Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ് പഠിപ്പിക്കൽ, മെഡിക്കൽ റപ്; ലേഖ ജീവിതം തിരിച്ചു പിടിച്ചതിങ്ങനെ

Lekha മണ്ണുമാന്തിയന്ത്രം ഓടിക്കാനൊരുങ്ങുന്ന ലേഖ രാജേന്ദ്രൻ. ചിത്രം: ഇ.വി.ശ്രീകുമാർ

42 വർഷത്തെ ജീവിതം ലേഖ രാജേന്ദ്രനു സമ്മാനിച്ചതേറെയും വേദന. വേർപാടും ഒറ്റപ്പെടലും ജീവിതത്തെ കവർന്നെടുക്കാൻ മൽസരിച്ചപ്പോഴും അവർ തോറ്റോടാതിരുന്ന കഥയാണിത്. സന്തോഷം എന്നത് എഴുതി വായിക്കാൻ കൊള്ളാം എന്നു കരുതിയിരുന്ന കാലത്തു നിന്ന് ഇന്നത്തെ ലേഖയിലേക്കുള്ള മാറ്റം ചുറ്റുമുള്ളവർക്കു പകരുന്നത് പ്രചോദനത്തിന്റെ പ്രകാശം.

വിക്രമൻ നായരുടെ മകൾ
പേരിനൊപ്പവുംജീവിതത്തിലുമുണ്ടായിരുന്ന അച്ഛൻ പത്താംവയസ്സിൽ ഓർമയായി. അതോടെ, അമ്മയ്ക്കും അനിയത്തിക്കും ഒപ്പം അമ്മയുടെ വൈക്കത്തെ കുടുംബവീട്ടിലായി താമസം.അമ്മയെന്ന അത്താണിയിൽ പിന്നീടുള്ള 8 വർഷങ്ങൾ. ഒരു നഴ്സിനു ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടു കുടുംബം പുലർന്ന ദിവസങ്ങൾ.

രാജേന്ദ്രന്റെ ഭാര്യ
1994ൽ ഡിഗ്രി പഠനത്തിന്റെ ആദ്യവർഷം വിവാഹം. റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ് രാജേന്ദ്രനൊപ്പം സേലത്തേക്ക്. മകനും ഭർത്താവിനുമൊപ്പം സന്തോഷത്തിന്റെ നാളുകൾ. 2013 ഏപ്രിൽ 1. അന്നാണു ലേഖയുടെ ജീവിതം വീണ്ടും ഇരുട്ടിലായത്. രാജേന്ദ്രൻ ബൈക്ക് അപകടത്തിൽപെട്ടു. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ 17 ദിവസം. ഒടുവിൽ മരണം. മകൻ ഹരിഹരന്റെ ഒന്നാം വർഷ എൻജിനീയറിങ്ങിന്റെ അവസാന പരീക്ഷയുടെ ദിവസമായിരുന്നു അത്. അന്നവനു പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. സ്വരുക്കൂട്ടിയ സാമ്പാദ്യമെല്ലാം ഭർത്താവിന്റെ ചികിൽസയ്ക്കായി എടുത്തു. എന്നിട്ടുംലക്ഷങ്ങളുടെ ആശുപത്രി ബില്ലടയ്ക്കാൻ സുഹൃത്തുക്കളുടെ സഹായവും പലിശക്കാരുടെ പണവുമൊക്കെ വേണ്ടി വന്നു.

ഒന്നിൽ തുടങ്ങി, ഒറ്റയ്ക്ക്
സമ്പാദ്യമെല്ലാം നഷ്ടമായതോടെ തിരികെ കേരളത്തിലേക്കു പോന്നു. കൊച്ചിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി കണ്ടെത്തി. എന്നാൽ പിടിച്ചു നിൽക്കാനും ജീവിതത്തോടു പടവെട്ടാനും അതുമാത്രം പോരായിരുന്നു. മാസം കൊടുക്കേണ്ട പലിശ തന്നെയുണ്ടായിരുന്നു വലിയ തുക.തനിക്കറിയാവുന്ന ഡ്രൈവിങ് ജോലിയാക്കാൻ തീരുമാനിച്ചു. സുഹൃത്തിന്റെ സഹായത്തോടെ പാർട് ടൈമായി ഡ്രൈവിങ് പഠിപ്പിക്കാൻ പോയിത്തുടങ്ങി. രാവിലെ നാലിന് ഉണരും. 6 മണി മുതൽ ജോലി. ഡ്രൈവിങ് പഠിപ്പിക്കലും മെഡിക്കൽ റെപ് ജോലിയുമൊക്കെയായി 2 വർഷം മുൻപു കടങ്ങളൊക്കെ തീ‍ർത്തു.

ലക്ഷ്യയുടെ സാരഥി
കഴിഞ്ഞവർഷം ഡ്രൈവിങ് സ്കൂൾ തുടങ്ങി; ‘ലക്ഷ്യ’. ഡ്രൈവിങ് പഠിപ്പിച്ചയാൾ ലൈസൻസ് എടുത്തു സ്വന്തം വാഹനത്തിൽ പോകുന്നതു കാണുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതാണെന്നു ലേഖ. കുട്ടിക്കാലത്തു ബസ് ഡ്രൈവറെ അത്ഭുതത്തോടെയാണു കണ്ടിരുന്നത്. ഇന്നു ബസ് മാത്രമല്ല, മണ്ണുമാന്തിയന്ത്രം, ട്രക്ക്, ലോറി, ടിപ്പർ അങ്ങനെയെന്തും കൈകാര്യം ചെയ്യാൻ അറിയാം ലേഖയ്ക്ക്.ഹെവി ലൈസൻസ് നേടിയതു കഴിഞ്ഞ വർഷം. മണ്ണുമാന്തിയന്ത്രത്തെ കൈപ്പിടിയിലൊതുക്കിയത് ഈ സെപ്റ്റംബറിലും. കാക്കനാടുള്ള മഹീന്ദ്രയുടെ ഡീലർഷിപ് ഓഫിസിൽ എത്തുമ്പോൾ അവിടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവിങ് പഠിക്കാനെത്തുന്ന ഏക സ്ത്രീ ലേഖയായിരുന്നു.

ഹരിഹരന്റെ അമ്മ
‘സങ്കടത്തിനപ്പുറത്ത് ഒരു സന്തോഷമുണ്ടെന്നു ഞാനറിയുന്നതു മോന്റെ മുഖത്തേക്കു നോക്കുമ്പോഴാണ്. അനുഭവിച്ച സങ്കടങ്ങൾക്കെല്ലാം പകരം വയ്ക്കാവുന്ന സന്തോഷം. അമ്മയുടെ സങ്കടങ്ങളും കഷ്ടപ്പാടുകളുമറിഞ്ഞു വളർന്ന മകനാണവൻ, ലേഖ പറയുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കിനു ശേഷം ഈവനിങ് ക്ലാസിലൂടെ  എംടെക്കും വിദൂരവിദ്യാഭ്യാസരീതിയിൽ എംബിഎയും ചെയ്യുന്നു. ഒപ്പം കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലിയും. അമ്മയെപ്പോലെ തന്നെ ഒന്നിലധികം കാര്യങ്ങൾ ഒറ്റയടിക്കു ചെയ്യുന്ന മകൻ.

Job Tips >>