Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകലാശാല അസിസ്റ്റന്റ്: ബിരുദക്കാർക്ക് സുവർണാവസരം

Happy

‌സർവകലാശാല അസിസ്റ്റന്റ് തസ്തികയിലെ നിയമനങ്ങൾക്കായി പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 13 സർവകലാശാലകളിൽ ഇതുവഴി ഉദ്യോഗാർഥികൾക്ക് അവസരമൊരുങ്ങും. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനു വേണ്ട യോഗ്യത. ബിടെക്, ബിഎസ്‌സി നഴ്സിങ് തുടങ്ങിയ ബിരുദങ്ങൾ നേടിയവർക്കും അപേക്ഷിക്കാം. പ്രായപരിധി  18–36. ഉദ്യോഗാർഥികൾ 02–01–1982നും 01–01–2000നും ഇടയിൽ ജനിച്ചവരായിരിക്കണം. 

മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് മൂന്നും പട്ടികജാതി/പട്ടികവർഗത്തിൽ പെട്ടവർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 01–01–2018 അടിസ്ഥാനമാക്കിയായിരിക്കും പ്രായപരിധി കണക്കാക്കുക. ഉദ്യോഗാർഥികൾ പിഎസ്‌സിയുടെ വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുൻപു ബിരുദം നേടിയവർക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അവസാന വർഷ വിദ്യാർഥികളെ പരിഗണിക്കില്ല. അപേക്ഷകരുടെ എണ്ണം വർധിച്ചേക്കും

ആറു ലക്ഷത്തിലധികം പേർ ഇത്തവണ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുമെന്നു കണക്കാക്കുന്നു. കഴിഞ്ഞ തവണ 5,41,823 പേരാണ് ഈ തസ്തികയിൽ  അപേക്ഷ നൽകിയിരുന്നത്. ഇതു രണ്ടാം തവണയാണു സർവകലാശാല അസിസ്റ്റന്റിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ആദ്യ വിജ്ഞാപനം വന്നത് 2016ൽ.  ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് ഇപ്പോഴും നിലവിലുണ്ട്. ഇതുവരെ 1876 പേർക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചു.  09–08–2019വരെ  ലിസ്റ്റിനു കാലാവധി ലഭിക്കും. ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന  വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റ് 10–08–2019നു നിലവിൽ  വരും. തുടക്കത്തിൽ 34,000 രൂപ ശമ്പളം

നിലവിൽ 27,800 – 59,400 രൂപ എന്നതാണു സർവകലാശാല അസിസ്റ്റന്റിന്റെ ശമ്പള സ്കെയിൽ. ബേസിക് ശമ്പളമായ 27,800 രൂപയുടെ കൂടെ 15% ഡിഎ (4170), 2000 രൂപ എച്ച്ആർഎ, 400 രൂപ സിസിഎ (സിറ്റികളിൽ മാത്രം) എന്നിവ കൂടി കൂട്ടി 34,370 രൂപയാണു തുടക്കത്തിൽ ശമ്പളം ലഭിക്കുക. പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്ക്  ബേസിക്, ഡിഎ എന്നിവ കൂട്ടിയ തുകയുടെ 10 %  (3197 രൂപ) കുറവ് ചെയ്യും. 

13 സർവകലാശാലകളിൽ അവസരം

‌സംസ്ഥാനത്തെ 13 സർവകലാശാലകളിലേക്കാണ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകുക. ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള സർവകലാശാല തിരഞ്ഞെടുക്കാൻ അവസരമില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽ നിന്നാണു നിയമനം നടത്തുക. എന്നാൽ നിയമനം ലഭിക്കുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു സർവകലാശാലയിൽ നിന്നു മറ്റൊന്നിലേക്കു മാറാൻ അവസരം ലഭിക്കും.  

അസിസ്റ്റന്റ് റാങ്ക് ലിറ്റിൽ നിന്നും നിയമനം നടത്തുന്ന സർവകലാശാലകൾ ചുവടെ.

കേരള സർവകലാശാല, എംജി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, അഗ്രികൾചർ സർവകലാശാല, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, നാഷനൽ യൂണിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസ്, യൂണിവേഴ്സിറ്റി ഒാഫ് ഫിഷറീസ് ആൻഡ് ഒാഷ്യൻ സ്റ്റഡീസ്,  തുഞ്ചത്തെഴുച്ഛൻ മലയാള സർവകലാശാല, എപിജെ അബ്ദുൾ കലാം ശാസ്ത്രസാങ്കേതിക സർവകലാശാല. 

