Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഖ്യാപനങ്ങൾ പാലിക്കാനാകാതെ പിഎസ്‌സി

PSC

ബെവ്കോ എൽഡിസി പരീക്ഷ നടത്തി രണ്ടു വർഷം കഴിഞ്ഞിട്ടും സാധ്യതാ ലിസ്റ്റ്പോലും പ്രസിദ്ധീകരിക്കാത്ത പിഎസ്‌സിയുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ഉദ്യോഗാർഥികൾ. ഇതിനെതിരെ സമരരംഗത്തിറങ്ങുകയും ചെയ്തു. 2016 ഒക്ടോബർ 22നായിരുന്നു ഈ തസ്തികയിലേക്ക് പിഎസ്‌സി പരീക്ഷ നടത്തിയത്. രണ്ടു വർഷം തികഞ്ഞ ഒക്ടോബര്‍ 22നായിരുന്നു  തിരുവനന്തപുരത്തെ പിഎസ്‌സി കേന്ദ്ര ഒാഫിസിനു മുന്നിൽ ഉദ്യോഗാർഥികളുടെ ധർണ. സമരക്കാരുടെ പ്രതിനിധികളുമായി പിഎസ്‌സി ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയുടെ  അടിസ്ഥാനത്തിൽ  നവംബർ 20നു മുൻപു സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാം എന്ന ഉറപ്പും നൽകി. എന്നാൽ ഈ തീയതിക്കകം ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധ്യതയില്ലെന്നാണ് പിഎസ്‌സിയിൽ നിന്നു ലഭിക്കുന്ന വിവരം. 

എന്താണ് ആ “സാങ്കേതിക” പ്രശ്നം?
ബെവ്കോ എൽഡിസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായിട്ടുണ്ടെന്നും,  സാങ്കേതിക തടസങ്ങളാൽ ഇതുവരെ മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്നുമുള്ള  രണ്ടുതരം വിവരങ്ങളാണ്  പിഎസ്‌സിയിൽ നിന്നു ലഭിക്കുന്നത്. നൂറു കണക്കിന് ഒബ്ജക്ടീവ് പരീക്ഷകൾ പിഎസ്‌സി നടത്തുന്നുണ്ട്. ഇതെല്ലാം മൂല്യനിർണയം നടത്തുന്നത് ഒഎംആർ രീതിയിലും. മണിക്കൂറിൽ മൂവായിരത്തിലധികം ഉത്തരക്കടലാസ് മൂല്യനിർണയം നടത്താൻ ശേഷിയുള്ള അഞ്ചിലധികം ഒഎംആർ സ്കാനറുകൾ പിഎസ്‌സിക്കുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന്റെ പ്രയോജനമൊന്നും ഉദ്യോഗാർഥികൾക്കു ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ബെവ്കോ എൽഡിസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനു  സാങ്കേതിക തടസമുണ്ടായെന്നും  അതിനാൽ കുറച്ച് ഉത്തരക്കടലാസുകൾ  മാന്വൽ രീതിയിൽ പരിശോധന നടത്തേണ്ടിവന്നു എന്നും പിഎസ്‌സി വ്യക്തമാക്കിയിരുന്നു. സാധാരണ ഒഎംആർ മൂല്യനിർണയം സാധ്യമാകാത്ത ഉത്തരക്കടലാസുകൾ പിഎസ്‌സി അസാധുവാക്കുകയാണു പതിവ്. ധാരാളം ഉത്തരക്കടലാസുകൾ ഈ രീതിയിൽ അസാധുവാക്കുന്നുമുണ്ട്. എന്നാൽ ബെവ്കോ എൽഡിസിയിലെ കുറച്ച്  ഉത്തരക്കടലാസുകൾ  മാന്വൽ രീതിയിൽ പരിശോധിച്ചു എന്നു പറയുന്നതിൽ അവ്യക്തതയുണ്ട്. പിഎസ്‌സി നടത്തുന്ന മറ്റു പരീക്ഷകളിലൊന്നും പ്രകടമാകാത്ത എന്തു “സാങ്കേതിക പ്രശ്നം” ആണ് ബെവ്കോ എൽഡിസി മൂല്യനിർണയത്തിലു ണ്ടായതെന്നു  പിഎസ്‌സി വ്യക്തമാക്കണം.

