Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പണി’കൊടുക്കും പിഎസ്‌സി !

Author Details
846759052

പിഎസ്‌സിയിൽ ഇപ്പോൾ കൃത്യമായി നടക്കുന്നതു പരീക്ഷ മാത്രം. വിജ്ഞാപനങ്ങൾ  പ്രസിദ്ധീകരിക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, ഷോർട്ട്/സാധ്യതാ/റാങ്ക് ലിസ്റ്റുകളുടെ പ്രസിദ്ധീകരണം, നിയമനശുപാർശ തുടങ്ങി മറ്റെല്ലാ നടപടികളും അനന്തമായി വൈകുകയാണ്. ശനിയാഴ്ച നടക്കുന്ന പരീക്ഷയ്ക്കു വടക്കൻ ജില്ലകളിൽ ഡ്യൂട്ടിയുള്ള കേന്ദ്ര/തിരുവനന്തപുരം ജില്ലാ ഒാഫിസുകളിലെ പിഎസ്‌സി ജീവനക്കാർ വ്യാഴാഴ്ച മുതൽ ഒാഫിസിൽ വരേണ്ട.  90 ശതമാനം ജീവനക്കാരും മൂന്നു ദിവസം  ഒാഫിസിൽ എത്താതാകുന്നതോടെ മറ്റെല്ലാ നടപടിക്രമങ്ങളും താളംതെറ്റുകയാണ്.  

പിഎസ്‌സിയുടെ  തിരഞ്ഞെടുപ്പു നടപടികൾക്കൊന്നും കൃത്യമായ സമയക്രമമില്ല. ഒരു തസ്തികയുടെ പരീക്ഷ കഴിഞ്ഞാൽ ഇത്രമാസത്തിനകം ലിസ്റ്റ് പ്രസിദ്ധീകരിക്കണം,  നിയമനശുപാർശ നൽകണം തുടങ്ങി ഒന്നിനും യാതൊരു കൃത്യനിഷ്ഠയുമില്ല. റിപ്പോർട്ട് ചെയ്ത ഒരൊഴിവിൽ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ രണ്ടും മൂന്നും മാസമെടുക്കും  പരിഹരിക്കാൻ. ഒരു ഫോൺകോളിൽ പരിഹരിക്കാവുന്ന പ്രശ്നത്തിനായി കത്തെഴുതി മറുപടിക്കത്തും പ്രതീക്ഷിച്ചിരിക്കും.

വിവിധ വകുപ്പുകളിൽ എൽഡിസി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ട് ആറു മാസം പൂർത്തിയായി. ഇതുവരെ  നിയമനശുപാർശ തുടങ്ങിയിട്ടില്ല. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് വന്നിട്ടു നാലു മാസം കഴിഞ്ഞു. പകുതിയോളം ജില്ലകളിൽ  നിയമനം തുടങ്ങിയില്ല. എൽപി, യുപി അസിസ്റ്റന്റ്, ബെവ്കോ എൽഡിസി തുടങ്ങി വിജ്ഞാപനം വന്നു നാലു വർഷമായ തസ്തികകളിൽപോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ഒറ്റത്തവണ റജിസ്ട്രേഷൻ, ഒാൺലൈൻ പരീക്ഷ, ഇ–ഒാഫിസ് തുടങ്ങി സാങ്കേതിക വിദ്യ  അങ്ങേയറ്റം പ്രയോജനപ്പെടുത്തിയിട്ടും പിഎസ്‌സി നടപടികൾ ഇഴയുന്നതെന്താണ്?  ആരാണ് ഉത്തരവാദികൾ? നിയമനനടപടികൾ അനന്തമായി വൈകിയ തസ്തികകൾ ഏതൊക്കെ?  തൊഴിൽവീഥിയു‌ടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു.... 

‘അഭ്യാസ’മാകുന്ന പൊതുവിദ്യാഭ്യാസം
മൂവായിരത്തിലധികം ഒഴിവുകൾ നിലവിലുണ്ടായിട്ടും എൽപി/യുപി അധ്യാപക നിയമനം വൈകുന്നു. ഒബ്ജക്ടീവ് പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ തുടങ്ങി എല്ലാ നടപടികളും പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി വൈകുന്നതാണ് നിയമനം വൈകിപ്പിക്കുന്നത്. രണ്ടു തസ്തികകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടു നാലു വർഷം കഴിഞ്ഞു. തൃശൂർ ജില്ലയിലെ എൽപിഎസ്എ റാങ്ക് ലിസ്റ്റ് മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. 13 ജില്ലകളിലെ എൽപിഎസ്എ, 14 ജില്ലകളിലെ യുപിഎസ്എ റാങ്ക് ലിസ്റ്റുകൾ അനന്തമായി വൈകുകയാണ്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സർക്കാർ നീക്കത്തിനു മങ്ങലേൽപ്പിക്കുന്നതാണ് പിഎസ്‌സിയുടെ മെല്ലെപ്പോക്ക്. 

