Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവിൽ ജ്യൂസ് വിൽപന നടത്തി നബീലിന്റെ സ‍ഞ്ചാരം

nabeel-1

യാത്രകളിൽ സന്തോഷം കണ്ടെത്തുന്ന നബീൽ ലാലു പറയുന്നു,  മനുഷ്യന്റെ നന്മയറിയാൻ ഒറ്റ യാത്ര മതി

ലൈസൻസ് കിട്ടിയതിന്റെ പിറ്റേന്നു പരപരാ വെളുത്തപ്പോൾ ഒരൊറ്റപ്പോക്ക്, ലഡാക്കിലേക്ക്. അതിർത്തി കണ്ടു മടങ്ങിയെത്തിയ ആ യാത്രയുടെ ഒന്നാം വാർഷികത്തിൽ മലപ്പുറം പൊന്മളക്കാരൻ നബീൽ ലാലു വീണ്ടും പോയി; 25 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും മൂന്ന് അയൽരാജ്യങ്ങളും കണ്ട്, കിടിലനായി തിരിച്ചെത്തി. അതും ഡിയോ സ്കൂട്ടറിൽ. വയസ്സോ 19. യാത്രയ്ക്കു സമയമില്ല, കാശില്ല, നല്ല വണ്ടിയില്ല എന്നൊക്കെ പരിഭവിക്കുന്നവർക്കിടയിൽ നിന്നാണു നബീലിന്റെ സന്തോഷയാത്ര. അതും പണം കണ്ടെത്താൻ ജ്യൂസ് വിൽപന മുതൽ ഓൺലൈൻ വിത്തുവിൽപന വരെ നടത്തുന്ന ജീവിതയാത്രയ്ക്കിടെ.

കാത്തു കാത്ത് ആ ദിവസം
ബൈക്കിനു പിന്നിൽ യാത്രചെയ്തു തുടങ്ങിയപ്പോഴേ യാത്ര പെരുത്തിഷ്ടം. വായിച്ചും സഞ്ചാരിക്കൂട്ടായ്മകളിൽ അംഗമായും അറിഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം മനസ്സിൽ വഴികൾ വരച്ചിട്ടു. ചെറിയ റൈഡുകൾക്കു കൂട്ടുപോയി. 18 തികഞ്ഞ അന്നുതന്നെ ലൈസൻസിന് അപേക്ഷ നൽകി; നബീൽ ലാലു, കടവത്ത് വീട്, വടക്കേക്കുണ്ട്, പൊന്മള.

അതിനും മുൻപേ അബ്ദുറഹിമാനും ഹൗവ്വാ ഉമ്മയും മകന്റെ അപേക്ഷ പാസാക്കിയിരുന്നു. ലൈസൻസ് കിട്ടിയതിനു പിറ്റേന്നു രാവിലെ തുടങ്ങി, 16 സംസ്ഥാനങ്ങളിലൂടെ 26 ദിവസം നീണ്ട യാത്ര. 8500 കിലോമീറ്റർ.

ടുർർർ... ടുർർർ... സ്കൂട്ടർ

ആദ്യ ഡിയോ യാത്രയ്ക്ക് ഒരു വർഷമാകാൻ 75 ദിവസം ബാക്കിനിൽക്കെ രണ്ടാംയാത്ര. ഒരുക്കം നേരത്തേ തുടങ്ങി. സ്കൂട്ടറിന്റെ രണ്ടു ടയറും മാറ്റി. ലഗേജ് കാരിയർ പിടിപ്പിച്ചു. രണ്ട് എൽഇഡി ഫോഗ് ലാംപുകൾ, മൊബൈൽ മൗണ്ട് എന്നിവ ഹാൻഡിലിൽ ഘടിപ്പിച്ചു. ബ്ലൂടൂത്ത് സംവിധാനമുള്ള, യൂറോപ്യൻ നിലവാരത്തിലുള്ള ഹെൽമറ്റ് വാങ്ങി. സംഗതിയുടെ ‘കിടപ്പുവശം’അറിഞ്ഞപ്പോൾ 8000 രൂപയുടെ സർവീസ്, ഷോറൂം സൗജന്യമായി ചെയ്തുകൊടുത്തു. 10,000 രൂപ പെട്രോളടിക്കാനും നൽകി.

നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ

Nabeel-3 ഇനിയുമേറെ വഴികൾ: നബീൽ ലാലു യാത്രയ്ക്കിടെ. ചിത്രം: സമീർ എ. ഹമീദ്

ജൂലൈ ഒന്നിന്, പൊന്മളപ്പാടത്തു വെട്ടം വീഴും മുൻപേ യാത്ര തുടങ്ങി. പിന്നെയെല്ലാം സ്കൂട്ടറും ഹെൽമറ്റും പറയും. പിന്നിട്ട സംസ്ഥാനങ്ങളിലെയും നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നിവിടങ്ങളിലെയും റൈഡേഴ്സ് ക്ലബ്ബുകളും സന്നദ്ധസംഘടനകളും സ്വീകരിച്ചതിന്റെ മുദ്രകൾ അവയിലുണ്ട്. 106 ദിവസം, 24,500 കിലോമീറ്റർ. ചെലവ് 60,500 രൂപ. പെട്രോൾവില മാത്രമാണ് 50,000 രൂപ കേട്ടോ! ഒക്ടോബർ 14ലെ മടങ്ങിവരവ് നാട്ടുകാർ ഉത്സവമാക്കി. ‌വീട് പോറ്റാനും സ്കൂട്ടർ വാങ്ങാനും യാത്രാച്ചെലവിനുമൊക്കെയായി നബീൽ ചെയ്ത ജോലികൾ പലത്. വഴിയോരത്തു കരിമ്പ് ജ്യൂസടിച്ചു. വീട്ടിൽ എഗ് ഇൻക്യൂബേറ്റർ ഉണ്ടാക്കി ഒഎൽഎക്സ് വഴി വിറ്റു. ഇപ്പോൾ ആമസോണിൽ പച്ചക്കറിവിത്ത് വിൽക്കുന്നു.

ഫുൾടാങ്ക് നന്മ, മൈലേജ്

മണിപ്പുർ തലസ്ഥാനം ഇംഫാലിൽ  ഹർത്താലിൽ പെട്ടെങ്കിലും സഞ്ചാരിയാണെന്നറിഞ്ഞപ്പോൾ അവർ വഴിയൊരുക്കി. ബെംഗളൂരു – ഗോവ വഴിയിൽ സ്കൂട്ടറിന്റെ ബെൽറ്റ് പൊട്ടി കുടുങ്ങി. 15 കിലോമീറ്റർ താണ്ടാൻ സഹായിച്ചത് ഒരു അജ്ഞാതനാണ്. ‘ഒരു എൻജിനീയർ, അത്രയും ഓർത്താൽ മതി’ എന്നായിരുന്നു പരിചയപ്പെടുത്തൽ. കൂട്ടുകാർ, കെഎൽ14 കെഎസ്ഡി മുതൽ തിരുവനന്തപുരം മോട്ടോർ ക്ലബ്ബ് വരെയുള്ള കേരളത്തിലെ യാത്രക്കൂട്ടങ്ങൾ, റൈഡർ ക്ലബ്ബുകൾ... അവരുടെയൊക്കെ നന്മയാണ് യഥാർഥ ഇന്ധനം.

പുതിയ മനുഷ്യൻ

Nabeel-2

യാത്രകൾ നമ്മെ പുതിയ മനുഷ്യരാക്കും. കാഴ്ചയൊന്നുമില്ലാത്ത സ്ഥലം പോലും നമ്മെ മാറ്റിമറിക്കും. മനുഷ്യർ നന്മയില്ലാത്തവരാണെന്നും നല്ല ആളുകൾ കുറയുകയാണെന്നുമുള്ള ധാരണ മാറാൻ ഒരു യാത്ര മതി. 106 ദിവസത്തെ യാത്രയ്ക്കിടയിൽ നാലു ദിവസം മാത്രമാണ് ഞാൻ മുറി വാടകയ്ക്കെടുത്തത്. മറ്റു ദിവസങ്ങളിൽ റൈഡർമാരും കൃഷിക്കാരും  ഗ്രാമീണരും അവർക്കൊപ്പം ഇടംതന്നു. ആഹാരം പങ്കിട്ടു. അവരുടെയൊക്കെ സ്നേഹത്തിന്റെ വെളിച്ചത്തെയാണ് നമ്മളൊക്കെ അത്യാഗ്രഹവും അക്രമവും കൊണ്ട് അണച്ചുകളയുന്നത്’ -  നബീൽ പറ‍യുന്നു.

Job Tips >>