Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മാഭിമാനം ഉയർത്താൻ 11 മാർഗങ്ങൾ

thumbsup

സ്വയം വിലയിരുത്തലാണ്  ആത്മാഭിമാനം. (Self Esteem) നമുക്കു സമൂഹത്തിലുള്ള സ്ഥാനം, കഴിവുകൾ, ആത്മവിശ്വാസം, തന്നെപ്പറ്റിയുള്ള അമിതമായ മതിപ്പ് ഇവയെല്ലാം ഒത്തൊരുമിക്കുന്നതാണ് ആത്മാഭിമാനം. ഉന്നതമായ ആത്മാഭിമാനമുള്ള വ്യക്തികൾ ശാരീരികമായും മാനസികമായും ശക്തരായിരിക്കും. മറ്റുള്ളവരോടു താരതമ്യപ്പെടുത്താതെ, സ്വന്തം പ്രവർത്തന ശേഷിയായിരിക്കും അവർ താരതമ്യപ്പെടുത്തുക. ഉന്നത ആത്മാഭിമാനം പലവിധത്തിലും  വ്യക്തിക്കു പ്രയോജനകരമായിരിക്കും. അസൂയാവഹമായ ദൃഢവിശ്വാസം, ഉത്തമ കർത്തവ്യ നിർവഹണം, സാഹസികമായി പ്രവർത്തിക്കാനുള്ള കഴിവ്, ആകർഷക  പെരുമാറ്റ രീതികളും മനോഭാവവും, സമൂഹത്തിലുള്ള അംഗീകാരം, നല്ല വ്യക്തിബന്ധങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ പ്രതിഫലനങ്ങളാണ്. വിമർശനങ്ങൾ തുറന്ന മനസോടെ സ്വീകരിക്കാനും, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വിമർശനവും അഭിനന്ദനവും നൽകാനും ഇവർക്കു കഴിയും. കുറഞ്ഞ ആത്മാഭിമാനമുള്ള വ്യക്തികളെ സമൂഹത്തിനു പെട്ടെന്നു മനസിലാക്കാം.  വ്യത്യസ്തമായിരിക്കും അവരുടെ  പെരുമാറ്റം.  അഹങ്കാര മനോഭാവവും, എല്ലാം അറിയാവുന്നവരാണെന്ന  മിഥ്യാബോധവും അവരിൽ തെളിഞ്ഞുകാണാം. പ്രവർത്തന മേഖലയിൽ അവരുമായി യോജിച്ചു പ്രവർത്തിക്കാൻ സഹപ്രവർത്തകർക്കു പ്രയാസമായിരിക്കും. 

ഉന്നത ആത്മാഭിമാനമുള്ളവരിൽ കാണുന്ന മറ്റു ചില ഗുണങ്ങൾ: 

∙കൂടുതൽ ചുമതലകൾ സ്വന്തമായി ഏറ്റെടുക്കാനുള്ള മനോഭാവം. 

∙തികഞ്ഞ ശുഭാപ്തി വിശ്വാസം.

∙നല്ല വ്യക്തിബന്ധങ്ങളും ജീവിത രീതിയും.

∙ഉറച്ച ബോധ്യവും ദൃഢവിശ്വാസവും.

∙മറ്റുള്ളവരോടുള്ള അനുകമ്പയും അവരെ സഹായിക്കാനുള്ള തുറന്ന മനഃസ്ഥിതിയും.

∙എന്തും ചെയ്യാനുള്ള ഇച്ഛാശക്തിയും പ്രചോദനവും ആത്മവിശ്വാസവും.

∙അവസരങ്ങൾ സ്വന്തമായി കണ്ടുപിടിച്ച് സങ്കീർണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള മനസ്സ്.

കുറഞ്ഞ ആത്മാഭിമാനം പ്രകടമാക്കുന്ന സവിശേഷതകൾ:

∙അഹന്തയും  ഞാനെന്ന ഭാവവും.

∙കൂടുതൽ വിമർശനങ്ങൾ നടത്താനുള്ള ആസക്തി.

∙സ്വാർത്ഥതയും സങ്കുചിത മനഃസ്ഥിതിയും.