വിജ്ഞാപനം വന്നത് 2014ൽ
എൽപി/യുപി അധ്യാപക തസ്തികകളുടെ വിജ്ഞാപനം 10–09–2014ലെ ഗസറ്റിലാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 21–01–2017ന് എൽപിഎസ്എ പരീക്ഷയും 17–12–2016ന് യുപിഎസ്എ പരീക്ഷയും  നടത്തി.   കൊല്ലം ഒഴികെയുള്ള ജില്ലകളിലെ എൽപിഎ ഷോർട്ട് ലിസ്റ്റ് ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ചു. കൊല്ലം ജില്ലയിലെ ഷോർട്ട് ലിസ്റ്റ് 30–12–2017ൽ  പ്രസിദ്ധീകരിച്ചു.. യുപിഎസ്എ തസ്തികയ്ക്കു കൊല്ലം, വയനാട് ജില്ലകളിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ്. ബാക്കി ജില്ലകളിൽ ഈ വർഷം ആദ്യവും പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലും ഇന്റർവ്യൂവും പൂർത്തിയായി. എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം  വൈകുകയാണ്. 

റാങ്ക് ലിസ്റ്റ് ഒരു ജില്ലയിൽ മാത്രം
14 ജില്ലകളിലേക്കും ഒരുമിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ച എൽപിഎസ്എ തസ്തികയുടെ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് തൃശൂർ ജില്ലയിൽ മാത്രം..  ജില്ലയിൽ സെ‌പ്റ്റംബർ ആറിന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. ഈ തസ്തികയുടെ 118 ഒഴിവുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഒഴിവുകളിൽ കഴിഞ്ഞ ആഴ്ച നിയമനശുപാർശയും തയാറാക്കി. യുപിഎസ്എ തസ്തികയ്ക്ക് ഒരു ജില്ലയിൽപോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.  ഇന്റർവ്യൂ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും എല്ലാ ജില്ലകളിലും പൂർത്തിയായതായാണു ജില്ലാ ഒാഫിസുകളിൽ നിന്നു ലഭിക്കുന്ന വിവരം. എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം  വൈകുകയാണ്.   

മൂവായിരത്തിലധികം ഒഴിവുകൾ
എൽപി, യുപി അധ്യാപക തസ്തികകളുടെ മൂവായിരത്തിലധികം ഒഴിവുകൾ വിദ്യാഭ്യാസ വകുപ്പിൽ നിലവിലുണ്ട്.  ഫെബ്രുവരി ഏഴിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വച്ച രേഖകൾ പ്രകാരം എൽപിഎസ്എയുടെ 2126 ഒഴിവുകളും യുപിഎസ്എയുടെ 785 ഒഴിവുകളും നിലവിലുണ്ട്. കഴിഞ്ഞ മാർച്ച് 31നു വിരമിച്ച അധ്യാപകരുടെ എണ്ണംകൂടി കണക്കാക്കിയാൽ ഒഴിവുകൾ ഇനിയും വർധിക്കും. നിലവിലുള്ള ഒഴിവുകളിൽ ഭൂരിഭാഗവും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള ഒഴിവുകൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും റിപ്പോർട്ട് ചെയ്യപ്പെടും. 

ലഭ്യമായ കണക്കുകൾ പ്രകാരം എൽപിഎസ്എ തസ്തികയ്ക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്– 479. ഏറ്റവും കുറവ് ഒഴിവുകൾ കോട്ടയം ജില്ലയിൽ– 11. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും നൂറോ അതിലധികമോ ഒഴിവുകൾ റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. 

യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയ്ക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതു കാസർകോട് ജില്ലയിലാണ്– 151. ഏറ്റവും കുറവ് ഒഴിവുകൾ തൃശൂർ ജില്ലയിൽ– ഒന്ന്. കാസർകോടിനൊപ്പം മലപ്പുറം ജില്ലയിലും നൂറിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒഴിവുകൾ വെബ്സൈറ്റിൽ ലഭ്യമല്ല. വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എൽപിഎസ്എ, യുപിഎസ്എ ഒഴിവുകളും (പിഎസ്‌സി വെബ്സൈറ്റ് പ്രകാരം) ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതിയും പട്ടികയിൽ. 

