Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ രംഗത്ത് പ്രായം ഒരു തടസ്സമാണോ?

woman

‘ഓ, പ്രായമൊക്കെയായില്ലേ, ഇനി ജോലിയൊന്നും നോക്കാൻ വയ്യ.. അല്ലെങ്കിലും ഈ പ്രായത്തിലൊക്കെ ആരാ എനിക്കിനി ജോലി തരുന്നത്?’ സാധാരണ വീട്ടമ്മമാരുടെ ചിന്തയിൽ ഉയര്‍‍ന്നു വരാറുള്ള സംശയമാണിത്. എന്നാൽ പഠനങ്ങള്‍ പറയുന്നത് രാജ്യാന്തര തൊഴിൽ മേഖലയിൽ ജോലിചെയ്യാൻ പ്രായം ഒരു പ്രശ്നമേയല്ല എന്നാണ്. പ്രായം എത്രയായി എന്നോ, എന്തുകൊണ്ട് ഇത്രനാൾ ജോലിയിൽനിന്നു മാറിനിന്നു എന്നൊന്നും ആരും കണക്കാക്കുന്നില്ല. നല്ല തയാറെടുപ്പുകളും തികഞ്ഞ അർപ്പണമനോഭാവവും ഉണ്ടെങ്കിൽ ജോലി തേടുന്നവരുടെ മുമ്പിൽ  അവസരങ്ങൾ താനേ തുറന്നു വരും.

എപ്പോൾ വേണമെങ്കിലും ഒരു നല്ല ജോലിക്കു തുടക്കമിടാം, ‍ജോലി തുടരാം; താൽപര്യമാണ് മുഖ്യം. ഇന്നു മലയാളികൾക്കിടയിൽത്തന്നെ തൊഴിൽ ജീവിതത്തിൽ ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പലരും വൈകി ഉദിച്ച ആഗ്രഹത്തിൽ നല്ല വിജയം കരസ്ഥമാക്കുകയും ചെയ്യുന്നുമുണ്ട്. കുടുംബപരമായ പ്രശ്നങ്ങളോ ജീവിതസാഹചര്യങ്ങളോ ഒക്കെയാകാം ഈ വൈകി ഉദിക്കുന്ന ആഗ്രഹത്തിന്റെ കാരണങ്ങൾ.

∙ കുടുംബ പ്രാരാബ്ധങ്ങളും കുട്ടികളുടെ പഠനകാര്യങ്ങളുമൊക്കെക്കൊണ്ട് ജോലിക്കു പോകാനാകാത്ത വീട്ടമ്മമാര്‍‍

∙ റിട്ടയര്‍‍മെന്റ് വരെ ജോലിചെയ്തെങ്കിലും സാമ്പത്തികമായി മിച്ചംവയ്ക്കാനാകാത്തവര്‍‍

∙ നിരവധി ബിസിനസ്സുകള്‍ തുടങ്ങി പരാജയപ്പെട്ടവര്‍‍

∙ പ്രവാസം മതിയാക്കി നാട്ടിൽ ചേക്കേറാൻ തീരുമാനിച്ചവര്‍‍

∙ പ്രവാസികളായ പങ്കാളികളുടെ അടുത്തേക്ക് താമസം മാറ്റുന്നവര്‍

എന്നിങ്ങനെ പോകുന്നു കാരണങ്ങൾ

‍എങ്ങനെയാണ് ഒരു തൊഴില്‍‌ കണ്ടുപിടിക്കുന്നത്, പ്രത്യേകിച്ചും ലോകത്തെ അനവധി സ്ഥാപനങ്ങള്‍ ബയോഡേറ്റയില്‍ വലിയ ബ്രേക്ക് ഉള്ളവരെയും നാല്പതിനു മുകളില്‍‌ പ്രായമുള്ളവരെയും ഒക്കെ കമ്പനിനയത്തിന്റെ ഭാഗമായും നയപരമായും ഒഴിവാക്കുന്ന ലോകത്ത്?

