Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസ് വിജ്ഞാപനം അടുത്ത മാസം

KAS

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) വിജ്ഞാപനം അടുത്തമാസം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അപേക്ഷിക്കാൻ അവസരം നൽകുന്നതിനാണു ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷ, വിവരാണാത്മക മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മൂന്നു സ്ട്രീമുകളായാണ് കെഎഎസ് നിയമനരീതി. പൊതുവിഭാഗത്തിലുള്ള ഉദ്യോഗാർഥികളിൽ നിന്നു നേരിട്ടുള്ള നിയമനത്തിനു പുറമേ സർക്കാർ ജീവനക്കാർക്കു തസ്തികമാറ്റം വഴിയും അപേക്ഷ നൽകാം. ഇതിൽതന്നെ ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും, മറ്റുള്ളവർക്കും രണ്ട് വ്യത്യസ്ത സ്ട്രീമുകളുണ്ട്. 

നേരിട്ടുള്ള നിയമനത്തിന്റെ പ്രായപരിധി 21–32. മറ്റു പിന്നാക്ക വിഭാഗക്കാർക്കു മൂന്നും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. സ്ട്രീം രണ്ടിന്റെ (വിവിധ സർക്കാർ വകുപ്പുകളിലെ സ്ഥിര ജീവനക്കാരൻ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷനർ) പ്രായപരിധി 21–40.  സ്ട്രീം മൂന്നിന്റെ (ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും) പ്രായപരിധി 50 വയസ്. 

29 സർക്കാർ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെയും മറ്റു വകുപ്പുകളിലെ സമാനതസ്തികകളുടെയും പത്തു ശതമാനം ഒഴിവുകളിലേക്കാണു കെഎഎസ് വഴി നിയമനം നടത്തുക. പരീക്ഷയുടെ സിലബസ്, ഘടന എന്നിവ സർക്കാരുമായി കൂടിയാലോചിച്ചു പിഎസ്‌സി നിശ്ചയിക്കും. നേരത്തേ പിഎസ്‌സിയുമായി കൂടിയാലോചിച്ചു പൊതുഭരണ വകുപ്പ് തീരുമാനിക്കും എന്നാണു വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ എതിർപ്പുയർന്ന സാഹചര്യത്തിലാണു  പിഎസ്‌സിയെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. തസ്തികമാറ്റം വഴിയുള്ള നിയമനത്തിനു സംവരണം ബാധകമാക്കില്ല. ഈ വിഭാഗത്തിൽ അപേക്ഷ നൽകുന്നവർക്കും സംവരണം ബാധകമാക്കണമെന്നു ചൂണ്ടിക്കാട്ടി വിവിധ സംവരണ വിഭാഗങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇവർ നിയമനം നേടിയത് സംവരണാടിസ്ഥാനത്തിലായതിനാൽ തസ്തികമാറ്റ നിയമനത്തിനും സംവരണം നൽകേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു  സർക്കാർ തീരുമാനം. സിലബസ്, സംവരണം എന്നിവ സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് കെഎഎസ് വിജ്ഞാപനം മാസങ്ങളോളം വൈകിയത്. 

Job Tips >>