Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനേജര്‍മാരുമായി ആശയവിനിമയം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

meeting

ജോലി സ്ഥലം നരകമായി കാണുന്ന ഭൂരിപക്ഷം പേരും വെറുക്കുന്നത് ഒരു പക്ഷേ ജോലിയേക്കാൾ അവരുടെ മേലധികാരിയെ ആകാം. മാനേജര്‍, പ്രോജക്ട് ലീഡര്‍, ബോസ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ മേലധികാരിയോടുള്ള ഇഷ്ടക്കേടാണു മിക്കപ്പോഴും ജോലിയോടുള്ള വെറുപ്പില്‍ പ്രതിഫലിക്കാറുള്ളത്. മാനേജര്‍മാരും നമ്മളെ പോലെ ശമ്പളത്തിനായി ജോലി ചെയ്യുന്നവരാണെന്ന ഉത്തമ ബോധ്യത്തോടെ അവരോടു കൂടുതല്‍ മെച്ചപ്പെട്ട ബന്ധം പുലര്‍ത്തിയാല്‍ തീരാവുന്നതേ ഉണ്ടാകൂ ജോലി സ്ഥലത്തെ ഒരു വിധം പ്രശ്‌നങ്ങളെല്ലാം. ഇതിന് ആദ്യമായി വേണ്ടതു മാനേജറുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്തുക എന്നതാണ്. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള മികച്ച ബന്ധം ജോലി സ്ഥലത്തെ ഉത്പാദനക്ഷമതയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്. മാനേജര്‍മാരുമായി മെച്ചപ്പെട്ട ആശയവിനിമയം നടത്താന്‍ ചില പൊടിക്കൈകള്‍ ഇതാ.

മുന്‍ഗണനകള്‍ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ
ബോസുമായി ആഴ്ചയുടെ ആദ്യ ദിവസം തന്നെ ഒരു കൂടിക്കാഴ്ച നടത്തുന്നതു നന്നാകും. ഈ കൂടിക്കാഴ്ചയില്‍ വരുന്ന ആഴ്ചയില്‍ തന്റെ ജോലിയില്‍ മുന്‍ഗണന നല്‍കേണ്ടത് എന്തിനൊക്കെയാണെന്ന് മനസ്സിലാക്കണം. ആവശ്യങ്ങളെ കുറിച്ചും നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്നും ഈ കൂടിക്കാഴ്ച വ്യക്തത വരുത്തും. ശുഭപ്രതീക്ഷകളോടെ ഉത്പാദനക്ഷമമായ ഒരാഴ്ച തുടങ്ങാനുള്ള ഇന്ധനമായി മാറണം ഇത്തരം കൂടിക്കാഴ്ചള്‍. 

ദൈനംദിന പുരോഗതി പങ്കുവയ്ക്കണം
ഗൂഗിള്‍ ചാറ്റ്, വാട്ട്‌സ് അപ്പ്, ഇന്റേണല്‍ മെയില്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ജോലിയിലെ നിങ്ങളുടെ ദൈനംദിന പുരോഗതി ബോസിനെ അറിയിക്കാനായി ഉപയോഗപ്പെടുത്തണം. ജോലിയുടെ പുരോഗതിയെ പറ്റി മാനേജര്‍ക്ക് അറിവുണ്ടായിരിക്കുന്നത് ആവശ്യമില്ലാത്ത ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുള്‍പ്പെടെ നിരവധിയാളുകളുടെ ജോലിക്കു മേല്‍നോട്ടം വഹിക്കേണ്ടതു കൊണ്ടു മാനേജര്‍ക്കു നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയെന്തെന്നു ചിലപ്പോള്‍ കൃത്യമായ ഓര്‍മ്മയുണ്ടാകണം എന്നില്ല. ദൈനംദിന പുരോഗതി പങ്കുവയ്ക്കുന്നതു നിങ്ങളുടെ ജോലി മാനേജറെ ഓര്‍മ്മിപ്പിക്കും. നിങ്ങള്‍ ആത്മാർഥമായി ജോലി ചെയ്യുന്നുണ്ടെന്നും മാനേജറെ അതു ബോധ്യപ്പെടുത്തും. ചെയ്തു കൊണ്ടിരിക്കുന്ന ജോലിയില്‍ ഇടയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അവയും ഇത്തരം പങ്കുവയ്ക്കലിനിടെ നിര്‍ദ്ദേശങ്ങളായി ബോസില്‍ നിന്ന് ഉയര്‍ന്നു വരാം. 

കൂടിക്കാഴ്ചയ്ക്ക് കൃത്യമായ അജന്‍ഡ
മാനേജറുമായി കൂടിക്കാഴ്ച നടത്തും മുന്‍പു താന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അജന്‍ഡ രൂപത്തില്‍ തയ്യാറാക്കുക. കൂടിക്കാഴ്ചയ്ക്കു സമയം ചോദിക്കുമ്പോള്‍ തന്നെ അജന്‍ഡയും ഒപ്പം അയക്കുന്നതു രണ്ടു പേര്‍ക്കും ധാരാളം സമയം ലാഭിക്കാന്‍ സഹായിക്കും. കൂടിക്കാഴ്ചകള്‍ ഉത്പാദനക്ഷമമായിരിക്കുമെന്ന് ഉറപ്പ് വരുത്തുക. 

തിരക്കാണെങ്കിലും സമയം കണ്ടെത്തുക
എന്തെങ്കിലും പുതിയ പ്രോജക്ടുമായി മാനേജര്‍ നിങ്ങളെ സമീപിക്കുമ്പോള്‍ ഞാന്‍ മറ്റൊരു ജോലിയുടെ തിരക്കിലാണ് എന്ന് പറഞ്ഞ് എപ്പോഴും ഒഴിവാകാന്‍ ശ്രമിക്കരുത്. പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ മടി കാണിക്കുന്ന ജീവനക്കാരന്റെ അരികിലേക്കു പുതിയ പ്രോജക്ടുകളുമായി വരാന്‍ ഏതു മാനേജറും മടിക്കും. നിങ്ങളുടെ തിരക്കു പിടിച്ച ഷെഡ്യൂളില്‍ പുതിയ പ്രോജക്ടിനും കൂടി ഏങ്ങനെ സമയം കണ്ടെത്താനാകും എന്നതിനെ കുറിച്ചു മാനേജറുമായി ഇരുന്നു കൂടിയാലോചിക്കുക. നിങ്ങളുടെ ജോലിയുടെ മുന്‍ഗണനകള്‍ മാറ്റി ചിലപ്പോള്‍ പുതിയ പ്രോജക്ടും കൂടി ഉള്‍ക്കൊള്ളിക്കാന്‍ ഇതു വഴി സാധിച്ചേക്കും. 

Job Tips >>