Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസിലെ വിജയം 7 ദിവസത്തിനുള്ളിൽ അറിയാം

business man

തലയിൽ നിറച്ചും നിരവധി ബിസിനസ് ആശയങ്ങളുണ്ട്. സംരംഭകത്വത്തിൽ താത്പര്യവും ആവോളം. പക്ഷേ, കൈയ്യിലുള്ള സുരക്ഷിത ജോലി രാജി വച്ചിട്ട് ബിസിനസ്സിലേക്ക് ഇറങ്ങാനൊരു ഭയം. എങ്ങാനും ബിസിനസ് ക്ലിക്കായില്ലെങ്കിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന മട്ടിൽ വഴിയാധാരമാകും. ഇത്തരത്തിൽ ചിന്തിക്കുന്ന അനവധി യുവാക്കൾ നമുക്കു ചുറ്റുമുണ്ട്. 

എന്നാൽ  അധികം പണമോ  സമയമോ ചെലവഴിക്കാതെ നിങ്ങളുടെ ബിസിനസ് ആശയം നിലം തൊടുമോ എന്നറിയാൻ ഒരു വഴിയുണ്ടെങ്കിലോ. വെറും ഏഴു ദിവസം കൊണ്ട് ഒരു ബിസിനസ്സ് ആശയത്തിന്റെ വിജയ സാധ്യത നിർണ്ണയിക്കാനുള്ള മാർഗ്ഗം അവതരിപ്പിക്കുന്നത് ബലൂൺസ് അൺലിമിറ്റഡ് എന്ന കമ്പനി സ്ഥാപകൻ രമേഷ് നാഗുബൻഡിയാണ്. ആറക്ക ശമ്പളം നൽകിയിരുന്ന ഐടി ജോലി ഉപേക്ഷിച്ചു ബലൂൺ വിൽപനയ്ക്ക് ഇറങ്ങിയ രമേഷ് ഇന്ന് ഇന്ത്യയിലെമ്പാടും റീട്ടെയിൽ സ്‌റ്റോറുകളുള്ള ഒരു ബിസിനസ്സ് ശൃംഖലയുടെ ഉടമയാണ്. 

11 വർഷമായി ചെയ്തിരുന്ന സോഫ്ട് വെയർ എൻജിനീയറിങ് ജോലി രാജിവച്ചു ബിസിനസിലേക്ക് ഇറങ്ങാൻ താൻ കാട്ടിയ ധൈര്യം എല്ലാവർക്കും ഉണ്ടാകമെന്നില്ല എന്നു രമേഷിന് അറിയാം. അതിനാലാണ് ഇന്നത്തെ യുവാക്കൾക്കായി ഇത്തരമൊരു വഴി ഫെയ്സ്ബുക്ക് മാർക്കറ്റിങ് വിദഗ്ധൻ കൂടിയായ രമേഷ് നിർദ്ദേശിക്കുന്നത്.

1. ആദ്യമായി നിങ്ങളുടെ ബിസിനസ്സിനു ചേർന്ന ഒരു കിടിലൻ പേരു കണ്ടു പിടിക്കണം. 

2. കമ്പനി പേരിനു ചേരുന്ന ഒരു ലോഗോ രൂപകൽപന ചെയ്യിക്കുക. നല്ലൊരു ആർട്ടിസ്റ്റിനെ കണ്ടെത്തി പണം നൽകി തന്നെ അതു ചെയ്യിക്കുക.

3. സ്ഥാപനത്തിനായി ഒരു ഫെയ്സ്ബുക്ക് പേജു തയാറാക്കുക.

4. ആകർഷകമായ ഒരു കവർ ചിത്രം നൽകുക.

5. ഡിസൈൻ ചെയ്യിച്ചു വച്ചിരിക്കുന്ന ലോഗോ പ്രൊഫൈൽ ചിത്രമാക്കുക.

6. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ടു സർഗ്ഗാത്മകവും വിജ്ഞാനപ്രദവും വിവരദായകവുമായ കുറച്ച് മീമുകൾ ഉണ്ടാക്കി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുക.

7. കുറച്ച് സ്പെഷ്യൽ ഓഫറുകളും 'ഉടൻ പുറത്തിറങ്ങുന്നു ' പോസ്റ്ററുകളും പോസ്റ്റ് ചെയ്യുക.

8. പേജിനു ലൈക്കുകൾ കിട്ടാൻ ഫെയ്സ്ബുക്ക് പരസ്യങ്ങൾ നൽകുക. പോസ്റ്റുകളെയും ഫെയ്സ്ബുക്ക് പ്രമോട്ട് മാർഗ്ഗം ഉപയോഗിച്ച് പൊലിപ്പിക്കുക. ആകെ മൊത്തത്തിൽ ഒരു ഓളമുണ്ടാക്കി പേജ് എൻഗേജ്മെന്റ് വർധിപ്പിക്കുക.

9. ആവശ്യത്തിന് പേജ് ലൈക്കുകളും എൻഗേജ്മെന്റും ആയി കഴിഞ്ഞാൽ നിങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോ പ്രമോട്ടു ചെയ്യുന്ന ഫെയ്സ്ബുക്ക് ലീഡ് പരസ്യങ്ങൾ ആരംഭിക്കുക.

10. നിങ്ങൾക്ക് ലഭിച്ച ലീഡുകളുടെയും അന്വേഷണങ്ങളുടെയും എണ്ണവും ഗുണനിലവാരവും പരിശോധിക്കുക.

ഈ വിജയ നിർണ്ണയ പ്രക്രിയക്കു ശേഷം നിലവാരമുളള ലീഡുകൾ ലഭിച്ചാൽ മാത്രം ബിസിനസ്സിലേക്ക് ഇറങ്ങുക. ഇല്ലെങ്കിൽ അടുത്ത ആശയത്തിന്റെ സാധ്യതകൾ തേടുക. ജോലി വിടാതെ തന്നെ ബിസിനസ്സിൽ കൈവയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഏതെങ്കിലും ബ്രാൻഡിന്റെ ഫ്രാഞ്ചൈസി നേടിയെടുത്തു നടത്തി നോക്കണമെന്നും രമേഷ് നിർദ്ദേശിക്കുന്നു.

More Success Stories >>