മുൻ ലിസ്റ്റിൽ നിന്ന്  5991 നിയമനങ്ങൾ
എൽപിഎസ്എ, യുപിഎസ്എ റാങ്ക് ലിസ്റ്റുകളിൽ നിന്നു കഴിഞ്ഞ തവണ നടന്നത് 5991 നിയമനശുപാർശ. എൽപിഎസ്എ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 3636 പേർക്കും യുപിഎസ്എ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 2355 പേർക്കുമാണ് നിയമനശുപാർശ നൽകിയിരുന്നത്. എൽപിഎസ്എ തസ്തികയ്ക്ക് ഏറ്റവും കൂടുതൽ പേർക്കു നിയമനം ലഭിച്ചത് മലപ്പുറത്തായിരുന്നു– 991. ഏറ്റവും കുറവ്  തൃശൂരിലും– 31.  തിരുവനന്തപുരം ജില്ലയിലെ മുൻ എൽപിഎസ്എ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു കോടതി ഉത്തരവു പ്രകാരം 168 ഒഴിവുകൾ ലഭിച്ചിരുന്നു. എന്നാൽ ഈ ഒഴിവുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ തീരുമാനം വന്നതിനുശേഷമേ 168 ഒഴിവുകൾ ആർക്കു നൽകണമെന്ന തീരുമാനമുണ്ടാകൂ. യുപിഎസ്എ തസ്തികയിലും ഏറ്റവും കൂടുതൽ പേർക്കു നിയമനം നൽകിയത് മലപ്പുറം ജില്ല തന്നെയാണ്– 652. ഏറ്റവും കുറവ് നിയമനശുപാർശ കോട്ടയം ജില്ലയിൽ– 56. മുൻ എൽപിഎസ്എ, യുപിഎസ്എ റാങ്ക് ലിസ്റ്റുകളിൽ നിന്നു നടന്ന നിയമനശുപാർശ പട്ടികയിൽ.


എൽപിഎസ്എ റാങ്ക് ലിസ്റ്റുകൾ ഈ മാസം; യുപിഎസ്എ വൈകും

എൽപി സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകൾ നവംബർ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നു പിഎസ്‌സി വ്യക്തമാക്കുന്നു. തൃശൂർ ജില്ലയിലെ റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിച്ചിരുന്നു. ബാക്കി 13 ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾ നവംബര്‍ പകുതിയോടെ നിലവിൽ വരും. എന്നാൽ യുപി സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകൾ എന്നു പ്രസിദ്ധീകരിക്കുമെന്ന യാതൊരു സൂചനയും ലഭിക്കുന്നില്ല. പിഎസ്‌സി ജില്ലാ ഒാഫിസുകളിൽ ബന്ധപ്പെട്ടാൽ  എല്ലാ നടപടികളും പൂർത്തിയാക്കി ലിസ്റ്റ് ആസ്ഥാന ഒാഫിസിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെയാണ് റാങ്ക് ലിസ്റ്റ് തയാറാക്കേണ്ടതെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ ലിസ്റ്റ് എന്ന്പ്രസിദ്ധീകരിക്കുമെന്നുള്ള കൃത്യമായ മറുപടി  ലഭിക്കുന്നില്ല. 

ഒഴിവുകൾ ഒളിപ്പിച്ച് എറണാകുളം 

എൽപി, യുപി അധ്യാപക തസ്തികയ്ക്ക് എറണാകുളം ജില്ലയിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്നു വ്യക്തമാക്കാതെ പിഎസ്‌സി  ജില്ലാ ഒാഫിസ്. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളുടെ എണ്ണം പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാണ്. എന്നാൽ എറണാകുളം ജില്ലയിലെ ഒഴിവുകൾ വെബ്സൈറ്റിൽ നൽകിയിട്ടില്ല. ജില്ലാ ഒാഫിസിൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചാലും നടക്കില്ല. ഫോൺ നിരന്തരം എൻഗേജ്ഡ് ആയിരിക്കും. ഏപ്പോഴെങ്കിലും ബെല്ലടിച്ചാൽ ആരും ഫോൺ എടുക്കുകയുമില്ല. എറണാകുളം ജില്ലയിലെ നിയമനവിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്നു കേന്ദ്ര ഒാഫിസിന്റെ രഹസ്യ നിർദേശം വല്ലതുമുണ്ടോ എന്നാണ് ഉദ്യോഗാർഥികളുടെ സംശയം. 

