Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെ എന്തുകൊണ്ട് ഇവിടെ ജോലിക്ക് എടുക്കണം?

office

നിങ്ങളെ എന്തുകൊണ്ടു ഞങ്ങൾ ഇവിടെ ഈ ജോലിക്കായി തിരഞ്ഞെടുക്കണം? അഭിമുഖ പരീക്ഷകളിൽ ഉദ്യോഗാർഥികൾ പലപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യം. പ്രസ്തുത ജോലിയിലേക്കു നിങ്ങളെ അനുയോജ്യരാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നാണ് അഭിമുഖ കർത്താക്കൾക്ക് അറിയേണ്ടത്. 

ഈ ചോദ്യത്തിന് ഉത്തരം ആത്മപ്രശംസ നടത്തി കുളമാക്കുന്നവരുണ്ട്. അതിവിനയം കൊണ്ടു കാര്യമായി ഒന്നും പറയാനാകാത്തവരും ഉണ്ട്. എന്നാൽ ഈ രണ്ടു സമീപനങ്ങളുമല്ല വേണ്ടത്. നിങ്ങളെ എങ്ങനെ നിങ്ങൾ വിപണനം ചെയ്യുന്നു എന്നതു പരമപ്രധാനമാണ്. പക്ഷേ അത് ആ ജോലിയുടെ ആവശ്യകതയുമായി ബന്ധപ്പെടുത്തിയായിരിക്കണം എന്നു മാത്രം.

തയാറെടുപ്പ് ആവശ്യം
നിങ്ങളെ ഒരു ജോലിയിലേക്കു തിരഞ്ഞെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം അഥവാ ‘പ്രോബ്ലം സോൾവിങ്’ ആണ് കമ്പനിയുടെ ലക്ഷ്യം. ചിലപ്പോൾ പ്രശ്നപരിഹാരത്തിന് വേണ്ടതു സെയിൽസ് വർധനവാകാം. ചിലപ്പോഴതു ബ്രാൻഡ് നിർമാണമാകാം. ചിലപ്പോഴാകട്ടെ സങ്കീർണമായ കാര്യങ്ങൾ ലഘുവാക്കുന്നിടത്താകാം പ്രശ്ന പരിഹാര ശേഷി പ്രവർത്തിക്കേണ്ടത്. 

ഓരോ ജോലിയും ഓരോ പ്രശ്നപരിഹാരമായി കണ്ട്, അതിനു പറ്റിയ വ്യക്തി നിങ്ങളാണെന്ന് ഇന്റർവ്യു ബോർഡിനെ ബോധ്യപ്പെടുത്തുകയാകണം നിങ്ങളുടെ ലക്ഷ്യം. അതു നിങ്ങൾ എത്ര നന്നായി ചെയ്യുന്നോ, ജോലി ലഭിക്കാനുള്ള സാധ്യത അത്രയും വർധിക്കും. ഇതിനു ചില്ലറ തയാറെടുപ്പുകൾ ആവശ്യമാണ്. 

തയാറെടുപ്പ് എങ്ങനെ?
ആദ്യമായി ചെയ്യേണ്ടത് ഈ ജോലിക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കമ്പനി പരസ്യം സസൂക്ഷ്മം വായിക്കുക എന്നതാണ്. അതിൽ ഈ തൊഴിലിന് ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നു പറഞ്ഞിട്ടുണ്ടാകും. ഇതിൽ വിദ്യാഭ്യാസ യോഗ്യതയൊക്കെ റെസ്യുമെ ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾത്തന്നെ കമ്പനി പരിഗണിച്ചിട്ടുണ്ടാകും. അതുകൊണ്ട് അതു വിടുക. അടുത്തതു തൊഴിൽ പരിചയം സംബന്ധിച്ചുള്ളതാകും. തീർച്ചയായും നിങ്ങൾക്ക് എത്ര വർഷത്തെ തൊഴിൽ പരിചയമുണ്ടെന്നതു പ്രധാനപ്പെട്ട സംഗതിയാണ്. പക്ഷേ നമ്മുടെ ചോദ്യത്തിന് ഉത്തരം ഒരു സംഖ്യയല്ല. അതുകൊണ്ടു പരസ്യത്തിൽ അടുത്തതായി വരുന്ന നൈപുണ്യങ്ങൾ, തൊഴിൽ ശേഷികൾ എന്നിവ ശ്രദ്ധിക്കുക. 