വിജ്ഞാപനം വന്നിട്ട് നാലു വർഷം
ബെവ്കോ എൽഡിസി തസ്തികയുടെ വിജ്ഞാപനം 26–12–2014ലെ ഗസറ്റിലാണ്  പ്രസിദ്ധീകരിച്ചത്. ഇപ്പോൾ നാലു വർഷമാകാറായിട്ടും സാധ്യതാ ലിസ്റ്റ്പോലും  പ്രസിദ്ധീകരിച്ചിട്ടില്ല. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾകൂടി പൂർത്തിയായാലേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. ഇതിനായി ആറു മാസമെങ്കിലും വേണ്ടിവരും. നവംബറിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ അടുത്ത വർഷം പകുതിയോടെയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂം. എന്നാൽ സാധ്യതാ ലിസ്റ്റ് വൈകുന്തോറും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും വൈകും. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒന്നര വർഷം കഴിഞ്ഞ്, 22–10–2016ൽ ആണ് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്തിയത്.  ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. 

ഒഴിവുകൾ 315; നിയമനത്തിന് ഇനി എത്രനാൾ !
എൽഡി ക്ലാർക്കുമാരുടെ 315 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ബെവ്കോയിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ ഒഴിവുകളിലെ നിയമന  കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. ഈ തസ്തികയിൽ അപേക്ഷിച്ച ധാരാളം പേർക്ക് മറ്റു പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതിനകം ജോലി ലഭിച്ചിട്ടുണ്ട്. സർവകലാശാല അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തുടങ്ങിയ പ്രധാന റാങ്ക് ലിസ്റ്റുകളിൽ നിന്നാണ് ഇവർക്കെല്ലാം  നിയമനം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവരാരും ബെവ്കോയിലെ ജോലി തിരഞ്ഞെടുക്കില്ല. ലിസ്റ്റിൽ ഉൾപ്പെടുന്ന ധാരാളംപേർ ഡിലീഷൻ നൽകാൻ തയാറാകും. എൻജെഡി ഒഴിവുകളും ധാരാളം ഉണ്ടാകും. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന നല്ലൊരു ശതമാനംപേരും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു പോലും എത്തില്ലെന്നുറപ്പ്.

എൽഡിസി സാധ്യതാ ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 3000 പേരെ ഉൾപ്പെടുത്താനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ധാരാളം പേർ ലിസ്റ്റിൽ നിന്നൊഴിവാകാൻ കാത്തുനിൽക്കുന്ന സാഹചര്യത്തിൽ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വർധന വരുത്തണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി  പിഎസ്‌സിക്ക് അപേക്ഷയും നൽകിയിട്ടുണ്ട്. എന്നാൽ കമ്മിഷൻ ഇക്കാര്യം പരിഗണിച്ചിട്ടില്ല.  ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് 18–10–2012ലാണ് നിലവിൽ വന്നത്. 1308 പേർക്ക്  നിയമനശുപാർശ ലഭിച്ചു. അവസാന നിയമനശുപാർശ നടന്നത് 09–03–2017ൽ. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ബെവ്കോ എൽഡിസി തസ്തികയിൽ ഒരാൾക്കുപോലും നിയമനശുപാർശ നൽകാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടില്ല. 