∙തുടർച്ചയായി വരുത്തിവയ്ക്കുന്ന തെറ്റുകളും അവയെ ന്യായീകരിക്കാനുള്ള ചിന്താഗതിയും.

∙ചുമതലകൾ ഏറ്റെടുക്കാതെ,  മറ്റുള്ളവരെ പഴിചാരുന്ന സ്വഭാവം.

∙വിമർശനങ്ങൾ സ്വീകരിക്കാനുള്ള മടിയും അവയെ പ്രതിരോധിക്കാനുള്ള മനോഭാവവും.

∙മറ്റുള്ളവരോടുള്ള അസൂയയും വിദ്വേഷവും.

∙നിർവഹിക്കാൻ സാധ്യമല്ലെന്ന ഉത്തമ ബോധത്തോടെ നൽകുന്ന വാഗ്ദാനങ്ങൾ.

∙മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ടു മൗനമായി കഴിയാനുള്ള വിചാരങ്ങൾ.

∙സംശയാസ്പദവും ബുദ്ധിഹീനവുമായ പ്രവർത്തനം.

∙സമൂഹത്തിലുള്ള സ്ഥാനത്തെപ്പറ്റിയുള്ള ആശങ്ക.

ആത്മാഭിമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികൾ:

1.വീഴ്ചകളിൽ നിന്നു പാഠങ്ങൾ പഠിച്ച് ഉത്തമകൃത്യങ്ങൾ ചെയ്യാൻ പരിശീലിക്കുക. നിരാശകരാകാതെ കുറവുകളെ അതിജീവിക്കുക.

2.അജ്ഞതയെ ബുദ്ധിപരമായി നേരിടുക. ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നും, എന്തു ചെയ്യാൻ സാധിക്കയില്ലെന്നും പഠിപ്പിക്കുന്നതു വിദ്യാഭ്യാസമാണ്.

3.മറ്റുള്ളവർക്കു പണമായോ അല്ലാതെയോ തിരിച്ചുനൽകാൻ സാധിക്കാത്ത സത്പ്രവൃത്തികൾ ചെയ്യുക.

4.ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുക. സ്വന്തം കുറവുകള ന്യായീകരിക്കുകയും മറ്റുള്ളവരിൽ പഴിചാരുകയും ചെയ്യാതിരിക്കുക.

5.വിമർശനങ്ങൾ കൃതജ്ഞതാബോധത്തോടെ സ്വീകരിക്കാൻ പരിശീലിക്കുക. ഉപകാരങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്തുകൊടുക്കുക.

6.അച്ചടക്കബോധം വളർത്തുക, ആത്മനിയന്ത്രണം, സ്വഭാവഗുണം, കൃത്യനിഷ്ഠ, കാര്യക്ഷമത, ശിക്ഷണബോധം തുടങ്ങിയവ വികസിപ്പിക്കാൻ പരിശീലിക്കുക.

7.ജീവിതത്തിൽ ഒരു ലക്ഷ്യം ഉറപ്പാക്കുക. ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിരന്തരം പരിശ്രമിക്കുക.

8.ശ്രേഷ്ഠമായ കുലീനത്വവും സ്വഭാവ ഗുണങ്ങളുമുള്ള മറ്റു വ്യക്തികളുമായി കൂടുതൽ ഇടപെടുക.

9.സ്വന്തം കഴിവുകളിൽ ദൃഢമായി വിശ്വസിക്കുക. നിങ്ങളുടെ അനുവാദമില്ലാതെ മറ്റൊരാൾക്കു നിങ്ങളെ തരംതാഴ്ത്താൻ കഴിയുകയില്ലെന്ന റൂസ്‌വെൽറ്റിന്റെ വാക്കുകളെ ഓർക്കുക.

10. സന്തോഷം ഉളവാക്കുന്ന മനോഭാവം പുലർത്തുക. സന്തോഷവും സംതൃപ്തിയും നിരന്തരം ആസ്വദിക്കുക

11.ക്ഷമാശീലരാകുക, ക്ഷമാശക്തി ഉദാസീനതയായി പരിണമിക്കാൻ അനുവദിക്കരുത്.

Job Tips >>