ആശയ വിനിമയ ശേഷി, നേതൃപാടവം, വിപണനശേഷി, മൾട്ടീമീഡിയ സ്കിൽ, സർഗാത്മക ശേഷി എന്നിങ്ങനെ പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട കുറേ യോഗ്യതകൾ ഇവിടെ നിരത്തിയിട്ടുണ്ടാകും. ഇതെല്ലാം ഒരു പേപ്പർ എടുത്ത് ഇടതുവശം ചേർത്തു വരിവരിയായി എഴുതി വയ്ക്കുക. അടുത്തത് ഈ നൈപുണ്യങ്ങളിൽ എത്രയെണ്ണം തനിക്കുണ്ട് എന്നതിനെ സംബന്ധിച്ച വസ്തുനിഷ്ഠമായ അവലോകനമാണ്. പഠിച്ചും പണിയെടുത്തും നിങ്ങൾ കൈവരിച്ച ഇത്തരം ശേഷികളൊക്കെ പേപ്പറിന്റെ വലതു വശത്തേക്ക് എഴുതുക. എഴുതാനുള്ള കഴിവ്, പ്രസംഗിക്കാനുള്ള കഴിവ്, ഗവേഷണ ബുദ്ധി, ബഹിർമുഖത എന്നിങ്ങനെ നിങ്ങളുടെ ശക്തമായ കഴിവുകളായി നല്ല ബോധ്യമുളളവ എഴുതുക. എന്നിട്ട് ഇടതു-വലതു വശങ്ങളിലുള്ള നൈപുണ്യങ്ങൾ തമ്മിൽ പൊരുത്തം നോക്കുക. കമ്പനിക്ക് ആവശ്യമുള്ള കഴിവുകളിൽ തനിക്കുള്ളത് എന്തൊക്കെയാണെന്ന് വേർതിരിച്ചെഴുതുക. ആറേഴ് നൈപുണ്യശേഷികൾ ഇത്തരത്തിൽ ലഭിച്ചെന്നു കരുതുക. ഇവയിൽനിന്ന് ഏറ്റവും ബിസിനസ്സ് മൂല്യമുള്ള രണ്ടോ മൂന്നോ കഴിവുകളുടെ അവതരണമാണ് ഇന്റർവ്യൂ ബോർഡിന്റെ ചോദ്യത്തിനുള്ള നമ്മുടെ ഉത്തരം.

ഒരു കഥ സൊല്ലട്ടുമാ.. ? 
നാം അവകാശപ്പെടുന്ന യോഗ്യതയ്ക്ക് അനുബന്ധമായി നമ്മുടെ തൊഴിൽ ജീവിതത്തിൽനിന്ന് ഒരു സംഭവകഥ അവതരിപ്പിക്കാനാകുമെങ്കിൽ നന്ന്. ഉദാഹരണത്തിന്, നിങ്ങളുടെ സംഘാടനശേഷിയെക്കുറിച്ചു പറയുന്ന അവസരത്തിൽ മുൻപു ജോലി ചെയ്തിരുന്നിടത്തു നിങ്ങൾ വിജയകരമായി സംഘടിപ്പിച്ച ഒരു വമ്പൻ കോൺഫറൻസിന്റെ കഥ പറയാം. 

അധിക മൂല്യം 
കമ്പനി ആവശ്യപ്പെടുന്ന നൈപുണ്യങ്ങളിലും അധികമായി എന്തെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ അതും ഈയവസരത്തിൽ പരാമർശിക്കാവുന്നതാണ്. ഉദാഹരണത്തിന് വെബ് കോ-ഓർഡിനേറ്ററുടെ ജോലിക്കു കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം അറിഞ്ഞിരിക്കണം എന്നതാകും ചിലപ്പോൾ കമ്പനിയുടെ ആവശ്യം. നിങ്ങൾക്ക് അതിനൊപ്പം സേർച് എൻജിൻ ഒപ്റ്റിമൈസേഷൻ കൂടി അറിയാമെന്നുണ്ടെങ്കിൽ അതു പറയുന്നത് മറ്റ് ഉദ്യോഗാർഥികളെ അപേക്ഷിച്ച് നിങ്ങൾക്ക് അധിക മൂല്യം നൽകും.

ചുരുക്കിപ്പറയാം
ഉത്തരത്തിന്റെ ദൈർഘ്യത്തിൽ അല്ല കാര്യം. മറിച്ചു കമ്പനിക്ക് ആവശ്യമായ ശേഷികൾ നിങ്ങൾക്കുണ്ടെന്നു ചുരുങ്ങിയ വാക്കുകളിൽ ബോധ്യപ്പെടുത്താനാകണം. ഉത്തരം കാണാതെപഠിച്ച് തത്ത പറയും പോലെ പറയുന്നതും അഭികാമ്യമല്ല. അടിസ്ഥാന ധാരണ വച്ച് അതു വികസിപ്പിച്ച് അപ്പോൾ ആലോചിച്ച് ഉത്തരമേകും മട്ടിൽ പറയണം.

Job Tips >>