Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകൾ കണ്ടാലറിയാം മനസ്സിലിരിപ്പ്

palms

ശരീരത്തിലെ മറ്റേത് അവയവങ്ങളേക്കാളും കൂടുതൽ തലച്ചോറുമായി നാഡീബന്ധമുള്ളതു കൈകൾക്കാണെന്ന് ശരീര ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ ചിന്തകളും കൈകളുടെ ചലനങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൈകളുടെ ചില പ്രത്യേക അവസ്ഥകളും (positions) അവയുടെ ചലനങ്ങളും ചിന്തകളുടെയും വിവിധ മാനസികാവസ്ഥ കളുടെയും മനോഭാവങ്ങളുടെയും നിശ്ശബ്ദ പ്രകടനങ്ങളാണ്.

വളരെ ഇരുത്തം വന്ന വ്യക്തിത്വമുള്ള, ആത്മവിശ്വാസമേറിയ ആളുകളുടെ കൈകൾ അനാവശ്യമായി ചലിച്ചുകൊണ്ടേയിരിക്കില്ല. നിൽക്കുന്ന അവസ്ഥയിൽ ഇരുവശത്തും വളരെ അയഞ്ഞ മട്ടിലല്ലാത്ത തൂങ്ങിക്കിടക്കുന്ന കൈകൾ ഇരിക്കുന്ന അവസ്ഥയിൽ ഒന്നു മറ്റൊന്നിന്മേൽ വരത്തക്കവിധത്തിലോ വിരലുകൾ പരസ്പരം കോർത്ത അവസ്ഥയിലോ നിലകൊള്ളുന്നു.

അത്തരക്കാർ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ കൈകളുടെ ചലനങ്ങളിൽ ഇടർച്ചയോ പതർച്ചയോ കാണാൻ കഴിയില്ലെന്നു മാത്രമല്ല അവയിൽ വിശദീകരിക്കാനാവാത്ത ഒരു താളവും പ്രൗഢിയുമെല്ലാം ഒളിഞ്ഞിരിക്കുന്നതു കാണാം. കൈകളു‍ടെ ഈ അവസ്ഥ വ്യക്തിയുടെ ആത്മവിശ്വാസത്തെ യും സ്വീകാര്യതയേയും ശാരീരിക സുസ്ഥിതിയേയും വിളിച്ചോതുന്നു. 

ഉഷാറോ മടുപ്പോ?
ഉത്കണ്ഠാകുലതയും ആത്മവിശ്വാസക്കുറവും കൈകളുടെ ചലനങ്ങളിലും അവസ്ഥകളിലും പ്രതിഫലിപ്പിക്കും. അയഞ്ഞു തൂങ്ങിക്കിടക്കുന്ന കൈകൾ മടുപ്പിന്റെയോ മുഷിപ്പിന്റെയോ വെറുപ്പിന്റെയോ അസ്വസ്ഥതയുടെയോ ക്ഷീണത്തിന്റെയോ സൂചനയായേക്കാം. നഖം കടിക്കുക, വസ്ത്രത്തിലെഴുന്നു നിൽക്കുന്ന നൂലുകളും മറ്റും നുള്ളിപ്പറിക്കുക തുടങ്ങിയവ ഇതേ മാനസികാവസ്ഥകളുടെ പ്രതിഫലനമായേക്കാം.

തുറന്ന കൈകൾ
മാനവചരിത്രത്തിലുടനീളം തുറന്ന കൈയിനെയും കൈപ്പത്തിയെയും സത്യസന്ധത, കൂറ്, വിധേയത്വം എന്നീ ഗുണവിശേഷ ങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പരാമർശങ്ങൾ കാണാമെന്ന് അല്ലൻ പീസ് പറയുന്നു. തുറന്ന കൈകൾ തുറന്ന മനസ്സിന്റെ പ്രതീകമാണ്. 

കൈകൾ വായുവിലുയർത്തിയും നെഞ്ചോടു ചേർത്തും ആളുകൾ ദൃഢപ്രതിജ്ഞകളെടുക്കാറുണ്ട്. വേദപുസ്തകത്തിൽ കൈപ്പത്തി ചേർത്തു വച്ചു സത്യം ചെയ്യാറുണ്ട്, കൈകൾ തലയിൽവച്ച് അനുഗ്രഹിക്കാറുണ്ട്. ചിലർ തുറന്ന കൈകളുയർത്തി പ്രാർത്ഥിക്കാറുണ്ട്. 

