Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടുകൾ ചേർത്തുവെച്ചാണോ നിങ്ങളുടെ നിൽപ്?

body language

നമ്മുടെ വിചാരവികാരങ്ങളെ പ്രകടമാക്കുന്നതിൽ കണ്ണുകളേക്കാൾ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ്. ചുണ്ടുകൾക്കുള്ളത്. മുഖത്തു ദൃശ്യമാകുന്ന എല്ലാ ഭാവപ്രകടനങ്ങളിലും ചുണ്ടുകൾക്കു പ്രത്യക്ഷമായോ പരോക്ഷമായോ അവയുടേതായ പങ്കു വഹിക്കാനുണ്ട്. 

ചുണ്ടുകൾ പരസ്പരം അമർത്തിവയ്ക്കുകയാൽ ഒരു വര പോലെ കാണപ്പെടുന്ന  അവസ്ഥ; പൗരസ്ത്യരിലേക്കാൾ പാശ്ചാത്യരിലാണ് ഈ ചേഷ്ട വളരെ വ്യാപകമായി കാണു ന്നത്. കാർക്കശ്യം, വിയോജിപ്പ്, എതിർപ്പ്, വിസമ്മതം എന്നിവയിൽ ഏതിന്റെയും സൂചനയാകാം. സംസാരിച്ചു കൊണ്ടിരിക്കെ കേൾവിക്കാരൻ പെട്ടെന്നു ചുണ്ടുകൾ അമര്‍ത്തുന്നതായിക്കണ്ടാൽ ഏതു നിമിഷവും വിയോജിപ്പിന്റെയോ എതിർപ്പിന്റെയോ ആയ പ്രതികരണം പ്രതീക്ഷിക്കാം. ദേഷ്യം, ദുഃഖം, അനിശ്ചിതത്വം തുടങ്ങിയ മാനസികാവസ്ഥകളും ഇതു പോലെ തന്നെ പ്രകടമാകുന്നു.

ചുണ്ടുകൾ അമർത്തിവച്ചു വിദൂരതയിലേക്കു നോക്കിയുള്ള ഇരുപ്പ് ഗാഢമായ ചിന്തയുടെ ലക്ഷണമായേക്കാം. അതേ ഇരിപ്പുതന്നെ ചെറുതായി തലയാട്ടിക്കൊണ്ടോ തല വശങ്ങ ളിലേക്കു ചലിപ്പിക്കുകൊണ്ടോ ആണങ്കിൽ അത് യഥാക്രമം അംഗീകാരത്തിന്റെയോ വിയോജിപ്പിന്റെയോ അളന്നുമുറിച്ച പ്രകടമനമായേക്കാം. സാമാന്യത്തിലധികം ശക്തമായി അമർത്തിവച്ച ചുണ്ടുകൾ നിശ്ചയദാർഢ്യത്തിന്റെയോ മാനസികമായ സ്വയം പ്രതിരോധത്തിന്റെയോ സൂചനയാകാം. 

പതിവായി ചുണ്ടുകൾ അമർത്തിപ്പിടിച്ചിരിക്കുന്ന സ്വഭാവമുള്ളവർ മിതഭാഷികളായിരിക്കും. പക്ഷേ, അവർ വല്ലപ്പോഴും പറയുന്ന വാക്കുകൾ അര്‍ഥഗർഭങ്ങളായിരിക്കും. വാതോരാതെ സംസാരിക്കുന്നവരെ അവരിഷ്ടപ്പെടുകയില്ല. ഇത്തരക്കാരുമായി ഇടെപെടുമ്പോൾ വാക്കുകൾ പരമാവധി ചുരുക്കി കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കാൻ ശ്രമിക്കണം. 

മുകളിൽ പറഞ്ഞതിനു വിപരീതമായി അൽപ്പം വിടർന്ന ചുണ്ടുകളുള്ളവർ സമയത്തിന്റെ കാര്യത്തിലായാലും വാക്കുകളുടെ കാര്യത്തിലായാലും അധികം പിശുക്കു കാണിക്കുന്ന കൂട്ടത്തിലായിരിക്കില്ല. ഏതൊരു കാര്യവും അൽപ്പം താമസിച്ചു തുടങ്ങുന്ന സ്വാഭാവക്കാരായ ഇവർ അതുകൊണ്ടു തന്നെ അവസാനിപ്പിക്കുന്നതും താമസിച്ചായിരിക്കും പൊതുവെ ഉദാരമനസ്കരായിരിക്കും. 

