Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പര്‍ഹീറോ ശൈലി സമ്മാനിച്ച സ്റ്റാന്‍ലീ

stan-lee

സ്‌പൈഡര്‍മാനെയും അയണ്‍മാനെയും അവഞ്ചേഴ്‌സിനെയുമെല്ലാം ബാക്കിയാക്കി മാര്‍വല്‍ കോമിക് ബുക്ക് എഡിറ്ററും ചെയര്‍മാനുമൊക്കെയായിരുന്ന സ്റ്റാന്‍ ലീ കഴിഞ്ഞ ദിവസം വിടവാങ്ങി. അതിമാനുഷ കഥാപാത്രങ്ങളെ മാത്രമല്ല തന്റെതായ ഒരു മാനേജ്‌മെന്റ് ശൈലി കൂടി ലോകത്തിന് സംഭാവന ചെയ്തു കൊണ്ടാണ് 95-ാം വയസ്സില്‍ സൂപ്പര്‍ഹീറോകളുടെ പിതാവ് പോകുന്നത്. സഹപ്രവര്‍ത്തനത്തിന്റെ ഈ സ്റ്റാന്‍ലീ ശൈലിക്ക് അദ്ദേഹം നല്‍കിയ പേര് ''മാര്‍വല്‍ മെതേഡ്'' എന്നാണ്. 

കോമിക് പുസ്തക എഴുത്തിന്റെ പരമ്പരാഗത മാതൃകകളെ പൊളിച്ചെഴുതുന്നതായിരുന്നു മാര്‍വല്‍ ശൈലി. സ്‌ക്രിപ്റ്റ് എഴുത്തുകാരന്‍ കോമിക്കിന്റെ മുഴുവന്‍ പ്ലോട്ടും സൃഷ്ടിക്കും. എന്നിട്ട് ഓരോ സീനിനും ആവശ്യമായ ഡയലോഗുകള്‍ എഴുതും. ശേഷം ആര്‍ടിസ്റ്റ് അതിനു ചേരുന്ന ചിത്രങ്ങള്‍ വരയ്ക്കും. ഇതായിരുന്നു കോമിക് എഴുത്തിലെ സാമ്പ്രദായിക സംവിധാനം. 

സ്റ്റാന്‍ലീ തന്റെ മാര്‍വല്‍ ശൈലിയില്‍ ഈ പതിവിനെ എടുത്ത് കീഴ്‌മേല്‍ മറിച്ചു. ലീ ആര്‍ട്ടിസ്റ്റിനു കഥയുടെ ഒരു രൂപരേഖ മാത്രം നല്‍കി. എന്നിട്ട് ആ പ്ലോട്ട് മനസ്സില്‍ കണ്ടു കൊണ്ട് ഓരോ സീനും ദൃശ്യഭാഷ ചമയ്ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വരയ്ക്കാന്‍ സ്റ്റാന്‍ ലീ കലാകാരന്‍മാര്‍ക്ക് അനുവാദം നല്‍കി. 

ആര്‍ട്ടിസ്റ്റ് കഥാഗതിക്ക് ഒപ്പിച്ച്എന്നാല്‍ തന്റെ ഭാവയ്ക്ക് അനുസരിച്ച് ചിത്രം വരച്ച ശേഷം സ്റ്റാന്‍ലീ അതിലേക്ക് ഡയലോഗുകളും ശബ്ദ ഇഫക്ടുകളും ക്യാപ്ഷനുമെല്ലാം കൂട്ടിചേര്‍ത്തു. ഈ രീതി ആര്‍ട്ടിസ്റ്റുകള്‍ക്ക് അവരുടെ ഭാവനയുടെ പരമാവധി ഉപയോഗിക്കാനുള്ള അവസരം നല്‍കി. ഇത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല സര്‍ഗ്ഗാത്മക സൃഷ്ടിയില്‍ ഒരു പുതിയ ആശയ വേലിയേറ്റം തന്നെ സൃഷ്ടിച്ചു. ഒന്നിലധികം മനസ്സുകള്‍ ഒരു കഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ വന്യമായ ഭാവനകള്‍ അവയില്‍ ചിറകുവിടര്‍ത്തി.

സ്റ്റാന്‍ലീയുടെ സഹപ്രവര്‍ത്തനത്തിന്റെ ഈ മാര്‍വല്‍ ശൈലിയില്‍ നിന്നു മാനേജ്‌മെന്റ് തലത്തിലുള്ളവര്‍ക്കു പഠിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. 

1. വ്യത്യസ്തരായ ശേഷിയുള്ളവരെ ജോലിക്കെടുക്കുക
പരസ്പരപൂരകങ്ങളായ ശേഷികളുള്ളവരെ ടീം അംഗങ്ങളായി തിരഞ്ഞെടുക്കണം. വൈവിധ്യം ടീമിന്റെ കാര്യക്ഷമത ഉയര്‍ത്തും. കമ്പനിയിലെ വെറും ജീവനക്കാര്‍ മാത്രമാണു തങ്ങളെന്ന ബോധ്യമുള്ളവര്‍ക്കു മാര്‍വല്‍ വ്യവസ്ഥയില്‍ ശോഭിക്കാനാകില്ല. മറിച്ചു സ്ഥാപനം തങ്ങളുടേതു കൂടിയാണെന്നു കരുതി പ്രവര്‍ത്തിക്കുന്നവരാകണം ടീമംഗങ്ങള്‍. പറഞ്ഞതു ചെയ്യുന്നവരെയല്ല മറിച്ചു ചെയ്യുന്ന ജോലിയുടെ ഫലം എപ്രകാരമായിക്കണം എന്നു കണ്ടറിഞ്ഞു ജോലി ചെയ്യുന്നവരെയാണ് ആവശ്യം. 

2. നേതാവ്, ടീമംഗം കൂടിയാണ്
സ്റ്റാന്‍ലീ തന്നെ ടീമംഗം എന്ന നിലയിലാണു കണ്ടത്. മികച്ച ശേഷിയുള്ളവരെ ജോലിക്കു നിയമിച്ചു കഴിഞ്ഞാല്‍ അവരെ കീഴ് ജീവനക്കാരായല്ല മറിച്ചു സൃഷ്ടിയുടെ ഒരേ ലക്ഷ്യത്തിലേക്കു മുന്നേറുന്ന പങ്കാളികളായി കാണുക. 

3. ടീമിന്റെ സാധ്യതകള്‍ പരമാവധി ആരായുക
ടീമംഗങ്ങളുടെ ഇനിയും കണ്ടെത്താത്ത സാധ്യതകള്‍ കണ്ടെത്തുന്നവരാണു യഥാർഥ ലീഡര്‍മാര്‍. ഇതു പുതിയ ആശയങ്ങളുടെ പിറവിയിലേക്കു നയിക്കും. ടീമിലെ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉണ്ടാക്കാനും ലീ ശ്രമിച്ചു. 

മാനേജ്‌മെന്റ് വൈദഗ്ധ്യം എന്നത് ഒറ്റയ്ക്കുള്ള യാത്രയല്ലെന്നും ടീമായി നിന്നു കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതാണെന്നും സ്റ്റാന്‍ലീ മാര്‍വല്‍ കോമിക്‌സിന്റെ വിജയഗാഥയിലൂടെ ലോകത്തിനു കാട്ടിക്കൊടുത്തു. 

More Success Stories >>