Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിചയപ്പെടലിലുമുണ്ട് കാര്യങ്ങൾ

smiling

ജസ്ചറുകളെ വ്യാഖ്യാനിക്കുമ്പോൾ പ്രത്യേകം പരിഗണിക്കേണ്ട മേഖലകളാണ് അവ പ്രകടമാകുന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും. ഒരേ ജസ്ചറുകള്‍ക്കു തന്നെ വ്യത്യസ്ത സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും വ്യത്യസ്ത അര്‍ഥങ്ങളായേക്കാം. അതുകൊണ്ട് സന്ദർഭങ്ങളുടെ  പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുമ്പോൾ മാത്രമേ അവയുടെ അർഥകൽപനയിൽ കൃത്യത കൈവരൂ. ഉദാഹരണത്തിന് കാലുകൾ ചേർത്തുവച്ച് തലയൽപ്പം മുന്നോട്ടു കുനിച്ച് ചുമലുകൾ അൽ പമുയർത്തി നെഞ്ചിൽ കൈകൾ കെട്ടി ഡോക്ടറുടെ മുന്നിലിരിക്കുന്ന വ്യക്തി അയാൾക്ക് പനിയോ അതുപോലെയുള്ള മറ്റെന്തെങ്കിലും അസുഖങ്ങളോ ഉണ്ടെന്ന വ്യക്തമായ സൂചനകൾ പ്രകടമാക്കുന്നു. എന്നാൽ ഏതാണ്ടിതേയവസ്ഥയിൽ കർക്കശക്കാരനായ മേലുദ്യോഗസ്ഥനു മുന്നിലിരുന്ന് ശാസനകളേറ്റു വാങ്ങുന്ന കീഴ്ജീവനക്കാരനെ ഒന്നു സങ്കൽപിച്ചു നോക്കൂ. രണ്ടുപേരും പ്രകടമാക്കുന്ന ശരീരഭാഷാ സൂചനകളിൽ സാമ്യമുണ്ടെങ്കിലും ഒരേ നോൺവെർബൽ സന്ദേശമാണോ നമുക്കുൾക്കൊള്ളാൻ കഴിയുന്നത്?

ഒരു നനഞ്ഞ പ്രതികരണം
മറ്റു ചില ഉദാഹരണങ്ങൾക്കൂടി നമുക്കു പരിശോധിക്കാം. സൗഹാർദസൂചകമായി കൈകൊടുക്കുമ്പോൾ തണുപ്പൻ മട്ടിൽ പ്രതികരിക്കുന്ന ഒരു വ്യക്തി അപരനോടുള്ള താൽ പര്യക്കുറവായിരിക്കാം പ്രകടമാക്കുന്നത്.  എന്നാൽ വാതം പോലുള്ള ശാരീകാസ്വാസ്ഥ്യം കാരണവും അപ്രകാരമുള്ള ഒരു പ്രതികരണം പ്രതീക്ഷിക്കാവുന്നതല്ലേ? മികച്ച ചിത്രകാരന്മാർ, ശിൽപികൾ, ഉപകരണസംഗീതവിദഗ്ധർ, സർജന്മാര്‍ തുടങ്ങി കരവിരുതിനു പ്രാമുഖ്യമേറിയ മേഖലകളിൽ നിന്നുള്ളവർ കൈപിടിച്ചു കുലുക്കുന്നതിൽ പൊതുവേ വിമുഖരാണത്രേ. ഇനി ഏതെങ്കിലും നിർബന്ധിത സാഹചര്യങ്ങളില്‍ അങ്ങനെ ചെയ്യേണ്ടി വന്നാൽ പോലും ശക്തമായ ഹാൻസ് ഷേക്ക് അവരൊഴിവാക്കാൻ ശ്രമിക്കുമെന്ന് പഠനങ്ങൾ സൂചി പ്പിക്കുന്നു. അവരുടെ വൈദഗ്ധ്യത്തിന്റെ ഉറവിടമായ കൈകള്‍ സംരക്ഷിക്കാനുള്ള  അബോധതലത്തിലുള്ള വ്യഗ്രതയായിരി ക്കാം അവരുടെ ഈ പെരുമാറ്റത്തിനു കാരണം. 

