയിടുന്നു.