കമ്പനി/കോർപറേഷൻ ലാസ്റ്റ്  ഗ്രേഡ് ലിസ്റ്റും വൈകുന്നു
കമ്പനി/കോർപറേഷൻ ലാസ്റ്റ് ഗ്രേഡ്, ബെവ്കോ എൽഡിസി  ലിസ്റ്റുകളിൽ ഏത് ആദ്യം പ്രസിദ്ധീകരിക്കണമെന്ന തർക്കത്തിലാണു പിഎസ്‌സി. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കുമെന്നു  പിഎസ്‌സിയിൽ ചോദിച്ചാൽ ബെവ്കോ എൽഡിസിക്കു ശേഷം എന്ന മറുപടിയായിരിക്കും ലഭിക്കുക. ബെവ്കോ എൽഡിസിയുടെ വിവരം ചോദിച്ചാൽ  കമ്പനി/കോർപറേഷൻ ലാസ്റ്റ് ഗ്രേഡിനു ശേഷം എന്ന മറുപടിയും. ചുരുക്കത്തിൽ രണ്ടു ലിസ്റ്റുകളുടെ പ്രസിദ്ധീകരണവും അനന്തമായി വൈകിക്കുന്ന സമീപനമാണ് പിഎസ്‌സിയുടേത്. 

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ ആയിരത്തോളം ഒഴിവുകൾ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിലവിലുണ്ട്. ഇതിൽ അഞ്ഞൂറിലധികം ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ സാധ്യതാ ലിസ്റ്റ്പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ബെവ്കോ ഹെൽപർ/പ്യൂൺ തസ്തികയിലേക്കുള്ള നിയമനവും ഈ ലിസ്റ്റിൽ നിന്നു നടത്താനാണു തീരുമാനം എന്നാൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടു വേണ്ടേ ഇതൊക്കെ നടത്താൻ.

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ നടന്ന് ഒരു വർഷം കഴിഞ്ഞു. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ടും ഒരു വർഷമായി. ഉത്തരക്കടലാസ് മൂല്യനിർണയമുൾപ്പെടെയുള്ള നടപടികളും പൂർത്തിയായിട്ടുണ്ടെന്നാണു ലഭിക്കുന്ന വിവരം. എന്നാൽ ലിസ്റ്റ് പ്രസിദ്ധീകരണം അനന്തമായി വൈകുന്നു.

സിവിൽ പൊലീസ് ഒാഫിസർ ടൈംടേബിൾ തകിടം മറിഞ്ഞു
സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ എന്നു നടത്തുമെന്നു വിജ്ഞാപനത്തിൽ തന്നെ വ്യക്തമാക്കികൊണ്ടായിരുന്നു പിഎസ്‌സി ഇത്തവണ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് ടൈംടേബിൾ മൊത്തം താളംതെറ്റി. ഒബ്ജക്ടീവ് പരീക്ഷ 26–05–2018നു ന‌ടത്തുമെന്നാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ 22–07–2018നാണ് പരീക്ഷ നടത്തിയത്. കായികക്ഷമതാ പരീക്ഷ സെപ്റ്റംബര്‍–നവംബർ മാസങ്ങൾക്കിടെ നടക്കുമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. എന്നാൽ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയംപോലും ഇതുവരെ ആരംഭിച്ചിട്ടില്ല.  മൂല്യനിർണയം പൂർത്തിയാക്കി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഏറ്റവും കുറഞ്ഞത് മൂന്നു മാസം കൂടിയെങ്കിലും വേണ്ടിവരും. ഇതിനു ശേഷമേ കായികക്ഷതാ പരീക്ഷ നടക്കൂ. 

വിജ്ഞാപനം പ്രസിദ്ധീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത തസ്തികകൾതസ്തിക, വകുപ്പ്-വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി

എൽഡിസി, ബവ്റിജസ് കോർപറേഷൻ-26–12–2014

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, മുനിസിപ്പൽ കോമൺ സർവീസ്-26–12–2014

ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ്, അപ്പക്സ് കോ– ഒാപ്പറേറ്റീവ് സൊസൈറ്റികൾ-13–06–2014

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, മുനിസിപ്പൽ കോമൺ സർവീസ്-29–05–2015

ലാബ് അറ്റൻഡർ, ഡ്രഗ്സ് കൺട്രോൾ- 10–03–2016

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റവന്യൂ -29–09–2016

ഡയറിഫാം ഇൻസ്ട്രക്ടർ, ക്ഷീരവികസനം-30–12–2016

Job Tips >>