ഒരു പ്രത്യേക സാഹചര്യത്തിൽ താരതമ്യേന നിസ്സാരമായ അർഥസൂചനകൾ മാത്രം നൽകുന്ന ശാരീരിക ചലനങ്ങൾ മറ്റൊരു സാഹചര്യത്തിൽ ഗൗരവമേറിയ അർഥ സൂചനകളുടെ പ്രകടനമായേക്കാം.  ഉദാഹരണത്തിന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ഒരു വാക്കിനോ വാചകത്തിനോ ഊന്നൽ കൊടുക്കുന്നതിന്റെ ഭാഗമായി ആളുകൾ  പുരിക ങ്ങൾക്കിടയിലുള്ള പേശികൾ ചെറുതായി ചുളിക്കാറുണ്ടല്ലോ. എന്നാൽ ഇതേ സിഗ്നൽ തന്നെ ഇതര സാഹചര്യങ്ങളിൽ വേദനയുടെയോ ദേഷ്യത്തിന്റെയോ അതുമല്ലെങ്കിൽ ഏകാഗ്ര തയുടെയോ സൂചനയാകാനും സാധ്യതയില്ലേ? മുഖം നിരീക്ഷിച്ചതുകൊണ്ടു മാത്രം നെറ്റി ചുളിക്കൽ എന്ന സിഗ്നലിന്റെ അർഥവ്യാഖ്യാനം പൂർണമാകുന്നില്ലെന്നും അതോടൊപ്പം മറ്റു സിഗ്നലുകളെയും സാഹചര്യങ്ങളെയും ചേർത്തു വായിക്കുമ്പോൾ മാത്രമേ അർഥപൂർണതയും കൃത്യതയും കൈവരൂ എന്നും ഇതിൽ നിന്നു വ്യക്തമാണല്ലോ.

ഓഫിസിലെ ഫർണിച്ചർ എങ്ങനെ?
ഭൗതിക സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും ആളുകളുടെ പെരുമാറ്റത്തെ  സ്വാധീനിക്കുമെന്നതിനാൽ അവയെ ക്കൂടി കണക്കിലെടുത്തുകൊണ്ടു വേണം നോൺവെർബൽ സൂചനകളെ വ്യാഖ്യാനിക്കാൻ ഉദാഹരണത്തിന് ഓഫിസുകളിൽ ഫർണിച്ചറുകളിട്ടിരിക്കുന്ന രീതി ആ ഓഫിസിലെ ജീവനക്കാരുടെയും സന്ദർശകരുടെയും നോൺവെർബൽ സ്വഭാവ ങ്ങളിൽ പ്രതിഫലനങ്ങളുണ്ടാക്കും. ഇരിപ്പിടങ്ങളുടെ സ്ഥാനവും പരസ്പരമുള്ള അകലവും ഏതേതു ഭാഗങ്ങളെ അഭിമുഖീകരിച്ചാണ് അവയിട്ടിരിക്കുന്നതെന്നും നോൺവെർബൽ വിനിമയങ്ങളെ സ്വാധീനിക്കുന്നു. കാരണം പഴ്സനൽ സ്പേസ്, മേഖലകൾ, നേത്രബന്ധം തുടങ്ങിയ ശരീരഭാഷാ സങ്കേതങ്ങളെ അവ നേരിട്ടു ബാധിക്കുമല്ലോ.