ഉദ്യോഗാർഥികൾക്കും പ്രതികരിക്കാം

നിയമന നടപടികൾ അനന്തമായി വൈകിപ്പിക്കുന്ന പിഎസ്‌സിയുടെ നിലപാടിനെതിരെ ഉദ്യോഗാർഥികൾക്കും പ്രതികരിക്കാം. വിജ്ഞാപനം പ്രസിദ്ധീകരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും നിയമനശുപാർശ വൈകുന്നതുമായ തസ്തികകളുടെ വിവരങ്ങളും പങ്കുവയ്ക്കാം. 

വിലാസം: എഡിറ്റർ ഇൻ ചാർജ്, തൊഴിൽവീഥി, പി.ബി. നമ്പർ 4278, മലയാള മനോരമ, പനമ്പിള്ളി നഗർ, കൊച്ചി– 682 036. 

ഇ–മെയിൽ: thozhilveedhi@mm.co.in 

വാട്സാപ്പ് നമ്പർ: 9447552117.

എൽപിഎസ്എ ജില്ല
ഷോർട്ട് ലിസ്റ്റ്
റാങ്ക് ലിസ്റ്റ്
ഒഴിവ്
തിരുവനന്തപുരം
17–01–2018
പ്രസിദ്ധീകരിച്ചില്ല
152
കൊല്ലം
30–12–2017
പ്രസിദ്ധീകരിച്ചില്ല 
33
പത്തനംതിട്ട
31–01–2018
പ്രസിദ്ധീകരിച്ചില്ല
59
ആലപ്പുഴ
31–01–2018
പ്രസിദ്ധീകരിച്ചില്ല
78
കോട്ടയം
18–01–2018
പ്രസിദ്ധീകരിച്ചില്ല
11
ഇടുക്കി
11–01–2018
പ്രസിദ്ധീകരിച്ചില്ല
38
എറണാകുളം
19–03–2018
പ്രസിദ്ധീകരിച്ചില്ല
––
തൃശൂർ
12–03–2018
06–09–2018
118
പാലക്കാട്
14–02–2018
പ്രസിദ്ധീകരിച്ചില്ല
165
മലപ്പുറം
23–01–2018
പ്രസിദ്ധീകരിച്ചില്ല
479
കോഴിക്കോട്
15–02–2018
പ്രസിദ്ധീകരിച്ചില്ല
200
വയനാട്
28–02–2018
പ്രസിദ്ധീകരിച്ചില്ല
100
കണ്ണൂർ
24–01–2018
പ്രസിദ്ധീകരിച്ചില്ല
74
കാസർകോട്
31–01–2018
പ്രസിദ്ധീകരിച്ചില്ല
292
യുപിഎസ്എ
തിരുവനന്തപുരം
04–01–2018 പ്രസിദ്ധീകരിച്ചില്ല 78
കൊല്ലം 30–12–2017 പ്രസിദ്ധീകരിച്ചില്ല 8
പത്തനംതിട്ട 31–01–2018 പ്രസിദ്ധീകരിച്ചില്ല 10
ആലപ്പുഴ 29–01–2018 പ്രസിദ്ധീകരിച്ചില്ല 12
കോട്ടയം 30–01–2018 പ്രസിദ്ധീകരിച്ചില്ല 8
എറണാകുളം 12–03–2018 പ്രസിദ്ധീകരിച്ചില്ല ––
തൃശൂർ 26–02–2018 പ്രസിദ്ധീകരിച്ചില്ല 1
പാലക്കാട് 03–04–2018 പ്രസിദ്ധീകരിച്ചില്ല 78
മലപ്പുറം 03–04–2018 പ്രസിദ്ധീകരിച്ചില്ല 139
കോഴിക്കോട് 09–04–2018 പ്രസിദ്ധീകരിച്ചില്ല 30
വയനാട് 28–12–2017 പ്രസിദ്ധീകരിച്ചില്ല 40
കണ്ണൂർ 21–02–2018 പ്രസിദ്ധീകരിച്ചില്ല 34
കാസർകോട് 01–02–2018 പ്രസിദ്ധീകരിച്ചില്ല 151