ഏറ്റവും ഫലപ്രദമായ പദ്ധതി, ഏതു പ്രായമാണെങ്കിലും തിരിച്ച് യൂണിവേഴ്‍സിറ്റിയിലേക്കു പോയി ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ സാധ്യതയുള്ള ഒരു യോഗ്യത കരസ്ഥമാക്കുക എന്നതു തന്നെയാണ്. പ്രത്യേകിച്ചും പാശ്ചാത്യനാടുകളിലേക്കു കുടിയേറുന്നവര്‍‍ക്ക് അന്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദമുണ്ടെന്നതും ഈ പ്രായത്തിലും പുതിയത് എന്തെങ്കിലും പഠിക്കാന്‍ താൽപര്യം കാണിച്ചു എന്നതും തൊഴില്‍ദാതാക്കള്‍ പോസിറ്റിവായി കാണും. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ തൊഴില്‍ തേടുന്നതിന് ഉപയോഗിക്കാമെന്നതും പഠനത്തിനിടക്കുള്ള ഇന്റേൺഷിപ്പും മറ്റവസരങ്ങളും തൊഴില്‍ദാതാക്കളുമായി നെറ്റ്‌വർക്ക് ചെയ്യാനുപയോഗിക്കാം എന്നതുമൊക്കെ യൂണിവേഴ്‌സിറ്റി വഴിയുള്ള യാത്രയുടെ ഗുണങ്ങളാണ്.

സാമ്പത്തികവും സമയപരവുമായ കാരണങ്ങളാല്‍ ഈ യൂണിവേഴ്‍‌സിറ്റി വഴിയുള്ള രണ്ടാം തൊഴില്‍യാത്ര അത്ര എളുപ്പമല്ല. അവര്‍‍ക്കു വേണ്ടി വേറെ കുറച്ചു നിര്‍ദ്ദേശങ്ങള്‍.

∙ തീരുമാനം യുക്തിപുർവവും ചിന്താപൂർവവും ആയിരിക്കണം

രണ്ടാമതു തൊഴിൽരംഗത്തേക്കു വരണോ എന്നത് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. തീരുമാനമെടുത്താല്‍ അത് ഉറച്ചതായിരിക്കുകയും വേണം. ജോലി ചെയ്യണോ അതോ മറ്റു വല്ല സംരംഭവും തുടങ്ങണോ, മുഴുവന്‍ സമയ ജോലിയാണോ അതോ പാര്‍ട്ട് ടൈം ജോലിയാണോ വേണ്ടത്, ജോലിക്കു വേണ്ടി ഇപ്പോള്‍ താമസിക്കുന്ന സ്ഥലം മാറണോ അതോ താമസിക്കുന്ന സ്ഥലത്തു തന്നെയാണോ ജോലി നോക്കേണ്ടത്, മുന്‍പ് ചെയ്ത തൊഴില്‍ രംഗത്തു തന്നെ വീണ്ടും തുടങ്ങണോ, അതോ മറ്റൊന്ന് കണ്ടുപിടിക്കണോ ഇതെല്ലാം ആലോചിക്കണം.

പങ്കാളിയും മക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. തൊഴിലില്‍ നിന്നു നാം എന്താണ് പ്രതീക്ഷിക്കുതെന്നതും പ്രധാനമാണ്. വരുമാനമാണോ സ്വന്തം കഴിവുകള്‍ ഉപയോഗിക്കുക എന്നതാണോ അതോ വീടിനു പുറത്ത് കുറച്ചുസമയം മറ്റാളുകളോടൊപ്പം ചിലവഴിക്കുകയാണോ ഉദ്ദേശ്യം-ഇതെല്ലാം പ്രധാനമാണ്.

∙നമ്മുടെ കഴിവിലും അറിവിലും കൃത്യമായ ബോധം വേണം

മുൻപു പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുകയും അതു കുടുംബത്തോട് പങ്കുവെക്കുകയും ചെയ്താല്‍ പിന്നെ വേണ്ടത് രണ്ടാമത്തെ തൊഴിൽജീവിതത്തിന് നിങ്ങളെ പ്രാപ്തരാക്കുന്ന എന്തു കഴിവുകളാണു നിങ്ങള്‍ക്കുള്ളതെന്നു കണ്ടെത്തുകയാണ്.

