Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയില്‍ വരുന്നു 14 ലക്ഷം പുതിയ ഐടി ജോലികള്‍

IT Jobs

ഇന്ത്യ 2027 ഓടെ 14 ലക്ഷം പുതിയ ഐടി ജോലികള്‍ സൃഷ്ടിക്കുമെന്ന് ഐടി, നെറ്റ്‌വര്‍ക്കിങ് ആഗോള സ്ഥാപനമായ സിസ്‌കോ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൈബര്‍ സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്(ഐഒടി), ബിഗ് ഡേറ്റ തുടങ്ങിയ പുതുതലമുറ സാങ്കേതിക വിദ്യകളുടെ ചുവടു പിടിച്ചാണു പുതിയ ഐടി ജോലികള്‍ ആവിര്‍ഭവിക്കുക. സോഷ്യല്‍ മീഡിയ അഡ്മിനിസ്‌ട്രേറ്റര്‍, മെഷീന്‍ ലേണിങ് ഡിസൈനര്‍, ഐഒടി ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ക്കു വരും വര്‍ഷങ്ങളില്‍ ഉയര്‍ന്ന ആവശ്യകതയുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

നിലവിലെ ജോലിക്കാര്‍ കൂടുതല്‍ സര്‍ട്ടിഫിക്കേഷനുകള്‍ നേടി തങ്ങളുടെ നൈപുണ്യങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകതയും പഠനം അടിവരയിടുന്നു. 89 ശതമാനം ഹയറിങ് മാനേജര്‍മാരും സര്‍ട്ടിഫിക്കേഷനുള്ള ഉദ്യോഗാർഥികളെ കൂടുതല്‍ വിശ്വസിക്കുന്നുണ്ട്. അതിവേഗം മാറുന്ന സാങ്കേതിക രംഗത്തു നൈപുണ്യവത്ക്കരണത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു അഞ്ചിലൊന്ന് ഐടി ജീവനക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളുടെ ചെലവു സ്വയം വഹിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നും സിസ്‌കോ പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

നിര്‍മ്മിത ബുദ്ധി, ബിഗ് ഡേറ്റാ അനാലിസിസ് മേഖലകളിലായി ഇന്ത്യയില്‍ 1.4 ലക്ഷം തൊഴില്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നു നാസ്‌കോം അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2021 ഓടെ ഇത് 2.3 ലക്ഷമായി ഉയരുമെന്നും നാസ്‌കോം മുന്നറിയിപ്പ് നല്‍കുന്നു. 

Job Tips >>