അസിസ്റ്റന്റിൽ തുടങ്ങി ജോയിന്റ് റജിസ്ട്രാർ വരെ
അസിസ്റ്റന്റ് തസ്തികയിൽ  ജോലി ലഭിക്കുന്നവർക്കു സർവീസ് അനുസരിച്ച് ജോയിന്റ് റജിസ്ട്രാർ വരെ ആകാനുളള സ്ഥാനക്കയറ്റസാധ്യതകളാണ് വിവിധ സർവകലാശാലകളിൽ നിലവിലുള്ളത്. അസിസ്റ്റന്റിന്റെ ആദ്യ സ്ഥാനക്കയറ്റ തസ്തിക സീനിയർ ഗ്രേഡ് അസിസ്റ്റന്റ്. പിന്നീട് സിലക്‌ഷൻ ഗ്രേഡ് അസിസ്റ്റന്റ്, സെക്‌ഷൻ ഒാഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, ഡപ്യൂട്ടി റജിസ്ട്രാർ, ജോയിന്റ് റജിസ്ട്രാർ എന്നിങ്ങനെയാണു സ്ഥാനക്കയറ്റം. ജോലിയിൽ പ്രവേശിക്കുന്നവർക്കു രണ്ടു വർഷം പ്രബേഷൻ കാലയളവാണ്. വെറ്ററിനറി സർവകലാശാല പോലെയുള്ളവയിൽ പ്രബേഷൻ പൂർത്തീകരിക്കുമ്പോഴേക്കും ആദ്യ രണ്ട് സ്ഥാനക്കയറ്റങ്ങൾ നേടിക്കഴിഞ്ഞിരിക്കും. എന്നാൽ കേരള പോലെയുള്ള സർവകലാശാലകളിൽ നിയമനം ലഭിക്കുന്നവർ സ്ഥാനക്കയറ്റത്തിന് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.   

പിഎസ്‌സി പരീക്ഷ ആറു മാസത്തിനകം‌
സർവകലാശാല അസിസ്റ്റന്റ് പരീക്ഷ ആറു മാസത്തിനകം നടത്താനാണു പിഎസ്‌സി ആലോചിക്കുന്നത്. 2019 ഏപ്രില്‍ മാസത്തിലോ മേയിലോ പരീക്ഷ നടക്കും. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയാണു നടത്തുക. പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്താൻ പിഎസ്‌സി ആലോചിച്ചിരുന്നെങ്കിലും ഇത്തവണ വേണ്ടെന്നു വച്ചു.  സിലബസിൽ 10 വിഷയങ്ങളുണ്ട്. ഒാരോ വിഷയത്തിൽ നിന്നും 10 വീതം ചോദ്യങ്ങൾ  ഉൾപ്പെടുത്തും. മലയാള ഭാഷയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ ഉണ്ടാകും. ഭാഷാന്യൂനപക്ഷങ്ങളിലുള്ളവർക്ക് ഈ ചോദ്യങ്ങൾ തമിഴ്/കന്നട ഭാഷകളിൽ ലഭിക്കും. സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ ഇനി പറയുന്നു. 

1. Quantitative Aptitude

2. Mental Ability/Test of Reasoning

3. General Science

4. Current Affairs

5. Facts of India

6. Facts of Kerala

7. Constitution of India

8. General English

9. Regional Language (Malayalam/Tamil/Kannda)

10. IT & Cyber Laws. 

നിയമനസാധ്യത 1000ലേറേ പേർക്ക്
സർവകലാശാല അസിസ്റ്റന്റിന്റെ പുതിയ വിജ്ഞാപനപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 1000ൽ അധികം പേർക്കു നിയമനം പ്രതീക്ഷിക്കാം. ഈ തസ്തികയ്ക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന്  ഇതുവരെ1876 പേർക്കു നിയമനശുപാർശ ലഭിച്ചു കഴിഞ്ഞു. ഈ റാങ്ക് ലിസ്റ്റിന് 09–08–2019 വരെ കാലാവധിയുണ്ട്. ഇതിനുള്ളിൽ രണ്ടായിരത്തിലധികം പേർക്കു നിയമനം പ്രതീക്ഷിക്കാം. സർവകലാശാലകളിലേക്ക്  പിഎസ്‌സി തയാറാക്കിയ ആദ്യത്തെ റാങ്ക് ലിസ്റ്റാണ് ഇപ്പോൾ നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് 2000ൽ അധികം പേർക്കു നിയമനശുപാർശ ലഭിക്കാൻ അവസരമൊരുങ്ങിയത്. എന്നാൽ ഈ തസ്തികയ്ക്ക് അടുത്തതായി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇത്രയും പേർക്ക് നിയമനം ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ വിവിധ സർവകലാശാലകളിലെ ജോലിഭാരം കണക്കിലെടുത്ത് കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചാൽ നിയമനശുപാർശ കുറയില്ല.  സർവകശാല അസിസ്റ്റന്റ് തസ്തികയ്ക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ നിയമനശുപാർശാ വിവരങ്ങൾ ചുവടെ.  ഒാപ്പൺ മെറിറ്റ് 1549 വരെ, ഈഴവ– 1548 വരെ, എസ്‌സി– സപ്ലിമെന്ററി 35 വരെ, എസ്ടി– സപ്ലിമെന്ററി 39 വരെ, മുസ്ലിം– 1913 വരെ, ലത്തീൻ കത്തോലിക്കർ– 3323 വരെ, ഒബിസി– 1550 വരെ, വിശ്വകർമ– 1751 വരെ, എസ്ഐയുസി നാടാർ– 1624 വരെ, ഹിന്ദു നാടാർ– 1595 വരെ, ഒഎക്സ്– സപ്ലിമെന്ററി എട്ടു വരെ, ധീവര– 1873 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 20 വരെ, ഡഫ്– 21 വരെ, ഒാർത്തോ– 22 വരെ.

Job Tips >>