തൊഴില്‍ രംഗത്തുനിന്നു പത്തോ അതിലധികമോ വര്‍ഷം മാറിനിന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം അല്‍പം തുരുമ്പിച്ചുകാണും. ഒരുപക്ഷേ അതായിരിക്കില്ല നിങ്ങളുടെ പ്രധാന ഗുണം. ലോകരാഷ്ട്രങ്ങള്‍ കണ്ട അനുഭവമാകാം, പ്രായത്തിന്റെ പക്വതയാകാം, ഭാഷയിലുള്ള അറിവാകാം, വിപുലമായ വ്യക്തിബന്ധങ്ങളാകാം, ശമ്പളമില്ലാതെയോ ശമ്പളത്തോടു കൂടിയോ കുറഞ്ഞ ശമ്പളത്തിനോ ജോലി ചെയ്യാനുള്ള സാഹചര്യം ആകാം, മുഴുവന്‍ സമയ ജോലി നിര്‍ബന്ധമില്ല എന്നതാകാം. ഇങ്ങനെ, തൊഴിൽ രംഗത്തേക്ക് പുതിയതായി വരുന്നവരെ മലര്‍ത്തിയടിക്കാനുള്ള എന്തൊക്കെ കൈയിലിരിപ്പുകളാണ് നിങ്ങൾക്കുള്ളത് എന്ന് മനസ്സിലാക്കുക.

∙ നിലവിലെ തൊഴിൽ മേഖലയെക്കുറിച്ചു പഠിച്ചിരിക്കണം

നിങ്ങള്‍ ഏതു പ്രദേശത്താണോ ജോലി ചെയ്യാനുദ്ദേശിക്കുന്നത് അവിടുത്തെ തൊഴില്‍ സാധ്യതകളെ അവലോകനം ചെയ്യുക എന്നതാണ് അടുത്തപടി. ഏതൊക്കെ തരം തൊഴിലവസരങ്ങളാണ് അവിടങ്ങളിലുള്ളത്, വലിയ തൊഴില്‍ ദാതാക്കളാരാണ്, ചെറിയ തൊഴിലവസരങ്ങള്‍ എന്തൊക്കെയുണ്ട്, പാര്‍ട്ട് ടൈം അവസരങ്ങള്‍ എവിടെയാണ് ഉണ്ടാകാന്‍ സാധ്യത, സന്നദ്ധസേവനത്തിന് അവസരങ്ങള്‍ ഏതൊക്കെയാണ്, വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളുണ്ടോ എന്നിങ്ങനെ തൊഴിൽരംഗം മുഴുവന്‍ അരിച്ചുപെറുക്കി നോക്കണം.

കേരളത്തിലാണെങ്കില്‍ തൊഴില്‍ പ്രസിദ്ധീകരണങ്ങളും തൊഴിലവസരങ്ങളും ശ്രദ്ധിക്കണം. ചുറ്റുമുള്ളവരോടു സംസാരിക്കുക, ഒന്നോ രണ്ടോ എംപ്ലോയ്മെന്റ് ഏജൻസികളിലൊക്കെ കയറിനോക്കുക എന്നിവയെല്ലാം ചെയ്യണം‍. മറ്റു രാജ്യങ്ങളില്‍ അവിടുത്തെ പത്രവും സംവിധാനവും ഉപയോഗിക്കുക. പല വലിയ കമ്പനികളിലും തൊഴിൽ ശരിയാക്കാന്‍ വേണ്ടി പ്രത്യേകവകുപ്പ് തന്നെയുണ്ട്.

∙ നിലവിലെ യോഗ്യതകള്‍ പൊടിതട്ടിയെടുക്കുക

മുൻപു പറഞ്ഞതുപോലെ പത്തുവര്‍ഷമൊക്കെ തൊഴിൽ രംഗത്തുനിന്നു മാറിനിന്നിട്ടുണ്ടെങ്കില്‍ നമ്മുടെ അടിസ്ഥാന യോഗ്യതകളൊക്കെ ഒന്നു പൊടിതട്ടിയെടുക്കണം. ഇപ്പോഴാണെങ്കില്‍ കുറച്ച് ഫ്രീ ഓണ്‍ലൈൻ കോഴ്സുകളൊക്കെ ചെയ്ത് തുടങ്ങുക. പറ്റിയാല്‍ ആ രംഗത്തിനു പറ്റിയ പുതിയ പരിശീലനങ്ങള്‍ (നിങ്ങള്‍ സിവില്‍ എൻജിനീയറാണെങ്കില്‍ ഓട്ടോകാഡ്, ജി ഐ എസ്, സുരക്ഷയിലെ NEBOSH) ഒക്കെ ചെയ്ത് നിങ്ങളുടെ അറിവ് വര്‍ധിപ്പിക്കുക. കൂടാതെ തൊഴിൽരംഗത്തേക്ക് തിരിച്ചുവരാന്‍ നിങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുവെന്ന് തെളിയിക്കുക.