ഒരാളുടെ സത്യസന്ധതയെക്കുറിച്ചോ തുറന്ന മനസ്ഥിതിയെക്കുറിച്ചോ ഒരു പരിധിവരെയെങ്കിലും വിലയിരുത്താൻ അയാളുടെ കൈകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതിയത്രേ. നായ്ക്കൾ കടിപിടികൂടുമ്പോൾ പരാജിതൻ വിജയിയുടെ കീഴിൽ കൈയും കാലുമകറ്റി വായ മലർക്കെത്തുറന്നു തൊണ്ട പ്രദർശിപ്പിക്കുന്നതു കണ്ടിട്ടില്ലേ. തന്റെ പ്രതിരോധമവസാനിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനയാണ് പരാജിതന്റെ  ഈ പ്രകടനമെന്നു ചാൾസ് ഡാർവിൻ പറയുന്നു. ഏതാണ്ടിതിനോടു സമാനമായ ഒരു പ്രതിരോധരഹിത മാനസികാവസ്ഥ പ്രകടിപ്പിക്കാൻ മനുഷ്യമൃഗങ്ങൾ ചെയ്യുന്നതു കൈവെള്ളകളുടെ പ്രദർശനമാണെന്ന് അല്ലൻ പീസ് സമര്‍ഥിക്കുന്നു. 

ആളുകള്‍ ഹൃദയം തുറന്നു സംസാരിക്കുമ്പോൾ അവരുടെ ആത്മാർഥതയുടെ സൂചനയായി കൈകള്‍ രണ്ടും തുറന്നു കൈവെള്ളകൾ പ്രദർശിപ്പിക്കുന്നതു കണ്ടിട്ടില്ലേ. പറയുന്ന ആളുകളുടെ സത്യസന്ധതയിലേക്കു വിരൽചൂണ്ടുന്ന, ബോധ പൂർവമല്ലാതെ സംഭവിക്കുന്ന, ഒരാംഗ്യമാണിത്. ഏതാണ്ടിതേ അർഥം വരുന്ന സൂചനയാണ് നെഞ്ചിൽ കൈ ചേർത്തു സംസാരിക്കുന്ന വ്യക്തിയും നമുക്കു നൽകുന്നത്.

കളവു പറയുന്നവർ അവരറിയാതെതന്നെ അവരുടെ കൈ വെള്ളകൾ മറച്ചു പിടിക്കാൻ ശ്രമിക്കുമത്രേ. കൊച്ചു കുട്ടികൾ കളവു പറയുമ്പോൾ ശ്രദ്ധിച്ചു നോക്കൂ. മിക്കവരും കൈപു റകിൽ മറച്ചു പിടിച്ചിരിക്കും. മുതിർന്നവരാണെങ്കിൽ പാന്റിന്റെ കീശയിലോ മറ്റോ കൈകളെ മറുച്ചുവയ്ക്കാൻ ശ്രമിച്ചേക്കാം. 

അയാൾ പഠിച്ചകള്ളനാണെങ്കിലോ?
ഇത്രയും പറഞ്ഞു കഴിയുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യമുയർന്നേക്കാം– ബോധപൂർവം കൈവെള്ളകൾ പ്രദർശിപ്പിച്ചു കൊണ്ടു കളവുപറയുന്നപക്ഷം അതിനു വിശ്വസനീയത കൂടുമോ എന്ന്. ഒരു പരിധിവരെ എന്നാണ് ഉത്തരം. പക്ഷേ, നാമൊരു കാര്യം മറന്നുകൂട. പച്ചക്കള്ളം പറയുന്നതു തുറന്ന കൈകളോടെയാണെങ്കിലും അതോടൊന്നിച്ചു  പ്രത്യക്ഷപ്പെടുന്ന മറ്റു പല ചേഷ്ടകളും, പറയുന്നതു കളവാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞേക്കാം. ജസ്ചറുകളെ ഒരുമിച്ചല്ലാതെ (Gesture clusters) ഒറ്റയ്ക്കൊറ്റയ്ക്കു വ്യാഖ്യാനിക്കുന്നത് അബദ്ധമായേക്കാമെന്നു മുൻ അധ്യായങ്ങളിൽ ഉദാഹരണസഹിതം വിശദീകരിച്ചിട്ടുള്ളതു ശ്രദ്ധിക്കുക.

മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മനപ്പൂർവം കൈപ്പത്തികൾ തുറന്നതു പിടിക്കുന്നതോ ചുരുങ്ങിയ പക്ഷം മറച്ചു പിടിക്കാതിരിക്കുകയെങ്കിലും ചെയ്യുന്നതോ ആയ ശീലം പരിശീലനത്തിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നതു നല്ലതാണ്. അതു നമ്മുടെ വാക്കുകളുടെ വിശ്വാസ്യതയും സ്വീകാര്യതയും വർധിപ്പിക്കും. മാത്രമല്ല അതു മറ്റുള്ളവർക്കു നമ്മോടു തുറന്ന മനസ്സോടെയും സത്യസന്ധതയോടെയും പെരുമാറാനുള്ള പ്രേരകമായി വർത്തിക്കുകയും ചെയ്യും. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.