ചുണ്ടു കടിച്ചുപിടിക്കൽ അനിശ്ചിതത്വത്തിന്റെയോ ശങ്കയുടെയോ പരിഭ്രമത്തിന്റെയോ അമ്പരപ്പിന്റെയോ വികാരങ്ങൾ അമർത്തിവയ്ക്കാനുള്ള ശ്രമത്തിന്റെയോ ലക്ഷണമാകാം. കീഴ്ചുണ്ടുകൾ കടിച്ചു പിടിക്കുന്നതു സംശയത്തിന്റെയോ ആലോചനയുടെയോ  ശ്രദ്ധാപൂർവമായ നീക്കത്തിന്റെയോ സൂചനയാകാം.

അമിതമായി ക്ഷോഭിച്ച അവസ്ഥയില്‍ പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞു പോകുന്നതിൽ നിന്നു സ്വയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായും കീഴ്ച്ചുണ്ടുകള്‍ കടിച്ചുപിടിക്കാറുണ്ട്. അസുഖകരമായ എന്തെങ്കിലും സാഹചര്യങ്ങളിൽ പിടിക്കപ്പെട്ട അവസ്ഥയിൽ വിശദീകരിക്കാൻ  വാക്കുകൾ കിട്ടാതെ  വിമ്മിട്ടപ്പെടുമ്പോഴും ചിലര്‍ കീഴ്ചുണ്ടുകൾ കടിച്ചു പിടിക്കാറുണ്ട്. 

എന്തെങ്കിലും പുറത്തേക്കു തുപ്പാനൊരുങ്ങി നിൽക്കുന്ന ഭാവത്തില്‍ ചുണ്ടുകള്‍ കോട്ടി നിൽക്കുന്ന അവസ്ഥയിൽ അത് അവ‍ജ്ഞയുടെയോ പ്രതിഷേധത്തിന്റെയോ സൂചനയാകാം. നാക്കിന്റെ തുമ്പ് അൽപ്പം പുറത്തുകാണിച്ചുകൊണ്ടുള്ള നിൽപ്പ് സന്തോഷത്തോടുകൂടിയുള്ള താൽപര്യത്തെ സൂചിപ്പിക്കുന്നു. 

ഇതേ നിൽപ്പ് തലയൽപ്പം പുറകിലേക്കു ചായ്ച്ചുവച്ചാണെങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ചുള്ള സന്തുഷ്ടിയാണ് പ്രകടമാക്കുന്നതെന്ന് അനുമാനിക്കാം. താടിയുടെ പേശികൾ വലിഞ്ഞു മുറുകിയ അവസ്ഥയിൽ കീഴ്ചുണ്ടുകൾ മേൽചുണ്ടുകളോട് അമർത്തിപ്പിടിക്കുന്നുവെങ്കിൽ അതു ശത്രുതയുടെ സൂചനയാകാം.

ചുണ്ടുകൂർപ്പിക്കൽ നിശ്ചയിച്ചുറപ്പിച്ച കാര്യത്തിൽ നിന്ന് ഒരു കാരണവശാലും പുറകോട്ടു പോകില്ലെന്ന ഭാവത്തെ സൂചി പ്പിക്കുന്നു. ഇത് അഹങ്കാരത്തിന്റെയോ താൻ പോരിമയുടെ യോ പ്രകടനവുമായേക്കാം. 

ചുണ്ടു കൂർപ്പിക്കൽ ഭീതിയുടെയോ എന്തെങ്കിലും ഗാഢപദ്ധതികൾ മനസ്സിലുരിത്തിരിഞ്ഞു വരുന്നതിന്റെയോ സംസാരിക്കാനുള്ള വിമുഖതയുടെയോ ലക്ഷണമാകാമെന്ന് പെക് (Peck) അഭിപ്രായപ്പെടുന്നു. ചെറുതായി ചുണ്ടുകൂർപ്പിച്ചുകൊണ്ടോ ചുണ്ടുകൾ കോട്ടിക്കൊണ്ടോ ഒരാൾ ഓ, അതെനിക്കുറപ്പാണ് എന്നു പറയുമ്പോൾപോലും അതിൽ സംശയത്തിന്റെ സൂചനയുണ്ടെന്ന് ഗീവന്‍സ് പറയുന്നു. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>