സംസാരഭാഷയിലെ വാക്കുകളും വാചകങ്ങളും അനുബന്ധ ജസ്ചറുകളും തമ്മിലുള്ള ചേർച്ചയാണ് പൊരുത്തം (Congruency). പറയുന്നതെന്തോ അതും അതിനോടൊപ്പം പ്രകടമാകുന്ന ഭാവങ്ങളും ശാരീരികചലനങ്ങളും തമ്മിൽ എന്തു മാത്രം പൊരുത്തമുണ്ടെന്നുള്ളത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രതീക്ഷിക്കപ്പെടുന്ന യോജിപ്പ് വാക്കുകളും ഏതെങ്കിലും ജസ്ചറുകളും തമ്മിലില്ലായെങ്കിൽ അതു പോലും ഒരു നോണ്‍ വെർബൽ സൂചനയായെടുത്ത് ലഭ്യമായ മറ്റു ജസ്ചറുകളുമായി ചേർത്തു വായിക്കുമ്പോൾ ഏറെക്കുറെ ശരിയായ ചിത്രം ലഭിക്കുന്നു. പ്രത്യക്ഷത്തിൽ അപ്രധാനങ്ങളെന്നു തോന്നുന്ന ലഘു സൂചനകൾ പോലും അവഗണിക്കരുത്. എല്ലാം കൂടി ഒരുമിച്ച് വിശകലന വിധേയമാകുമ്പോള്‍ എവിടെയെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽക്കൂടി അതിന്റെ കാരണങ്ങൾ സ്വയം വ്യക്തമായി വരികയും തുടർന്നുള്ള വിശകലനങ്ങൾ കൂടുതൽ കൃത്യമായ നിഗമനങ്ങളിലേക്കു വഴികാട്ടുകയും ചെയ്യുന്നു.

ഓരോ ആംഗ്യവും തൊടുത്തുവിടുന്ന അർഥങ്ങൾ
ഓരോ ജസ്ചറിനെയും ശരീരഭാഷയിലെ ഓരോ വാക്കായി കണക്കാക്കാം. അങ്ങനെ വരുമ്പോൾ പരസ്പരം പൊരുത്തമുള്ള ഒരു കൂട്ടം ജസ്ച്ചറുകളെ ഒരു വാചകമായി സങ്കൽപിക്കാം. വാചകത്തിലെ വാക്കുകൾ തമ്മിൽ വ്യാകരണപ്പൊരുത്തമുണ്ടാകുമ്പോൾ മാത്രമേ അതിനു ശരിയായ അർഥമുണ്ടാകൂ. ജസ്ചറുകളുടെ കൂട്ടങ്ങൾക്കും ഇതേ പോലൊരു വ്യാകരണപ്പൊരുത്തം സാധാരണഗതിയിൽ കാണാൻ കഴിയും. താഴെ ക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ ശ്രദ്ധിക്കൂ.

മോടിയേറിയ വസ്ത്രധാരണരീതി, കസേരയിൽ ചാരിയിരിക്കുന്നതിനു പകരം അൽപം മുന്നോട്ടാഞ്ഞ് കാൽമുട്ടുകൾ വിടർത്തി പെരുവിരലുകൾ നിലത്തൂന്നി മേശപ്പുറത്ത് കൈകൾ വെച്ചുള്ള ഇരിപ്പ്, ചുണ്ടുകളിൽ റെഡിമെയ്ഡ് പുഞ്ചിരി, ആകാംക്ഷഭരിതമായ കണ്ണുകൾ, പ്രതീക്ഷാ നിർഭരമായ നോട്ടം– ഇത്രയും ജസ്ചറുകൾ ചേർത്തു വായിക്കുമ്പോൾ ആരുടെ രൂപമാണ് നിങ്ങളുടെ മനസ്സിൽ തെളിയുന്നത്? ഏതെങ്കിലും ഒരു പ്രമുഖ സെയിൽസ് പ്രതിനിധിയുടെ എല്ലാ ലക്ഷണങ്ങളും ഇയാളിൽ പ്രകടമല്ലേ?