∙ വ്യക്തമായ ബയോഡേറ്റ തയാറാക്കുക

ഇത്രയുമൊക്കെ ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഒരുഗ്രന്‍ ബയോഡാറ്റ ഉണ്ടാക്കണം. സിവിയില്‍ നിങ്ങള്‍ പത്തുവര്‍ഷം ജോലി ചെയ്യാതിരുന്ന കാര്യം മറച്ചുവെക്കേണ്ട കാര്യമൊന്നുമില്ല. അക്കാലത്ത് എന്താണു ചെയ്തതെന്ന് വ്യക്തമായി എഴുതുക. അതിനുശേഷം ഏതു രംഗത്താണോ നിങ്ങള്‍ തൊഴില്‍ നേടാന്‍ ഉദ്ദേശിക്കുന്നത് അത് ഫുള്‍ ടൈമാണോ പാര്‍ട്ട് ടൈമാണോ എന്നൊക്കെ എഴുതണം.

ഇത് നന്നായി തയാറാക്കണം. വേണ്ടിവന്നാല്‍ അൽപം കാശു മുടക്കി വിദഗ്‌ദ്ധോപദേശം തേടുകയുമാകാം. ഇതോടൊപ്പം ഒരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉണ്ടാക്കണം, അവിടെ പരമാവധി ആളുകളെ നിങ്ങളുടെ മെയില്‍ കോണ്ടാക്ട് അല്ലെങ്കില്‍ അലുമ്നിയില്‍ നിന്നൊക്കെ തപ്പിപ്പിടിച്ച് സുഹൃത്തുക്കള്‍ ആക്കണം. പഴയ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഒക്കെ ഡിലീറ്റ് ചെയ്ത് ലക്ഷ്യബോധത്തോടെ പുതിയതായി ഒന്ന് തുടങ്ങുക.

∙ അലംഭാവം കാട്ടാതെ ജോലിക്ക് അപേക്ഷിക്കുക

നമ്മള്‍ വീണ്ടും തൊഴിൽ രംഗത്തേക്കു വരികയാണെന്നുള്ള കാര്യം പരമാവധി ആളുകളെ അറിയിക്കുക എന്നതാണ് അടുത്ത പടി. നമ്മുടെ യോഗ്യതയുള്ള ഒരാളെ ജോലിക്കെടുക്കാൻ സാധ്യതയുള്ളിടത്തൊക്കെ ബയോഡേറ്റ കവര്‍ലെറ്റര്‍ സഹിതം അയയ്ക്കുക.

കേരളത്തിലാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കൊന്നും അയച്ചുകൊടുത്ത് വെറുതെ സമയം കളയേണ്ട. ചെറുകിട സ്ഥാപനങ്ങള്‍, പുതിയ തലമുറ സ്ഥാപനങ്ങള്‍ ഇവയൊക്കെയായിരിക്കണം നമ്മുടെ ലക്ഷ്യം.

നിങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലയിലെ സെമിനാറുകളിലും മറ്റും അറ്റൻഡ് ചെയ്യുക, അവിടെ പരമാവധി പേരെ പരിചയപ്പെടുക, അവരുടെ വിസിറ്റിങ് കാര്‍ഡും ഈമെയില്‍ ഐഡിയുമൊക്കെ വാങ്ങി പിറ്റേന്നുതന്നെ തലേന്നു കണ്ടത് സൂചിപ്പിച്ച് ഒരു മെയിൽ അയയ്ക്കുക.

നിങ്ങളുടെ കോളേജിന്റെ അലുമ്നി അസോസിയേഷന്‍, നിങ്ങള്‍ പോകുന്ന സോഷ്യല്‍ ക്ലബ്‍ എല്ലാം മറ്റുള്ളവരുമായി നെറ്റ് വര്‍ക്ക് ചെയ്യാനുള്ള അവസരമാണ്. ഫെയ്സ്ബുക്കിന്റെ സാധ്യതകളും ഉപയോഗിക്കുക.

∙ ജോലിക്കായുള്ള ഡിമാൻഡ് കുറയ്ക്കുക

വീട്ടിലിരുന്ന പത്തുവര്‍ഷത്തില്‍നിന്ന് ഒരു ഓഫിസ് അന്തരീക്ഷത്തിലേക്കു കടന്നുകയറുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി രണ്ടോ മൂന്നോ മാസം കൂലിയില്ലാതെ വേല ചെയ്താലും കുഴപ്പമൊന്നുമില്ല. ചെറിയ സ്ഥാപനങ്ങളിലോ പ്രൈവറ്റ് സ്ഥാപനങ്ങളിലോ മൂന്നുമാസം അപ്രന്റീസ് ആയിട്ടോ വോളന്റിയര്‍ ആയിട്ടോ തൊഴില്‍ ചെയ്യാന്‍ ‍തയാറാണെന്ന കാര്യം അറിയിക്കുക.

അങ്ങനെ ഒരവസരം കിട്ടിയാല്‍ പരമാവധി ആത്മാർഥതയോടെ തൊഴില്‍ ചെയ്യുക. ഈ സമയത്തു തൊഴിൽക്കാലത്തേക്ക് തിരിച്ചുവരാന്‍ നിങ്ങള്‍ പ്രാപ്തനാണോ എന്ന് നിങ്ങള്‍ക്കു തന്നെ തിരിച്ചറിയുകയും ചെയ്യാം. അത് കഴിഞ്ഞാല്‍ കോൺട്രാക്ട് ജോലിയായോ കൺസൽറ്റന്റ് ആയോ ഒക്കെ തുടരുക. ആഴ്ചയില്‍ ഒരു ദിവസമാണ് ജോലി ചെയ്യുന്നതെങ്കില്‍ പോലും കുഴപ്പമില്ല.

∙ ഏതു തൊഴിലിനും മാനസികമായി തയാറെടുക്കുക

രണ്ടാമത്തെ തൊഴില്‍ ഒന്നാമത്തെ തൊഴിലിന്റെ തുടര്‍ച്ചയായി കാണരുത്. ഒന്നാമത്തെ തൊഴിലില്‍ നിങ്ങള്‍ എൻജിനീയറായിരുന്നു എന്നത് രണ്ടാമത്തെ ജോലി ഓഫിസ് മാനേജര്‍ ആകുന്നതില്‍നിന്നു നിങ്ങളെ പുറകോട്ടു വലിക്കരുത്.

നിങ്ങളുടെ പ്രധാന ഉദ്ദേശ്യം എന്താണെന്നതും ഇവിടെ വിഷയമാണ്. കുട്ടികളൊക്കെ സ്കൂളില്‍ പോയതിനുശേഷം കുറച്ചുസമയം വീടിനു പുറത്ത് മറ്റുള്ളവരോടൊപ്പം ഒരു പ്രഫഷനല്‍ അന്തരീക്ഷത്തില്‍ ജോലി ചെയ്യുക എന്നതാണ് ഉദ്ദേശമെങ്കില്‍ മാന്യമായ ഏതു തൊഴിലും നിങ്ങൾക്കു സ്വീകരിക്കാം.

∙ തൊഴിൽ തട്ടിപ്പിൽ വീഴാതെയിരിക്കുക 

കേരളത്തില്‍ മൊത്തം ‘ഇപ്പ ശരിയാക്കിത്തരുന്ന’വരുടെ പ്രളയമാണ്. ഇതില്‍ രാഷ്ട്രീയക്കാരും നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ജോലി വാങ്ങിത്തരുന്ന ഏജന്റുമാരും വരെ ഉണ്ടാകാം. മനഃപൂര്‍വമോ അല്ലാതെയോ ആളുകളുടെ സമയം മെനക്കെടുത്തുന്നതില്‍ ഉസ്താദുമാര്‍ ആണിവര്‍. രണ്ടാമത്തെ ജോലി സ്വയം കണ്ടുപിടിക്കുന്നതാണ് ബുദ്ധി.

Job Tips >>