നേരിയ പുഞ്ചിരി മുഖത്തു നോക്കാൻ വൈമനസ്യം, നിങ്ങളുടെ ചോദ്യങ്ങൾക്ക് നിലത്തു നോക്കിക്കൊണ്ടോ ഇടതു കൈ വെള്ളയിൽ നോക്കിക്കൊണ്ടോ അളന്നു മുറിച്ച വാക്കുകളി ലുള്ള മറുപടി, ശാരീരിക ചലനങ്ങൾ പരമാവധി കുറച്ചു കൊണ്ടുള്ള നിൽപ്പ്. ഇവിടെ പുഞ്ചിരി എന്ന ഒരു ജസ്ചറിനെ മാത്രം തുറന്ന മനഃസ്ഥിതിയുടെയും ബാക്കിയുള്ളവയെല്ലാം ഉൾവലിഞ്ഞ മനോഭാവത്തിന്റെയും ലക്ഷണങ്ങളായിക്കരുതാം. ഇവിടെക്കാണുന്ന പൊരുത്തമില്ലായ്മയെ  നാമെങ്ങനെ വ്യാഖ്യാനിക്കും? സുരക്ഷിതമായ ഒരു നിഗമനത്തിലെത്താൻ നാമെന്തു മാനദണ്ഡം സ്വീകരിക്കണം? ‌

ഇവിടെ ഭൂരിഭാഗം ജസ്ചറുകളും ആ വ്യക്തി എന്തോ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിപ്പിക്കുന്നില്ലേ? ഇങ്ങനെയുള്ള ഒരു പെരുമാറ്റത്തിനു കാരണം എന്തെങ്കിലും തെറ്റു ചെയ്തതിന്റെ കുറ്റബോധവുമായിക്കൂടേ?

കൈ പൊത്തി പറയുമ്പോൾ
കൈ കൊണ്ടു വായ് പൊത്തിപ്പിടിച്ചോ മറച്ചുപിടിച്ചോ സംസാരിക്കുന്നത് പറയുന്ന കാര്യത്തെക്കുറിച്ച് പറയുന്ന ആൾക്കു തന്നെ ഉറപ്പില്ലാത്തതിന്റെയോ കളവു പറയുന്നതിന്റെയോ ലക്ഷണമായാണ് പൊതുവിൽ പരിഗണിക്കപ്പെടുന്നത്. പക്ഷേ അങ്ങനെയൊരു നിഗമനത്തിലേക്ക്  എടുത്തു ചാടുന്നതിനു മുമ്പേ മറ്റു ചില വസ്തുതകൾക്കൂടി പരിഗണിക്കേണ്ടതുണ്ട്.

1. സംസാരിക്കുമ്പോൾ വായ മറച്ചുപിടിക്കുന്നത് കക്ഷിയുടെ സ്ഥിരം സ്വഭാവമാണോ?

2. അടുത്തകാലത്തായി ദന്തരോഗചികിത്സയ്ക്കോ ദന്തക്രമീകരണം പോലുള്ള എന്തെങ്കിലും പരിചരണത്തിനോ അയാൾ വിധേയനായിട്ടുണ്ടോ?

3. വായ്നാറ്റമുണ്ടെന്ന് സംശയിക്കുന്ന ആളാണോ?

വിശകലനത്തിന് അടുത്തപടിയായി ‘താങ്കൾ പറയുന്ന കാര്യത്തെക്കുറിച്ച് താങ്കൾക്കുറപ്പുണ്ടോ’ എന്നർഥം വരുന്ന ചോദ്യം ചോദിക്കുന്ന പക്ഷം ലഭിക്കുന്ന ഉത്തരത്തെ സാഹ ചര്യങ്ങളും ഇതര ജസ്ചറുകളുമായും ചേർത്തു വായിക്കു മ്പോൾ ശരിയായ നിഗമനത്തിലെത്താൻ കഴിയും. 


കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>